മലയാളം

കർത്താവ് ഇന്ന് വരുന്നു

2021 ഒക്ടോബർ 20
സാധാരണകാലം ഇരുപത്തൊമ്പതാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

കുരിശിന്റെ വിശുദ്ധ പൗലോസ്, പുരോഹിതൻ—അമേരിക്കൻ ഐക്യനാടുകൾ: ഐച്ഛിക അനുസ്മരണം

വീഡിയോ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഇതു തീർച്ചയായി അറിഞ്ഞുകൊള്ളുക: കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ, തന്റെ വീട് കുത്തിത്തുറക്കാൻ അവൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കണം. എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരും.” ലൂക്കാ 12:39–40

യേശുവിന്റെ ഈ വാക്കുകൾ നമ്മെ ഉണർത്തുകയും ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയും വേണം. ഈ ഉപമയും അതിനെത്തുടർന്നുള്ള ഇന്നത്തെ സുവിശേഷഭാഗവും, നമ്മുടെ ഭൗമികജീവിതത്തിന്റെ അവസാനത്തിൽ നടക്കുന്ന തനതുവിധിക്കായി എപ്പോഴും ഒരുങ്ങിയിരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ വാക്കുകൾ നാം ശ്രദ്ധിക്കേണ്ടതിന് പല കാരണങ്ങളുണ്ട്.

ഒന്നാമതായി, നമ്മിൽ ആരുടെയും ജീവിതം ഏതു നിമിഷവും അവസാനിക്കാം എന്നതാണ് വ്യക്തമായ കാരണം. വാഹനാപകടത്തിലോ മറ്റേതെങ്കിലും അപ്രതീക്ഷിത കാരണത്താലോ ആളുകൾ പെട്ടെന്നു മരിച്ച വിവിധ ദുരന്തങ്ങൾ ഓർത്താൽ മാത്രം മതി. അതിലുപരി, അന്ത്യവിധിക്കായി നമ്മുടെ കർത്താവ് ഭൂമിയിലേക്കു മടങ്ങിവരുന്ന ഒരു നിശ്ചിത നിമിഷം തീർച്ചയായും ഉണ്ടാകും. യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരു നിമിഷത്തിൽ അത് സംഭവിക്കും. “ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ” നമ്മുടെ കർത്താവ് വരുന്ന ഈ ലോകാവസാനം നൂറുകണക്കിനോ ഒരുപക്ഷേ ആയിരക്കണക്കിനോ വർഷങ്ങൾക്കുശേഷമേ സംഭവിക്കൂ എന്നു കരുതാൻ എളുപ്പമാണ്. എന്നാൽ, ജീവിച്ചിരിക്കുന്നവർ ഒട്ടും പ്രതീക്ഷിക്കാത്ത ഏതുനേരത്തും അത് സംഭവിക്കാം എന്നതാണ് ലളിതമായ സത്യം.

ഇതിനുപുറമേ, നമ്മുടെ തനതുവിധിയിൽ കർത്താവിനെ കണ്ടുമുട്ടാൻ എപ്പോഴും സന്നദ്ധരും ഒരുക്കമുള്ളവരുമായിരിക്കേണ്ടതിന് പ്രധാനപ്പെട്ട മറ്റൊരു കാരണവുമുണ്ട്. ജീവിതാവസാനത്തിൽ നമ്മുടെ കർത്താവിനെ മുഖാമുഖം കാണുമ്പോഴാണ് നമ്മുടെ തനതുവിധി നിർണായകമായി നടക്കുന്നതെങ്കിലും, എല്ലാ ദിവസവും ദിവസം മുഴുവനും നാം അവിടുത്തെ കണ്ടുമുട്ടുന്നുണ്ട്; നമ്മുടെ വിശ്വസ്തതയ്ക്ക് അനുദിനം പ്രതിഫലമോ നമ്മുടെ പാപങ്ങൾക്ക് വിധിയോ സ്വീകരിക്കുന്നുമുണ്ട്. “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയം” എന്നതിനെ ഓരോ ദിവസത്തിന്റെയും ഓരോ നിമിഷമായി കാണുന്നത് പ്രയോജനകരമാണ്. നമ്മുടെ കർത്താവ് ഇന്ന് നിങ്ങളുടെ അടുക്കലേക്കു വരുന്നു എന്ന നിരന്തരമായ പ്രതീക്ഷയോടെ ഓരോ ദിവസവും ജീവിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, ഓരോ നിമിഷവും സമൃദ്ധമായ കൃപയുടെ നിമിഷമാക്കി മാറ്റാനാകും.

ഇന്നത്തെ നിങ്ങളുടെ ദിവസത്തെക്കുറിച്ച് ചിന്തിക്കുക. ഇന്ന് നിങ്ങളുടെ അടുക്കൽ വരാനും, നിങ്ങൾക്കു പ്രചോദനം നൽകാനും, തന്റെ വിശുദ്ധ ദൗത്യം നിറവേറ്റാൻ നിങ്ങളെ നയിക്കാനും ദൈവം ആഗ്രഹിക്കുന്നുണ്ടോ? തീർച്ചയായും അവിടുന്ന് ആഗ്രഹിക്കുന്നു. നാളെ ഉണ്ടായിരിക്കാത്ത ഒരു പ്രത്യേക ദൗത്യം ഇന്ന് അവിടുത്തേക്ക് നിങ്ങൾക്കായി ഉണ്ട്. വളരെ ഉദാരമായ ഹൃദയത്തോടെ അവിടുത്തോടു പ്രതികരിക്കാൻ കഴിയേണ്ടതിന്, ഈ നിമിഷംതന്നെ തന്റെ സാന്നിധ്യത്തെക്കുറിച്ച് നിങ്ങൾ ബോധവാനായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

നിങ്ങളുടെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ച് എപ്പോഴും ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഇന്ന് വിചിന്തനം ചെയ്യുക. യഥാർഥ വിശുദ്ധിയുടെ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കാൻ രാവും പകലും നിങ്ങളോടു സംസാരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുന്ന് നിരന്തരം നിങ്ങളുടെ അടുക്കലേക്കു വരുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കുന്ന ശീലം വളർത്തിയെടുക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, നമ്മുടെ കർത്താവിനെ മുഖാമുഖം കണ്ടുമുട്ടുന്ന ആ അന്തിമ വരവിനായി നിങ്ങൾ യഥാർഥത്തിൽ ഒരുങ്ങിയിരിക്കും.

എപ്പോഴും സന്നിഹിതനായിരിക്കുന്ന എന്റെ കർത്താവേ, എന്നോടു സംസാരിച്ചും എനിക്കു പ്രചോദനം നൽകിയും എന്നെ നയിച്ചും അങ്ങ് രാവും പകലും എന്റെ അടുക്കൽ വരുന്നുവല്ലോ. അങ്ങയെ കണ്ടുമുട്ടാനും അങ്ങയുടെ വിശുദ്ധ സ്വരം കേൾക്കാനും ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതിന്, വിശുദ്ധമായ ജാഗ്രത എന്ന ദാനത്താൽ എന്നെ നിറയ്ക്കണമേ. അങ്ങയോട് എപ്പോഴും പ്രതികരിക്കുന്ന ശീലം വളർത്തിയെടുക്കാൻ ഞാൻ പഠിക്കട്ടെ. അങ്ങയെ മുഖാമുഖം കാണാൻ എനിക്കു ഭാഗ്യം ലഭിക്കുന്ന മഹിമാപൂർണമായ ആ നിമിഷത്തിനായി ഞാൻ പ്രത്യേകമായി ഒരുങ്ങിയിരിക്കട്ടെ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും നിരാശാജനകമായ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രാർഥിക്കാം, പ്രത്യേകിച്ച് ഒക്ടോബർ 19–27

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – കുരിശിന്റെ വിശുദ്ധ പൗലോസ്, പുരോഹിതൻ—അമേരിക്കൻ ഐക്യനാടുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ജെയിംസ് ടിസോയുടെ ‘ശിഷ്യന്മാരോടു സംസാരിക്കുന്ന യേശു’, വിക്കിമീഡിയ കോമൺസ് വഴി