മലയാളം

അനുദിനജീവിതത്തിലെ ആത്മാർഥതയും സത്യസന്ധതയും

ജൂൺ 15, 2024
സാധാരണകാലം പത്താം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ഈശോ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ പൂർവികരോട്, കള്ളശപഥം ചെയ്യരുത്; കർത്താവിനോടു ചെയ്ത നേർച്ചകളെല്ലാം നിറവേറ്റണം എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥമേ ചെയ്യരുത്…” മത്തായി 5:33–34

പറയുന്ന കാര്യത്തിന്റെ സത്യസന്ധത ഉറപ്പുനൽകുക എന്നതായിരുന്നു ശപഥത്തിന്റെ ലക്ഷ്യം. ചില സാഹചര്യങ്ങളിൽ ഇത് വളരെ നല്ലതായിരിക്കാം. ഉദാഹരണത്തിന്, പല കൂദാശകളിലും ദൈവത്തിന്റെയും സഭയുടെയും മുമ്പാകെ പരസ്യമായി വാഗ്ദാനം നടത്തുന്നതുൾപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ, ആ വാഗ്ദാനം ഒരു തരത്തിലുള്ള ശപഥമാണ്. ദൈവകൃപ അതിൽ പ്രവർത്തിച്ച് അതിനെ ശക്തിപ്പെടുത്തുന്നതിനായി അതിന് ഗൗരവപൂർണമായ രൂപം നൽകുന്നു. അത് സ്വന്തം വിശ്വാസത്തിനു പരസ്യമായി സാക്ഷ്യം നൽകുന്ന ഒരു മാർഗവും, നൽകിയ വാഗ്ദാനത്തോടു വിശ്വസ്തത പുലർത്താൻ ദൈവകൃപ ആവശ്യമാണെന്നതിന്റെ പ്രകടനവുമായി മാറുന്നു.

ഇത്തരത്തിലുള്ള പരസ്യമായ വാഗ്ദാനങ്ങളെയും ശപഥങ്ങളെയും പ്രതിജ്ഞകളെയും കുറിച്ചല്ല ഇന്നത്തെ സുവിശേഷത്തിൽ ഈശോ സംസാരിക്കുന്നത്. പകരം, തങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പിക്കാൻ ദൈവനാമത്തിൽ പതിവായി ശപഥം ചെയ്യുന്ന ചിലരുടെ രീതിയെയാണ് അവിടുന്ന് അഭിസംബോധന ചെയ്യുന്നത്. ഗൗരവപൂർണവും പവിത്രവുമായ ഒന്നിനെ അശ്രദ്ധമായി സാധാരണമായ ഒന്നാക്കി മാറ്റുന്നു എന്നതാണ് ഇതിലെ പ്രശ്നം. ഒരാൾ പറയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും “ദൈവത്തെക്കൊണ്ട് സത്യം ചെയ്യേണ്ട” ആവശ്യമില്ല.

ഒന്നാമതായി, താൻ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് മറ്റൊരാളെ ബോധ്യപ്പെടുത്താൻ പതിവായി ദൈവനാമം വിളിച്ചപേക്ഷിക്കേണ്ടതുണ്ടെന്ന് ഒരാൾക്കു തോന്നുന്നെങ്കിൽ, സത്യസന്ധത പാലിക്കാൻ അയാൾ പാടുപെടുന്നതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. പതിവായി ശപഥം ചെയ്യുന്നത്, നുണ പറയാനുള്ള ഒരു മനുഷ്യപ്രവണതയെ മുൻകൂട്ടി അനുമാനിക്കുന്നതായി തോന്നുന്നു. അതിനാൽ, ഈ മുൻധാരണയോടെ അനുദിന ഇടപെടലുകൾ നടത്തുന്നത് അഭികാമ്യമല്ല. പകരം, ക്രൈസ്തവരെന്ന നിലയിൽ സത്യസന്ധത നമ്മുടെ അടിസ്ഥാന മനോഭാവമാകാൻ നാം പരിശ്രമിക്കണം. “നിങ്ങളുടെ ‘അതെ’ ‘അതെ’ എന്നും, ‘അല്ല’ ‘അല്ല’ എന്നും ആയിരിക്കട്ടെ. ഇതിൽ കൂടുതലുള്ളതെല്ലാം ദുഷ്ടനിൽനിന്നാണ്” എന്നു പറഞ്ഞുകൊണ്ടാണ് ഈശോ ഈ സുവിശേഷപ്രബോധനം അവസാനിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർഥ സത്യസന്ധതയും ധാർമികനിഷ്ഠയുമുള്ള വ്യക്തിയാകാൻ പരിശ്രമിക്കുക. നിങ്ങളുടെ എല്ലാ ഇടപാടുകളിലും ആത്മാർഥത പുലർത്തുക; സത്യസന്ധതയില്ലായ്മ മുൻകൂട്ടി അനുമാനിച്ചുകൊണ്ട് തുടങ്ങരുത്. പൂർണമായ സത്യസന്ധതയും ആത്മാർഥതയും പുലർത്തണമെന്ന ഉദ്ദേശ്യത്തോടെ തുടങ്ങുക; അതു മതിയാകും.

കൂടാതെ, ഒരാൾ ദിവസം മുഴുവൻ ഒന്നിനു പിന്നാലെ ഒന്നായി ശപഥങ്ങൾ ചെയ്യുകയും, ഓരോ തവണയും താൻ പറയുന്നതു സത്യമാണെന്ന് ദൈവനാമത്തിൽ ആണയിടുകയും ചെയ്താൽ, ശപഥം ചെയ്യുന്നത് നല്ലതും വിശുദ്ധവുമായ ആ ചുരുക്കം അവസരങ്ങളുടെ ഗൗരവം കുറയാൻ അത് ഇടയാക്കും. വിവാഹവാഗ്ദാനങ്ങൾപോലുള്ള പരസ്യമായ വാഗ്ദാനങ്ങളോ, വൈദികർ നടത്തുന്നവപോലുള്ള പരസ്യമായ പ്രതിജ്ഞകളോ അനന്യവും ഗൗരവപൂർണവുമാണ്. സഭയിൽ നമ്മുടെ വിശ്വാസം പരസ്യമായി പുതുക്കുന്നതും, ഏതെങ്കിലും പൊതുപദവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതും, ശപഥം ചെയ്യാനുള്ള കൂടുതൽ ഗൗരവപൂർണമായ മറ്റേതൊരു അവസരവും സവിശേഷ സന്ദർഭങ്ങളായി കാണണം. അതിനാൽ, അനുദിനം നാം നൽകുന്ന വാക്കുകൾ വ്യക്തികളെന്ന നിലയിലുള്ള നമ്മുടെ സത്യസന്ധതയുടെയും ധാർമികനിഷ്ഠയുടെയും ഫലം മാത്രമായിരിക്കണം.

സത്യസന്ധതയോടും ആത്മാർഥതയോടുമുള്ള നിങ്ങളുടെ അനുദിന സമീപനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. സത്യത്തിൽ ജീവിക്കുക, സത്യം സംസാരിക്കുക, സത്യം അന്വേഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണോ നിങ്ങൾ ഓരോ ദിവസവും ജീവിക്കുന്നത്? മറ്റുള്ളവരോടു നല്ലതും വ്യക്തവുമായ ആശയവിനിമയം നടത്താൻ ശ്രമിച്ചുകൊണ്ട് അവരോടു സത്യസന്ധത പുലർത്തുന്നുണ്ടോ? ഈ ചോദ്യങ്ങളെക്കുറിച്ചു ചിന്തിക്കുക. ആന്തരികമായ ധാർമികനിഷ്ഠയ്ക്ക് സത്യസന്ധതയും ആത്മാർഥതയും എന്ന ഈ സദ്ഗുണങ്ങൾ അനിവാര്യമാണെന്ന് മനസ്സിലാക്കുക. ആ ധാർമികനിഷ്ഠ നേടാൻ ശ്രമിക്കുക; ഓരോ ദിവസവും നിങ്ങളിലുള്ള വിശ്വാസം വളരുമ്പോൾ മറ്റുള്ളവർക്കും അതിന്റെ പ്രയോജനം ലഭിക്കും.

കർത്താവേ, അങ്ങ് എല്ലാ സത്യത്തിന്റെയും ഉറവിടമാണ്; അങ്ങ് സത്യംതന്നെയാണ്. ഞാൻ പറയുന്നതിലും ചെയ്യുന്നതിലുമെല്ലാം അനുദിനം ആ സത്യത്തിന്റെ ഉപകരണമാകാൻ എന്നെ സഹായിക്കണമേ. ഞാൻ എപ്പോഴും അങ്ങയെയും അങ്ങയുടെ വിശുദ്ധ ഹിതത്തെയും തിരഞ്ഞെടുക്കുന്നു; എല്ലാവർക്കും കാണാവുന്ന വിധത്തിൽ അങ്ങയുടെ ഉപകരണമാകാനും ഞാൻ തിരഞ്ഞെടുക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രങ്ങൾ: pxhere വഴി