മലയാളം

മന്ദോഷ്ണരാകുക

2024 ജൂലൈ 16
സാധാരണകാലത്തിലെ പതിനഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

കർമ്മല മാതാവ്—ഐച്ഛിക അനുസ്മരണം

വീഡിയോ

“കോറസീൻ, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളുടെ മധ്യേ നടന്ന മഹത്തായ പ്രവൃത്തികൾ ടയിറിലും സീദോനിലും നടന്നിരുന്നെങ്കിൽ, അവർ പണ്ടേ ചാക്കുടുത്തും ചാരം പൂശിയും അനുതപിക്കുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: വിധിദിനത്തിൽ നിങ്ങളെക്കാൾ ടയിറിനും സീദോനും സഹിക്കാവുന്നതായിരിക്കും.” മത്തായി 11:21–22

പ്രസംഗിക്കാനും അനേകം “മഹത്തായ പ്രവൃത്തികൾ” ചെയ്യാനുമായി ഈശോ പതിവായി സന്ദർശിച്ചിരുന്ന യഹൂദപട്ടണങ്ങളായിരുന്നു കോറസീനും ബേത്സയ്ദായും. അവിടുന്ന് വസിച്ചിരുന്ന കഫർണാം പട്ടണത്തിനു തൊട്ടു വടക്കായിരുന്നു അവയുടെ സ്ഥാനം. കോറസീനും ബേത്സയ്ദായ്ക്കും വടക്കുകിഴക്കായി, ഇന്നത്തെ ലെബനോനിൽ സ്ഥിതിചെയ്തിരുന്ന വിജാതീയ തീരദേശനഗരങ്ങളായിരുന്നു ടയിറും സീദോനും. അധാർമ്മികമായ ജീവിതത്തിനു പേരുകേട്ട പട്ടണങ്ങളായിരുന്നു അവ. ഈശോ ആ നഗരങ്ങളിൽ അധികസമയം ചെലവഴിച്ചില്ലെങ്കിലും, ഇടയ്ക്കൊക്കെ അവിടങ്ങൾ സന്ദർശിച്ചിരുന്നു. അവിടേക്കുള്ള ഈശോയുടെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സന്ദർശനത്തിൽ, തന്റെ മകളെ സുഖപ്പെടുത്തണമെന്നു യാചിച്ച സിറോഫിനീഷ്യൻ സ്ത്രീയുമായുള്ള കൂടിക്കാഴ്ച ഓർക്കുക (മത്തായി 15:21–28). മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിലെ സംഭവം നടന്നത് ഈശോ ആ യാത്ര നടത്തുന്നതിനു മുമ്പായിരുന്നു.

താൻ ഇത്രയധികം സമയം ചെലവഴിച്ച പട്ടണങ്ങളോട് ഈശോ ഇത്ര കഠിനമായി പെരുമാറിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അവിടുന്ന് കോറസീനെയും ബേത്സയ്ദായെയും കഫർണാമിനെയും ശാസിച്ചത്? ഇതിന് ഉത്തരം കണ്ടെത്താൻ, “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളോട്” പ്രസംഗിക്കാനാണ് ഈശോ തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്ന് ഓർക്കേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അബ്രാഹത്തിന്റെ സന്തതികളും മോശയുടെ നിയമവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ആരാധനാക്രമാനുഷ്ഠാനങ്ങളും ഭരമേൽപ്പിക്കപ്പെട്ടവരുമായ ജനങ്ങളോടു സുവിശേഷം പങ്കുവയ്ക്കുക എന്നതായിരുന്നു അവിടുത്തെ പരസ്യശുശ്രൂഷയിലെ പ്രഥമ ദൗത്യം. അതുകൊണ്ട് ഈശോ ഈ ജനങ്ങളോട് തികവോടെ പ്രസംഗിക്കുക മാത്രമല്ല, ഒന്നിനു പിന്നാലെ ഒന്നായി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. അവിടുന്നിൽ വിശ്വസിക്കുകയും അവിടുത്തെ ശിഷ്യരായിത്തീരുകയും ചെയ്തവർ അനേകരുണ്ടായിരുന്നെങ്കിലും, നിസ്സംഗത പുലർത്തുകയോ അവിടുന്നിൽ വിശ്വസിക്കാൻ പാടേ വിസമ്മതിക്കുകയോ ചെയ്ത മറ്റു പലരുമുണ്ടായിരുന്നു.

ഇന്ന്, വിശ്വാസത്തിൽ ജനിച്ചുവളരുകയും മാതാപിതാക്കളിൽനിന്നും മറ്റുള്ളവരിൽനിന്നും നല്ല രൂപീകരണം ലഭിക്കുകയും ചെയ്ത കത്തോലിക്കരുടെ പ്രതീകങ്ങളായി കോറസീനെയും ബേത്സയ്ദായെയും കഫർണാമിനെയും കാണാം. മക്കൾ വിശ്വാസത്തിൽനിന്ന് അകന്നുപോയ പല മാതാപിതാക്കളും തങ്ങൾ എന്തു തെറ്റാണു ചെയ്തതെന്നു ചിന്തിക്കാറുണ്ട്. എന്നാൽ സത്യമിതാണ്: ഈശോയുടെ പ്രസംഗം പരിപൂർണ്ണവും അവിടുത്തെ സ്നേഹം പരിപൂർണ്ണവും അവിടുത്തെ അത്ഭുതങ്ങൾ നിഷേധിക്കാനാവാത്തവയും ആയിരുന്നിട്ടും, അവിടുന്നുപോലും തിരസ്കരിക്കപ്പെട്ടു. ഇന്നും അതുതന്നെ സംഭവിക്കുന്നു. ക്രിസ്തുതന്നെ നമുക്കു നൽകിയ വിശുദ്ധ വിശ്വാസത്തിൽ വളർത്തപ്പെട്ടിട്ടും, ആ വിശ്വാസത്തെ തള്ളിക്കളഞ്ഞ് സുവിശേഷത്തിനും സഭയ്ക്കും നേരെ കണ്ണടയ്ക്കുന്നവർ അനേകരുണ്ട്.

നല്ല രീതിയിൽ വളർത്തപ്പെടുന്നതിനാവശ്യമായ ഒട്ടേറെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടും ദൈവത്തെ തള്ളിക്കളഞ്ഞവരുടെ മനസ്സുകളിൽ, ആ പട്ടണങ്ങളോടുള്ള ഈശോയുടെ ശാസനം ഇന്ന് പ്രതിധ്വനിക്കണം. തീർച്ചയായും, ആ തിരസ്കരണം എല്ലായ്പ്പോഴും നിരുപാധികവും സമ്പൂർണ്ണവുമാകണമെന്നില്ല. മിക്കപ്പോഴും അത് പടിപടിയായുള്ള തിരസ്കരണമാണ്. ആദ്യം, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരിക്കുന്ന രൂപത്തിലാണ് തിരസ്കരണം പ്രത്യക്ഷപ്പെടുന്നത്. പിന്നെ ധാർമ്മിക കാര്യങ്ങളിലെ വിട്ടുവീഴ്ചകൾ. തുടർന്ന് വിശ്വാസത്തിന്റെ കുറവ്. ഒടുവിൽ ആശയക്കുഴപ്പവും സംശയവും വിശ്വാസത്തിന്റെ പൂർണ്ണമായ നഷ്ടവും വന്നുചേരുന്നു.

വിശ്വാസത്തിൽ കൂടുതൽ കൂടുതൽ ഉദാസീനതയിലേക്കു നീങ്ങിത്തുടങ്ങിയ ഒരാളാണ് നിങ്ങളെങ്കിൽ, ഈ പട്ടണങ്ങളോടുള്ള യേശുവിന്റെ ശാസന സ്നേഹപൂർവം നിങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്ന് മനസ്സിലാക്കണം. “വളരെയധികം നൽകപ്പെട്ട ഓരോരുത്തനിൽനിന്നും വളരെയധികം ആവശ്യപ്പെടും…” (ലൂക്കാ 12:48). അതിനാൽ, വിശ്വാസത്തിൽ നല്ല പരിശീലനം ലഭിച്ചവരിൽനിന്ന് വളരെയധികം പ്രതീക്ഷിക്കപ്പെടുന്നു. ദൈവം സ്നേഹപൂർവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതനുസരിച്ച് ജീവിക്കാൻ നാം പരാജയപ്പെടുമ്പോൾ, നമുക്കു വേണ്ടത് വിശുദ്ധമായ ഒരു ശാസന തന്നെയാണ്.

ഈ പട്ടണങ്ങളോട് ഈശോ നടത്തുന്ന ശാസനം നിങ്ങളെയും ഉദ്ദേശിച്ചുള്ളതാണോ എന്ന് ഇന്ന് ചിന്തിക്കുക. വിശ്വാസത്തിൽ നല്ല രൂപീകരണം ലഭിക്കാൻ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ, ആ വിശ്വാസത്തെ പരിപോഷിപ്പിക്കാനും ദൈവസ്നേഹത്തിൽ വളരാനും കഴിയുന്നതെല്ലാം നിങ്ങൾ ചെയ്തിട്ടുണ്ടോ? അതോ നിങ്ങളുടെ വിശ്വാസം മങ്ങാനും മന്ദോഷ്ണമാകാനും വാടിത്തുടങ്ങി നശിക്കാനും നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? നിങ്ങൾക്ക് ഏറെ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ, വിശ്വാസത്തിൽ വളർത്തപ്പെട്ടിട്ടുണ്ടെങ്കിൽ, ജീവിതത്തിൽ നല്ല മാതൃകകൾ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിൽ, ദൈവം നിങ്ങളിൽനിന്ന് ഏറെ പ്രതീക്ഷിക്കുന്നുവെന്ന് അറിയുക. നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന ആ ഉന്നതമായ വിളിക്ക് ഉത്തരം നൽകുകയും പൂർണ്ണഹൃദയത്തോടെ ദൈവത്തോടു പ്രത്യുത്തരിക്കുകയും ചെയ്യുക.

തീക്ഷ്ണസ്നേഹമുള്ള എന്റെ ഈശോയേ, ഇസ്രായേൽ ജനത്തോടുള്ള അങ്ങയുടെ പ്രസംഗത്തിലൂടെ അങ്ങ് ഹൃദയവും ആത്മാവും പൂർണ്ണമായി പകർന്നുനൽകി. അനേകർ അങ്ങയെ സ്വീകരിച്ചെങ്കിലും, മറ്റു പലരും അങ്ങയെ തിരസ്കരിച്ചു. അങ്ങയുടെ വിശുദ്ധ വചനം എന്നോടു പ്രസംഗിക്കപ്പെടുന്നതു കേൾക്കാൻ എനിക്കു ലഭിച്ച സൗഭാഗ്യത്തിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാനും എണ്ണപ്പെടേണ്ടതിന്, പൂർണ്ണഹൃദയത്തോടെ അങ്ങയോടു പ്രത്യുത്തരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ –  കർമ്മലമാതാവ്—ഐച്ഛിക അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: അന്ത്യവിധിദിനം, flickr വഴി