മലയാളം

വിശുദ്ധ കുർബാനയ്ക്കായുള്ള വിശപ്പും ദാഹവും

2019 മേയ് 7, ചൊവ്വാഴ്ച

ഉയിർപ്പുകാലം മൂന്നാം വാരത്തിലെ ചൊവ്വാഴ്ച

ഇന്നത്തെ വായനകൾ

ഇന്നത്തെ എല്ലാ വിശുദ്ധരും

യേശു അവരോടു പറഞ്ഞു: “ഞാനാണ് ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.”  യോഹന്നാൻ 6:35

ഇനിയൊരിക്കലും നിങ്ങൾക്ക് വിശക്കുകയോ ദാഹിക്കുകയോ ചെയ്യാതിരുന്നെങ്കിൽ എത്ര നന്നായിരിക്കുമല്ലേ?  തന്നെക്കുറിച്ച് നമ്മെ പഠിപ്പിക്കാൻ യേശു തികച്ചും സ്വാഭാവികമായ ഈ മനുഷ്യാനുഭവങ്ങൾതന്നെ ഉപയോഗിക്കുന്നു എന്നത് വിസ്മയകരമാണ്.  ആത്മീയമായി സംതൃപ്തരാകാൻ നാം ആഗ്രഹിക്കുന്നു എന്നു പഠിപ്പിക്കാൻ അവിടുന്ന് സ്വാഭാവികമായ വിശപ്പും ദാഹവും ഉപയോഗിക്കുന്നു.  ഈ ആത്മീയ അഭിലാഷങ്ങൾ തൃപ്തിപ്പെടുത്താൻ ഒരേയൊരു വഴിയേയുള്ളൂ…അവിടുന്നിലൂടെ.

നിങ്ങളുടെ സ്വാഭാവികമായ ആഗ്രഹങ്ങളെ ആത്മീയമായ അഭിലാഷങ്ങളോടു സാദൃശ്യപ്പെടുത്തി ധ്യാനിക്കുന്നത് നല്ലൊരു ആത്മീയ അഭ്യാസമാണ്. സ്വാഭാവികമായും നമുക്ക് ഇടയ്ക്കിടെ വിശപ്പും ദാഹവും അനുഭവപ്പെടുന്നു. നാം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു; എന്നാൽ ഏതാനും മണിക്കൂറുകൾക്കുശേഷം നമുക്ക് വീണ്ടും വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. നമുക്ക് ഒഴിവാക്കാനാവാത്ത ഒരു ആവർത്തനമാണിത്. നമ്മുടെ ശരീരം നിരന്തരം ഭക്ഷണവും പാനീയവും ആഗ്രഹിക്കുന്നു.

ആത്മീയതലത്തിലും ഇതുതന്നെയാണ് സത്യം.  ഒരിക്കൽ പ്രാർഥിച്ചതുകൊണ്ട് നമ്മുടെ ആത്മീയ അഭിലാഷങ്ങൾ എന്നേക്കുമായി തൃപ്തിപ്പെടുത്താൻ നമുക്കാവില്ല.  യേശുവിൽ വിശ്വസിച്ചുതുടങ്ങിയാൽ മാത്രം നാം എന്നേക്കുമായി സംതൃപ്തരാവുകയില്ല.  എന്തുകൊണ്ട്?  കാരണം, പ്രാർഥനയും യേശുവുമായുള്ള ഐക്യവും ഓരോ ദിവസവും, ദിവസം മുഴുവനും ഉണ്ടായിരിക്കേണ്ടതാണ്.

നമുക്ക് “അനുദിന” ആഹാരം നൽകുന്നതിലൂടെ വിശുദ്ധ കുർബാന ഈ വിശപ്പിനെയും ദാഹത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു.  നാം അനുദിനം തേടേണ്ട ദാനമാണത്.  ചില കൂദാശകൾ നമുക്ക് ഒരിക്കൽ മാത്രമേ നൽകപ്പെടുന്നുള്ളൂ (മാമ്മോദീസയും സ്ഥൈര്യലേപനവും).  എന്നാൽ വിശുദ്ധ കുർബാന നാം നിരന്തരം സ്വീകരിക്കുകയും അതിനായി ആഗ്രഹിക്കുകയും ചെയ്യേണ്ട ദാനമാണ്.  നാം നിരന്തരം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണമെന്ന വസ്തുത നമ്മോടു പറയുന്നത്, ഒരൊറ്റ ഉറച്ച തീരുമാനത്തിലൂടെ പൂർണതയിലെത്തിക്കാവുന്ന ഒന്നല്ല നമ്മുടെ ക്രൈസ്തവജീവിതം എന്നാണ്.  മറിച്ച്, അനുദിനം പോഷണവും പൂർത്തീകരണവും ആവശ്യമുള്ള ഒന്നാണത്.

ഈ ക്രൈസ്തവ അഭിലാഷം ഓരോ ദിവസവും തൃപ്തിപ്പെടുത്താൻ നിങ്ങൾ എന്താണ് ചെയ്യുന്നത്?  ഒരുപക്ഷേ, എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിങ്ങൾക്ക് കഴിയില്ലായിരിക്കാം. എങ്കിലും, ഒരു ക്രൈസ്തവനെന്ന നിലയിൽ ക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം ഓരോ ദിവസവും നിറവേറ്റാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ?  ജീവന്റെ അപ്പമായ അവിടുത്തെ നിങ്ങൾ ദിവസവും തേടുന്നുണ്ടോ?  ഓരോ ദിവസവും ക്രിസ്തുവിനാൽ നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?

യേശുവിനെ സ്നേഹിക്കുകയും അവിടുത്തെ അനുഗമിക്കുകയും ചെയ്യുക എന്നത് ഓരോ ദിവസവും മാത്രമല്ല, ദിവസം മുഴുവനും പുതുക്കേണ്ട ഒരു തീരുമാനമാണ്.  ശാരീരികമായി നിങ്ങൾക്ക് വിശപ്പും ദാഹവും അനുഭവപ്പെടുമ്പോഴെല്ലാം അത് പുതുക്കേണ്ടതാണ്.

ക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ഏറെ ആഴമേറിയ ആത്മീയ അഭിലാഷത്തെക്കുറിച്ച് നിരന്തരം സ്വയം ഓർമിപ്പിക്കാൻ, ഭക്ഷണത്തിനും പാനീയത്തിനുമുള്ള നിങ്ങളുടെ ഈ സ്വാഭാവിക ആഗ്രഹങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക.  അവിടുത്തോട് പ്രാർഥിക്കുന്നതും അവിടുത്തെ ശ്രവിക്കുന്നതും അവിടുത്തെ നിങ്ങളുടെ ആത്മാവിലേക്ക് സ്വീകരിക്കുന്നതുമാണ് മറ്റൊന്നിനും കഴിയാത്തവിധം സംതൃപ്തി നൽകുന്ന ആഹാരം.  യേശുവാണ് യഥാർഥ ജീവന്റെ അപ്പവും നിങ്ങളുടെ യഥാർഥ ആത്മീയ പാനീയവും.  അവിടുത്തെ പ്രാപിക്കാനാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും ആഴമേറിയ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ അവിടുത്തെ അനുവദിക്കുക!

കർത്താവേ, ഞാൻ അങ്ങയെ അതിയായി ആഗ്രഹിക്കുന്നു.  സംതൃപ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു.  എല്ലാ സമയത്തും എല്ലാ കാര്യങ്ങളിലും അങ്ങയിലേക്ക് തിരിയാൻ എന്നെ സഹായിക്കണമേ.  എനിക്ക് ആവശ്യമുള്ളത് അങ്ങയാണെന്നും അങ്ങ് മാത്രമാണ് സംതൃപ്തി നൽകുന്നതെന്നും എപ്പോഴും ഓർമിക്കാൻ എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ