മലയാളം

കർത്താവിന്റെ സ്വർഗാരോഹണം—അല്ലെങ്കിൽ—ക്രിസ്തുവിലുള്ള ഐക്യവും പൂർണതയും

(കുറിപ്പ്: നിങ്ങളുടെ രൂപതയിൽ കഴിഞ്ഞ വ്യാഴാഴ്ച സ്വർഗാരോഹണത്തിരുനാൾ ആഘോഷിച്ചെങ്കിൽ, താഴേക്ക് നീങ്ങുക—ഉയിർപ്പുകാലത്തിലെ ഏഴാം ഞായറാഴ്ചയുടെ വിചിന്തനത്തിലേക്ക്.)

സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക

2022 മേയ് 29, ഞായറാഴ്ച

നമ്മുടെ കർത്താവിന്റെ സ്വർഗാരോഹണ തിരുനാൾ (വർഷം സി)

സ്വർഗാരോഹണ തിരുനാളിലെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ക്രിസ്തു പീഡകൾ സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യണമെന്നും, പാപമോചനത്തിനായുള്ള മാനസാന്തരം ജറുസലെമിൽ തുടങ്ങി എല്ലാ ജനതകളോടും അവന്റെ നാമത്തിൽ പ്രസംഗിക്കപ്പെടണമെന്നും ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്. ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം ഞാൻ നിങ്ങളുടെമേൽ അയയ്ക്കുന്നു; എന്നാൽ ഉന്നതത്തിൽനിന്നുള്ള ശക്തി ധരിക്കുന്നതുവരെ നിങ്ങൾ നഗരത്തിൽത്തന്നെ കഴിയുക.” ലൂക്കാ 24:46–49

അതോടെ യേശുവിന്റെ ഭൂമിയിലെ ദൗത്യം പൂർത്തിയായി; അവിടുന്ന് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു. എന്നാൽ ശരിക്കും അങ്ങനെയാണോ? അവിടുത്തെ ദൗത്യം പൂർത്തിയായോ? അതെ, എന്നാൽ മരണത്തെ നശിപ്പിക്കുകയും പുതുജീവൻ നൽകുകയും ചെയ്യുന്ന നമ്മുടെ കർത്താവിന്റെ പ്രവൃത്തി അവിടുത്തെ ജീവിതം, മരണം, ഉത്ഥാനം എന്നിവയിലൂടെ പൂർത്തിയായി എന്ന അർത്ഥത്തിൽ മാത്രം. കൃപയുടെ ഒരു പുതിയ ജീവിതത്തിൽ പങ്കുചേരാൻ മനുഷ്യപ്രകൃതി ഇപ്പോൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു.

സ്വർഗാരോഹണത്തിന്റെ മലയിൽ നമ്മുടെ കർത്താവിനോടൊപ്പം നിൽക്കുന്നതായി പ്രാർഥനാപൂർവം സങ്കൽപ്പിക്കുക. അവിടുത്തെ നോക്കിനിൽക്കുമ്പോൾ, അവിടുത്തെ പരസ്യശുശ്രൂഷയിലുടനീളം നിങ്ങളും അവിടുത്തോടൊപ്പം ഉണ്ടായിരുന്നതായി സങ്കൽപ്പിക്കുക. അവിടുത്തെ അനേകം അത്ഭുതങ്ങൾക്കും, ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും അവിടുന്ന് മാനസാന്തരപ്പെടുത്തിയ രീതിക്കും, അധികാരത്തോടെയുള്ള അവിടുത്തെ വാക്കുകൾക്കും, അവിടുത്തെ അറസ്റ്റിനും പീഡനത്തിനും മരണത്തിനും പിന്നീടുള്ള ഉത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നതായി സങ്കൽപ്പിക്കുക. ഒരിക്കൽ തുളയ്ക്കപ്പെട്ട അവിടുത്തെ കൈകാലുകളിലെ മുറിവുകളിൽനിന്ന് ഇപ്പോൾ മഹത്ത്വം പ്രസരിക്കുന്നതു കാണുന്നതായി സങ്കൽപ്പിക്കുക. നമ്മുടെ കർത്താവിനെ ഇങ്ങനെ കാണുമ്പോൾ, അവിടുന്ന് സ്നേഹത്തോടെ നിങ്ങളെ നോക്കി ഇപ്രകാരം പറയുന്നതായി സങ്കൽപ്പിക്കുക: അവിടുത്തേക്കും നിങ്ങൾ കണ്ടതിനും അനുഭവിച്ചറിഞ്ഞതിനുമെല്ലാം സാക്ഷ്യം വഹിക്കാൻ നിങ്ങളെ ലോകത്തിലേക്ക് അയയ്ക്കാൻ അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ പുറപ്പെട്ടുചെന്ന്, സമ്പർക്കത്തിൽ വരുന്ന എല്ലാവരോടും അവിടുത്തെ ജീവിതത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സദ്വാർത്ത പങ്കുവയ്ക്കണം.

ഒന്നാമതായി, നമ്മുടെ കർത്താവ് തന്റെ ജീവിതം മുഴുവനും തീർച്ചയായും നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. സുവിശേഷങ്ങൾ വായിക്കുന്നതിലൂടെ, യേശു ചെയ്തതിനും പൂർത്തിയാക്കിയതിനുമെല്ലാം നിങ്ങൾ നേരിട്ടുള്ള സാക്ഷിയായിത്തീരുന്നു. അവിടുത്തെ വചനം സജീവമാണ്; അവിടുത്തെ ആദ്യ അനുയായികൾക്ക് വെളിപ്പെടുത്തിക്കൊടുത്തതുപോലെതന്നെ, അത് അവിടുത്തെത്തന്നെ നിങ്ങൾക്കും വെളിപ്പെടുത്തിത്തരുന്നു. രണ്ടാമതായി, പുറപ്പെട്ടുചെന്ന് സജീവമായ ഈ സുവിശേഷം ലോകവുമായി പങ്കുവയ്ക്കാൻ യേശു നിങ്ങളെ വിളിക്കുന്നു എന്നതു തീർച്ചയാണ്. അതിനാൽ, അത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. ക്രിസ്തുവിന്റെ ഉത്ഥാനത്തിന് നിങ്ങൾക്ക് എങ്ങനെ സാക്ഷ്യം വഹിക്കാനാകും? ജീവിതങ്ങളെ എങ്ങനെ മാറ്റാനാകും? യേശുവിന്റെതന്നെ ദൗത്യം എങ്ങനെ തുടരാനാകും?

സ്വർഗാരോഹണത്തിന്റെ മലയിൽവച്ച് നമ്മുടെ കർത്താവ് ശിഷ്യന്മാർക്കു നൽകിയ വാഗ്ദാനം നിങ്ങൾക്കും നൽകിയിരിക്കുന്ന വാഗ്ദാനമാണ്. “ഉന്നതത്തിൽനിന്നുള്ള ശക്തി” നിങ്ങളെ ധരിപ്പിക്കാനായി പരിശുദ്ധാത്മാവിനെ നിങ്ങളുടെമേൽ അയയ്ക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. ആ ശക്തി സ്വീകരിക്കുകയും അതിനെ പൂർണ്ണമായി ഉപയോഗിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ കർത്താവ് നിങ്ങൾക്കു നൽകിയിരിക്കുന്ന ദൗത്യം നിറവേറ്റാൻ നിങ്ങൾക്കു കഴിയൂ. അതിനാൽ, പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ നിങ്ങൾ സ്വയം തുറന്നുകൊടുക്കുകയും ക്രിസ്തുവിന്റെ ദൗത്യം തുടരുന്നതിനായി സ്വയം സമർപ്പിക്കുകയും ചെയ്യുമോ?

യേശുവിൽനിന്നു നമുക്കു ലഭിച്ച ദൗത്യം പൂർണ്ണമായി മനസ്സിലാക്കിയിരുന്നെങ്കിൽ, അത് നമ്മെ വിശുദ്ധമായ ഒരു ഭയത്താൽ നിറയ്ക്കുമായിരുന്നു. എന്നാൽ ദൈവം നമ്മിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവ് പലപ്പോഴും നമ്മെ നിറയ്ക്കുന്നത് വിശുദ്ധമല്ലാത്ത ഒരു ഭയത്താലാണ്. മറ്റുള്ളവരെ സുവിശേഷവത്കരിക്കുന്നതിനെക്കുറിച്ചും, നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും, പ്രവൃത്തികളിലൂടെ സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ചും, ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചും, സുവിശേഷത്തിനുവേണ്ടി മാത്രം ജീവിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുമ്പോൾ, ഇതെല്ലാം നമുക്കു താങ്ങാവുന്നതിലധികമാണെന്നു തോന്നാം. നിങ്ങളുടെ അവസ്ഥ അതാണെങ്കിൽ, വിശുദ്ധമല്ലാത്ത ഇത്തരം ഭയത്തെ നീക്കിക്കളയാനും അതിന്റെ സ്ഥാനത്ത് വിശുദ്ധമായ ഭയമെന്ന ദാനം സ്വീകരിക്കാനും കഴിയുമെന്ന് അറിയുക. ദൈവത്തിന്റെ വിസ്മയജനകമായ മഹത്ത്വവും നമുക്കു നൽകപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെ മഹിമയും നേരിട്ട് അനുഭവിച്ചറിഞ്ഞ് അവയെക്കുറിച്ച് ബോധ്യമുള്ളവരാകാൻ നമ്മെ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനമാണ് വിശുദ്ധമായ ഭയം. അത് നമ്മെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിസ്മയവും ഭയഭക്തിയുംകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, പരിശുദ്ധാത്മാവിന്റെ ഈ ദാനവും മറ്റെല്ലാ ദാനങ്ങളും ക്രിസ്തുവിന്റെ അനന്തമായ ദൗത്യം നിറവേറ്റാൻ നമ്മെ പ്രാപ്തരാക്കുന്നു.

ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന സവിശേഷ ദൗത്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. സ്വർഗാരോഹണത്തിന്റെ മലയിൽ നിന്നുകൊണ്ട് നിങ്ങളെ നോക്കുന്ന യേശുവിനെ പ്രാർഥനാപൂർവം നോക്കുക. അവിടുന്ന് അങ്ങനെ ചെയ്യുമ്പോൾ, അവിടുത്തെതന്നെ നിങ്ങൾക്കു വെളിപ്പെടുത്താൻ അനുവദിക്കുക; അതോടൊപ്പം, ഭൂമിയുടെ അതിർത്തികൾവരെ സുവിശേഷം അറിയിക്കുന്നതിനുള്ള അവിടുത്തെ തുടർന്നുകൊണ്ടിരിക്കുന്ന ദൗത്യത്തിൽ നിങ്ങൾക്കുള്ള സവിശേഷ പങ്കാളിത്തവും വെളിപ്പെടുത്താൻ അനുവദിക്കുക. ധൈര്യത്തോടും സന്തോഷത്തോടും വിശുദ്ധമായ ഭയത്തോടുംകൂടെ ആ ദൗത്യം സ്വീകരിക്കുക. അതിനെ ആദരവോടെ കാണുക, അതിന്റെ മാധുര്യം ആസ്വദിക്കുക, അതിനെക്കുറിച്ചു ധ്യാനിക്കുക, അത് ഏറ്റെടുക്കുക. ഭൂമിയിലെ നിങ്ങളുടെ ജീവിതാവസാനംവരെ ക്രിസ്തുവിനു സാക്ഷിയാകാൻ സ്വയം സമർപ്പിച്ചുകൊണ്ട്, ക്രിസ്തുവിന്റെ ജീവിതത്തിലുള്ള ഈ മഹിമാപൂർണമായ പങ്കാളിത്തത്തിനായി നിങ്ങളെത്തന്നെ സമർപ്പിക്കുക.

സ്വർഗാരൂഢനായ എന്റെ കർത്താവേ, ശരീരത്തോടും ആത്മാവോടുംകൂടെ അങ്ങയുടെ പിതാവിന്റെ പൂർണവും മഹിമാപൂർണവുമായ സന്നിധിയിലേക്ക് പ്രവേശിച്ചപ്പോൾ, ഭൂമിയിൽ അങ്ങയുടെ ദൗത്യം പൂർത്തിയാക്കാനുള്ള കടമ അങ്ങ് ശിഷ്യന്മാർക്ക് ഏൽപ്പിച്ചുകൊടുത്തു. പ്രിയ കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ വിളി ഞാൻ കേൾക്കുന്നു; ഭൂമിയിൽ ആ ദൗത്യം തുടരുക എന്ന മഹിമാപൂർണമായ കർത്തവ്യത്തിനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. അങ്ങയുടെ തിരുഹിതപ്രകാരം എന്നെ ഉപയോഗിക്കുകയും, ഭൂമിയുടെ അതിർത്തികൾവരെ അങ്ങയുടെ രക്ഷാകരമായ വചനം പങ്കുവയ്ക്കാൻ എനിക്കും സഹായിക്കാനാകേണ്ടതിന് ഉന്നതത്തിൽനിന്നുള്ള ശക്തിയാൽ എന്നെ നിറയ്ക്കുകയും ചെയ്യണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ക്രിസ്തുവിലുള്ള ഐക്യവും പൂർണതയും

ഉയിർപ്പുകാലത്തിലെ ഏഴാം ഞായറാഴ്ച (സ്വർഗാരോഹണത്തിരുനാൾ വ്യാഴാഴ്ച ആഘോഷിച്ചിടങ്ങളിൽ—വർഷം സി)

ഇന്നത്തെ വായനകൾ

വീഡിയോ

സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി യേശു ഇങ്ങനെ പ്രാർഥിച്ചു: “പരിശുദ്ധ പിതാവേ, ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്തിലൂടെ എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നാകേണ്ടതിനും, അങ്ങ് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കേണ്ടതിന് അവരും നമ്മിൽ ആയിരിക്കേണ്ടതിനുമാണ് ഞാൻ പ്രാർഥിക്കുന്നത്. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, അങ്ങ് എനിക്കു നൽകിയ മഹത്വം ഞാൻ അവർക്കു നൽകിയിരിക്കുന്നു…” യോഹന്നാൻ 17:20–22

എത്ര അത്ഭുതകരമായ പ്രാർഥന! ഈ പ്രാർഥനയുടെ അർഥം മനസ്സിലാക്കാതെ പോകരുത്. അറസ്റ്റുചെയ്യപ്പെടുന്നതിനു തൊട്ടുമുമ്പ് യേശു നടത്തിയ മഹാപുരോഹിതപ്രാർഥനയാണിത്. അതിപരിശുദ്ധ കുർബാന സ്ഥാപിച്ച അന്ത്യത്താഴം ഈ പ്രാർഥനയോടെ സമാപിക്കുന്നു. കുരിശിൽ സ്വന്തം ജീവൻ അർപ്പിക്കുന്നതിൽ പരിപൂർണതയിലെത്തുന്ന അവിടുത്തെ ദിവ്യകാരുണ്യപ്രാർഥനയാണിത്. ഇത് ഒരു പ്രാർഥന മാത്രമല്ല; നമ്മുടെ കർത്താവിനോടൊപ്പം പങ്കുചേരാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രബോധനം കൂടിയാണ്.

മുകളിൽ ഉദ്ധരിച്ച ഭാഗത്ത് യേശു ശിഷ്യർക്കുവേണ്ടി മാത്രമല്ല, “ഇവരുടെ വചനത്തിലൂടെ എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും” പ്രാർഥിച്ചുവെന്നത് ശ്രദ്ധിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾക്കും സുവിശേഷം കേട്ട് അതിനോടു പ്രതികരിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് യേശു പ്രാർഥിച്ചത്. പിതാവുമായി യേശുവിനുള്ള പൂർണമായ ഐക്യത്തിൽ നിങ്ങളും പങ്കുചേരണമെന്നായിരുന്നു അവിടുത്തെ പ്രാർഥന. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ എല്ലാവരും ഒന്നാകണമെന്നാണ് അവിടുന്ന് പ്രാർഥിച്ചത്. വീണ്ടും പറയട്ടെ, എത്ര അത്ഭുതകരമായ പ്രാർഥനയാണിത്!

ആദ്യമായി, ഐക്യം എന്ന ആശയം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മിൽ ഓരോരുത്തരുടെയും ഉള്ളിന്റെ ആഴങ്ങളിൽ മറ്റൊരാളുമായി ഒന്നാകാനുള്ള ആഗ്രഹമുണ്ട്. വിവാഹത്തോടുള്ള ആകർഷണം, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം, സുഹൃത്തുക്കളെ ലഭിക്കാനുള്ള ആഗ്രഹം, ഒരു സമൂഹമായി ഒത്തുചേരുന്ന ബന്ധം എന്നിവയെല്ലാം ഈ ആഗ്രഹത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാം ഐക്യം ആഗ്രഹിക്കുന്നു. ഒന്നായിരിക്കാൻ നാം ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, മറ്റുള്ളവരുമായി വിശുദ്ധമായ ഐക്യം സ്ഥാപിക്കാനുള്ള നമ്മുടെ സ്വാഭാവിക കഴിവിന് ഉത്ഭവപാപം ആഴത്തിൽ മുറിവേൽപ്പിച്ചു. അതുകൊണ്ട്, നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കുക മാത്രമല്ല, അതിനെ അതിലും മഹത്തായ ഒന്നാക്കി രൂപാന്തരപ്പെടുത്തുക എന്നതുകൂടിയായിരുന്നു ദൈവപുത്രന്റെ ഏറ്റവും കേന്ദ്രമായ ദൗത്യം. ഇപ്പോൾ, യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും മൂലം, പരസ്പരം സമാധാനത്തിൽ ജീവിക്കാൻ മാത്രമല്ല, ദൈവത്തോടുതന്നെയുള്ള ഒരു പുതിയ ആത്മീയ ഐക്യത്തിൽ പങ്കുചേരാനും നമുക്കു കഴിയും. ഈ ഐക്യം നമ്മുടെ അസ്തിത്വത്തിന്റെ ഹൃദയത്തെയും അന്തഃസത്തയെയും സ്പർശിക്കുന്നു.

നിങ്ങളുടെ ഉള്ളിലേക്കു നോക്കുക; മറ്റുള്ളവരുമായുള്ള കൂട്ടായ്മയ്ക്കായി നിങ്ങൾക്കുള്ള സഹജമായ ആഗ്രഹം കണ്ടെത്താൻ ശ്രമിക്കുക. ശരിയായി മനസ്സിലാക്കുമ്പോൾ, ഈ ആഗ്രഹത്തെക്കുറിച്ചു ധ്യാനിക്കുന്നത് ഏറെ ആശ്വാസദായകവും ആകർഷകവുമാണ്. സ്വാർഥതയും കാമാസക്തിയും മറ്റുള്ളവരെ സ്വന്തമാക്കി വയ്ക്കാനുള്ള മനോഭാവവും ഇതിൽനിന്നു വേർതിരിച്ചു മാറ്റാൻ നിങ്ങൾക്കു കഴിഞ്ഞാൽ, മറ്റുള്ളവരുമായുള്ള ഐക്യത്തിനായുള്ള അതിവിശുദ്ധമായ ഒരു ആഗ്രഹമാണ് അവശേഷിക്കുന്നത്. നിങ്ങളുടെ ഉള്ളിൽ ഈ ആഗ്രഹം കണ്ടെത്താൻ ശ്രമിക്കുക.

ദൈവം നിങ്ങളുടെ ഉള്ളിൽ നിക്ഷേപിച്ച ഈ ആഗ്രഹം കണ്ടെത്തുമ്പോൾ, യേശുവിന്റെ മഹാപുരോഹിതപ്രാർഥനയിൽനിന്നു പഠിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ ജീവതത്തിലും ഐക്യത്തിലും പ്രവേശിക്കുന്നതിലൂടെ മാത്രമേ ഈ ആഗ്രഹം പൂർണമായി നിറവേറുകയുള്ളൂ എന്നു മനസ്സിലാക്കുക. ദൈവത്തിന്റെതന്നെ ജീവതത്തിൽ പങ്കുചേരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതു സംഭവിക്കുമ്പോൾ, നാം പരസ്പരം പൂർണവും വിശുദ്ധവുമായ ഐക്യത്തിലും പങ്കുചേരുന്നു. വരാനിരിക്കുന്ന ആ ഐക്യത്തിന്റെ ഭൗമികമായ ഒരു മുൻരൂപമാണ് ഈ ജീവിതത്തിലെ വിശുദ്ധമായ ദാമ്പത്യം. സ്വർഗത്തിൽ, നാം വിളിക്കപ്പെട്ടിരിക്കുന്ന ദൈവിക വിവാഹം നമ്മുടെ എല്ലാ മാനുഷിക അഭിലാഷങ്ങളും നിറവേറ്റാൻ നമ്മെ പ്രാപ്തരാക്കും.

മറ്റുള്ളവരുമായി ഐക്യത്തിൽ ജീവിക്കാൻ നിങ്ങളുടെ ഉള്ളിലുള്ള ആകർഷണത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഈ ആഗ്രഹത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ, തന്റെ ദൈവിക ജീവതത്തിൽ പങ്കുചേരാൻ പരിശുദ്ധ ത്രിത്വം നൽകുന്ന ക്ഷണം സ്വീകരിക്കുന്നതിലൂടെ മാത്രമേ അത് നിറവേറുകയുള്ളൂ എന്ന് അറിയുക. യേശു പിതാവിനോടു നടത്തിയ പ്രാർഥന പ്രാർഥനാപൂർവം വായിക്കുക; നിങ്ങൾക്കുവേണ്ടിയാണ് അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചതെന്ന് അറിയുക. ഈ പ്രാർഥനയിൽ അവിടുത്തോടു ചേർന്ന് അതു നിങ്ങളുടേതാക്കുക. അങ്ങനെ നിങ്ങളുടെ എല്ലാ മാനുഷിക അഭിലാഷങ്ങളും ദൈവത്തിൽ നിറവേറാൻ തുടങ്ങും.

പരിശുദ്ധ ത്രിത്വമേ, അങ്ങയുടെ മഹത്വപൂർണമായ ജീവതത്തിൽ പങ്കുചേരാൻ അങ്ങ് എന്നെ ക്ഷണിച്ചിരിക്കുന്നു. അങ്ങിലുള്ള ഐക്യത്തിൽ പങ്കുചേരാൻ അങ്ങ് എന്നെ ക്ഷണിക്കുന്നു. എല്ലാ സ്വാർഥാഭിലാഷങ്ങളിൽനിന്നും എന്നെ ശുദ്ധീകരിക്കുകയും അങ്ങയെ മാത്രം ആഗ്രഹിക്കുന്ന ഒരു ഹൃദയംകൊണ്ട് എന്നെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങയുമായുള്ള ഈ ഐക്യം എനിക്കു പൂർണമായ നിറവേകുകയും മറ്റുള്ളവരുമായി യഥാർഥ ഐക്യത്തിലെത്താൻ എന്നെ പ്രാപ്തനാക്കുകയും ചെയ്യട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി പ്രാർഥിക്കുന്നത്
മൂന്നാം ദിവസം – മേയ് 24, ഞായറാഴ്ച

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

കൂടുതൽ വായനയ്ക്ക് – സ്വർഗാരോഹണം

സ്വർഗാരോഹണ തിരുനാളിനുള്ള പ്രാർഥനാധ്യാനം

ചിത്രം: Pixabay


  Subscribe to our YouTube channel  
  to be notified about new content.