മലയാളം

മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങൾ തിരിച്ചറിയുക

സെപ്റ്റംബർ 6, 2021
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ഒരു സാബത്തിൽ യേശു സിനഗോഗിൽ പ്രവേശിച്ച് പഠിപ്പിച്ചു. വലതുകൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. യേശുവിനെ കുറ്റപ്പെടുത്താൻ ഒരു കാരണം കണ്ടെത്തുന്നതിനായി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്ന് നിയമജ്ഞരും ഫരിസേയരും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ അവൻ അവരുടെ ഉദ്ദേശ്യങ്ങൾ തിരിച്ചറിഞ്ഞു… ലൂക്കാ 6:6–8

യേശുവിന് ഒരു വരമുണ്ടായിരുന്നു. തീർച്ചയായും, എല്ലാ നല്ല വരങ്ങളും അവനിൽ പരിപൂർണ്ണമായി ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ യേശുവിന്റെ ഒരു വരം വെളിപ്പെടുന്നതു നാം കാണുന്നു. അതായത്, ഓരോ ദിവസവും താൻ കണ്ടുമുട്ടിയവരുടെ ഉദ്ദേശ്യങ്ങൾ തിരിച്ചറിയാൻ യേശുവിനു കഴിഞ്ഞിരുന്നു.

സാധാരണയായി, മറ്റൊരാൾ തന്റെ ഉദ്ദേശ്യങ്ങൾ നമ്മോടു പറഞ്ഞാൽ മാത്രമേ നമുക്ക് അവ അറിയാൻ കഴിയൂ. മനസ്സുകളും ഹൃദയങ്ങളും വായിക്കാൻ നമുക്കു കഴിയില്ല. എന്നാൽ നമ്മുടെ കർത്താവിനു കഴിഞ്ഞിരുന്നു. ഓരോ ആത്മാവിനെയും വായിക്കാനും ഓരോ ഹൃദയത്തെയും അറിയാനുമുള്ള ദൈവികമായ കഴിവ് അവനുണ്ടായിരുന്നു. അതുകൊണ്ട്, ആരെങ്കിലും വലിയ വിശ്വാസത്തോടെ അവന്റെ അടുത്തു വന്നപ്പോൾ അവൻ അത് അറിഞ്ഞിരുന്നു. ആരെങ്കിലും ദുഷ്ടലക്ഷ്യത്തോടെ അവന്റെ അടുത്തു വന്നപ്പോഴും അവൻ അത് അറിഞ്ഞിരുന്നു.

നിയമജ്ഞരുടെയും ഫരിസേയരുടെയും ദുരുദ്ദേശ്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ, അവരുടെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താൻ യേശു ആ അറിവ് ഉപയോഗിച്ചു. യേശുവിനെ കുറ്റപ്പെടുത്താൻ ഒരു കാരണം കണ്ടെത്താനായിരുന്നു അവരുടെ ഉദ്ദേശ്യം; അതിനാൽ അവൻ അവർക്ക് ഒരു കാരണം നൽകി. സാബത്തിൽ കൈ ശോഷിച്ച ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തി. അപ്പോൾ നിയമജ്ഞരും ഫരിസേയരും “കോപാകുലരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ച ചെയ്തു.” അത്ഭുതങ്ങൾ സാബത്തിലെ വിശ്രമനിയമത്തിന്റെ ലംഘനങ്ങളാണെന്ന് അവർ കരുതി. ഈ അത്ഭുതകരമായ രോഗശാന്തിയിലും അവർ തങ്ങളുടെ വികലമായ യുക്തി പ്രയോഗിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അസൂയ നിമിത്തം അവർ തന്നോടു കോപാകുലരാകുമെന്നും അവന് അറിയാമായിരുന്നു. അതിനാൽ, ഒരർത്ഥത്തിൽ, അവരുടെ ഹൃദയങ്ങളിലുള്ളത് പുറത്തുവരുകയും അവർക്ക് അതു കാണാൻ കഴിയുകയും ചെയ്യേണ്ടതിന് യേശു അവരെ പ്രകോപിപ്പിച്ചു.

നമ്മുടെ ഉള്ളിലെ എല്ലാ ഉദ്ദേശ്യങ്ങളും ചിന്തകളും ദൈവത്തിന് അറിയാം; ദൈവസന്നിധിയിൽ അവ നമുക്കും വെളിപ്പെടണം. സ്നേഹത്തോടെ നിയമജ്ഞരെയും ഫരിസേയരെയും പ്രകോപിപ്പിച്ചുകൊണ്ട്, തങ്ങളുടെ ഉള്ളിലുള്ളതിനെ അഭിമുഖീകരിക്കാൻ യേശു അവരെ നിർബന്ധിക്കുന്നു. അസൂയയുടെ വഴിയിൽത്തന്നെ തുടരണമോ അതോ തങ്ങളുടെ ആന്തരിക ചിന്തകളുടെ ഭോഷത്തം തിരിച്ചറിയണമോ എന്ന് അവർ തീരുമാനിക്കേണ്ടിവന്നു. ദുഃഖകരമെന്നു പറയട്ടെ, നിയമജ്ഞരിലും ഫരിസേയരിലും പലരും തങ്ങളുടെ പാപത്തിൽ കൂടുതൽ കഠിനഹൃദയരായിത്തീർന്നതായാണ് കാണുന്നത്. എന്നാൽ ഈ തീരുമാനം അവർക്കു മാത്രം എടുക്കാൻ കഴിയുന്നതായിരുന്നു.

ഇന്ന്, നിങ്ങളുടെ ഉള്ളിലെ ഉദ്ദേശ്യങ്ങളെയും ചിന്തകളെയും കുറിച്ചു വിചിന്തനം ചെയ്യുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എന്തുകൊണ്ടാണു ചെയ്യുന്നത്? നിങ്ങളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന പ്രേരണകൾ എന്തൊക്കെയാണ്? ഏതെങ്കിലും വ്യക്തിയോ നിങ്ങൾ അകപ്പെട്ടിരിക്കുന്ന ഏതെങ്കിലും സാഹചര്യമോ ഉള്ളിൽ കോപം നിറഞ്ഞ ചിന്തകളിൽ മുഴുകിക്കഴിയാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? അതോ യഥാർഥ സ്നേഹമാണോ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതും നിങ്ങളുടെ പ്രവൃത്തികളുടെ ഉറവിടമായിരിക്കുന്നതും? അഗാധമായ വിശ്വാസമുണ്ടോ? പ്രകൃത്യതീതമായ പ്രത്യാശയുണ്ടോ? അതോ നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും പാപമാണോ പ്രധാനമായും ഉള്ളിലുള്ളത്? യേശു നിങ്ങളുടെ ഹൃദയം അറിയുന്നുവെന്നും, അതിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങളും വ്യക്തമായി കാണണമെന്ന് അവൻ ആഗ്രഹിക്കുന്നുവെന്നും അറിയുക. നിങ്ങളുടെ ഉദ്ദേശ്യങ്ങൾ അവൻ കാണുന്നതുപോലെ വ്യക്തമായി നിങ്ങളും കാണണമെന്ന് അവൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തിത്തരാൻ അവനെ അനുവദിക്കുക. അങ്ങനെ, നിങ്ങൾ കണ്ടെത്തുന്ന പാപങ്ങളിൽനിന്നു പിന്തിരിയാനും, നിങ്ങളുടെ ജീവിതത്തെ നയിക്കുന്ന പുണ്യങ്ങളിൽ ആനന്ദിക്കാനും നിങ്ങൾക്കു കഴിയും.

മഹത്വപൂർണ്ണനായ എന്റെ കർത്താവേ, അങ്ങ് എല്ലാ ചിന്തകളും അറിയുകയും ഓരോ ഹൃദയത്തിന്റെയും ആഴങ്ങൾ പരിശോധിക്കുകയും ചെയ്യുന്നു. കർത്താവേ, അങ്ങ് എന്നെ പൂർണ്ണമായി അറിയുന്നു. എന്റെ ഉള്ളിലുള്ളത് കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ. അങ്ങനെ, എന്നിലുള്ള ദുരുദ്ദേശ്യങ്ങൾ വിവേചിച്ചറിയാനും അങ്ങ് എനിക്കു നൽകിയ പുണ്യങ്ങളിൽ ആനന്ദിക്കാനും എനിക്കു കഴിയട്ടെ. പ്രിയ കർത്താവേ, അങ്ങ് എനിക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം തിരിച്ചറിയേണ്ടതിന് ഞാൻ എപ്പോഴും അങ്ങയെ ശ്രദ്ധിക്കുന്നവനായിരിക്കട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: കൈ ശോഷിച്ച മനുഷ്യന്റെ രോഗശാന്തി — വിക്കിമീഡിയ കോമൺസ് വഴി


പുതിയത്!
സെപ്റ്റംബർ–നവംബർ മാസങ്ങളിലെ വിചിന്തനങ്ങൾ ഇപ്പോൾ ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്.

കത്തോലിക്കാ അനുദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: സെപ്റ്റംബർ 1–നവംബർ 27, 2021

താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:

Amazon പേപ്പർബാക്ക് – Kindle – Google Play Books – iBooks – Barnes & Noble