ഏപ്രിൽ 16, 2020
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാചരണത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

സന്തോഷത്താൽ വിശ്വസിക്കാനാകാതെയും വിസ്മയിച്ചും അവർ നിൽക്കുമ്പോൾ, അവൻ അവരോടു ചോദിച്ചു: “ഇവിടെ നിങ്ങളുടെ പക്കൽ കഴിക്കാൻ എന്തെങ്കിലുമുണ്ടോ?” അവർ അവന് ഒരു കഷണം ചുട്ട മീൻ കൊടുത്തു; അവൻ അതെടുത്ത് അവരുടെ മുമ്പിൽവച്ച് ഭക്ഷിച്ചു. ലൂക്കാ 24:41–43
“സന്തോഷത്താൽ വിശ്വസിക്കാനാകാതെ!” യേശുവിനെ കണ്ടപ്പോൾ ശിഷ്യർക്കുണ്ടായ പ്രതികരണത്തെ എത്ര മനോഹരമായാണ് ഈ വാക്കുകൾ വിവരിക്കുന്നത്! “വിശ്വസിക്കാനാകാതെ” എന്നു പറയുന്നതിന്റെ അർഥം, എന്തു വിശ്വസിക്കണമെന്ന് ശിഷ്യർക്ക് ഉറപ്പില്ലായിരുന്നു എന്നതാണ്. തങ്ങൾ കാണുന്നത് വിശ്വസിക്കാൻ അവർ മടിച്ചു. ക്രൂശിക്കപ്പെട്ടതായി അവർ കണ്ട യേശു, കൈകാലുകളിലെ മുറിവുകളുമായി അവരുടെ മുമ്പിൽ നിൽക്കുന്നു. അവൻ അവരോടു സംസാരിക്കുകയും കഴിക്കാൻ എന്തെങ്കിലും ചോദിക്കുകയും ചെയ്തു. അൽപം നടുക്കവും അവിശ്വാസവും അനിശ്ചിതത്വവും അവരെ പിടികൂടിയിരുന്നു.
എന്നാൽ, “സന്തോഷത്താലാണ്” അവർക്ക് വിശ്വസിക്കാനാകാതിരുന്നതെന്ന് ഈ വിവരണം പറയുന്നു! സന്തോഷംകൊണ്ട് പൊട്ടിത്തെറിക്കാൻ കാത്തുനിൽക്കുന്നവരെപ്പോലെയായിരുന്നു അവർ. തങ്ങൾ കാണുന്നതിൽ ആനന്ദിക്കാൻ അവർ ആഗ്രഹിച്ചു; പക്ഷേ എന്തോ ഒന്ന് അവരെ തടഞ്ഞുനിർത്തി. ഇതെല്ലാം വിശ്വസിക്കാൻ കഴിയാത്തത്ര നല്ലതായി തോന്നി. ഇത് സത്യമാണോ? യേശു യഥാർഥത്തിൽ മരണത്തെ ജയിച്ച് വീണ്ടും തങ്ങളോടൊപ്പം എത്തിയിരിക്കുകയാണോ?
തന്റെ മഹത്ത്വത്തിലേക്കും കൃപയിലേക്കും പ്രവേശിക്കാൻ ദൈവം ക്ഷണിക്കുമ്പോൾ നമുക്കെല്ലാവർക്കും ചിലപ്പോഴുണ്ടാകുന്ന ഒരു അനുഭവമാണ് ശിഷ്യരുടെ ഈ പ്രതികരണം വെളിപ്പെടുത്തുന്നത്. ദൈവം നമ്മെ തന്നോട് കൂടുതൽ അടുക്കാൻ ക്ഷണിക്കുമ്പോഴും തന്റെ ഉത്ഥാനത്തിന്റെ ആനന്ദം അനുഭവിക്കാൻ ക്ഷണിക്കുമ്പോഴും പലപ്പോഴും നാം മടിച്ചുനിൽക്കുന്നു. ഉത്ഥാനത്തിന്റെ യാഥാർഥ്യം നമ്മുടെ ജീവിതത്തിൽ അനുഭവിക്കാൻ നമ്മെത്തന്നെ അനുവദിക്കുക എന്നത് നമുക്ക് പ്രയാസമായിത്തോന്നാം.
പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാം. ഉത്ഥാനത്തെ പൂർണമായി സ്വീകരിക്കാൻ നാം മടിക്കുന്നതിന്റെ ഒരു കാരണം നിരുത്സാഹമാണ്. യേശുവിന്റെ മരണത്തിൽ ശിഷ്യർ ആഴമായി നിരുത്സാഹപ്പെട്ടിരുന്നു. ഇപ്പോൾ അവൻ ഉയിർത്തെഴുന്നേറ്റ് അവരുടെ മുമ്പിൽ നിൽക്കുമ്പോഴും, തങ്ങളെ കീഴടക്കാൻ അനുവദിച്ച ആ നിരുത്സാഹം വിട്ടുകളയാൻ അവർ മടിച്ചു.
അതുപോലെതന്നെ, ലോകത്തിന്റെ ഭാരമോ നമ്മുടെ പാപമോ മറ്റുള്ളവരുടെ പാപങ്ങളോ നമ്മെ തളർത്താൻ നാം എളുപ്പത്തിൽ അനുവദിച്ചേക്കാം. നമുക്ക് കോപമോ അസ്വസ്ഥതയോ തോന്നാം; നാം നേരിടുന്നതായി കാണുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിൽ നീറിക്കൊണ്ടിരിക്കാം. ഉത്ഥാനത്തിൽ ആനന്ദിക്കുക എന്നതിനർഥം, അവയിൽനിന്ന് നമ്മുടെ കണ്ണുകൾ തിരിച്ച്, നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന യാഥാർഥ്യങ്ങളിലേക്ക് ഉറ്റുനോക്കുക എന്നതാണ്. നമ്മുടെ വഴിയിൽ വരുന്ന അനേകം പ്രശ്നങ്ങൾമൂലം നിരുത്സാഹപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. പകരം, അവയ്ക്കപ്പുറം കൂടുതൽ മഹത്തായ ഒന്നിലേക്കു നോക്കാൻ നമ്മുടെ കർത്താവ് നമ്മെ നിരന്തരം വിളിക്കുന്നു. തന്റെ വിജയത്തിലേക്കു നോക്കാനാണ് അവൻ നമ്മെ വിളിക്കുന്നത്! അവന്റെ വിജയത്തിലേക്കു നോക്കുന്നത് നമ്മെ സ്വതന്ത്രരാക്കുകയും നമ്മുടെ ജീവിതത്തിൽ അതിശയകരമായ വിശ്വാസം ഉളവാക്കുകയും ചെയ്യുന്നു. ഉത്ഥിതനായ കർത്താവിലുള്ള ആ വിശ്വാസം, നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്ന അത്ഭുതകരമായ ആനന്ദം നമ്മിൽ ഉളവാക്കും.
നമ്മുടെ കർത്താവിന്റെ ഉത്ഥാനമെന്ന യാഥാർഥ്യത്തോടുള്ള നിങ്ങളുടെ സ്വന്തം പ്രതികരണത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഉത്ഥിതനായ കർത്താവിനെ ഉറ്റുനോക്കിക്കൊണ്ട് ഇന്ന് കുറച്ചുസമയം ചെലവഴിക്കുക. അവന്റെ വിജയത്തിലേക്കു നോക്കുക. അവന്റെ മഹത്ത്വത്തിലേക്കു നോക്കുക. ആഴമായ വിശ്വാസത്തിലേക്ക് നിങ്ങളെ വിളിക്കുന്ന അവനെ നോക്കുക. അവനിൽ നിങ്ങളുടെ കണ്ണുകൾ ഉറപ്പിക്കുമ്പോൾ, നിങ്ങളെ നിരുത്സാഹത്തിലേക്കു പ്രേരിപ്പിക്കുന്ന മറ്റെല്ലാം മങ്ങിമാഞ്ഞുപോകും.
കർത്താവേ, അങ്ങയെ ഉറ്റുനോക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. അങ്ങയുടെ തേജസ്സും മഹത്ത്വവും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ അങ്ങയെ കാണാനും ഈ യാഥാർഥ്യത്തിൽ അതിയായി ആനന്ദിക്കാനും സന്തോഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, ഞങ്ങളുടെ ഉത്ഥിതനായ കർത്താവായ അങ്ങയെ അറിയുന്നതിൽനിന്ന് ഉളവാകുന്ന അതിശയകരമായ ആനന്ദം അനുഭവിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏഴാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ദൈവകരുണയെക്കുറിച്ചുള്ള അനുദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ




