വ്യാഴാഴ്ച, ജൂലൈ 25, 2024
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ

“നിങ്ങൾ എന്താണ് ചോദിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” അവർ അവനോടു പറഞ്ഞു: “ഞങ്ങൾക്കു കഴിയും.” അവൻ മറുപടി പറഞ്ഞു: “എന്റെ പാനപാത്രം നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള സ്ഥാനം നൽകുന്നത് ഞാനല്ല; എന്റെ പിതാവ് ആർക്കുവേണ്ടിയാണോ അത് ഒരുക്കിയിരിക്കുന്നത്, അവർക്കുള്ളതാണ് അത്.” മത്തായി 20:22–23
വിശുദ്ധ യാക്കോബ് പ്രിയശിഷ്യനായ യോഹന്നാന്റെ സഹോദരനും സെബദിയുടെയും സലോമിയുടെയും മകനുമായിരുന്നു. യാക്കോബും യോഹന്നാനും പിതാവിനോടൊപ്പം വള്ളത്തിൽ മീൻവലകൾ നന്നാക്കിക്കൊണ്ടിരിക്കുമ്പോഴാണ് യേശു അവരെ ഇരുവരെയും വിളിച്ചത്. യേശുവിന്റെ വിളിക്ക് അവർ ഉടനടി മറുപടി നൽകി: “…അവർ തങ്ങളുടെ പിതാവായ സെബദിയെ കൂലിക്കാരോടൊപ്പം വള്ളത്തിൽ വിട്ടിട്ട് അവനെ അനുഗമിച്ചു” (മർക്കോസ് 1:20). ജായ്റോസിന്റെ മകളെ ഉയിർപ്പിച്ചപ്പോഴും രൂപാന്തരീകരണവേളയിലും യാക്കോബ് സന്നിഹിതനായിരുന്നു. സുവിശേഷങ്ങളിൽ മറ്റു ചില സന്ദർഭങ്ങളിലും അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അപ്പസ്തോലന്മാരുടെ നടപടികളിൽ, രക്തസാക്ഷിയായി ജീവൻ അർപ്പിച്ച ആദ്യ അപ്പസ്തോലനായി യാക്കോബിനെ വിശേഷിപ്പിക്കുന്നു. എ.ഡി. 44-ൽ ജറുസലെമിൽവച്ച് ഹേറോദേസ് അദ്ദേഹത്തെ ശിരച്ഛേദം ചെയ്യിച്ചു (അപ്പസ്തോലന്മാരുടെ നടപടികൾ 12:2 കാണുക).
സുവിശേഷങ്ങളിൽ വിശുദ്ധ യാക്കോബിനെക്കുറിച്ചുള്ള മറ്റു പരാമർശങ്ങളിൽ ഒന്നാണ് മുകളിൽ ഉദ്ധരിച്ച ഭാഗം. അതിൽ, യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയായ സലോമി, തന്റെ രണ്ടു പുത്രന്മാരെയും യേശുവിന്റെ രാജ്യത്തിൽ അവിടുത്തെ ഇടത്തും വലത്തും ഇരിക്കാൻ അനുവദിക്കണമെന്ന പ്രത്യേക അനുഗ്രഹം യേശുവിനോട് അപേക്ഷിക്കുന്നു. തന്റെ രണ്ടു പുത്രന്മാർക്കുവേണ്ടി അവൾ അപേക്ഷിക്കുമ്പോൾ, യേശു അവരുടെ നേരെ തിരിഞ്ഞ്, താൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ അവർക്കു കഴിയുമോ എന്നു ചോദിക്കുന്നു. “ഞങ്ങൾക്കു കഴിയും” എന്ന് അവർ മറുപടി പറയുന്നു. അവരുടെയും അമ്മയുടെയും ഭാഗത്തുനിന്നുള്ള ഈ അപേക്ഷ വളരെ ധീരമായ ഒന്നാണെങ്കിലും, അവരുടെ അപേക്ഷയിൽ ധൈര്യവും വിശുദ്ധിയും നിറഞ്ഞ എന്തോ ഒന്നുകൂടിയുണ്ട്.
ഈ ഭാഗത്തിനു തൊട്ടുമുമ്പ്, പന്ത്രണ്ടുപേരോടൊപ്പം ജറുസലെമിലേക്കു യാത്ര ചെയ്യുമ്പോൾ, തന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് യേശു അവർക്കു വിശദീകരിച്ചുകൊടുത്തു. “ഇതാ, നാം ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രൻ പ്രധാനപുരോഹിതന്മാർക്കും നിയമജ്ഞർക്കും ഏൽപ്പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിക്കുകയും പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി വിജാതീയർക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും” (മത്തായി 20:18–19). ഇത് മൂന്നാം തവണയാണ് യേശു പന്ത്രണ്ടുപേർക്കും ഇക്കാര്യം വിശദീകരിച്ചുകൊടുത്തത്. അതിനാൽ അതിന്റെ അർഥം അവരുടെ ഉള്ളിൽ ശരിക്കും പതിയാൻ തുടങ്ങിയിരിക്കണം. ആ രാജ്യത്തിലേക്കുള്ള പാത തന്റെ പീഡാനുഭവവും മരണവുമാണെന്ന് യേശു വിശദീകരിച്ചിരുന്നെങ്കിലും, തന്റെ രാജ്യം സ്ഥാപിക്കാനുള്ള അവിടുത്തെ ദൗത്യത്തിൽ അവിടുത്തോടു ചേർന്നുനിൽക്കാൻ യാക്കോബും യോഹന്നാനും അപേക്ഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
നാം ഓരോരുത്തരും യാക്കോബിൽനിന്നും യോഹന്നാനിൽനിന്നും പഠിക്കണം. അവരുടെ അപേക്ഷയിൽ അല്പം സ്വാർഥത കലർന്നിരുന്നിരിക്കാമെങ്കിലും, അതു ധീരമായ ഒരു അപേക്ഷകൂടിയായിരുന്നു. തന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം അവരെ ഭയപ്പെടുത്തിയില്ലെന്ന് അതു തെളിയിച്ചു. പകരം, അതിൽ പങ്കുചേരാൻ അവർ ആഗ്രഹിച്ചു. വരാനിരിക്കുന്ന രാജ്യത്തിന്റെ മഹത്ത്വത്തിൽ പങ്കുചേരാൻ ആവശ്യമായ എന്തും സഹിക്കാൻ അവർ സന്നദ്ധരായിരുന്നു.
നമ്മുടെ കർത്താവിനോട് സമാനമായ ഒരു അപേക്ഷ നടത്തുന്നതിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. അവിടുത്തെ രാജ്യത്തിൽ അവിടുത്തോടു ചേർന്നുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവിടുത്തോടു പറയുക. ക്രിസ്തു കുടിച്ച നിസ്വാർഥമായ ആത്മത്യാഗത്തിന്റെ പാനപാത്രം കുടിക്കുന്നതിലൂടെയാണ് ഈ മഹത്ത്വത്തിലേക്കുള്ള പാത കടന്നുപോകുന്നതെന്ന പൂർണമായ അറിവോടെ അങ്ങനെ ചെയ്യുക. നിങ്ങളിൽനിന്ന് എന്തുതന്നെ ആവശ്യപ്പെട്ടാലും, ധൈര്യപൂർവം അവിടുത്തെ അനുഗമിക്കുന്നതിലൂടെയാണ് ആ മഹത്ത്വം ലഭിക്കുന്നത്. അതിന് സഹനവും പീഡനവും നേരിടണമെങ്കിൽ, അങ്ങനെയാകട്ടെ. വലിയ ത്യാഗം ചെയ്യണമെങ്കിൽ, അങ്ങനെയാകട്ടെ. ചില പ്രതീക്ഷകളും സ്വപ്നങ്ങളും ഉപേക്ഷിക്കണമെങ്കിൽ, അങ്ങനെയാകട്ടെ. നമ്മുടെ കർത്താവ് തന്റെ ജീവൻ ബലിയായി അർപ്പിക്കാനിരുന്ന ജറുസലെമിലേക്കുള്ള വഴിയിൽ ഈ ശിഷ്യന്മാരോടും യേശുവിനോടുമൊപ്പം നടക്കുന്നതായി നിങ്ങളെത്തന്നെ കാണുക. ഹേറോദേസിന്റെ വാളിനിരയായി മരിച്ചുകൊണ്ട് വിശുദ്ധ യാക്കോബും താമസിയാതെ അവിടുത്തെ പിന്നാലെ പോകുമായിരുന്നു. നമ്മുടെ കർത്താവ് നിങ്ങളോട് ആവശ്യപ്പെടുന്ന എന്തിനോടും “അതെ” എന്നു പറയുക. നിസ്വാർഥവും ത്യാഗപൂർണവുമായ സ്നേഹത്തിന്റെ പാനപാത്രം കുടിക്കാൻ നിങ്ങളെത്തന്നെ സമർപ്പിക്കുക. അങ്ങനെ ചെയ്യുന്നത് സ്വർഗരാജ്യത്തിന്റെ മഹത്ത്വത്തിൽ പങ്കുചേരാൻ നിങ്ങളെ പ്രാപ്തരാക്കും.
എന്റെ മഹത്ത്വപൂർണനായ രാജാവേ, വരാനിരിക്കുന്ന അങ്ങയുടെ മഹത്ത്വപൂർണമായ രാജ്യത്തിൽ പങ്കുചേരാൻ അങ്ങ് എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നുവല്ലോ. എല്ലാ വിശുദ്ധരോടുമൊപ്പം ആ രാജ്യത്തിൽ പ്രവേശിക്കാനും അതിന്റെ മഹത്ത്വത്തിൽ പൂർണമായി പങ്കുചേരാനും എനിക്കു കഴിയുമാറാകട്ടെ. ആ രാജ്യത്തിലേക്കു നയിക്കുന്ന പാത ഞാൻ തിരഞ്ഞെടുക്കുന്നു. അങ്ങേക്കും മറ്റുള്ളവർക്കും വേണ്ടി എന്റെ ജീവൻ ഞാൻ മനസ്സോടെ ബലിയായി അർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ: അപ്പസ്തോലനായ വിശുദ്ധ യാക്കോബ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: ഇടിമുഴക്കത്തിന്റെ പുത്രന്മാർ, flickr വഴി




