2021 ഒക്ടോബർ 28, വ്യാഴാഴ്ച
അപ്പസ്തോലന്മാരായ വിശുദ്ധ ശിമയോന്റെയും വിശുദ്ധ യൂദായുടെയും തിരുനാൾ

യേശു പ്രാർഥിക്കാനായി മലയിലേക്കു പോയി; ദൈവത്തോടുള്ള പ്രാർഥനയിൽ അവൻ രാത്രി മുഴുവൻ ചെലവഴിച്ചു. നേരം പുലർന്നപ്പോൾ അവൻ ശിഷ്യന്മാരെ തന്റെ അടുക്കൽ വിളിച്ചു. അവരിൽനിന്ന് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലന്മാർ എന്നു പേരിട്ടു… ലൂക്കാ 6:12
തന്റെ അപ്പസ്തോലന്മാരായിരിക്കാൻ യേശുതന്നെ തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ ശിമയോനും യൂദായും ഉൾപ്പെട്ടിരുന്നു. ഇന്നു നാം അനുസ്മരിക്കുന്ന ശിമയോൻ, ശിമയോൻ പത്രോസ് അല്ല; ഇന്നത്തെ യൂദാ, യൂദാസ് സ്കറിയോത്തയുമല്ല. ഈ രണ്ട് അപ്പസ്തോലന്മാരെക്കുറിച്ചും വളരെക്കുറച്ചേ അറിയൂ. സുവിശേഷങ്ങളിൽ ശിമയോനെ തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നു. യഹൂദമതത്തിനുള്ളിലെ കൂടുതൽ തീവ്രനിലപാടുകളുള്ള ഒരു വിഭാഗത്തിൽ അദ്ദേഹം അംഗമായിരുന്നു എന്നാകാം അതിന്റെ അർഥം. പ്രതീക്ഷയറ്റ കാര്യങ്ങളിൽ മധ്യസ്ഥനായ വിശുദ്ധൻ എന്നാണ് യൂദാ പൊതുവേ അറിയപ്പെടുന്നത്. ആദിമ ക്രൈസ്തവ വിശ്വാസികൾ മധ്യസ്ഥത യാചിക്കാൻ ഒടുവിൽ സമീപിച്ചിരുന്ന അപ്പസ്തോലൻ പലപ്പോഴും അദ്ദേഹമായിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. യൂദാസ് സ്കറിയോത്തയുടെ അതേ പേരാണ് അദ്ദേഹത്തിനും ഉണ്ടായിരുന്നത് എന്നതിനാൽ, യൂദായോടു പ്രാർഥിക്കുന്നത് ആ ഒറ്റുകാരനെ ആളുകളുടെ ഓർമയിൽ കൊണ്ടുവന്നിരുന്നു. അങ്ങനെയായിരുന്നെങ്കിൽ, ദൈവപരിപാലനയിൽ, മധ്യസ്ഥത യാചിക്കാൻ ഒടുവിൽ സമീപിക്കപ്പെട്ട അപ്പസ്തോലനായ യൂദാ അനേകർക്ക് അവസാന പ്രതീക്ഷയുമായി. അങ്ങനെ, യഥാർഥത്തിൽ പ്രതീക്ഷയറ്റ കാര്യങ്ങളിൽ കഴിയുന്നവരുടെ മധ്യസ്ഥനായ വിശുദ്ധനായി അദ്ദേഹം മാറി.
ഒരു പാരമ്പര്യമനുസരിച്ച്, വിശുദ്ധ ശിമയോനും വിശുദ്ധ യൂദായും ഒരേ ദിവസം ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചതിനാലാണ് റോമൻ കാനോനിൽ അവരുടെ പേരുകൾ ഒരുമിച്ചു ചേർത്തിരിക്കുന്നതും ഒരേ ദിവസം അവരുടെ തിരുനാൾ ആഘോഷിക്കുന്നതും. സിറിയയിലോ ലെബനനിലോ പേർഷ്യയിലോ ആയിരിക്കാം അവരുടെ രക്തസാക്ഷിത്വം നടന്നത്. എന്നാൽ, അവരുടെ പ്രേഷിതയാത്രകളുടെയും രക്തസാക്ഷിത്വത്തിന്റെയും യഥാർഥ വിശദാംശങ്ങൾ വ്യക്തമല്ല. എന്നിരുന്നാലും, ഈ അപ്പസ്തോലന്മാരെക്കുറിച്ച് ഉറപ്പുള്ള ഒരു കാര്യമുണ്ട്: അവർ അപ്പസ്തോലന്മാരായിരുന്നു. നമ്മുടെ കർത്താവ് അവരെ തിരഞ്ഞെടുത്ത് നമ്മുടെ സഭയുടെ ആദ്യ മെത്രാന്മാരിൽ രണ്ടുപേരായി നിയമിക്കുകയും ഭൂമിയുടെ അതിരുകൾവരെ സുവിശേഷം പങ്കുവയ്ക്കാനുള്ള ദൗത്യം അവരെ ഏൽപ്പിക്കുകയും ചെയ്തു.
ഇന്നത്തെ നമ്മുടെ കാഴ്ചപ്പാടിൽ, തിരഞ്ഞെടുക്കപ്പെട്ട ആ പന്ത്രണ്ടുപേരിൽ ഒരാളായിരിക്കുക എന്നത് അതിവിശിഷ്ടമായ ഒരു പദവിയാണ്. ആദ്യ ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കുന്നതിലുള്ള അവരുടെ ശുശ്രൂഷയുടെ ഫലമായാണ് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന നമ്മുടെ സാർവത്രിക കത്തോലിക്കാസഭ രൂപംകൊണ്ടത്. തങ്ങളുടെ വിശ്വസ്തമായ സേവനം ലോകത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് അവർ അന്ന് അറിഞ്ഞിരിക്കാനിടയില്ല.
ഈ രണ്ട് അപ്പസ്തോലന്മാരെ നാം ആദരിക്കുമ്പോൾ, ഭൂമിയുടെ അതിരുകൾവരെ സുവിശേഷം പ്രഘോഷിക്കാൻ പുറപ്പെടുവാൻ നമ്മിൽ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നാം ഓർക്കുന്നു. ക്രിസ്തു നമ്മെ ഏൽപ്പിച്ചിരിക്കുന്ന വിളിക്കും ദൗത്യത്തിനും അനുയോജ്യമായ വിധത്തിലാണ് നാം ഓരോരുത്തരും അതു ചെയ്യുന്നത്. നാം സേവിക്കുന്നവരുടെ ജീവിതത്തിൽ നിത്യഫലങ്ങൾ ഉളവാക്കുന്ന മാറ്റം വരുത്താൻ നമ്മിൽ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ദൗത്യത്തോടു നാം വിശ്വസ്തരാണെങ്കിൽ, നമ്മുടെ അപ്പസ്തോലിക സേവനത്തിന്റെ ഫലങ്ങൾ ലോകാവസാനംവരെ എണ്ണമറ്റവരുടെ ജീവിതത്തിൽ അനുഭവപ്പെടുമെന്ന് നമുക്ക് ഉറപ്പിക്കാം.
യേശു ഈ രണ്ടുപേരെ തിരഞ്ഞെടുത്ത് അപ്പസ്തോലന്മാരായി നിയമിച്ചതിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളോടും സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുക. യേശു നിങ്ങൾക്കു നൽകുന്ന ദൗത്യം സ്വീകരിക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണരുത്. ഈ രണ്ട് അപ്പസ്തോലന്മാരെ അനുകരിച്ച് അവനോട് “അതെ” എന്നു പറയുക. ഇപ്രകാരം നമ്മുടെ കർത്താവിനെ സേവിക്കാൻ നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പ് നിങ്ങളുടെ ജീവിതത്തിൽ വലിയ ഫലം ഉളവാക്കുക മാത്രമല്ല, മറ്റു പലരുടെയും ജീവിതത്തിൽ നിത്യതയോളം ഫലം ഉളവാക്കുകയും ചെയ്യുമെന്ന് അറിയുക.
മഹത്വപൂർണനായ എന്റെ കർത്താവേ, സാധാരണക്കാരായ ഈ രണ്ടുപേരെ, ശിമയോനെയും യൂദായെയും, അങ്ങയുടെ അപ്പസ്തോലന്മാരായിരിക്കാൻ അങ്ങ് വിളിച്ചു. അങ്ങയുടെ കൃപയാൽ അവരെ നിറച്ചു, അങ്ങയുടെ വചനത്താൽ അവരെ പഠിപ്പിച്ചു, ഭൂമിയുടെ അതിരുകൾവരെ പ്രസംഗിക്കാൻ അവരെ അയച്ചു. പ്രിയ കർത്താവേ, അങ്ങ് തിരഞ്ഞെടുക്കുന്നവരുടെ അടുക്കലേക്ക് എന്നെയും അയയ്ക്കണമേ. അങ്ങയുടെ ഉപകരണമായി എന്നെ ഉപയോഗിക്കണമേ. ആവശ്യത്തിലിരിക്കുന്നവരുടെ അടുക്കലേക്ക്, വിശേഷിച്ച് ജീവിതത്തിൽ വിശ്വാസവും പ്രത്യാശയും ഇല്ലാത്തവരുടെ അടുക്കലേക്ക് കടന്നുചെന്ന്, സദാ വിശ്വസ്തതയോടും തീക്ഷ്ണതയോടുംകൂടെ നിലകൊള്ളാൻ എന്നെ സഹായിക്കണമേ. വിശുദ്ധ ശിമയോനേ, വിശുദ്ധ യൂദായേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – അപ്പസ്തോലന്മാരായ വിശുദ്ധ ശിമയോനും വിശുദ്ധ യൂദായും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



