മലയാളം

അളവറ്റ അനുഗ്രഹങ്ങൾക്ക് നന്ദി – എപ്പോഴും ഒരുങ്ങിയിരിക്കുക

2024 നവംബർ 28, വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

യു.എസ്.എ.: കൃതജ്ഞതാദിനം—ഐച്ഛിക അനുസ്മരണം
(യു.എസ്.എ. ഒഴികെയുള്ള രാജ്യങ്ങളിൽ മുപ്പത്തിനാലാം ആഴ്ചയിലെ വ്യാഴാഴ്ചയ്ക്കുള്ള ധ്യാനചിന്ത കാണുക)

ജെയിംസ് ടിസോ, പൊതുസഞ്ചയം, Wikimedia Commons വഴി

വീഡിയോ

“പത്തുപേർ ശുദ്ധരാക്കപ്പെട്ടില്ലേ? മറ്റുള്ള ഒൻപതുപേർ എവിടെ? ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തിനു നന്ദി പറയാൻ മടങ്ങിവന്നില്ലേ?” പിന്നെ അവൻ അയാളോടു പറഞ്ഞു: “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ലൂക്കാ 17:17–19

കൃതജ്ഞത പ്രകടിപ്പിച്ചതിലൂടെ വെളിവായ വിശ്വാസത്താൽ അയാൾ രക്ഷിക്കപ്പെട്ടു! ദേശീയ അവധിദിനമായ കൃതജ്ഞതാദിനം ആഘോഷിക്കുന്ന ഇന്ന് ധ്യാനിക്കാൻ എത്ര മനോഹരമായ ഒരു സംഭവമാണിത്!

കൃതജ്ഞതാദിനം പ്രത്യേകമായി ഒരു സഭാതിരുനാളല്ലെങ്കിലും, കൃതജ്ഞത നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടെന്നത് തീർച്ചയാണ്. യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന ഇന്നത്തെ സുവിശേഷം അതു വ്യക്തമാക്കുന്നു. അവരെല്ലാവരും എങ്ങനെ പ്രതികരിച്ചു എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. അവരിൽ ഒൻപതുപേർ സൗഖ്യം പ്രാപിച്ചശേഷം തങ്ങളുടെ കാര്യങ്ങളിലേക്കു തിരിഞ്ഞു; തങ്ങളെ സുഖപ്പെടുത്തിയവനു നന്ദി പറയാൻ അവർ മടങ്ങിവന്നില്ല. എന്നാൽ ഒരാൾ മടങ്ങിവന്നു. പെട്ടെന്നുതന്നെ കുഷ്ഠരോഗത്തിൽനിന്നു മുക്തനായ ആ മനുഷ്യൻ യേശുവിന്റെ അടുക്കലേക്കു മടങ്ങിവന്ന്, അവനെ മഹത്വപ്പെടുത്തി, അവന്റെ കാൽക്കൽ വീണ് നന്ദി പറഞ്ഞു. ഈ കുഷ്ഠരോഗി ഒരു വിദേശിയായിരുന്നു, ഒരു സമരിയാക്കാരൻ. എങ്കിലും, നാമെല്ലാവരും അനുകരിക്കാൻ പരിശ്രമിക്കേണ്ട വിശ്വാസമാണ് അയാൾ പ്രകടിപ്പിച്ചത്. രോഗസൗഖ്യമെന്ന കൃപയ്ക്കു നന്ദിയുള്ളവനായിരുന്നാൽ മാത്രം പോരാ, ആ നന്ദി പ്രകടിപ്പിക്കുകയും വേണമെന്ന് അയാൾ തിരിച്ചറിഞ്ഞു എന്നതിൽ ഈ സമരിയാക്കാരന്റെ വിശ്വാസം വ്യക്തമായിരുന്നു.

കൃതജ്ഞതാദിനം ആഘോഷിക്കുമ്പോൾ, നാം നന്ദിയുള്ളവരായിരിക്കേണ്ട എല്ലാ കാര്യങ്ങളിലുംവച്ച് ഏറ്റവും പ്രധാനപ്പെട്ടത് ദൈവം നമുക്കു നൽകിയ അളവറ്റ കൃപകൾക്കായി അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക എന്നതാണെന്ന് നാം ഓർമിക്കുന്നു. എന്നാൽ ഈ സംഭവം വ്യക്തമാക്കുന്നതുപോലെ, ദൈവത്തിന്റെ അനുഗ്രഹങ്ങളോടുള്ള നമ്മുടെ പ്രതികരണത്തിന്റെ പ്രാധാന്യം അവഗണിച്ചുപോകാൻ വളരെ എളുപ്പമാണ്. ആ കുഷ്ഠരോഗികളിൽ പത്തു ശതമാനം മാത്രമാണ് ഇത്തരത്തിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ടു പ്രതികരിച്ചത്. അതിനാൽ, നാം നന്ദിയുള്ളവരായിരിക്കേണ്ട നിരവധി കാരണങ്ങൾ പരിശോധിക്കുന്നതും ആ കൃതജ്ഞത ദൈവത്തോടു പ്രകടിപ്പിക്കാൻ പരിശ്രമിക്കുന്നതും ഇന്ന് ഉപകാരപ്രദമാണ്.

ഒന്നാമതായി, സ്നേഹത്താൽ ദൈവം നമ്മെ സൃഷ്ടിച്ചു. ഇത് ചെറിയൊരു ദാനമല്ല. അവിടുന്ന് നമുക്കു നൽകിയ ആദ്യത്തെ ദാനമാണിത്; എന്നാൽ നാം പലപ്പോഴും അതിന്റെ വില മനസ്സിലാക്കാതെ, സ്വാഭാവികമായി നമുക്കു ലഭിക്കേണ്ട ഒന്നായി അതിനെ കാണുന്നു. നമ്മെ സൃഷ്ടിക്കേണ്ട ആവശ്യം ദൈവത്തിനുണ്ടായിരുന്നില്ല. നിങ്ങളെ സൃഷ്ടിക്കേണ്ട ആവശ്യം അവിടുത്തേക്കുണ്ടായിരുന്നില്ല. എങ്കിലും അവിടുന്ന് അങ്ങനെ ചെയ്തു. ജീവൻ എന്ന ദാനം, അനശ്വരമായ ആത്മാവ് എന്ന ദാനം, നാം ഒരിക്കലും അവഗണിക്കാതെ എപ്പോഴും ആനന്ദിക്കേണ്ട ഒന്നാണ്.

രണ്ടാമതായി, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ മനുഷ്യാവതാരം ചെയ്തുകൊണ്ട് ദൈവം നമ്മുടെ പതിതാവസ്ഥയിലേക്കു കടന്നുവന്നു. അങ്ങനെ നമ്മുടെ പതിതമായ മനുഷ്യസ്വഭാവത്തെ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഉയരത്തിലേക്ക് അവിടുന്ന് ഉയർത്തി. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനും മനുഷ്യപുത്രനുമായവന്റെ വ്യക്തിയിൽ മനുഷ്യത്വവും ദൈവത്വവും ഒന്നിച്ചു. നാം അർഹിക്കാത്തതും വിസ്മയാദരങ്ങൾ ഉളവാക്കുന്നതുമായ ഈ ദാനത്തിന് നാം നന്ദിയുള്ളവരായിരിക്കണം.

മൂന്നാമതായി, തുടർന്നുള്ള സംഭവങ്ങൾ നമുക്കറിയാം. മനുഷ്യാവതാരം ചെയ്ത പുത്രന്റെ വ്യക്തിയിൽ ദൈവം പീഡകൾ സഹിച്ചു, മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അങ്ങനെ നമ്മുടെ ഓരോ പാപവും തുടച്ചുനീക്കപ്പെടാനുള്ള വഴി അവിടുന്ന് തുറന്നു. അവിടുത്തോടൊപ്പം മരിക്കുമ്പോൾ, അവിടുത്തോടൊപ്പം ഉയിർത്തെഴുന്നേൽക്കാൻ നാം ക്ഷണിക്കപ്പെടുന്നു. അവിടുത്തോടൊപ്പം ഉയിർത്തെഴുന്നേൽക്കുമ്പോൾ, സ്വർഗത്തിൽ അവിടുത്തെ മഹത്ത്വത്തിൽ പങ്കുചേരാൻ നാം ക്ഷണിക്കപ്പെടുന്നു.

അവസാനമായി, ഓരോരുത്തരുടെയും ജീവിതത്തിൽ ദിവസവും എണ്ണമറ്റ കൃപകൾ നമുക്കു നൽകപ്പെടുന്നു. എന്നാൽ അമിതലാളനയാൽ വഷളായ കുട്ടികളെപ്പോലെ നാം പലപ്പോഴും ഈ അനുഗ്രഹങ്ങളെ അവഗണിക്കുകയും സ്വാഭാവികമായി നമുക്കു ലഭിക്കേണ്ടവയായി കരുതുകയും ചെയ്യുന്നു. ഇവിടെ ഉദാഹരണങ്ങൾ പറഞ്ഞാൽ മാത്രം മതിയാകില്ല. നന്ദിയുള്ള ഒരു ഹൃദയം നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, സ്വന്തം ജീവിതത്തിലെ ഈ അനുഗ്രഹങ്ങൾ തിരിച്ചറിയാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ പോരാട്ടങ്ങളിലും വേദനകളിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ അനുഗ്രഹങ്ങൾ സമൃദ്ധമാണ്; പൂർണ സമർപ്പണത്തോടെ നാം നമ്മുടെ കർത്താവിലേക്കു തിരിയുന്തോറും അനുഗ്രഹങ്ങൾ കൂടുതൽ ഒഴുകിയെത്തുന്നു.

ദൈവം നിങ്ങൾക്കു നൽകിയ അനേകം അനുഗ്രഹങ്ങളോടു നിങ്ങൾക്കുള്ള മനോഭാവത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ദൈവത്തിന്റെ സൃഷ്ടിയും സ്നേഹപൂർവമായ അവിടുത്തെ രക്ഷാകര പ്രവൃത്തികളും നൽകുന്ന അടിസ്ഥാന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ആരംഭിക്കുക. തുടർന്ന്, ദൈവം എത്രയോ ചെറിയ വഴികളിലൂടെ നിങ്ങളോടൊപ്പമുണ്ടായിരുന്നതും നിങ്ങളെ നയിച്ചതും ശക്തിപ്പെടുത്തിയതും സമൃദ്ധമായി അനുഗ്രഹിച്ചതും ധ്യാനിക്കാൻ ശ്രമിക്കുക. ഇവ നിങ്ങൾ വ്യക്തമായി കാണുന്നില്ലെങ്കിൽ, അവ നിങ്ങൾക്കു വെളിപ്പെടുത്തിത്തരാൻ ദൈവത്തിനു കഴിയേണ്ടതിന് ഇന്ന് ബോധപൂർവം അവിടുത്തെ ശ്രവിക്കുക. നിങ്ങളുടെ അനുഗ്രഹങ്ങൾ തിരിച്ചറിയുമ്പോൾ, ആ ഒരു കുഷ്ഠരോഗിയെപ്പോലെ പ്രതികരിക്കുക. യേശുവിലേക്കു തിരിയുക, അവനെ മഹത്വപ്പെടുത്തുക, പ്രാർഥനയിൽ അവന്റെ കാൽക്കൽ വീണ് അവനു നന്ദി പറയുക. അങ്ങനെ ചെയ്യുന്നത്, ആ കുഷ്ഠരോഗിക്കു ലഭിച്ച അതേ രക്ഷാകരമായ വിശ്വാസത്താൽ നിങ്ങളെയും നിറയ്ക്കും.

അത്യുദാരനായ എന്റെ കർത്താവേ, എന്റെ ഭാവനയ്ക്കതീതമായ അനുഗ്രഹങ്ങൾ അങ്ങ് എനിക്കു നൽകിയിരിക്കുന്നു. അങ്ങ് എന്നോട് എത്ര നല്ലവനായിരുന്നുവെന്ന് എനിക്ക് ഒരിക്കലും പൂർണമായി മനസ്സിലാക്കാനാവില്ലെന്നും, വേണ്ടത്ര നന്ദി പ്രകടിപ്പിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ലെന്നും ഞാൻ തിരിച്ചറിയുന്നു. നന്ദിയുള്ള ഒരു ഹൃദയത്താൽ എന്നെ നിറയ്ക്കണമേ. എന്റെ ജീവിതത്തിലെ അങ്ങയുടെ പ്രവർത്തനം കാണാനും, ആ ഒരു കുഷ്ഠരോഗിയെപ്പോലെ അങ്ങയോടു പ്രതികരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ വായനയ്ക്ക് – കൃതജ്ഞതാദിനം

ആഗമനകാല പ്രാർത്ഥനകളും ധ്യാനചിന്തകളും

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

യു.എസ്.എ. ഒഴികെയുള്ള രാജ്യങ്ങളിൽ മുപ്പത്തിനാലാം ആഴ്ചയിലെ വ്യാഴാഴ്ചയ്ക്കുള്ള ധ്യാനചിന്ത കാണുക

വിശുദ്ധ കുർബാനയിൽ തിരഞ്ഞെടുക്കാവുന്ന വായനകൾ


എപ്പോഴും ഒരുങ്ങിയിരിക്കുക
2024 നവംബർ 28
സാധാരണകാലത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

© ജോസെ ലൂയിസ് ബെർണാർഡെസ് റിബെയ്റോ

വീഡിയോ

“അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത് അവർ കാണും. എന്നാൽ ഈ അടയാളങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ നിവർന്നുനിൽക്കുകയും ശിരസ്സുയർത്തുകയും ചെയ്യുവിൻ; എന്തെന്നാൽ നിങ്ങളുടെ വീണ്ടെടുപ്പ് സമീപിച്ചിരിക്കുന്നു.”  ലൂക്കാ 21:28

ഈ ലോകത്തിൽ വരാനിരിക്കുന്ന സഹനങ്ങളെയും പീഡനങ്ങളെയും കുറിച്ചുള്ള യേശുവിന്റെ പ്രബോധനപരമ്പര അവസാനിക്കുന്നത് മുകളിലെ ഈ വചനഭാഗത്തോടെയാണ്. എന്നാൽ, മഹത്വത്തിലുള്ള യേശുവിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ വലിയ പ്രത്യാശ നൽകുന്ന ഈ വാക്കുകളോടെയാണ് അവിടുത്തെ പ്രബോധനങ്ങൾ സമാപിക്കുന്നത്. ദാനിയേൽ കണ്ടപ്പോൾ ഭയന്നുപോയ പ്രവാചകദർശനത്തെക്കുറിച്ചാണ് ഈ ഭാഗം പറയുന്നത് (ദാനിയേൽ 7:13–14). വരാനിരിക്കുന്ന വലിയ പീഡനത്തിനും മനുഷ്യപുത്രന്റെ മടങ്ങിവരവിനോടനുബന്ധിച്ച് എല്ലാ തിന്മകളും നശിപ്പിക്കപ്പെടുന്നതിനും അദ്ദേഹം ദർശനത്തിൽ സാക്ഷിയായി.

ക്രിസ്തുവിന്റെ അന്തിമാഗമനത്തെയും ഭാവിയിൽ സംഭവിക്കാനിരിക്കുന്ന നിങ്ങളുടെ സ്വന്തം മരണത്തെയും കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? നാളെ ആ ദിവസമായിരിക്കുമെന്ന്—ഈ ലോകത്തിന് അന്ത്യം കുറിക്കാനും അതിന്മേൽ വിധി പ്രസ്താവിക്കാനുമായി മനുഷ്യപുത്രൻ തന്റെ സർവപ്രതാപത്തോടും മഹത്വത്തോടുംകൂടെ മടങ്ങിവരുന്ന ദിവസമായിരിക്കുമെന്ന്—ഒരു ദൂതൻ നിങ്ങളെ അറിയിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ ഭയന്നുപോകുമോ? അത്യധികം ആനന്ദിക്കുമോ? പ്രത്യാശയോടെ കാത്തിരിക്കുമോ? ആശയക്കുഴപ്പത്തിലാകുമോ? ഒരുപക്ഷേ ഈ പ്രതികരണങ്ങൾ ഓരോന്നും അൽപമെങ്കിലും ഉണ്ടായേക്കാം. ഈ സമയത്തെക്കുറിച്ച് യേശു പറഞ്ഞത്, “ജനതകൾ പരിഭ്രാന്തരാകും” എന്നും “ലോകത്തിൽ സംഭവിക്കാൻ പോകുന്നവയെക്കുറിച്ചുള്ള ഭയത്താൽ മനുഷ്യർ മരിക്കും” എന്നുമാണ്. അപ്പോൾ, വാഗ്ദാനം ചെയ്യപ്പെട്ട നമ്മുടെ കർത്താവിന്റെ ഈ ദിവസത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

“ഭയത്താൽ മരിക്കുന്നവർ” തീർച്ചയായും യാതൊരു ഒരുക്കവുമില്ലാതെ ഈ ദിവസത്തെ അഭിമുഖീകരിക്കുന്നവരാണ്. തീർത്തും ഒരുങ്ങാതിരിക്കുന്ന അവസ്ഥയിൽ മനുഷ്യപുത്രനും ദൈവപുത്രനും ലോകരക്ഷകനും നിത്യന്യായാധിപനുമായവനെ കണ്ടുമുട്ടുന്നത് ഭയാനകമായിരിക്കണം. ഉദാഹരണത്തിന്, നിങ്ങൾ ഒരു വലിയ അത്താഴവിരുന്ന് ഒരുക്കുന്നുവെന്നും ദിവസങ്ങൾ തെറ്റിപ്പോയെന്നും സങ്കൽപ്പിക്കുക. വിരുന്നിന്റെ ദിവസം വന്നെത്തി; അടുത്ത ആഴ്ചവരെ നിങ്ങൾ ആരെയും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അതിഥികൾ ധാരാളമായി വന്നുതുടങ്ങി. അപ്പോഴുള്ള നിങ്ങളുടെ ഉത്കണ്ഠയും നാണക്കേടും സങ്കൽപ്പിക്കുക. നമ്മുടെ മരണസമയത്തും പിന്നീട് ലോകാവസാനത്തിലെ അന്ത്യവിധിയിലും ക്രിസ്തുവിന്റെ മുമ്പിൽ നിൽക്കുമ്പോൾ, അവിടുത്തെ വിധിക്ക് ഒരുങ്ങാതിരിക്കുന്നതുമായി താരതമ്യം ചെയ്താൽ അത്തരം ഒരനുഭവം ഒന്നുമല്ല.

എന്നാൽ സന്തോഷവാർത്ത ഇതാണ്: വിശ്വാസജീവിതത്തിലൂടെയും ദൈവതിരുവിഷ്ടം നിസ്വാർഥമായി നിറവേറ്റുന്നതിലൂടെയും യഥാർഥത്തിൽ ഒരുങ്ങിയിരിക്കുന്നവരോട് ആ ദിവസം ഇങ്ങനെ പറയപ്പെടുന്നു: “നിവർന്നുനിൽക്കുകയും ശിരസ്സുയർത്തുകയും ചെയ്യുവിൻ; എന്തെന്നാൽ നിങ്ങളുടെ വീണ്ടെടുപ്പ് സമീപിച്ചിരിക്കുന്നു.” ആ ദിവസത്തിനായി ഒരുങ്ങാൻ കഴിയുന്നതെല്ലാം നിങ്ങൾ ചെയ്യുന്നെങ്കിൽ, അങ്ങേയറ്റം പ്രത്യാശയോടും ആകാംക്ഷയോടുംകൂടെ നിങ്ങൾ കാത്തിരിക്കുന്ന ഒരു ദിവസമായിരിക്കും അത്. നിവർന്നുനിൽക്കാനും വരാനിരിക്കുന്ന സകലരുടെയും ന്യായാധിപനിലേക്ക് ദൃഷ്ടിയുയർത്താനും അവിടുന്ന് നിങ്ങൾക്കു നൽകാൻ അതിയായി ആഗ്രഹിക്കുന്ന നിത്യപ്രതിഫലം സ്വീകരിക്കാനും തീർച്ചയായും നിങ്ങൾക്കു കഴിയും. എന്നാൽ ക്രിസ്തുവിനെ പൂർണമായി അനുകരിച്ചുള്ള ഒരു ജീവിതത്തിലൂടെ ആ ദിവസത്തിനായി യഥാർഥത്തിൽ ഒരുങ്ങിയിരുന്നാൽ മാത്രമേ ഇത് നിങ്ങളുടെ അനുഭവമാകുകയുള്ളൂ.

ആ അന്തിമദിനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഇതുവരെ സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യനും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുന്നതായി സങ്കൽപ്പിക്കുക. ഓരോ പാപവും ഓരോ സുകൃതവും ആ ദിവസം വെളിപ്പെടും. ദൈവം എല്ലാവരുടെയും മനസ്സുകളും ഹൃദയങ്ങളും എല്ലാവർക്കും വെളിപ്പെടുത്തുമ്പോൾ, അവയെല്ലാം വെളിച്ചത്തിൽ തെളിഞ്ഞുകാണപ്പെടും. ദൈവത്തിന്റെ വിധികൾ പുറപ്പെടുമ്പോൾ അവിടുത്തെ നീതിയും കരുണയും ഒന്നുചേരുന്നതു കണ്ട് വിശ്വസ്തതയോടെ ജീവിച്ചവർ ആനന്ദിക്കും. ഈ ദിവസം നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ, അതിന്റെ കാരണങ്ങൾ പരിചിന്തിക്കുക. കാലത്തിലെ ഈ നിർണായക നിമിഷത്തിനായി നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നില്ലെങ്കിൽ, പൂർണമായി ഒരുങ്ങിയിരിക്കാനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾ കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഇന്നുതന്നെ ഒരുങ്ങുക. കാത്തിരിക്കരുത്. നമ്മുടെ കർത്താവ് ഏതു സമയത്തും മടങ്ങിവന്നേക്കാം. ഒരുക്കമില്ലാതെ പിടിക്കപ്പെടാതിരിക്കുക.

എന്റെ നിത്യന്യായാധിപനേ, നീതി പൂർണമായി നടപ്പിലാക്കാൻ കാലത്തിലെ ഒരു നിർണായക നിമിഷത്തിൽ ഭൂമിയിലേക്കു മടങ്ങിവരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്യുന്നു. അങ്ങയോടും അങ്ങയുടെ വിശുദ്ധ തിരുവിഷ്ടത്തോടും ഐക്യത്തിൽ ജീവിച്ചുകൊണ്ട് ആ ദിവസത്തിനായി എപ്പോഴും ഒരുങ്ങിയിരിക്കാൻ എനിക്കു കഴിയുമാറാകട്ടെ. പ്രിയ കർത്താവേ, ആ ദിവസം വേഗം വന്നെത്താനും അങ്ങ് വരുമ്പോൾ അങ്ങയെ കണ്ടുമുട്ടാൻ അങ്ങയുടെ എല്ലാ മക്കളും ഒരുങ്ങിയിരിക്കാനും ഞാൻ പ്രാർഥിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാല പ്രാർത്ഥനകളും ധ്യാനചിന്തകളും

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

അമേരിക്കയിൽ കൃതജ്ഞതാദിനത്തിനുള്ള ധ്യാനം കാണുക

വിശുദ്ധ കുർബാനയിൽ തിരഞ്ഞെടുക്കാവുന്ന വായനകൾ