മലയാളം

അനുദിനജീവിതത്തിൽ യേശുവിനെ തിരിച്ചറിയുക

ഏപ്രിൽ 20, 2022
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാചരണത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ആഴ്ചയുടെ ആദ്യദിവസമായ അന്നുതന്നെ, യേശുവിന്റെ ശിഷ്യന്മാരിൽ രണ്ടുപേർ ജറുസലെമിൽനിന്ന് ഏഴു മൈൽ അകലെയുള്ള എമ്മാവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, യേശുതന്നെ അടുത്തുവന്ന് അവരോടൊപ്പം നടന്നു. എന്നാൽ അവനെ തിരിച്ചറിയാനാകാത്തവിധം അവരുടെ കണ്ണുകൾ മറയ്ക്കപ്പെട്ടിരുന്നു. ലൂക്കാ 24:13–16

യേശു തന്റെ രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട ഈ സംഭവം കൗതുകവും വിസ്മയവും ഉണർത്തുന്നതാണ്. അവർ ഏറെ അസ്വസ്ഥരായിരുന്നു; യേശുവിന്റെ മരണത്തെക്കുറിച്ച് എന്തു ചിന്തിക്കണമെന്ന് അവർക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. അവനാണ് മിശിഹാ എന്ന് അവർ പ്രത്യാശിച്ചിരുന്നു. എന്നാൽ അവൻ കൊല്ലപ്പെട്ടു. പിന്നീടാകട്ടെ, അവന്റെ കല്ലറ ശൂന്യമാണെന്ന് ചിലർ അവകാശപ്പെട്ടു. ഇതെല്ലാം അവർ എങ്ങനെ മനസ്സിലാക്കണമായിരുന്നു?

വിവരണം തുടരുമ്പോൾ, യേശു “വിശുദ്ധലിഖിതങ്ങളിലെല്ലാം തന്നെക്കുറിച്ചു പറഞ്ഞിരിക്കുന്നവ അവർക്കു വിശദീകരിച്ചുകൊടുത്തു.” തങ്ങളോടു സംസാരിക്കുന്ന ഈ മനുഷ്യന് അത്ഭുതകരമായ ജ്ഞാനവും വിവേകവുമുണ്ടെന്ന് അപ്പോൾ ആ ശിഷ്യന്മാർ തിരിച്ചറിഞ്ഞു. അതിനാൽ തങ്ങളോടൊപ്പം താമസിക്കാൻ അവർ അവനെ ക്ഷണിച്ചു. യേശു അവരോടൊപ്പം താമസിക്കുകയും അവരുടെ വീട്ടിൽ അവരോടുകൂടെ ഭക്ഷണത്തിനിരിക്കുകയും ചെയ്തു. അവിടെവച്ച്, “അവൻ അപ്പമെടുത്ത് ആശീർവാദം ചൊല്ലി, മുറിച്ച് അവർക്കു കൊടുത്തു. അപ്പോൾ അവരുടെ കണ്ണുകൾ തുറന്നു, അവർ അവനെ തിരിച്ചറിഞ്ഞു. എന്നാൽ അവൻ അവരുടെ കാഴ്ചയിൽനിന്നു മറഞ്ഞു” എന്ന് വിശുദ്ധലിഖിതം പറയുന്നു.

ഇതും കൗതുകവും വിസ്മയവും ഉണർത്തുന്നതാണ്. യേശു അവർക്കു പ്രത്യക്ഷപ്പെടുകയും താൻ ആരാണെന്നു മറച്ചുവയ്ക്കുകയും അവരോടൊപ്പം ഇരുന്ന് അപ്പം മുറിക്കുകയും പെട്ടെന്ന് തന്നെ തിരിച്ചറിയാൻ അവരെ അനുവദിച്ചശേഷം അപ്രത്യക്ഷനാവുകയും ചെയ്തത് എന്തുകൊണ്ടാണ്? തീർച്ചയായും ഒരു ഉദ്ദേശ്യത്തോടെയാണ് അവൻ അങ്ങനെ ചെയ്തത്. നാം ഇക്കാര്യം വളരെ ശ്രദ്ധാപൂർവം പരിഗണിക്കണം.

മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ താൻ യഥാർഥത്തിൽ ജീവനോടെയിരിക്കുന്നുവെന്നും അപ്പം മുറിക്കലിൽ നാം തന്നെ തിരിച്ചറിയുമെന്നും ആ ശിഷ്യന്മാരും നമ്മളെല്ലാവരും അറിയണമെന്ന് യേശു ആഗ്രഹിച്ചു. അതിവിശുദ്ധ കുർബാനയിൽ നാം അവനെ തിരിച്ചറിയും!

ഈ ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷപ്പെട്ടത്, വാസ്തവത്തിൽ, വിശുദ്ധ കുർബാനയിലെ തന്റെ സാന്നിധ്യമെന്ന ലളിതമായ സത്യം നമ്മെയെല്ലാം പഠിപ്പിക്കാനായിരുന്നു. അവർ “അപ്പമെടുത്ത് ആശീർവാദം ചൊല്ലി, മുറിച്ച” ആ നിമിഷത്തിലാണ് യേശു പെട്ടെന്ന് അവരുടെ മനസ്സുകൾക്കും ആത്മാക്കൾക്കും വെളിപ്പെട്ടത്. യേശു വിശുദ്ധ കുർബാനയിൽ ജീവനോടെ സന്നിഹിതനാണ്! എന്നാൽ വിശുദ്ധ കുർബാനയിൽ അവൻ മറഞ്ഞിരിക്കുന്നുവെന്നും ഈ സംഭവം നമ്മോടു പറയുന്നു. മറഞ്ഞിരിക്കുന്നതും അതേസമയം യഥാർഥത്തിൽ സന്നിഹിതനായിരിക്കുന്നതുമായ ഈ അവസ്ഥ നമ്മുടെ വിശ്വാസജീവിതത്തിന് അത്ഭുതകരമായ മാർഗദർശനം നൽകുന്നു.

യേശു ഇവിടെ, ഈ നിമിഷം, നമ്മുടെ സന്നിധിയിലുണ്ട്. എങ്കിലും മിക്കവാറും നാം അവനെ കാണുന്നില്ല. എന്നാൽ അവൻ യഥാർഥത്തിൽ ഇവിടെയുണ്ട്! ഈ ശിഷ്യന്മാർ യേശുവിന്റെ സന്നിധിയിലായിരുന്നു; എന്നിട്ടും അവർ അത് അറിഞ്ഞില്ല. നമ്മുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. നാം എപ്പോഴും അവന്റെ സന്നിധിയിലാണ്, എന്നാൽ അത് തിരിച്ചറിയുന്നില്ല. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഇത് പ്രത്യേകമാംവിധം സത്യമാണ്. അതുപോലെതന്നെ നമ്മുടെ ദിവസം മുഴുവൻ എണ്ണമറ്റ മറ്റു വിധങ്ങളിലും ഇത് സത്യമാണ്. അവനെ കാണാനും തിരിച്ചറിയാനും ആരാധിക്കാനും നാം നമ്മെത്തന്നെ സമർപ്പിക്കണം. നമുക്കു ചുറ്റുമെങ്ങും ഉത്ഥിതനായ യേശുവിന്റെ സാന്നിധ്യം നാം കണ്ടെത്തണം.

നമ്മുടെ കർത്താവ് അസാധാരണമായ വിധങ്ങളിൽ മാത്രമേ സന്നിഹിതനാകുന്നുള്ളൂ എന്ന് പലപ്പോഴും നാം കരുതുന്നു. എന്നാൽ അത് ശരിയല്ല! വളരെ സാധാരണമായ വിധങ്ങളിൽ അവൻ എപ്പോഴും നമ്മോടൊപ്പം സന്നിഹിതനാണ്. നമ്മെ സ്നേഹിച്ചും നമ്മോടു സംസാരിച്ചും തന്നെ സ്നേഹിക്കാൻ നമ്മെ ക്ഷണിച്ചും അവൻ ഇപ്പോൾ ഇവിടെ നമ്മോടൊപ്പമുണ്ട്. നിങ്ങൾ അവനെ കാണുന്നുണ്ടോ? അവന്റെ സാന്നിധ്യം തിരിച്ചറിയുന്നുണ്ടോ?

ഈ ശിഷ്യന്മാരുടെ അനുഭവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ അവരുടെ സ്ഥാനത്തായിരുന്നെങ്കിൽ, ലോകത്തിന്റെ രക്ഷകന്റെ സന്നിധിയിലായിരിക്കാൻ നിങ്ങൾക്ക് അനുഗ്രഹം ലഭിക്കുമായിരുന്നു. എത്ര വലിയ ബഹുമതി! ദൈവം ഇപ്പോഴും എപ്പോഴും നിങ്ങളോടൊപ്പമുണ്ട് എന്നതാണ് സത്യം. അവൻ നിരന്തരം നിങ്ങളോടൊപ്പമുണ്ട്; നിരന്തരം നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്നു. അവനെ അന്വേഷിക്കുക, അവന്റെ സ്വരം ശ്രവിക്കുക. അവൻ യഥാർഥത്തിൽ എത്ര അടുത്താണുള്ളതെന്നറിഞ്ഞ് നിങ്ങൾ വിസ്മയിച്ചേക്കാം.

സദാ സന്നിഹിതനായ എന്റെ കർത്താവേ, എപ്പോഴും എന്നോടൊപ്പമായിരിക്കത്തക്കവിധം എന്നെ ഇത്രയധികം സ്നേഹിക്കുന്നതിന് അങ്ങേക്കു നന്ദി.  അങ്ങയെ കാണാനും അങ്ങയുടെ സൗമ്യവും ശാന്തവുമായ സ്വരം തിരിച്ചറിയാനും എന്നെ സഹായിക്കണമേ.  അതിവിശുദ്ധ കുർബാനയിൽ സന്നിഹിതനായ അങ്ങയെ കാണാൻ വിശ്വാസത്തിന്റെ കണ്ണുകൾ എനിക്കു നൽകണമേ; എന്റെ ദിവസത്തിലെ ഓരോ സാധാരണ സംഭവത്തിലും അങ്ങയുടെ സാന്നിധ്യം തിരിച്ചറിയാൻ എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആറാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന

ഉയിർപ്പുതിരുനാളിനായി കൂടുതൽ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: എമ്മാവൂസിലെ അത്താഴം രചന: മത്തിയാസ് സ്റ്റോം, വിക്കിമീഡിയ കോമൺസ് വഴി


ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:

Amazon –  Barnes and Noble – Google Play – iTunes

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ


  Subscribe to our YouTube channel  
  to be notified about new content.