സെപ്റ്റംബർ 15, 2024
ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

അവൻ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച്, തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. എന്തെന്നാൽ, സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ, എന്നെയും സുവിശേഷത്തെയും പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും.” മർക്കോസ് 8:34–35
പ്രായോഗികമായി പറഞ്ഞാൽ, നാം എങ്ങനെയാണ് യേശുവിനെ അനുഗമിക്കുകയും നമ്മുടെ ആത്മാക്കളെ രക്ഷിക്കുകയും ചെയ്യുന്നത്? യേശുവിൽ വിശ്വസിക്കുന്നുവെന്ന് ഏറ്റുപറഞ്ഞാൽ മാത്രം മതിയോ? യേശു ദൈവവും ലോകരക്ഷകനുമാണെന്ന നിഗമനത്തിൽ എത്തിയാൽ നാം രക്ഷിക്കപ്പെടുമോ? തീർച്ചയായും ഇല്ല. പിശാചുക്കൾപോലും ഈ സത്യം വിശ്വസിക്കുന്നു. രക്ഷയ്ക്കായി നമ്മുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം ആവശ്യമാണെന്ന് യേശു വളരെ വ്യക്തമായി പറയുന്നു. നാം നമ്മെത്തന്നെ പരിത്യജിക്കുകയും നമ്മുടെ കുരിശുകൾ ഏറ്റെടുക്കുകയും അവിടുത്തെ അനുഗമിക്കുകയും വേണം. മാത്രമല്ല, ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രതി നമ്മെത്തന്നെ നഷ്ടപ്പെടുത്തണമെന്ന് രക്ഷയുടെ വഴി ആവശ്യപ്പെടുന്നു. പ്രായോഗികമായി ഇതിന്റെ കൃത്യമായ അർഥമെന്താണ്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ, അനേകർ എങ്ങനെ ജീവിക്കുന്നുവെന്ന് ആദ്യം പരിഗണിക്കാം. ജീവിതത്തിൽ ഏറ്റവും എളുപ്പമുള്ളതും ഏറ്റവും ആസ്വാദ്യകരവും ഏറ്റവും മികച്ചതും ഏറ്റവും ആശ്വാസകരവുമായ കാര്യങ്ങൾ ആഗ്രഹിക്കാനാണ് നമുക്കു പ്രവണത. നമുക്കു സുഖം പകരുന്ന കാര്യങ്ങളും ഏറ്റവും കുറവ് എതിർപ്പുകൾ നേരിടേണ്ടിവരുന്ന വഴിയുമാണ് നാം പലപ്പോഴും തേടുന്നത്. ഉദാഹരണത്തിന്, അപ്പവും വെള്ളവും മാത്രം കഴിച്ച് ഉപവസിക്കാനോ ഏറ്റവും രുചികരമായ വിഭവങ്ങൾ സമൃദ്ധമായി ആസ്വദിക്കാനോ തിരഞ്ഞെടുക്കാമെങ്കിൽ, നിങ്ങൾ ഏതു തിരഞ്ഞെടുക്കും? അത്യന്തം അപൂർവസുന്ദരവും ആഡംബരപൂർണവുമായ ഒരിടത്ത് അവധിക്കാലം ചെലവഴിക്കാനോ ഒരാഴ്ച വളരെ കഠിനമായി ജോലി ചെയ്യാനോ തിരഞ്ഞെടുക്കാമെങ്കിൽ, നിങ്ങൾ ഏതു തിരഞ്ഞെടുക്കും? വിലകൂടിയ ഒരു പുത്തൻ കാർ ഓടിക്കാനോ വളരെ പഴകി തകർന്ന ഒരു കാർ ഓടിക്കാനോ തിരഞ്ഞെടുക്കാമെങ്കിൽ, നിങ്ങൾ ഏതായിരിക്കും ഇഷ്ടപ്പെടുക? മിക്കവരും രുചികരമായ ഭക്ഷണവും ആഡംബരപൂർണമായ അവധിക്കാലവും ആകർഷകമായ പുത്തൻ കാറും ഉടൻതന്നെ തിരഞ്ഞെടുക്കും.
ആത്മീയസാഹിത്യത്തിലെ ഉത്തമകൃതിയായ കർമ്മലമലയിലേക്കുള്ള ആരോഹണം എന്ന തന്റെ ഗ്രന്ഥത്തിൽ കുരിശിന്റെ വിശുദ്ധ യോഹന്നാൻ തികച്ചും വ്യത്യസ്തമായ ഒരു വഴി വിവരിക്കുന്നു. അനാരോഗ്യകരമായ എല്ലാ ആസക്തികളിൽനിന്നും നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കാനും അതുവഴി ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടും കൂടുതൽ പൂർണമായി ചേർന്നിരിക്കാനും സഹായിക്കുന്നതിനായി, പ്രാർഥനയിലും ധ്യാനത്തിലും ഉപയോഗിക്കാവുന്ന ആത്മീയ സൂക്തങ്ങളുടെ ഒരു പരമ്പര അദ്ദേഹം നൽകുന്നു. വിശുദ്ധ യോഹന്നാൻ പറയുന്നു: “എപ്പോഴും ഏറ്റവും എളുപ്പമുള്ളതിനെയല്ല, ഏറ്റവും പ്രയാസമുള്ളതിനെ ഇഷ്ടപ്പെടാൻ പരിശ്രമിക്കുക; ഏറ്റവും ആകർഷകമായതിനെയല്ല, ഏറ്റവും അരോചകമായതിനെ; ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നതിനെയല്ല, മറിച്ച് ഏറ്റവും കുറവ് ആനന്ദം നൽകുന്നതിനെ…” ഈ ആത്മീയ സൂക്തങ്ങൾ പൂർണമായി വായിക്കുമ്പോൾ, അവ നമ്മുടെ അസ്തിത്വത്തിന്റെ ആഴങ്ങളിൽവരെ നമ്മെ വെല്ലുവിളിക്കുന്നു. ഈ ലോകം നൽകുന്നതിൽ ഏറ്റവും എളുപ്പമുള്ളതും ഏറ്റവും സുഖകരവും ഏറ്റവും മികച്ചതുമായ കാര്യങ്ങളാണ് തങ്ങൾ പലപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് സത്യസന്ധരായവർക്ക് അവ ഉടൻ വെളിപ്പെടുത്തിക്കൊടുക്കുന്നു. എന്നാൽ നിങ്ങളുടെ നിത്യമായ ആത്മാവിന് ഏറ്റവും നല്ലത് എന്താണ്?
നാം നമ്മെത്തന്നെ പരിത്യജിക്കുകയും നമ്മുടെ കുരിശെടുത്ത് തന്നെ അനുഗമിക്കുകയും വേണമെന്ന യേശുവിന്റെ പ്രബോധനമാണ് നിങ്ങളുടെ നിത്യമായ ആത്മാവിനെ രക്ഷിക്കുന്നതിനും, ഈ ലോകത്തിനോ നമ്മുടെ ജഡത്തിനോ നൽകാൻ കഴിയുന്ന എന്തിനെയും അതിശയിക്കുന്ന ആത്മീയ സംതൃപ്തി കണ്ടെത്തുന്നതിനുമുള്ള വഴികാട്ടി. എന്നാൽ ഈ വഴികാട്ടി മനസ്സിലാക്കാനും അതനുസരിച്ചു മുന്നോട്ടുപോകാനും, ഒരർഥത്തിൽ പറഞ്ഞാൽ, നാം പലപ്പോഴും “ആത്മീയജീവിതത്തിൽ ഒരു സമ്പൂർണ ദിശാമാറ്റം” നടത്തേണ്ടതുണ്ട്. നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ തലങ്ങളിലും കുരിശിനെ തിരഞ്ഞെടുക്കുന്നതോടെയാണ് ഈ ദിശാമാറ്റം ആരംഭിക്കുന്നത്. ദൈവം നമ്മുടെ എല്ലാ സ്വാർഥമോഹങ്ങളും നീക്കി അവയ്ക്കു പകരം ത്യാഗപൂർണമായ സ്നേഹത്തിനുള്ള ആഗ്രഹം നൽകുമ്പോൾ അത് പൂർണമാകുന്നു.
ദിവസം മുഴുവനുമുള്ള നിങ്ങളുടെ ചിന്തകൾ ശ്രദ്ധാപൂർവം പരിശോധിച്ചാൽ, നിങ്ങളെക്കുറിച്ചുതന്നെ ധാരാളമായി ചിന്തിക്കുന്നുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. “എനിക്ക് ഇത് ഇഷ്ടമാണ്, അത് ചെയ്യാൻ എനിക്കു മനസ്സില്ല, ഇതിനെക്കുറിച്ച് എനിക്കു ദേഷ്യമുണ്ട്, അത് ഒഴിവാക്കാൻ ഞാൻ ശ്രമിക്കുകയാണ്…” മിക്കപ്പോഴും നമ്മുടെ ചിന്തകൾ “ഞാൻ” എന്നതിൽ തുടങ്ങി “എന്നെ” എന്നതിൽ അവസാനിക്കുന്നു. നിങ്ങളെത്തന്നെ പരിത്യജിക്കുക, നിങ്ങളുടെ കുരിശ് ഏറ്റെടുക്കുക, നിങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തുക എന്നിവയുടെ അർഥം നിങ്ങൾ ഇനിമേൽ നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുന്നില്ല എന്നതാണ്. നിങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ നിങ്ങളിൽനിന്നു തിരിഞ്ഞ് ദൈവഹിതത്തിലും മറ്റുള്ളവരോടുള്ള സ്നേഹത്തിലും മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് അതിനർഥം. എന്നാൽ അനുദിനം നമ്മുടെ പ്രവൃത്തികളിൽ ഭൂരിഭാഗത്തെയും പലപ്പോഴും നയിക്കുന്ന അനേകം സ്വാർഥമോഹങ്ങളിൽനിന്ന് നാം സ്വതന്ത്രരാകുന്നതുവരെ ഇത് ഒരിക്കലും സാധ്യമാകില്ല.
ദിവസം മുഴുവൻ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ചിന്തകളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത് എന്താണ്? എന്തിലേക്കാണ് നിങ്ങൾ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെടുന്നത്? ദൈവത്തെയും അവിടുത്തെ വിശുദ്ധ ഹിതത്തെയും എങ്ങനെ കൂടുതൽ നന്നായി സേവിക്കാമെന്നു ചിന്തിച്ചുകൊണ്ടാണോ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങൾ ചെലവഴിക്കുന്നത്? അതോ നിങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടാണോ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്? നിങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ മിക്കപ്പോഴും മറ്റുള്ളവർക്കുള്ള നിസ്വാർഥസേവനത്തിലേക്കാണോ തിരിയുന്നത്? അതോ നിങ്ങൾ സ്വാർഥമായി ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചാണോ അവ കൂടുതൽ ചിന്തിക്കുന്നത്? ഈ പ്രയാസകരമായ ചോദ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും നിങ്ങളുടെ ഉള്ളിലെ സ്വാർഥമായ എല്ലാറ്റിനെയും വേരോടെ പിഴുതെറിയാൻ പരിശ്രമിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നത് ആത്മീയജീവിതത്തിൽ ഒരു സമ്പൂർണ ദിശാമാറ്റം നടത്താൻ നിങ്ങളെ പ്രാപ്തരാക്കും. അതുവഴി ക്രിസ്തുവിന്റെ മഹത്വപൂർണവും രൂപാന്തരപ്പെടുത്തുന്നതുമായ കുരിശ് നിങ്ങൾക്ക് വഹിക്കാൻ കഴിയും.
സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, സ്വർഗസ്ഥനായ പിതാവിന്റെ മഹത്ത്വവും ലോകത്തിന്റെ രക്ഷയും മാത്രം ലക്ഷ്യമാക്കി അങ്ങ് നിസ്വാർത്ഥമായ ജീവിതം നയിച്ചു. എല്ലാ വിധത്തിലും എന്നെത്തന്നെ ത്യജിക്കാനും, ജീവിതത്തിലെ ഓരോ കുരിശിലേക്കും ഓടിയണയാനും, നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ സ്നേഹത്തിന്റെ മനോഹരമായ ജീവിതത്തിലേക്ക് അങ്ങയെ അനുഗമിക്കാനും എനിക്ക് കൂടുതൽ കഴിയേണ്ടതിന്, എല്ലാ സ്വാർത്ഥതയിൽനിന്നും എന്നെ മോചിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വ്യാകുലമാതാവ്
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല
തിരഞ്ഞെടുപ്പിനും രാജ്യത്തിനും വേണ്ടിയുള്ള പ്രാർഥനകൾ
സെപ്റ്റംബർ 3 – നവംബർ 4 വരെ ഒൻപത് ആഴ്ച നീളുന്ന നൊവേന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




