2019 ഡിസംബർ 10
ആഗമനകാലത്തിലെ രണ്ടാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
ലൊറേറ്റോ മാതാവ്—ഐച്ഛിക അനുസ്മരണം

“അതുപോലെതന്നെ, ഈ ചെറിയവരിൽ ഒരുവൻപോലും നഷ്ടപ്പെട്ടുപോകണമെന്ന് നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നില്ല.” മത്തായി 18:14
കാണാതെപോയ ഒരാടിന്റെ ഉപമ പറഞ്ഞതിനുശേഷമാണ് യേശു ഇങ്ങനെ പറയുന്നത്. ഇടയൻ തൊണ്ണൂറ്റൊൻപത് ആടുകളെയും വിട്ട് ആ ചെറിയ ആടിനെ കണ്ടെത്താൻ ഉത്സാഹത്തോടെ അന്വേഷിച്ചുപോകുന്നു. ഉപമ തുടർന്ന് ഇങ്ങനെ പറയുന്നു: “അതിനെ കണ്ടെത്തിയാൽ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊൻപത് ആടുകളെക്കുറിച്ചുള്ളതിനെക്കാൾ കൂടുതലായി അവൻ അതിനെക്കുറിച്ച് സന്തോഷിക്കുന്നു” (മത്തായി 18:13).
നാമെല്ലാവരും “ഈ ചെറിയവരിൽ ഒരുവൻ” ആണ്. തൊണ്ണൂറ്റൊൻപത് ആടുകളെക്കുറിച്ചുള്ളതിനെക്കാൾ കൂടുതലായി, കാണാതെപോയ ഒരാടിനെക്കുറിച്ച് ഇടയൻ സന്തോഷിക്കുന്നത് ഒറ്റനോട്ടത്തിൽ അന്യായമായി തോന്നിയേക്കാം. എന്നാൽ നമ്മിൽ ഓരോരുത്തരുമാണ് കാണാതെപോയ ആ ഒരാട് എന്നു മനസ്സിലാക്കുമ്പോൾ, അതിന്റെ അർഥം നമുക്കു വ്യക്തമാകും.
ഈ ഉപമയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മെ കണ്ടെത്താനുള്ള ഇടയന്റെ ആഴമായ ആഗ്രഹത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. നമ്മെ തേടിക്കണ്ടെത്തുന്നതിലുള്ള അവന്റെ കരുതലും അക്ഷീണമായ പരിശ്രമവും ജാഗ്രതയും നാം ശ്രദ്ധിക്കണം. ദൈവത്തിന് നിങ്ങളോടുള്ള കരുതൽ ഇതാണ്.
കാണാതെപോയ ആ ഒരാട് നിങ്ങളാണെന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ പാപത്തിൽ “വഴിതെറ്റിപ്പോകുന്നത്” സുഖകരമായ ഒരു അനുഭവമല്ല. പാപം ഭയം, നിരാശ, ആശയക്കുഴപ്പം, കോപം തുടങ്ങിയവ കൊണ്ടുവരുന്നു. എന്നാൽ നമ്മുടെ പാപാവസ്ഥയുടെ നടുവിലും നല്ലിടയനിലേക്കു കണ്ണുകൾ തിരിക്കാൻ നമുക്കു കഴിഞ്ഞാൽ, നമുക്ക് പ്രത്യാശ വീണ്ടുകിട്ടും. നമ്മെ അന്വേഷിക്കുന്നത് ഒരിക്കലും നിർത്താത്തവിധം നമ്മുടെ ദൈവം നമ്മെ അത്രയധികം കരുതുന്നുവെന്ന പ്രത്യാശ നമുക്കു വീണ്ടുകിട്ടും. അവിടുന്ന് നമ്മെ കണ്ടെത്തുമ്പോൾ, അവിടുത്തെ ഹൃദയം അത്യധികമായ സന്തോഷത്താൽ നിറയും!
കർത്താവേ, എന്റെ പാപാവസ്ഥയുടെയും ആശയക്കുഴപ്പത്തിന്റെയും നടുവിൽ ഞാൻ അങ്ങയിലേക്കു തിരിയുന്നു. അങ്ങ് എന്നെ തേടിക്കണ്ടെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നോടുള്ള അങ്ങയുടെ ജ്വലിക്കുന്ന സ്നേഹത്തിൽ എപ്പോഴും ആശ്രയിക്കാൻ എനിക്കു കഴിയട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – ലൊറേറ്റോ മാതാവ്
YouTube-ൽ കാണുക




