സെപ്റ്റംബർ 6, 2024
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“അതുപോലെ, ആരും പുതിയ വീഞ്ഞ് പഴയ തുകൽക്കുടങ്ങളിൽ ഒഴിക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ വീഞ്ഞ് തുകൽക്കുടങ്ങൾ പൊട്ടിക്കുകയും വീഞ്ഞ് ഒഴുകിപ്പോവുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. പകരം, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് ഒഴിക്കേണ്ടത്. പഴയ വീഞ്ഞ് കുടിച്ചിട്ടുള്ള ആരും പുതിയത് ആഗ്രഹിക്കുന്നില്ല; കാരണം, ‘പഴയതാണ് നല്ലത്’ എന്ന് അയാൾ പറയുന്നു.” ലൂക്കാ 5:37–39
യേശുവിന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തിലാണ് ഈ ചെറിയ ഉപമ വരുന്നത്. ചുങ്കക്കാരനായ ലേവിയെ തന്റെ ശിഷ്യരിൽ ഒരാളാകാൻ യേശു വിളിച്ചതേയുണ്ടായിരുന്നുള്ളൂ. തുടർന്ന്, മറ്റു ചുങ്കക്കാരോടും പാപികളോടുമൊപ്പം തന്റെ വീട്ടിൽ വിരുന്നുണ്ണാൻ ലേവി യേശുവിനെ ക്ഷണിച്ചു. ഇതു കണ്ടപ്പോൾ നിയമജ്ഞരും ഫരിസേയരും എതിർപ്പു പ്രകടിപ്പിക്കുകയും നമ്മുടെ കർത്താവിനെ ചോദ്യം ചെയ്യുകയും ചെയ്തു. എല്ലാവരെയും മാറ്റത്തിലേക്കും അവരുടെ ജീവിതത്തിൽ ഒരു പുതിയ രൂപാന്തരം അനുഭവിക്കുന്നതിലേക്കും വിളിക്കാനാണ് താൻ വന്നതെന്ന് വിശദീകരിച്ചുകൊണ്ട് യേശു മറുപടിയായി ഈ ഉപമ പറയുന്നു.
ഈ ഉപമയിൽ പറയുന്ന “പുതിയ വീഞ്ഞ്” കുരിശിൽനിന്ന് ഒഴുകുന്ന കൃപയാണ്. അവിടുന്ന് കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ അവിടുത്തെ പാർശ്വത്തിൽനിന്ന് രക്തവും ജലവും ഒഴുകിയെന്നത് ഓർക്കുക. കുരിശിൽനിന്ന് നമുക്കു നൽകപ്പെടുന്ന കൃപയുടെയും കരുണയുടെയും പ്രതീകമായാണ് ഇത് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. ആ കൃപയും കരുണയും ഇന്ന് മാമ്മോദീസയുടെയും ദിവ്യകാരുണ്യസ്വീകരണത്തിന്റെയും കൂദാശകളിലൂടെ നമുക്കു ലഭിക്കുന്നു. മാമ്മോദീസ നമ്മെ പുതിയ സൃഷ്ടിയാക്കി മാറ്റുന്നു. ക്രിസ്തുവിൽ പുതിയ സൃഷ്ടിയായ നാം, നമ്മുടെ കർത്താവിനാൽ അനുദിനം രൂപാന്തരപ്പെടേണ്ടതിന് പരിശുദ്ധ കുർബാനയാകുന്ന പുതിയ വീഞ്ഞ് ആഗ്രഹിക്കണം.
പലരും ഇഷ്ടപ്പെടുന്ന “പഴയ വീഞ്ഞ്” പഴയ നിയമമനുസരിച്ച് തുടർന്നും ജീവിക്കാൻ ആഗ്രഹിച്ചവരെ സൂചിപ്പിക്കുന്നുവെന്ന് പല സഭാപിതാക്കന്മാരും ചൂണ്ടിക്കാട്ടുന്നു. യേശു ഈ ഉപമ പറഞ്ഞുകേൾപ്പിച്ച നിയമജ്ഞരുടെയും ഫരിസേയരുടെയും കാര്യത്തിൽ ഇത് പ്രത്യേകിച്ചും ശരിയാണ്. യേശു അവർക്ക് ഒരു പുതിയ പ്രബോധനം നൽകുകയും ഒരു പുതിയ കൃപയ്ക്കായി അവരെ ഒരുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, തങ്ങൾ നയിച്ചിരുന്ന പഴയ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെട്ടുകൊണ്ട് അവർ അത് നിരസിച്ചു.
ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്: ദൈവകൃപയാകുന്ന ഈ പുതിയ വീഞ്ഞ് സ്വീകരിക്കണമെങ്കിൽ, നമ്മിലെ പഴയ മനുഷ്യനെ ഉപേക്ഷിച്ച് പുതിയവരാകാൻ നാം സന്നദ്ധരും ഒരുക്കമുള്ളവരുമായിരിക്കണം. മാറ്റം പ്രയാസകരമായിരിക്കാം. സുവിശേഷം സ്വീകരിച്ച് ക്രിസ്തുവിന്റെ കൃപയിൽ ഇതിനകം ജീവിക്കുന്ന ക്രൈസ്തവരാണെങ്കിലും, നമ്മുടെ ജീവിതത്തിൽ കൂടുതൽ കൂടുതൽ ആഴത്തിലുള്ള മാറ്റത്തിലേക്ക് നാം നിരന്തരം വിളിക്കപ്പെടും. പലപ്പോഴും, നാം നയിക്കുന്ന ജീവിതത്തിൽ എളുപ്പത്തിൽ ആത്മസംതൃപ്തരായി, അതുമതിയെന്നു കരുതാൻ നമുക്കു കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മുടെ ആത്മാക്കളിലേക്ക് തന്റെ കൃപയാകുന്ന പുതിയ വീഞ്ഞ് നിരന്തരം അതിസമൃദ്ധമായി പകരുന്നതിൽനിന്ന് നമ്മുടെ കർത്താവിനെ അതു തടസ്സപ്പെടുത്തും.
ജീവിതത്തിലെ മാറ്റങ്ങളെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്? വിശുദ്ധിയിൽ വളരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ജീവിതത്തിൽ സ്ഥിരമായുള്ളത് മാറ്റം മാത്രമാണെന്ന് നിങ്ങൾക്കുറപ്പിക്കാം. വളർന്നും കൂടുതൽ പൂർണ്ണമായി രൂപാന്തരപ്പെട്ടും നമ്മുടെ വഴികൾ മാറ്റിയും പഴയതിനെ ഉപേക്ഷിച്ചും എന്നും പുതുമയുള്ളതിനെ സ്വീകരിച്ചും ഓരോ ദിവസവും നാം പുതിയ സൃഷ്ടികളാകണം. കൃപയാൽ മാറ്റപ്പെടേണ്ടതിന്റെ അനുദിന ആവശ്യകതയെ നേരിടുമ്പോൾ നമുക്ക് കുറച്ചെങ്കിലും ധൈര്യം ആവശ്യമാണ്. നമ്മിലെ പഴയ മനുഷ്യന് അനുദിനം മരിക്കുകയും ദൈവത്തിൽ അനുദിനം ഒരു പുതിയ സൃഷ്ടിയാകുകയും ചെയ്യുക എന്നാണ് അതിനർത്ഥം.
മാറാൻ ആവശ്യമായ ധൈര്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റാനാണ് നിങ്ങൾ ഭയപ്പെടുന്നത്? ദൈവകൃപയാകുന്ന “പുതിയ വീഞ്ഞി”നെക്കാൾ ഏതു “പഴയ വീഞ്ഞി”നെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? നിങ്ങൾ ഉപേക്ഷിക്കണമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്ന പഴയ ശീലങ്ങളോ ആസക്തികളോ ഏതൊക്കെയാണ്? നിങ്ങൾക്കായി ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങളെ ധൈര്യത്തോടും വിശ്വാസത്തോടുംകൂടെ നേരിടുക. അപ്പോൾ, ക്രിസ്തുവിൽ നിങ്ങൾ ആയിത്തീരേണ്ട പുതിയ സൃഷ്ടിയായി നിങ്ങൾ തീർച്ചയായും കൂടുതൽ പൂർണ്ണമായി മാറും.
അത്യന്തം കരുണാമയനായ എന്റെ കർത്താവേ, എന്റെ ജീവിതത്തിൽ നിരന്തരമായ മാറ്റത്തിലേക്ക് അങ്ങ് എന്നെ വിളിക്കുന്നുവെന്ന് ഞാനറിയുന്നു. ജീവിതത്തിൽ ഞാൻ വിട്ടകന്നിരിക്കേണ്ട എല്ലാറ്റിനെയും, അങ്ങ് എന്നെ വിളിച്ചിരിക്കുന്ന മഹത്വപൂർണ്ണമായ പുതിയ സൃഷ്ടിയായിത്തീരുന്നതിൽനിന്ന് എന്നെ തടയുന്ന എല്ലാറ്റിനെയും നേരിടാൻ ആവശ്യമായ ധൈര്യം എനിക്കു നൽകണമേ. പ്രിയ കർത്താവേ, അങ്ങയുടെ സമൃദ്ധമായ കൃപ എന്റെ ജീവിതത്തിലേക്ക് ചൊരിഞ്ഞ്, കൃപയിൽ അങ്ങയുടെ പുതിയതും മഹത്വപൂർണ്ണവുമായ സൃഷ്ടിയായി എന്നെ മാറ്റണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
തിരഞ്ഞെടുപ്പിനും രാജ്യത്തിനും വേണ്ടിയുള്ള പ്രാർഥനകൾ
സെപ്റ്റംബർ 3 – നവംബർ 4 വരെ ഒൻപത് ആഴ്ച നീളുന്ന നൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



