മലയാളം

ദൈവത്തിന്റെ നീതി

ജൂലൈ 30, 2020
സാധാരണകാലത്തിലെ പതിനേഴാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ – (തിരഞ്ഞെടുക്കാവുന്ന വായനകൾ)

വിശുദ്ധ പത്രോസ് ക്രിസോളോഗസ്, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

“യുഗാന്ത്യത്തിലും ഇങ്ങനെതന്നെയായിരിക്കും. ദൂതന്മാർ പുറപ്പെട്ട് നീതിമാന്മാരിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് അഗ്നിച്ചൂളയിൽ എറിയും. അവിടെ വിലാപവും പല്ലുകടിയും ഉണ്ടായിരിക്കും.” മത്തായി 13:49-50

ആദ്യവായനയിൽ അത്രയൊന്നും പ്രചോദനം നൽകുന്ന ഒരു വചനമായി ഇത് തോന്നുന്നില്ല, അല്ലേ? എന്നാൽ ഇത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന വിധത്തിൽ നമുക്കു പ്രചോദനമാകണം. നമ്മിൽ ഒരുതരം “വിശുദ്ധ ഭയം” ഉളവാക്കാനും ദൈവത്തിന്റെ നീതിയെക്കുറിച്ച് നമുക്ക് വീണ്ടും ഉറപ്പുനൽകാനുമാണ് ഇത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രചോദനം നൽകുന്നതുതന്നെയാണ്; എന്നാൽ പ്രചോദനത്തെക്കുറിച്ച് നാം സാധാരണ ചിന്തിക്കുന്ന രീതിയിലല്ലെന്നുമാത്രം.

എന്നാൽ ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ദൈവത്തെയും അവിടുത്തെ നീതിയെയും കുറിച്ച് അല്പം വിശുദ്ധ ഭയം ആവശ്യമാണ്. നമ്മുടെ കാലഘട്ടത്തിൽ പാപം കൂടുതൽ കൂടുതൽ സ്വീകാര്യവും “സാധാരണവുമായ” ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള നമ്മുടെ സംസ്കാരം ക്രമേണ കൂടുതൽ ദൈവവിമുഖമായിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. പലതരത്തിലുള്ള അധാർമ്മിക ജീവിതരീതികൾ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. തത്ഫലമായി, പാപത്തെ സാധാരണമായും സ്വീകാര്യമായും പോലും കാണാൻ തുടങ്ങുക നമുക്ക് എളുപ്പമാണ്. വാസ്തവത്തിൽ, പാപത്തെ പാപമെന്നു വിളിക്കുമ്പോൾ, നാം മറ്റുള്ളവരെ വിധിക്കുന്നവരും വിദ്വേഷമുള്ളവരുമാണെന്ന് ലോകം പലപ്പോഴും പറയുന്നു.

നിങ്ങളുടെ ചുറ്റുമുള്ള അധാർമ്മികതയ്ക്കു വഴങ്ങി അതിനെ വെറുതെ “അംഗീകരിക്കാനുള്ള” സമ്മർദം ചിലപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ, നേരെ വിപരീതമായി പ്രവർത്തിക്കാൻ മുകളിലെ വചനഭാഗം ഒരുപക്ഷേ നിങ്ങൾക്കു പ്രചോദനമേകും. യേശു ചില കാര്യങ്ങളെ പാപമെന്നു വിളിച്ചിട്ടുണ്ടെന്നും ആ പാപങ്ങൾ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമെന്നുമുള്ളത് പരമമായ സത്യമാണ്.

കർത്താവിന്റെ ദിവസമായ ഞായറാഴ്ചയെ വിശ്രമദിനമെന്നതൊഴികെ മറ്റെന്തുമാക്കി മാറ്റുന്ന, വളരെ സൂക്ഷ്മമായ ഒരു സാംസ്കാരിക രീതിയായിരിക്കാം അത്. അല്ലെങ്കിൽ വിവാഹത്തെ പുനർനിർവചിക്കുന്നതിലൂടെ ദാമ്പത്യത്തിന്റെയും കുടുംബജീവിതത്തിന്റെയും പവിത്രതയ്‌ക്കെതിരെ നടക്കുന്ന ഗുരുതരമായ ലംഘനങ്ങളായിരിക്കാം. നമ്മുടെ വിശ്വാസം വെല്ലുവിളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതായി അനുഭവപ്പെടുന്ന വിവിധ സാഹചര്യങ്ങൾ നമ്മിൽ ഓരോരുത്തരും തീർച്ചയായും ശ്രദ്ധിക്കും. നിങ്ങൾക്കും അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഈ തിരുവചനഭാഗം നിങ്ങൾക്കുള്ളതാണ്. പാപത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും യേശു അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിശുദ്ധജീവിതം നയിക്കാൻ മാത്രമല്ല, ക്രമരഹിതമായ സാംസ്കാരിക പ്രവണതകളിൽ അകപ്പെട്ടിരിക്കുന്നവരെ അവരുടെ ജീവിതം മാറ്റാൻ സഹായിക്കുന്നതിന് നമുക്കാവുന്നതെല്ലാം ചെയ്യാനും അത് നമുക്കു പ്രചോദനമാകണം.

പാപത്തെ നിങ്ങൾ എത്ര ശക്തമായി എതിർക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. പാപം തിന്മയും വിനാശകരവുമാണ്. പാപം ചെയ്യുന്ന വ്യക്തിയെ നിങ്ങൾ എപ്പോഴും സ്നേഹിക്കണം; എന്നാൽ ദൈവത്തിന്റെ നിയമത്തിനു വിരുദ്ധമായ അവരുടെ പ്രവൃത്തികൾക്ക് ഒരിക്കലും പിന്തുണയോ അംഗീകാരമോ നൽകരുത്. സാംസ്കാരികമായ എതിർപ്പുകൾക്കു മുന്നിൽ ഉറച്ചുനിൽക്കുന്നത് സ്നേഹത്തിന്റെ മഹത്തായ ഒരു പ്രവൃത്തിയാണ്. യേശു പറഞ്ഞ “വിലാപത്തിലും പല്ലുകടിയിലും” നിന്ന് ചിലരെ ഒരുനാൾ മോചിപ്പിക്കാനും അതിനു കഴിഞ്ഞേക്കാം.

കർത്താവേ, പാപം പെരുകുന്നിടത്ത് കൃപ അതിലേറെ പെരുകുന്നു. ഇന്ന് ഞങ്ങളുടെ ലോകത്തിലും എന്റെ ജീവിതത്തിലും അങ്ങയുടെ കൃപ എത്രയോ ആവശ്യമാണ്. അങ്ങയുടെ രാജ്യത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നവരിൽ ഉൾപ്പെടാൻ കഴിയേണ്ടതിന്, തിന്മയെയും പാപത്തെയും എതിർക്കുന്നതിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കണമേ. നാശത്തിന്റെ പാതയിലുള്ളവരെ സഹായിക്കാൻ എനിക്കാവുന്നതെല്ലാം ചെയ്യുവാനുള്ള ധൈര്യം എനിക്കു നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പത്രോസ് ക്രിസോളോഗസ്, മെത്രാനും വേദപാരംഗതനും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ജോത്തോ ദി ബൊന്തോനെ വരച്ച അന്ത്യവിധി


വിശുദ്ധ കൊച്ചുത്രേസ്യയിൽനിന്നുള്ള പാഠങ്ങൾ:
ദൈവത്തിന്റെ ചെറുപുഷ്പത്തിന്റെ ജ്ഞാനം