2020 ഒക്ടോബർ 18
ആണ്ടുവട്ടത്തിലെ ഇരുപത്തൊൻപതാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

ഫരിസേയർ അവിടെനിന്നു പോയി, ഈശോയെ വാക്കിൽ എങ്ങനെ കുടുക്കാമെന്ന് ആലോചിച്ചു. അവർ തങ്ങളുടെ ശിഷ്യന്മാരെ ഹേറോദേസ് പക്ഷക്കാരോടൊപ്പം അവിടുത്തെ അടുക്കലേക്ക് അയച്ചു. അവർ പറഞ്ഞു: “ഗുരോ, അങ്ങ് സത്യസന്ധനാണെന്നും സത്യത്തിനനുസൃതമായി ദൈവത്തിന്റെ വഴി പഠിപ്പിക്കുന്നുവെന്നും ഞങ്ങൾക്കറിയാം. അങ്ങ് ആരുടെയും അഭിപ്രായം പരിഗണിക്കുന്നില്ല; കാരണം, അങ്ങ് ആരുടെയും പദവി നോക്കുന്നില്ല. അതിനാൽ, അങ്ങയുടെ അഭിപ്രായം ഞങ്ങളോടു പറയുക: സീസറിനു തലവരി കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ?” അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയ ഈശോ പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങൾ എന്തിന് എന്നെ പരീക്ഷിക്കുന്നു?” മത്തായി 22:15-18
ഫരിസേയർ “ദുരുദ്ദേശ്യം” നിറഞ്ഞ “കപടനാട്യക്കാർ” ആയിരുന്നു. തങ്ങളുടെ ദുഷ്ടപദ്ധതി സ്വയം നടപ്പാക്കാൻപോലും അവർ തയ്യാറായില്ല എന്നതിൽ അവരുടെ ഭീരുത്വവും പ്രകടമായിരുന്നു. പകരം, ഈശോയെ കുടുക്കാൻ ശ്രമിക്കുന്നതിനായി അവർ സ്വന്തം ശിഷ്യന്മാരിൽ ചിലരെ അയച്ചു. ലൗകികജ്ഞാനത്തിന്റെ കാഴ്ചപ്പാടിൽ, അവർ ഒരുക്കിയത് വളരെ നല്ലൊരു കെണിയായിരുന്നു. മിക്കവാറും, ഫരിസേയർ ഒന്നിച്ചിരുന്ന് ഈ പദ്ധതിയെക്കുറിച്ച് വളരെ വിശദമായി ചർച്ച ചെയ്യുകയും കൃത്യമായി എന്തു പറയണമെന്ന് ഈ ദൂതന്മാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ടാകും.
ഈശോ ഒരു “സത്യസന്ധനാണ്” എന്നു തങ്ങൾക്കറിയാമെന്നു പറഞ്ഞ് അവിടുത്തെ പ്രശംസിച്ചുകൊണ്ടാണ് അവർ തുടങ്ങിയത്. തുടർന്ന്, ഈശോ “ആരുടെയും അഭിപ്രായം പരിഗണിക്കുന്നില്ല” എന്നും തങ്ങൾക്കറിയാമെന്ന് അവർ പറയുന്നു. ഈശോയുടെ ഈ രണ്ടു ഗുണങ്ങളും യഥാർഥമാണ്. അവയെ തങ്ങളുടെ കെണിയുടെ അടിത്തറയാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഫരിസേയർ അവ എടുത്തുപറയുന്നത്. ഈശോ സത്യസന്ധനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തവനുമാണെങ്കിൽ, ദേവാലയനികുതി നൽകേണ്ട ആവശ്യമില്ലെന്ന് അവിടുന്ന് പ്രഖ്യാപിക്കുമെന്നു തീർച്ചയായും അവർ പ്രതീക്ഷിക്കുന്നു. ഈശോ അങ്ങനെ പറഞ്ഞാൽ, അതിന്റെ ഫലമായി റോമാക്കാർ അവിടുത്തെ അറസ്റ്റു ചെയ്യുമായിരുന്നു.
ഈ ദുഷ്ടമായ കെണി ആസൂത്രണം ചെയ്യാനും ഒരുക്കാനും ഫരിസേയർ വളരെയധികം ഊർജം ചെലവഴിക്കുന്നു എന്നതാണ് ദുഃഖകരമായ സത്യം. എത്ര വലിയ സമയനഷ്ടം! എന്നാൽ, അവരുടെ പദ്ധതി തകർക്കാനും അവർ ദുരുദ്ദേശ്യം നിറഞ്ഞ കപടനാട്യക്കാരാണെന്നു വെളിപ്പെടുത്താനും ഈശോയ്ക്ക് ഒട്ടുംതന്നെ അധ്വാനിക്കേണ്ടിവരുന്നില്ല എന്നതാണ് മഹത്തായ സത്യം. അവിടുന്ന് പറയുന്നു: “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും തിരികെ നൽകുക” (മത്തായി 22:21).
നമ്മുടെ സ്വന്തം ജീവിതത്തിലും മറ്റൊരാളുടെ ദുരുദ്ദേശ്യത്തെയും ഗൂഢാലോചനയെയും നേരിട്ട് അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദർഭങ്ങളുണ്ടാകാം. ചിലർക്ക് ഇത് അപൂർവമായിരിക്കാമെങ്കിലും, ഇങ്ങനെ സംഭവിക്കാറുണ്ട്. പലപ്പോഴും, അത്തരമൊരു ഗൂഢാലോചനയുടെ ഫലമായി നാം ആഴത്തിൽ അസ്വസ്ഥരാകുകയും നമ്മുടെ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ, ജീവിതത്തിൽ നാം നേരിട്ടേക്കാവുന്ന ആക്രമണങ്ങളെയും കെണികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നു കാണിച്ചുതരാനാണ് ഈശോ അത്തരം ദുരുദ്ദേശ്യം സഹിച്ചത്. സത്യത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിന്റെ ജ്ഞാനത്തോടെ പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഉത്തരം. ദുരുദ്ദേശ്യത്തോടെയും കുതന്ത്രത്തോടെയും മനുഷ്യർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവത്തിന്റെ ജ്ഞാനം തിരിച്ചറിയുകയും നിഷ്ഫലമാക്കുകയും ചെയ്യുന്നു. എല്ലാറ്റിനെയും അതിജീവിക്കാൻ ദൈവത്തിന്റെ ജ്ഞാനത്തിനു കഴിയും.
ജീവിതത്തിലുടനീളം നിങ്ങളെ നയിക്കാൻ ദൈവത്തിന്റെ ജ്ഞാനത്തിൽ നിങ്ങൾ എത്ര ആഴമായി ആശ്രയിക്കുന്നുവെന്ന് ഇന്ന് ധ്യാനിക്കുക. സ്വന്തം ശക്തികൊണ്ടുമാത്രം നിങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. നിങ്ങളുടെ വഴിയിൽ അനിവാര്യമായും കെണികളും കുരുക്കുകളും ഉണ്ടാകും. അവിടുത്തെ ജ്ഞാനത്തിൽ ആശ്രയിക്കുകയും അവിടുത്തെ പരിപൂർണമായ തിരുഹിതത്തിന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുക. അപ്പോൾ, വഴിയിലെ ഓരോ ചുവടിലും അവിടുന്ന് നിങ്ങളെ നയിക്കുന്നതായി നിങ്ങൾ കണ്ടെത്തും.
കർത്താവേ, അങ്ങയുടെ പരിപൂർണമായ ജ്ഞാനത്തിനും കരുതലിനും ഞാൻ എന്റെ ജീവിതം ഭരമേൽപ്പിക്കുന്നു. എല്ലാ കുതന്ത്രങ്ങളിൽനിന്നും എന്നെ സംരക്ഷിക്കുകയും ദുഷ്ടന്റെ ഗൂഢാലോചനകളിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – സുവിശേഷകനായ വിശുദ്ധ ലൂക്കാ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: പിയേർ പോൾ റൂബൻസിന്റെ കപ്പപ്പണം




