മലയാളം

പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെ അതിസമൃദ്ധി

2024 ഓഗസ്റ്റ് 31
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“അഞ്ചു താലന്ത് ലഭിച്ചവൻ അധികമായി നേടിയ അഞ്ചു താലന്തുമായി മുന്നോട്ടുവന്നു. അവൻ പറഞ്ഞു: ‘യജമാനനേ, അങ്ങ് എനിക്ക് അഞ്ചു താലന്ത് തന്നു. ഇതാ, ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു.’ യജമാനൻ അവനോടു പറഞ്ഞു: ‘നല്ലവനും വിശ്വസ്തനുമായ ദാസാ, നന്നായി ചെയ്തു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തനായിരുന്നതിനാൽ വലിയ ഉത്തരവാദിത്വങ്ങൾ ഞാൻ നിന്നെ ഏൽപ്പിക്കും.’” മത്തായി 25:20–21

വിജയത്തിന്റെയും ദുരന്തത്തിന്റെയും കഥകൾ നമ്മുടെ മുന്നിൽ വരുമ്പോൾ, പലപ്പോഴും നമ്മുടെ ശ്രദ്ധ ആദ്യം പതിയുന്നത് ദുരന്തത്തിലാണ്. ഇന്നു നമുക്കു നൽകിയിരിക്കുന്ന താലന്തുകളുടെ ഉപമ മൂന്നു വ്യക്തികളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. അവരിൽ രണ്ടുപേരുടെ ജീവിതത്തിൽ വലിയ വിജയത്തിന്റെ കഥകളാണ് നാം കാണുന്നത്. എന്നാൽ, ഒരാളുടേത് കൂടുതൽ ദുഃഖകരമായ ഒരു കഥയാണ്. തന്റെ പണം കുഴിച്ചിട്ട ദാസനോട് അവൻ ഒരു “ദുഷ്ടനും മടിയനുമായ ദാസൻ” ആണെന്ന് യജമാനൻ പറയുന്നതോടെയാണ് ആ ദുരന്തകഥ അവസാനിക്കുന്നത്. എന്നാൽ വിജയത്തിന്റെ രണ്ടു കഥകളും യജമാനന്റെ ഈ വാക്കുകളോടെയാണ് അവസാനിക്കുന്നത്: “നല്ലവനും വിശ്വസ്തനുമായ ദാസാ, നന്നായി ചെയ്തു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തനായിരുന്നതിനാൽ വലിയ ഉത്തരവാദിത്വങ്ങൾ ഞാൻ നിന്നെ ഏൽപ്പിക്കും.” വിജയത്തിന്റെ ഈ കഥകളിൽ നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കാം.

വിജയിച്ച രണ്ടു ദാസന്മാരും യജമാനന്റെ പണം ഇരട്ടിയാക്കി. ലൗകികമായ കാഴ്ചപ്പാടിൽപ്പോലും അത് വളരെ ശ്രദ്ധേയമാണ്. ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ നിങ്ങൾ പണം നിക്ഷേപിക്കുകയും, അധികം വൈകാതെ നിങ്ങളുടെ പണം ഇരട്ടിയായെന്ന് അറിയിക്കുകയും ചെയ്താൽ നിങ്ങൾ ഏറെ സന്തോഷിക്കും. അത്രയും ഉയർന്ന ആദായനിരക്ക് അപൂർവമാണ്. ഈ ഉപമയിൽനിന്ന് നാം ഉൾക്കൊള്ളേണ്ട ആദ്യ സന്ദേശം ഇതാണ്: ദൈവം നമുക്കു നൽകുന്ന ദാനങ്ങളും കൃപകളും ഇരട്ടിയാക്കുക എന്നത് തീർത്തും സാധ്യമാണ്. അതിന്റെ പ്രധാന കാരണം നമ്മളല്ല, ദൈവമാണ്. ദൈവം നമുക്കു നൽകുന്ന ദാനങ്ങൾ അവയുടെ സ്വഭാവത്താൽത്തന്നെ വളരേണ്ടവയാണ്. കൃപ അതിന്റെ സ്വഭാവത്താൽത്തന്നെ അതിസമൃദ്ധമായി ഒഴുകുന്നു; നാം ദൈവകൃപയോടു സഹകരിക്കുമ്പോൾ അതു പലമടങ്ങായി വർധിക്കുന്നു.

നിങ്ങളുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, തന്റെ മഹത്ത്വത്തിനായി നിങ്ങൾ ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ദൈവം നിങ്ങൾക്ക് എന്തെല്ലാം ദാനങ്ങളാണ് നൽകിയിരിക്കുന്നത്? ഉപയോഗിക്കാതെ കുഴിച്ചിട്ടിരിക്കുന്നതിനാൽ വളരാതെ നിൽക്കുന്ന ദാനങ്ങളുണ്ടോ? അതിലും മോശമായി, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതിക്കു വിരുദ്ധമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന ദാനങ്ങളുണ്ടോ? നിങ്ങളുടെ സ്വഭാവത്തിൽത്തന്നെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കൂടുതൽ വ്യക്തമായ ചില ദാനങ്ങളാണ് ബുദ്ധിശക്തിയും ഇച്ഛാശക്തിയും. കൂടാതെ, ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് അസാധാരണമായ കഴിവുണ്ടായിരിക്കാം. ഇവയെല്ലാം സ്വാഭാവിക തലത്തിൽ നൽകപ്പെട്ട ദാനങ്ങളാണ്. ഇവയ്ക്കു പുറമേ, നമുക്കുള്ളവ ദൈവമഹത്ത്വത്തിനും മറ്റുള്ളവരുടെ രക്ഷയ്ക്കുമായി ഉപയോഗിക്കാൻ നാം തുടങ്ങുമ്പോൾ ദൈവം പലപ്പോഴും അമാനുഷിക ദാനങ്ങൾ സമൃദ്ധമായി നൽകുന്നു. ഉദാഹരണത്തിന്, നമ്മുടെ വിശ്വാസസത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾ പരിശ്രമിക്കുന്നെങ്കിൽ, ദൈവത്തെയും അവിടുത്തെ തിരുഹിതത്തെയും കുറിച്ചു സംസാരിക്കാൻ നിങ്ങൾക്കു കഴിയേണ്ടതിന് ആലോചന, ജ്ഞാനം, അറിവ്, ബുദ്ധി എന്നീ അമാനുഷിക ദാനങ്ങളെ ദൈവം നിങ്ങളിൽ കൂടുതൽ ആഴപ്പെടുത്താൻ തുടങ്ങും. ദൈവം നൽകുന്ന അമാനുഷിക ദാനങ്ങളുടെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നവയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളും. അവ ഇവയാണ്: ജ്ഞാനം, ബുദ്ധി, ആലോചന, ആത്മധൈര്യം, അറിവ്, ദൈവഭക്തി, ദൈവഭയം. ഈ വിചിന്തനത്തിന്റെ അവസാനത്തിലുള്ള പ്രാർഥന പരിശുദ്ധാത്മാവിനോടുള്ള പരമ്പരാഗതമായ ഒരു നൊവേനയിൽനിന്നുള്ളതാണ്. ഈ ദാനങ്ങൾക്കായി അപേക്ഷിക്കുക മാത്രമല്ല, അവയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഹ്രസ്വവിവരണം നൽകുകയും ചെയ്യുന്നു.

സ്വാഭാവികവും അമാനുഷികവുമായ തലങ്ങളിൽ ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്നതെല്ലാം ദൈവത്തിന്റെയും മറ്റുള്ളവരുടെയും സേവനത്തിനായി സമർപ്പിക്കേണ്ടതാണ് എന്ന വസ്തുതയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ? ഓരോ കഴിവും ഓരോ ദാനവും നിങ്ങളുടെ വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളും ദൈവമഹത്ത്വത്തിനും മറ്റുള്ളവരുടെ നിത്യനന്മയ്ക്കുമായി ഉപയോഗിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ ദാനങ്ങൾ ക്ഷയിച്ചുപോകും. അങ്ങനെ ചെയ്യുന്നെങ്കിൽ ദൈവകൃപയുടെ ആ ദാനങ്ങൾ പലവിധത്തിൽ വളരുന്നതു നിങ്ങൾ കാണും. നിങ്ങൾക്കു ലഭിച്ച ദാനങ്ങൾ മനസ്സിലാക്കാൻ പരിശ്രമിക്കുകയും ദൈവമഹത്ത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി അവ ഉപയോഗിക്കാൻ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുക. അങ്ങനെ ചെയ്താൽ, ഒരുനാൾ നമ്മുടെ കർത്താവ് നിങ്ങളോടും ഇങ്ങനെ പറയുന്നതു നിങ്ങൾ കേൾക്കും: “നല്ലവനും വിശ്വസ്തനുമായ ദാസാ, നന്നായി ചെയ്തു.”

കർത്താവായ ഈശോമിശിഹായേ, ഈ ലോകത്തിലെ നശ്വരമായ കാര്യങ്ങളെ അവജ്ഞയോടെ കാണാനും നിത്യമായവയെ മാത്രം അഭിലഷിക്കാനും എനിക്കു ജ്ഞാനത്തിന്റെ ആത്മാവിനെ നൽകണമേ; അങ്ങയുടെ ദിവ്യസത്യത്തിന്റെ പ്രകാശത്താൽ എന്റെ മനസ്സിനെ പ്രകാശിപ്പിക്കാൻ ബുദ്ധിയുടെ ആത്മാവിനെ നൽകണമേ; ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും സ്വർഗം നേടുന്നതിനുമുള്ള ഏറ്റവും ഉറപ്പുള്ള വഴി തിരഞ്ഞെടുക്കാൻ ആലോചനയുടെ ആത്മാവിനെ നൽകണമേ; അങ്ങയോടൊപ്പം എന്റെ കുരിശു വഹിക്കാനും എന്റെ രക്ഷയ്ക്കു തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യത്തോടെ അതിജീവിക്കാനും ആത്മധൈര്യത്തിന്റെ ആത്മാവിനെ നൽകണമേ; ദൈവത്തെയും എന്നെത്തന്നെയും അറിയാനും വിശുദ്ധരുടെ ജ്ഞാനത്തിൽ പൂർണതയിലേക്കു വളരാനും അറിവിന്റെ ആത്മാവിനെ നൽകണമേ; ദൈവസേവനം മധുരവും പ്രിയങ്കരവുമായി അനുഭവിക്കാൻ ദൈവഭക്തിയുടെ ആത്മാവിനെ നൽകണമേ; ദൈവത്തോടുള്ള സ്നേഹപൂർവമായ ആദരവിനാൽ നിറയാനും ഏതെങ്കിലും വിധത്തിൽ അവിടുത്തെ അപ്രീതിപ്പെടുത്തുന്നതിനെ ഭയപ്പെടാനും ദൈവഭയത്തിന്റെ ആത്മാവിനെ നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: വില്ലെം ഡി പോർട്ടർ വരച്ച താലന്തുകളുടെ അഥവാ മിനാകളുടെ ഉപമ, വിക്കിമീഡിയ കോമൺസ് വഴി