മലയാളം

നല്ല ഫലം—ചീത്ത ഫലം

2024 ജൂൺ 26
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ ജോസ്മരിയ എസ്ക്രിവാ, വൈദികൻ–ഐച്ഛിക അനുസ്മരണം
(വിവിധ സഭാപ്രവിശ്യകളിൽ)

വീഡിയോ

“ആളുകൾ മുൾച്ചെടികളിൽനിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? അതുപോലെ, നല്ല വൃക്ഷമെല്ലാം നല്ല ഫലം കായ്ക്കുന്നു; ചീഞ്ഞ വൃക്ഷമാകട്ടെ ചീത്ത ഫലം കായ്ക്കുന്നു.” മത്തായി 7:16–17

“അതിനാൽ അവരുടെ ഫലങ്ങളിൽനിന്ന് നിങ്ങൾ അവരെ തിരിച്ചറിയും.” ഇന്നത്തെ സുവിശേഷഭാഗം അവസാനിക്കുന്നത് ഇങ്ങനെയാണ്. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ദൈവം പ്രവർത്തിക്കുന്നത് വിവേചിച്ചറിയാൻ ഏറെ പ്രായോഗികമായ ഒരു മാർഗം ഈ വചനം നമുക്കു നൽകുന്നു.

സ്വന്തം ജീവിതത്തിലേക്കു നോക്കുമ്പോൾ, ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി വിളഞ്ഞ ഏതെല്ലാം നല്ല ഫലങ്ങളാണ് നിങ്ങൾ കാണുന്നത്? നന്മയ്ക്കായാലും തിന്മയ്ക്കായാലും, തങ്ങളുടെ ജീവിതത്തിൽ ഫലങ്ങൾ വളരെ കുറച്ചേ വിളഞ്ഞിട്ടുള്ളൂ എന്നോ ഒട്ടും വിളഞ്ഞിട്ടില്ലെന്നോ ചിലർ കണ്ടെത്തിയേക്കാം. അത്തരം ആത്മസംതൃപ്തിതന്നെ ഒരു ചീത്ത ഫലമാണ്. മറ്റു ചിലർ തങ്ങളുടെ ജീവിതത്തിൽ സമൃദ്ധമായ ഫലങ്ങൾ കാണുന്നുണ്ടാകാം; അങ്ങനെ അവർ ഈ ലോകത്തിൽ അനേകം പരിണതഫലങ്ങൾ ഉളവാക്കുന്നു. അവർ അനേകരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നു; അവരുടെ പരസ്യമായ പ്രവൃത്തികൾ യഥാർഥമായ മാറ്റമുണ്ടാക്കുന്നു. ചിലപ്പോൾ നന്മയ്ക്കായി… മറ്റു ചിലപ്പോൾ തിന്മയ്ക്കായും.

നമ്മുടെ ലോകത്തിലെ ദൈവത്തിന്റെ പ്രവർത്തനങ്ങൾ വിവേചിച്ചറിയുമ്പോൾ, ആദ്യം നാം തികച്ചും വസ്തുനിഷ്ഠമായിരിക്കണം. ദുഷ്ടൻ എപ്പോഴും വഞ്ചനയിൽ അതിസമർഥനാണ്; തന്റെ ചീത്ത ഫലങ്ങളെ അവൻ പതിവായി നല്ലതെന്ന മട്ടിൽ അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെ നമ്മുടെ ലോകത്തിലെ പലരും “തിരഞ്ഞെടുക്കാനുള്ള അവകാശം” എന്നോ “ആരോഗ്യസേവനം” എന്നോ ആണ് പലപ്പോഴും അവതരിപ്പിക്കുന്നത്. എന്നാൽ ജനിക്കാനിരിക്കുന്ന ഏതൊരു കുഞ്ഞിനും മനഃപൂർവം മരണം വരുത്തുന്നത് വ്യക്തമായും ഒരു “ചീഞ്ഞ വൃക്ഷത്തിൽ” നിന്നുള്ള “ചീത്ത ഫലമാണ്.” തങ്ങളുടെ പ്രവർത്തനം നന്മയിൽനിന്ന് തീർത്തും അകലെയായിരിക്കുമ്പോഴും അതിനെ “നല്ല ഫലമായി” അവതരിപ്പിക്കുന്ന, “മനുഷ്യസ്നേഹ സംഘടനകൾ” എന്നു വിളിക്കപ്പെടുന്ന അനേകം കൂട്ടായ്മകളും അതിസമ്പന്നരായ “പരോപകാരികളും” പോലുമുണ്ട്. മറുവശത്ത്, ഗർഭധാരണത്തിന്റെ നിമിഷംമുതൽ സ്വാഭാവിക മരണംവരെ ജീവന് കൂടുതൽ ആദരവ് ലഭിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരും, ദൈവം വിഭാവനം ചെയ്തതുപോലെ വിവാഹത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുന്നവരും, ദൈവഹിതമനുസരിച്ച് ആരാധിക്കാനുള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്നവരും അനേകരുണ്ട്. എന്നാൽ മതേതര ലോകം അവരെ മുൻവിധിയുള്ളവരെന്നും അസഹിഷ്ണുക്കളെന്നും ഭീതി പരത്തുന്നവരെന്നും വിദ്വേഷം പുലർത്തുന്നവർപോലുമെന്നുമാണ് മുദ്രകുത്തുന്നത്. എന്നാൽ ഏറെ ത്യാഗപൂർവം നിർവഹിക്കുന്ന അവരുടെ പ്രവർത്തനം ദൈവരാജ്യത്തിനായി യഥാർഥത്തിൽ നല്ല ഫലം പുറപ്പെടുവിക്കുന്നു.

നിങ്ങളുടെ സ്വന്തം ജീവിതമോ? നിങ്ങളുടെ പ്രവൃത്തികളെയും അവയിൽനിന്ന് ഉളവാകുന്ന ഫലത്തെയും പരിശോധിക്കുമ്പോൾ, ആ ഫലം എവിടെനിന്നാണ് വരുന്നത്? തെറ്റായ കാരുണ്യബോധത്തിൽനിന്നും വഴിതെറ്റിയ “പരസ്നേഹത്തിൽ” നിന്നും സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിന്റെ പേരിൽ വിമർശിക്കപ്പെടുമോ എന്ന ഭയത്തിൽനിന്നുമാണോ അത് വരുന്നത്? അതോ ദൈവത്തോടുള്ള ആഴമായ സ്നേഹത്തിൽനിന്നും ദൈവം നമുക്കു വെളിപ്പെടുത്തിയ സത്യത്തെക്കുറിച്ചുള്ള അവബോധത്തിൽനിന്നും, കലർപ്പില്ലാത്ത സുവിശേഷം ധീരമായി പ്രഘോഷിക്കുന്നതിലൂടെയുമാണോ അത് വരുന്നത്?

സ്വർഗസ്ഥനായ പിതാവിന്റെ ഹൃദയത്തിൽനിന്ന് ഉളവാകുന്ന നല്ല ഫലം എപ്പോഴും നമ്മുടെ വിശ്വാസസത്യങ്ങളെ പ്രതിഫലിപ്പിക്കും. തെറ്റായ കാരുണ്യബോധവും വ്യാജാരോപണങ്ങളും പീഡനങ്ങളും മറ്റും നമ്മുടെ ലോകത്തിലെ ചീഞ്ഞ വൃക്ഷങ്ങളിൽനിന്നാണ് ഉത്ഭവിക്കുന്നത്. ദൈവത്തിൽനിന്നു വരുന്ന നല്ല ഫലം കായ്ക്കുന്ന നല്ല വൃക്ഷങ്ങളാകാൻ നാം ജാഗ്രതയോടെ പരിശ്രമിക്കണം. നമുക്കു ചുറ്റുമുള്ള തിന്മയുടെ മുമ്പിലും ശരിയായതു ചെയ്യാനുള്ള സമ്പൂർണമായ പ്രതിബദ്ധത ഇതിന് ആവശ്യമാണ്.

യേശു അവതരിപ്പിക്കുന്ന ഈ ദൃശ്യങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾക്കു ചുറ്റുമുള്ള നല്ല ഫലവും ചീത്ത ഫലവും വ്യക്തമായി കാണുന്നുണ്ടോ? നിങ്ങളുടെ ജീവിതം ദുഷ്ടന്റെ നുണകളെ വളർത്താനാണോ, അതോ ദൈവത്തിന്റെ സത്യവും സ്നേഹവും വളർത്താനാണോ സഹായിക്കുന്നത്? നിങ്ങളുടെ ജീവിതം പുറപ്പെടുവിക്കുന്ന ഫലത്തെയും നമ്മുടെ ലോകത്തിലുള്ള ഫലത്തെയും വസ്തുനിഷ്ഠമായി നോക്കിക്കാണുക; യേശുവിന്റെ വ്യക്തവും സംശയത്തിനിടനൽകാത്തതുമായ പ്രബോധനങ്ങളുമായി അവയെ താരതമ്യം ചെയ്യുക. പൂർണഹൃദയത്തോടെ ആ നല്ല ഫലം അന്വേഷിക്കുക; എന്തു വിലകൊടുക്കേണ്ടിവന്നാലും അതു പുറപ്പെടുവിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. അപ്പോൾ നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുക മാത്രമല്ല, സ്വർഗത്തിന്റെ നല്ല ഫലംകൊണ്ട് മറ്റുള്ളവരെ പോഷിപ്പിക്കാനും നിങ്ങൾ സഹായിക്കും.

സകല സത്യത്തിന്റെയും നാഥനായ എന്റെ കർത്താവേ, അങ്ങ്, അങ്ങ് മാത്രമാണ് നമ്മുടെ ലോകത്തിലെ നന്മയും തിന്മയും നിർണയിക്കുന്നത്. അങ്ങയുടെ മഹത്വപൂർണമായ രാജ്യത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കാൻ ഉളവാകുന്ന നല്ല ഫലം അങ്ങയുടെ സത്യം വെളിപ്പെടുത്തുന്നു. ആവശ്യത്തിലിരിക്കുന്ന എല്ലാവർക്കും രാജ്യത്തിന്റെ നല്ല ഫലം എത്തിക്കുന്നതിനായി അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെല്ലാം നിരന്തരം ചെയ്യാൻ എനിക്ക് ധൈര്യവും മനസ്സിനും ഹൃദയത്തിനും വ്യക്തതയും നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജോസ്മരിയ എസ്ക്രിവാ, പുരോഹിതൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ഫലം കായ്ക്കാത്ത വൃക്ഷത്തിന്റെ ഉപമ പറയുന്ന ഈശോ, flickr വഴി