മലയാളം

എല്ലായ്പ്പോഴും അചഞ്ചലമായ വിശ്വസ്തത

ഓഗസ്റ്റ് 25, 2024
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

അപ്പോൾ യേശു പന്ത്രണ്ടുപേരോടു ചോദിച്ചു: “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നുവോ?” ശിമയോൻ പത്രോസ് അവനോടു മറുപടി പറഞ്ഞു: “ഗുരോ, ഞങ്ങൾ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലുണ്ട്. അങ്ങ് ദൈവത്തിന്റെ പരിശുദ്ധനാണെന്നു ഞങ്ങൾ വിശ്വസിക്കുകയും ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.”  യോഹന്നാൻ 6:67–69

ദൈവഹിതത്തോടു വിശ്വസ്തത പുലർത്തുന്നത് ദുഷ്കരമാകുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട ഉറച്ച ബോധ്യമാണ് വിശുദ്ധ പത്രോസിന്റെ ഈ വാക്കുകൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ദൈവം നമ്മിൽനിന്ന് ഏറെ ആവശ്യപ്പെടുന്നു. നമ്മിൽനിന്ന് എല്ലാം അവിടുന്ന് ആഗ്രഹിക്കുന്നു. പിതാവിന്റെ തിരുഹിതത്തിന് എല്ലാം സമർപ്പിക്കുകയും അവിടുന്ന് വെളിപ്പെടുത്തിയതെല്ലാം വിശ്വസിക്കുകയും ചെയ്താൽ മാത്രമേ നമുക്കു സ്വർഗം ലഭിക്കുകയുള്ളൂ. മരിക്കുന്നതിനുമുമ്പ് അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെട്ടാൽ, ശുദ്ധീകരണസ്ഥലത്തിൽ നാം ശുദ്ധീകരിക്കപ്പെടേണ്ടിവരും. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു വഴിയുമില്ല. ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് സാധ്യമായതിന്റെ പരമാവധിയാണ്.

ഇതെല്ലാം നല്ലതാണെന്നതാണ് സത്യം. തന്റെ പരിപൂർണമായ തിരുഹിതത്തിനും പ്രബോധനത്തിനും നാം പൂർണമായി കീഴ്വഴങ്ങണമെന്നു ദൈവം ആവശ്യപ്പെടുന്നതു നല്ലതാണ്; കാരണം, നമുക്ക് ഏറ്റവും ഉത്തമമായത് ഇവതന്നെയാണ്. ദുർബലവും പതിതവുമായ നമ്മുടെ മനുഷ്യസ്വഭാവം നിമിത്തം, ദൈവഹിതം നമ്മിൽനിന്ന് അതിരുകടന്ന കാര്യങ്ങൾ ആവശ്യപ്പെടുന്നതായും അവിടുത്തെ പ്രബോധനം അതികഠിനമായും ചിലപ്പോഴൊക്കെ നമുക്കു തോന്നാം. ഞാൻ ശരിക്കും എല്ലാവരോടും പൂർണമായി ക്ഷമിക്കേണ്ടതുണ്ടോ? ഒരു മടിയും കൂടാതെ എന്റെ ജീവൻ സമർപ്പിക്കേണ്ടതുണ്ടോ? കൽപനകൾ പരിപൂർണമായി പാലിക്കേണ്ടതുണ്ടോ? സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ ഞാനും പരിപൂർണനാകേണ്ടതുണ്ടോ? അതെ. എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ, ദൈവഹിതം അനുസരിക്കുന്നത് അതികഠിനമാണെന്നു കരുതി പിന്മാറാനുള്ള അനേകം പ്രലോഭനങ്ങൾ നമുക്കുണ്ടാകും.

ജീവന്റെ അപ്പത്തെക്കുറിച്ചുള്ള മനോഹരമായ പ്രഭാഷണത്തിന്റെ അവസാനഭാഗമാണ് ഇന്നത്തെ സുവിശേഷം. ആ പ്രഭാഷണത്തിൽ നമ്മുടെ കർത്താവ് വ്യക്തമായി പഠിപ്പിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല.” ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിൽ, യേശുവിന്റെ പുതിയ പ്രബോധനം കേട്ടപ്പോൾ അവന്റെ ശിഷ്യരിൽ പലരും പരസ്പരം പിറുപിറുത്തുകൊണ്ടു പറഞ്ഞു: “ഈ വചനം കഠിനമാണ്; ഇത് ആർക്കു സ്വീകരിക്കാൻ കഴിയും?” യേശുവിന്റെ ഈ പ്രബോധനം പൂർണമായി മനസ്സിലാക്കാൻ ആഴമായ വിശ്വാസം ആവശ്യമാണ് എന്ന അർഥത്തിലാണ് അത് “കഠിനം” ആയിരിക്കുന്നത്. എന്നാൽ, ഒരു കാര്യം സ്വീകരിക്കാൻ പ്രയാസമാണെന്നതുകൊണ്ടുമാത്രം നാം അത് സ്വീകരിക്കരുതെന്ന് അർഥമില്ല.

ദൈവഹിതമോ അവിടുത്തെ പ്രബോധനമോ സ്വീകരിക്കാൻ പ്രയാസം തോന്നുമ്പോഴെല്ലാം നാം പറയേണ്ട വാക്കുകളാണ് മുകളിൽ ഉദ്ധരിച്ച പത്രോസിന്റെ പ്രസ്താവന നമുക്കു നൽകുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, പന്ത്രണ്ടുപേരോടു ചോദിച്ച അതേ ചോദ്യം യേശു നമ്മോടും ചോദിക്കുന്നതു നാം കേൾക്കണം: “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നുവോ?” തന്ത്രങ്ങളിലൂടെ നമ്മെ തന്റെ ഇഷ്ടത്തിനു വഴിപ്പെടുത്താൻ യേശു ശ്രമിക്കുകയില്ല. നാം വിഷമിക്കുന്നതു കാണുമ്പോൾ അവിടുന്ന് തന്റെ നിലപാടിൽനിന്നു പിൻവാങ്ങുകയില്ല. തന്റെ വിശ്വസ്ത അനുയായിയായിരിക്കാനുള്ള നിബന്ധനകളിൽ അവിടുന്ന് ഇളവു വരുത്തുകയില്ല. പകരം, വിശ്വസിക്കാനോ വിട്ടുപോകാനോ ഉള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്കു നൽകും. വിട്ടുപോകണമെന്നു തോന്നുമ്പോൾ, പത്രോസിന്റെ വാക്കുകൾ നാം എപ്പോഴും ഓർക്കണം: “ഗുരോ, ഞങ്ങൾ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലുണ്ട്. അങ്ങ് ദൈവത്തിന്റെ പരിശുദ്ധനാണെന്നു ഞങ്ങൾ വിശ്വസിക്കുകയും ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.”

വിശ്വാസത്തെച്ചൊല്ലിയുള്ള ഏതൊരു ആന്തരിക സംഘർഷത്തെയും നേരിടുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതെല്ലാം പത്രോസിന്റെ പ്രസ്താവനയിൽ അടങ്ങിയിരിക്കുന്നു. തീർച്ചയായും, നമ്മുടെ കർത്താവിനെ വിട്ടുപോയി നമുക്കു തോന്നുന്നതുപോലെ ജീവിക്കാൻ നമുക്കു കഴിയും. എന്നാൽ നാം എവിടേക്കു പോകും? ലോകത്തിന്റെ ക്ഷണികമായ സുഖങ്ങൾ സ്വീകരിക്കാനോ? എന്തു നേടാൻ? യേശു ദൈവത്തിന്റെ പരിശുദ്ധനാണെന്നു നാം വിശ്വസിക്കുകയും നമുക്കു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ, എത്ര കഠിനമായാലും എത്രയധികം നമ്മിൽനിന്ന് ആവശ്യപ്പെട്ടാലും എത്ര പ്രയാസമായാലും, എല്ലാ കാര്യങ്ങളിലും ദൈവത്തോടു വിശ്വസ്തത പുലർത്താൻ നാം തയ്യാറാകണം. വിശ്വസ്തതയുടെ ആ പ്രവൃത്തിയാണ്, വിശേഷിച്ചും ഏതെങ്കിലും ആന്തരിക സംഘർഷവുമായി നാം മല്ലിടുമ്പോൾ, നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ദൈവശക്തിയിലേക്കുള്ള വാതിൽ തുറക്കാനുള്ള താക്കോൽ.

ദൈവഹിതമോ അവിടുന്ന് വെളിപ്പെടുത്തിയ ഏതെങ്കിലും സത്യമോ ദുഷ്കരമാണെന്നും നിങ്ങളിൽനിന്ന് ഏറെ ആവശ്യപ്പെടുന്നുവെന്നും തോന്നിയിട്ടുള്ള അവസരങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അത്തരമൊരു ആന്തരിക വെല്ലുവിളി നേരിടുമ്പോൾ നിങ്ങൾ എന്താണു ചെയ്യുന്നത്? ദൈവത്തിൽനിന്ന് അകലുകയും അവിടുത്തോടുള്ള വിശ്വസ്തതയിൽ അലംഭാവം കാണിക്കുകയും ചെയ്യുന്നതാണ് നിങ്ങളുടെ പ്രതികരണമെങ്കിൽ, പത്രോസ് യേശുവിനോടു പറഞ്ഞ വാക്കുകളെക്കുറിച്ചു വിചിന്തനം ചെയ്യുക. ആ വാക്കുകൾ നിങ്ങളുടെ പ്രാർഥനയാക്കുക. ദൈവത്തിന്റെ അചഞ്ചലനും വിശ്വസ്തനുമായ അനുയായിയായിത്തീരാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ ആ പ്രാർഥന ശക്തിപ്പെടുത്തട്ടെ.

എന്നിൽനിന്ന് എല്ലാം ആവശ്യപ്പെടുന്ന എന്റെ കർത്താവേ, അങ്ങയുടെ മഹത്തായ സ്നേഹത്തിലും കരുണയിലും അങ്ങ് എന്നിൽനിന്ന് എല്ലാം ആവശ്യപ്പെടുന്നു. അങ്ങയുടെ പരിപൂർണമായ തിരുഹിതത്തിനു പൂർണമായി കീഴടങ്ങിയും അതിനെ സേവിച്ചും എന്റെ ജീവിതം അങ്ങേക്കു സമർപ്പിക്കാൻ അങ്ങ് എന്നോട് ആവശ്യപ്പെടുന്നു. ഞാൻ ദുർബലനാകുമ്പോൾ എനിക്കു ശക്തി നൽകണമേ. ഞാൻ സംശയിക്കുമ്പോൾ എനിക്കു വിശ്വാസം നൽകണമേ. കർത്താവേ, എന്റെ ദൃഢനിശ്ചയം എപ്പോഴും കൂടുതൽ ആഴപ്പെടുത്താനും പൂർണമായ വിശ്വസ്തതയോടെ അങ്ങയെ അനുഗമിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(പ്രത്യേകിച്ച് വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി ചൊല്ലുന്ന പ്രാർഥന)
ഓഗസ്റ്റ് 18-26

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല

രാജാവായ വിശുദ്ധ ലൂയി—ഐച്ഛിക അനുസ്മരണം

പുരോഹിതനായ വിശുദ്ധ ജോസഫ് കലസാൻസ്—ഐച്ഛിക അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: എദ്വാർ അമെദേ ദിദ്രോൺ രചിച്ച, അപ്പസ്തോലന്മാരോടൊപ്പം മഹത്വത്തിൽ വിരാജിക്കുന്ന യേശു; ഫ്രാൻസിലെ പാരീസിലുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ ദേവാലയത്തിലെ വർണച്ചില്ലുജാലകം, Adobe Stock മുഖേന