2021 ജൂലൈ 30
ആണ്ടുവട്ടത്തിലെ പതിനേഴാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പത്രോസ് ക്രിസോളോഗസ്, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

യേശു സ്വന്തം നാട്ടിൽ വന്ന് അവരുടെ സിനഗോഗിൽ ജനങ്ങളെ പഠിപ്പിച്ചു. അവർ വിസ്മയിച്ചു പറഞ്ഞു: “ഇവന് ഈ ജ്ഞാനവും അത്ഭുതപ്രവൃത്തികൾ ചെയ്യാനുള്ള കഴിവും എവിടെനിന്നു ലഭിച്ചു?” മത്തായി 13:54
യേശുവിന്റെ ജന്മനാടായ നസറത്തിലെ ജനങ്ങൾക്ക് അവനെപ്രതി ഇടർച്ചയുണ്ടായി എന്ന് ഇന്നത്തെ സുവിശേഷം തുടർന്ന് പറയുന്നു. അതുകൊണ്ട് യേശു പറഞ്ഞു: “സ്വന്തം നാട്ടിലും സ്വന്തം ഭവനത്തിലുമല്ലാതെ ഒരു പ്രവാചകനും ബഹുമാനം ലഭിക്കാതിരിക്കുന്നില്ല.” യേശുവിന്റെ ജ്ഞാനത്തിനും അത്ഭുതപ്രവൃത്തികൾക്കും സാക്ഷ്യം വഹിച്ചിട്ടും അവർക്ക് അവനെപ്രതി ഇടർച്ചയുണ്ടായി എന്നത് അല്പം ആശ്ചര്യകരമാണ്. നാട്ടുകാർക്ക് യേശുവിനെ വളരെ നന്നായി അറിയാമായിരുന്നു. ആ പരിചയംതന്നെ, യേശു സവിശേഷതയുള്ള ഒരാളാണെന്ന കാര്യത്തിൽ സംശയിക്കാൻ അവരെ പ്രേരിപ്പിച്ചതായി തോന്നുന്നു.
വർഷങ്ങളായി യേശുവിനെ അറിയാമായിരുന്നവർ പല നിലകളിലും അവന്റെ മഹത്വം ആദ്യം തിരിച്ചറിയേണ്ടവരായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവന്റെ നാട്ടുകാരിൽ ചിലരെങ്കിലും അത് തിരിച്ചറിഞ്ഞിട്ടുണ്ടാകാൻ ഏറെ സാധ്യതയുണ്ട്. യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ അവർ അറിഞ്ഞിരിക്കുമായിരുന്നു. അസാമാന്യമായ സദ്ഗുണങ്ങൾക്ക് അവൾ അനുദിനം സാക്ഷ്യം നൽകിയിട്ടുമുണ്ടാകും. യഥാർഥത്തിൽ നീതിമാനും ന്യായനിഷ്ഠനുമായ ഒരു മനുഷ്യനായി യൗസേപ്പിനെ അവർ അറിഞ്ഞിരിക്കുമായിരുന്നു. വളർന്നുവന്നപ്പോൾ യേശുവിൽ മാനുഷികമായ എല്ലാ സദ്ഗുണങ്ങളും പൂർണതയോടെ പ്രകാശിച്ചിരിക്കുമായിരുന്നു. അതും എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നു. എന്നാൽ യേശുവിന്റെയും തിരുക്കുടുംബത്തിന്റെയും വിശുദ്ധി കാണാൻ പലർക്കും കഴിഞ്ഞില്ല.
നമുക്കു ചുറ്റുമുള്ള ദൈവസാന്നിധ്യം ശ്രദ്ധിക്കാതെ പോകാൻ എളുപ്പമാണെന്ന് നമ്മുടെ കർത്താവിന്റെ ഈ അനുഭവം നമ്മെ ഓർമിപ്പിക്കണം. യേശുവിനോട് ഏറ്റവും അടുത്തിരുന്നവർപോലും അസാധാരണമായ സദ്ഗുണവും വിശുദ്ധിയുമുള്ള ഒരുവനായി അവനെ തിരിച്ചറിഞ്ഞില്ലെങ്കിൽ, നാം ദിവസവും കണ്ടുമുട്ടുന്നവരുടെ ജീവിതത്തിലെ ദൈവസാന്നിധ്യം കാണാൻ നാം എത്രയധികം പരാജയപ്പെട്ടേക്കാം? എന്തോ കാരണത്താൽ, ഒരുപക്ഷേ അഹങ്കാരത്തോടും കോപത്തോടുമുള്ള നമ്മുടെ പോരാട്ടങ്ങൾ നിമിത്തമാകാം, മറ്റൊരാളുടെ സദ്ഗുണങ്ങളെക്കാൾ അവരുടെ തെറ്റുകൾ കാണാനാണ് കൂടുതൽ എളുപ്പം. അവരെ വിമർശിക്കാനും, അവരുടെ ബലഹീനതകളും പാപങ്ങളുമാണെന്ന് നമുക്കു തോന്നുന്നവയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാനും എളുപ്പമാണ്. എന്നാൽ പുറമേ കാണുന്നതിനപ്പുറം നോക്കാനും, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സന്നിഹിതനായിരിക്കുന്ന ദൈവത്തെ കാണാനും, നമ്മാലാവുന്നതെല്ലാം ചെയ്യാൻ ഈ സുവിശേഷസംഭവം നമ്മെ പ്രോത്സാഹിപ്പിക്കണം.
ഏറ്റവും അടിസ്ഥാനപരമായ തലത്തിൽ, ദൈവം താൻ സൃഷ്ടിച്ച ഓരോ വ്യക്തിയിലും വസിക്കുന്നു. മാരകപാപാവസ്ഥയിൽ നിരന്തരം തുടരുന്നവർപോലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്; തങ്ങളുടെ സ്വഭാവത്താൽത്തന്നെ അവർ ദൈവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. നാം ഇത് കാണണം. കൃപാവസ്ഥയിലുള്ളവരാകട്ടെ, തങ്ങളുടെ സ്വഭാവത്താൽ മാത്രമല്ല, തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തിലൂടെയും ദൈവസാന്നിധ്യം ഉള്ളിൽ വഹിക്കുന്നു. ഓരോ വ്യക്തിയിലുമുള്ള ഓരോ സദ്ഗുണവും അവരിൽ ദൈവം പ്രവർത്തിക്കുന്നതുകൊണ്ടാണ് അവിടെയുള്ളത്. അവരുടെ ജീവിതത്തിലെ ഈ ദൈവികപ്രവർത്തനം കാണാൻ നാം പരിശ്രമിക്കണം.
നിങ്ങളോട് ഏറ്റവും അടുത്തവരെക്കുറിച്ച് ചിന്തിച്ചുകൊണ്ട് തുടങ്ങുക. അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്? വർഷങ്ങൾ കഴിയുമ്പോൾ, മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്ന ശീലം നമുക്ക് വളർത്തിയെടുക്കാനാകും. അത്തരം ശീലങ്ങൾ മാറ്റാൻ പ്രയാസമാണ്. എന്നാൽ അവരുടെ ജീവിതത്തിലെ ദൈവസാന്നിധ്യം ബോധപൂർവം അന്വേഷിച്ചുകൊണ്ടു മാത്രമേ അവ മാറ്റാൻ കഴിയൂ. നേരത്തേ സൂചിപ്പിച്ചതുപോലെ, പരിപൂർണനായ യേശുവിൽ ഇത് കാണാൻ അവന്റെ സ്വന്തം നാട്ടുകാർക്കു പ്രയാസമായിരുന്നെങ്കിൽ, പൂർണതയില്ലാത്തവരിൽ ഇത് കാണുക നമുക്ക് അതിലും പ്രയാസമായിരിക്കുമെന്ന് നാം മനസ്സിലാക്കണം. എങ്കിലും ഇത് ചെയ്യേണ്ടതാണ്; അത്യന്തം വിശുദ്ധമായ ഒരു പരിശ്രമവുമാണിത്.
നിങ്ങൾക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിൽ ദൈവസാന്നിധ്യം കാണുക എന്ന പ്രധാനപ്പെട്ട ദൗത്യം നിങ്ങൾക്കു ലഭിച്ചിരിക്കുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. യേശു നിങ്ങളുടെ നാട്ടിൽ വളർന്നിരുന്നെങ്കിൽ എങ്ങനെയിരിക്കുമായിരുന്നു? നിങ്ങളുടെ അയൽക്കാരനായി ജീവിച്ചിരുന്നെങ്കിൽ? മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ നസറത്തിൽ ജീവിച്ചതുപോലെ ഇന്ന് നിങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ജീവിക്കുന്നില്ലെങ്കിലും, നിങ്ങൾ ദിവസവും കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അവൻ വസിക്കുന്നു. നിങ്ങൾ എത്ര നന്നായി അവനെ കാണുന്നുവെന്ന് സത്യസന്ധമായി ചിന്തിക്കുക. നിങ്ങൾക്കു ചുറ്റും യഥാർഥമായി വെളിപ്പെടുന്ന അവന്റെ മഹത്വത്തിൽ ആനന്ദിക്കാൻ കഴിയേണ്ടതിന്, അവനെ കൂടുതൽ വ്യക്തമായി കാണുക എന്ന വിശുദ്ധ ദൗത്യത്തിനായി സ്വയം സമർപ്പിക്കുക.
യഥാർഥ മഹത്വത്തിന്റെ നാഥനായ എന്റെ കർത്താവേ, എനിക്കു ചുറ്റും അങ്ങ് സത്യമായും സന്നിഹിതനാണ്. ഞാൻ ദിവസവും കണ്ടുമുട്ടുന്നവരുടെ ജീവിതത്തിൽ അങ്ങ് സജീവനായി വസിക്കുന്നു. അങ്ങയെ കാണാൻ വിശ്വാസത്തിന്റെ കണ്ണുകളും അങ്ങയെ സ്നേഹിക്കുന്ന ഒരു ഹൃദയവും എനിക്കു നൽകണമേ. മറ്റുള്ളവരുടെ തെറ്റുകളും ബലഹീനതകളും അവഗണിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ പത്രോസ് ക്രിസോളോഗസ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


