2021 ഓഗസ്റ്റ് 12
ആണ്ടുവട്ടക്കാലത്തിലെ പത്തൊൻപതാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജെയ്ൻ ഫ്രാൻസെസ് ദെ ഷന്താൾ, സന്ന്യാസിനി—ഐച്ഛിക സ്മരണ

പത്രോസ് യേശുവിനെ സമീപിച്ച് ചോദിച്ചു: “കർത്താവേ, എന്റെ സഹോദരൻ എനിക്കെതിരേ പാപം ചെയ്താൽ ഞാൻ എത്ര പ്രാവശ്യം അവനോടു ക്ഷമിക്കണം? ഏഴു പ്രാവശ്യം വരെയോ?” യേശു മറുപടി പറഞ്ഞു: “ഏഴു പ്രാവശ്യമല്ല, എഴുപത്തേഴു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു.” മത്തായി 18:21–22
ഈ വചനഭാഗത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ, “എഴുപത്തേഴു പ്രാവശ്യം” എന്നത് “എല്ലായ്പ്പോഴും” എന്നു പറയാനുള്ള ഒരു രീതിയായിരുന്നുവെന്ന് വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം വിശദീകരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്നതിന് യേശു ഒരു നിശ്ചിത സംഖ്യ നൽകുകയായിരുന്നില്ല; എന്നേക്കും എല്ലായ്പ്പോഴും പരിധികളില്ലാതെ ക്ഷമ നൽകണമെന്നാണ് അവിടുന്ന് പറഞ്ഞത്. ഇത്ര ആഴമുള്ള ക്ഷമയാണ് നമുക്കു നൽകപ്പെടുന്നത്.
ക്ഷമിക്കുന്നതിൽ മനുഷ്യന്റെ പ്രവണതയും ദൈവത്തിന്റെ മനോഭാവവും തമ്മിലുള്ള വ്യത്യാസവും ഈ വചനഭാഗം കാണിച്ചുതരുന്നു. തന്റെ സഹോദരനോട് ഏഴു പ്രാവശ്യം വരെ ക്ഷമിക്കണമോ എന്നു ചോദിച്ചപ്പോൾ, താൻ ഉദാരത കാണിക്കുകയാണെന്ന് പത്രോസ് തീർച്ചയായും കരുതിയിരിക്കണം. ഉദാരമെന്നു തോന്നുന്ന ഈ നിർദേശം യേശുവിൽ മതിപ്പുളവാക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം വിചാരിച്ചിരിക്കാം. എന്നാൽ ദൈവത്തിന്റെ അനന്തമായ കരുണയെ മറികടക്കാൻ ഒരിക്കലും ആർക്കും കഴിയില്ല. ദൈവത്തിന്റെ കരുണയ്ക്ക് യാതൊരു പരിധിയുമില്ല. അതിനാൽ, നാം മറ്റുള്ളവരോടു കാണിക്കുന്ന കരുണയ്ക്കും യാതൊരു പരിധിയും ഉണ്ടാകരുത്.
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ക്ഷമ തേടുന്ന കാര്യത്തിൽ നിങ്ങൾ വ്യക്തിപരമായി എന്താണ് പതിവായി ചെയ്യുന്നത്? മറ്റൊരാളോടു ക്ഷമിക്കുന്ന കാര്യത്തിലോ? മുകളിൽ ഉദ്ധരിച്ച വചനം ക്ഷമിക്കാത്ത ഭൃത്യന്റെ ഉപമയ്ക്ക് ആമുഖമാകുന്നു. ആ ഉപമയിൽ, ഭൃത്യൻ തന്റെ രാജാവിന് ഒരു “വലിയ തുക” കടപ്പെട്ടിരുന്നു. എന്തുതന്നെയായാലും നമ്മോടു ക്ഷമിക്കാൻ ദൈവം സന്നദ്ധനായിരിക്കുന്നതുപോലെ, രാജാവ് കരുണയോടെ ആ കടം ഇളച്ചുകൊടുത്തു. എന്നാൽ ക്ഷമയ്ക്ക് ഒരു വിലയുണ്ട്. അതേ അളവിൽ നാമും മറ്റുള്ളവരോടു ക്ഷമിക്കണം എന്നതാണ് ആ വില. അങ്ങനെ, വലിയ തുക ഇളച്ചുകിട്ടിയ ഭൃത്യൻ പിന്നീട്, തനിക്ക് വളരെ ചെറിയൊരു തുക കടപ്പെട്ടിരുന്ന തന്റെ ഭൃത്യന്മാരിൽ ഒരാളെ കാണുമ്പോൾ, കടം മുഴുവനും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. രാജാവ് ഇതറിഞ്ഞ് തന്റെ കരുണ പിൻവലിക്കുകയും മുഴുവൻ തുകയും തിരികെ നൽകണമെന്ന് ആ ഭൃത്യനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
നാം പൂർണരായിരിക്കുകയും ദൈവത്തോട് ഒരു കടവും ഇല്ലാതിരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ക്ഷമിക്കുക എന്നത് നമുക്ക് വേണമെങ്കിൽ മാത്രം ചെയ്യാവുന്ന ഒന്നല്ലെന്ന് ഇത് വ്യക്തമാക്കുന്നു. തീർച്ചയായും, അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർ യാഥാർഥ്യബോധത്തോടെയല്ല ജീവിക്കുന്നത്. റോമാക്കാർക്കുള്ള ലേഖനത്തിൽ നാം വായിക്കുന്നതുപോലെ, “എല്ലാവരും പാപം ചെയ്തു; ദൈവമഹത്ത്വത്തിൽനിന്ന് അകന്നുപോയി” (റോമാ 3:23). അതിനാൽ, എല്ലായ്പ്പോഴും എല്ലായിടത്തും ഉപാധികളില്ലാതെ, പരിധികളില്ലാതെ, മടിയില്ലാതെ നാം ക്ഷമ നൽകേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് ഇത് എത്ര എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നു? എത്ര പൂർണമായി നിങ്ങൾ ക്ഷമിക്കുന്നു?
തന്റെ പാപത്തെക്കുറിച്ച് യാതൊരു ഖേദവുമില്ലാത്ത ഒരാളോടു ക്ഷമിക്കുക ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിൽ ഒന്നാണ്. അത്തരം സാഹചര്യത്തിൽ, അയാളെ കുറ്റം വിധിക്കുന്നതിനെ ന്യായീകരിക്കാൻ നമുക്ക് എളുപ്പമാണ്. നിങ്ങൾ ഇപ്പോൾ മറ്റൊരാളോടു ക്ഷമിക്കാതെ, കോപമോ കയ്പോ മനോവേദനയോ ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ, ചിന്തിക്കാൻ സഹായകമായ ഒരു കാര്യമുണ്ട്: നിങ്ങളുടെ ക്ഷമയില്ലായ്മ അയാളുടെ ആത്മാവിനെക്കാൾ കൂടുതൽ ദോഷം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ആത്മാവിനാണ്. ക്ഷമിക്കാൻ വിസമ്മതിക്കുന്നതിലൂടെ, നിങ്ങളുടെ ആത്മാവിനും ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിനും നിങ്ങൾ അളവറ്റ ദോഷം വരുത്തുന്നു. കോപത്തിലും മനോവേദനയിലും തുടരുന്നത് കൂടുതൽ കോപത്തിലേക്കും മനോവേദനയിലേക്കും മാത്രമേ നയിക്കൂ. അത് പ്രതികാരചിന്തകളിലേക്കും പ്രതികാരപ്രവൃത്തികളിലേക്കുപോലും നയിക്കുന്നു. അതിന് നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടിവരും; അതൊരു പാപമാണ്.
നിങ്ങളെ വേദനിപ്പിച്ചിട്ടുള്ളതോ ഇനി വേദനിപ്പിക്കാനിരിക്കുന്നതോ ആയ ഓരോ വ്യക്തിക്കും നൽകാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന കരുണയുടെയും ക്ഷമയുടെയും അനന്തമായ ആഴത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ക്ഷമിക്കുക എന്നത് തീർച്ചയായും തെറ്റിനെ ന്യായീകരിക്കലല്ല. മറിച്ച്, ക്ഷമിക്കുന്ന പ്രവൃത്തി പാപത്തെ പാപമായി അംഗീകരിക്കുന്നു. എന്നാൽ എന്തുതന്നെയായാലും കരുണ നൽകണം. എല്ലായ്പ്പോഴും, എല്ലായിടത്തും, അവസാനമില്ലാതെ, യാതൊരു ഉപാധികളുമില്ലാതെ അത് നൽകണം. ഇതു ചെയ്യാൻ പ്രയാസമാണെങ്കിലും ചെയ്യുക; നിർത്തരുത്. അങ്ങനെ ചെയ്യുന്നത് പാപിയെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തിൽ ദൈവകരുണയുടെ കവാടങ്ങൾ തുറക്കുകയും ചെയ്യും.
ക്ഷമിക്കുന്നവനായ എന്റെ കർത്താവേ, അങ്ങയുടെ കരുണ അനന്തവും അഗാധവുമാണ്. എന്റെ ജീവിതത്തിലെ എല്ലാ പാപങ്ങളും ക്ഷമിക്കാനും അങ്ങയോടുള്ള പൂർണമായ ഐക്യത്തിന്റെ ജീവിതത്തിലേക്ക് എന്നെ പൂർണമായി പുനഃസ്ഥാപിക്കാനും അങ്ങ് ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, ക്ഷമയുടെ ഈ ദാനം എന്റെ ജീവിതത്തിൽ ഞാൻ സ്വീകരിക്കുന്നു. എനിക്കെതിരേ ഇതുവരെ പാപം ചെയ്തിട്ടുള്ളവർക്കും ഇനി പാപം ചെയ്യാനിരിക്കുന്നവർക്കും ഇതേ ആഴത്തിലുള്ള കരുണ നൽകാൻ ഞാൻ സ്വമനസ്സാലെ തീരുമാനിക്കുന്നു. എനിക്കു കഴിയുന്നത്ര പൂർണമായി ഞാൻ ക്ഷമിക്കുന്നു. അങ്ങയുടെ അനന്തമായ കരുണ അനുകരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധ – വിശുദ്ധ ജെയ്ൻ ഫ്രാൻസെസ് ദെ ഷന്താൾ, സന്ന്യാസിനി
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: യേശു തന്റെ അജഗണത്തെ വിശുദ്ധ പത്രോസിനെ ഏൽപ്പിക്കുന്നു, flickr വഴി
പുതിയത്!
സെപ്റ്റംബർ–നവംബർ മാസങ്ങളിലെ വിചിന്തനങ്ങൾ ഇപ്പോൾ ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്.
കത്തോലിക്കാ അനുദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: സെപ്റ്റംബർ 1–നവംബർ 27, 2021
താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:
Amazon പേപ്പർബാക്ക് – Kindle – Google Play Books – iBooks – Barnes & Noble



