ഡിസംബർ 3, 2020
ആഗമനകാലം ഒന്നാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വൈദികൻ—ഓർമ്മ

“എന്നോട് ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരുമല്ല സ്വർഗരാജ്യത്തിൽ പ്രവേശിക്കുക; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ മാത്രമാണ് പ്രവേശിക്കുക.” മത്തായി 7:21
ഈശോ ആരെക്കുറിച്ചാണോ സംസാരിക്കുന്നത്, അവരെക്കുറിച്ച് ചിന്തിക്കുന്നത് ഭയജനകമാണ്. ഈ ഭൗമികജീവിതത്തിൽനിന്നു വിടവാങ്ങി ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പിൽ എത്തുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ അവിടുത്തോട് “കർത്താവേ, കർത്താവേ!” എന്നു വിളിച്ചപേക്ഷിക്കുന്നു. അവിടുന്ന് പുഞ്ചിരിയോടെ നിങ്ങളെ സ്വാഗതം ചെയ്യുമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുപകരം, ജീവിതത്തിലുടനീളം ദൈവത്തിന്റെ ഇഷ്ടത്തോടു നിങ്ങൾ പുലർത്തിയ നിരന്തരവും പിടിവാശിയോടുകൂടിയതുമായ അനുസരണക്കേടിന്റെ യാഥാർഥ്യത്തെയാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത്. നിങ്ങൾ ഒരു ക്രൈസ്തവനെപ്പോലെ പെരുമാറിയിരുന്നെങ്കിലും അതു വെറും അഭിനയമായിരുന്നുവെന്ന് പെട്ടെന്നു തിരിച്ചറിയുന്നു. ഇപ്പോൾ, വിധിദിവസത്തിൽ, നിങ്ങൾക്കും മറ്റെല്ലാവർക്കും കാണത്തക്കവിധം സത്യം വെളിപ്പെടുന്നു. തീർച്ചയായും ഭയജനകമായ ഒരു സാഹചര്യം.
ആർക്കാണ് ഇങ്ങനെ സംഭവിക്കുക? തീർച്ചയായും, നമ്മുടെ കർത്താവിനു മാത്രമേ അതറിയൂ. അവിടുന്നാണ് ഏക നീതിമാനായ വിധികർത്താവ്. ഒരു വ്യക്തിയുടെ ഹൃദയം അവിടുത്തേക്കു മാത്രമേ അറിയൂ; വിധി അവിടുത്തേക്കു മാത്രമായി വിട്ടുകൊടുത്തിരിക്കുന്നു. എന്നാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്ന “എല്ലാവരും” അതിൽ പ്രവേശിക്കുകയില്ലെന്ന് ഈശോ നമ്മോടു പറഞ്ഞ വസ്തുത നമ്മുടെ ശ്രദ്ധയാകർഷിക്കേണ്ടതാണ്.
നമ്മുടെ ജീവിതത്തെ നയിക്കേണ്ടത് ദൈവത്തോടുള്ള ആഴമേറിയതും നിർമ്മലവുമായ സ്നേഹമാണ്. ഈ സ്നേഹം, ഈ സ്നേഹം മാത്രം, നമ്മുടെ ജീവിതത്തെ നയിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ ദൈവത്തോടുള്ള നിർമ്മലമായ സ്നേഹം വ്യക്തമായി പ്രകടമല്ലാത്തപ്പോൾ, അതിനു തൊട്ടടുത്ത നല്ല മാർഗം ഒരു വിശുദ്ധ ഭയമായിരിക്കാം. ഈശോ പറഞ്ഞ വാക്കുകൾ നമ്മിൽ ഓരോരുത്തരിലും ഈ “വിശുദ്ധ ഭയം” ഉണർത്തണം.
“വിശുദ്ധം” എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്, നമ്മുടെ ജീവിതത്തിൽ യഥാർഥമായ മാറ്റം വരുത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരുതരം ഭയം ഉണ്ടെന്നാണ്. നാം മറ്റുള്ളവരെ കബളിപ്പിച്ചേക്കാം; ഒരുപക്ഷേ നമ്മെത്തന്നെയും കബളിപ്പിച്ചേക്കാം. എന്നാൽ ദൈവത്തെ കബളിപ്പിക്കാൻ നമുക്കാവില്ല. ദൈവം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നു. വിധിദിവസത്തിൽ പ്രാധാന്യമുള്ള ഒരേയൊരു ചോദ്യത്തിന്റെ ഉത്തരം അവിടുത്തേക്കറിയാം: “സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം ഞാൻ നിറവേറ്റിയോ?”
ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് ആവർത്തിച്ച് ശുപാർശ ചെയ്തിട്ടുള്ള ഒരു പതിവ്, നമ്മുടെ ഇപ്പോഴത്തെ എല്ലാ തീരുമാനങ്ങളെയും പ്രവൃത്തികളെയും വിധിദിവസത്തിന്റെ കാഴ്ചപ്പാടിൽ പരിഗണിക്കുക എന്നതാണ്. ആ നിമിഷത്തിൽ, ഞാൻ എന്തു ചെയ്തിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ആഗ്രഹിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരം നാം ഇന്ന് എങ്ങനെ ജീവിക്കുന്നു എന്നതിനെ സംബന്ധിച്ച് നിർണായക പ്രാധാന്യമുള്ളതാണ്.
നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ആ സുപ്രധാന ചോദ്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക: “സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം ഞാൻ നിറവേറ്റുന്നുണ്ടോ?” ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ, ഇവിടെ, ഇപ്പോൾ, ഞാൻ എന്തു ചെയ്തിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ആഗ്രഹിക്കും? മനസ്സിൽ വരുന്നത് എന്തുതന്നെയായാലും, അതിനെക്കുറിച്ചു ചിന്തിക്കാൻ സമയം ചെലവഴിക്കുക. ദൈവം നിങ്ങൾക്കു വെളിപ്പെടുത്തുന്ന കാര്യങ്ങൾ നിറവേറ്റാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ആഴപ്പെടുത്താൻ പരിശ്രമിക്കുക. മടിക്കരുത്. കാത്തിരിക്കരുത്. വിധിദിവസം അത്യധികമായ സന്തോഷത്തിന്റെയും മഹത്വത്തിന്റെയും ദിനംകൂടിയാകാൻ ഇപ്പോൾത്തന്നെ ഒരുങ്ങുക!
എന്നെ രക്ഷിക്കുന്ന ദൈവമേ, എന്റെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയ്ക്കായി ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ ഇഷ്ടത്തിന്റെയും സത്യത്തിന്റെയും വെളിച്ചത്തിൽ എന്റെ ജീവിതത്തെയും എന്റെ എല്ലാ പ്രവൃത്തികളെയും കാണാൻ എന്നെ സഹായിക്കണമേ. സ്നേഹനിധിയായ എന്റെ പിതാവേ, അങ്ങയുടെ പരിപൂർണമായ ഇഷ്ടത്തോട് പൂർണമായി ചേർന്നു ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിധിദിവസം പരമമായ മഹത്വത്തിന്റെ ദിനമാകേണ്ടതിന് എന്റെ ജീവിതം തിരുത്താൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഫ്രാൻസിസ് സേവ്യർ, പുരോഹിതൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: സർവാധിപനായ ക്രിസ്തു — പേറ്റർ മിലോഷെവിച്ച് രചിച്ചത്
പേപ്പർബാക്ക് പതിപ്പായും ഇ-പുസ്തകമായും ലഭ്യമാണ്:
Amazon – Google Play– iTunes – Barnes & Noble




