മലയാളം

ഉപവിയുടെ തൈലം

2022 ഓഗസ്റ്റ് 26
ആണ്ടുവട്ടക്കാലം ഇരുപത്തിയൊന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“‘കർത്താവേ, കർത്താവേ, ഞങ്ങൾക്കു വാതിൽ തുറന്നുതരണമേ!’ എന്നാൽ അവൻ മറുപടി പറഞ്ഞു: ‘ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുന്നില്ല.’”  മത്തായി 25:11b-12

എത്ര ഭയപ്പെടുത്തുന്നതും ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ അനുഭവമായിരിക്കും അത്!  പത്തു കന്യകമാരുടെ ഉപമയിൽനിന്നുള്ളതാണ് ഈ ഭാഗം.  അവരിൽ അഞ്ചുപേർ നമ്മുടെ കർത്താവിനെ കണ്ടുമുട്ടാൻ ഒരുങ്ങിയിരുന്നു; മറ്റു അഞ്ചുപേർ ഒരുങ്ങിയിരുന്നില്ല.  കർത്താവ് വന്നപ്പോൾ, വിവേകമില്ലാത്ത അഞ്ചു കന്യകമാർ തങ്ങളുടെ വിളക്കുകൾക്കു കൂടുതൽ എണ്ണ വാങ്ങാൻ പോയിരിക്കുകയായിരുന്നു. അവർ മടങ്ങിയെത്തിയപ്പോഴേക്കും വിരുന്നുശാലയുടെ വാതിൽ അടച്ചുകഴിഞ്ഞിരുന്നു.  തുടർന്ന് എന്തു സംഭവിച്ചുവെന്നാണ് മുകളിലെ ഭാഗം വെളിപ്പെടുത്തുന്നത്.

നമ്മെ ഉണർത്തുക എന്നതും ഈ ഉപമ പറയുന്നതിലൂടെ യേശു ഉദ്ദേശിക്കുന്നു.  ഓരോ ദിവസവും അവിടുത്തെ വരവിനായി നാം ഒരുങ്ങിയിരിക്കണം.  നാം ഒരുങ്ങിയിരിക്കുന്നുവെന്ന് എങ്ങനെ ഉറപ്പുവരുത്താം?  നമ്മുടെ വിളക്കുകൾക്കു വേണ്ടത്ര “എണ്ണ” ഉള്ളപ്പോൾ നാം ഒരുങ്ങിയിരിക്കുന്നു.  ഈ എണ്ണ പ്രത്യേകമായി സൂചിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഉപവിയെയാണ്.  അതിനാൽ, ധ്യാനിക്കാനുള്ള ലളിതമായ ചോദ്യം ഇതാണ്: “എന്റെ ജീവിതത്തിൽ ഉപവിയുണ്ടോ?”

ഉപവി കേവലം സാധാരണ മാനുഷികസ്നേഹത്തെക്കാൾ ഉന്നതമാണ്.  “മാനുഷികസ്നേഹം” എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് ഒരു വികാരം, അനുഭൂതി, ആകർഷണം തുടങ്ങിയവയാണ്.  മറ്റൊരു വ്യക്തിയോടോ ഏതെങ്കിലും പ്രവൃത്തിയോടോ ജീവിതത്തിലെ പല കാര്യങ്ങളോടോ നമുക്ക് ഇത്തരത്തിൽ തോന്നാം.  കായികവിനോദങ്ങളിൽ ഏർപ്പെടാനോ സിനിമകൾ കാണാനോ മറ്റോ നമുക്ക് “ഇഷ്ടം” തോന്നാം.

എന്നാൽ ഉപവി ഇതിനെക്കാളെല്ലാം ഏറെ ഉന്നതമാണ്.  ഉപവി എന്നാൽ ക്രിസ്തുവിന്റെ ഹൃദയത്തോടെ നാം സ്നേഹിക്കുന്നു എന്നാണ്.  യേശു തന്റെ കരുണാർദ്രമായ ഹൃദയം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിരിക്കുന്നുവെന്നും അവിടുത്തെ സ്നേഹത്താൽ നാം സ്നേഹിക്കുന്നുവെന്നും അതിനർഥം.  സ്വന്തം കഴിവുകൾക്കൊണ്ട് സാധിക്കുന്നതിനെക്കാൾ എത്രയോ ഉപരിയായി മറ്റുള്ളവരുടെ അരികിലെത്താനും അവരെ പരിപാലിക്കാനും നമ്മെ പ്രാപ്തരാക്കുന്ന ദൈവദാനമാണ് ഉപവി.  നമ്മുടെ ജീവിതത്തിലെ ദൈവികപ്രവർത്തനമാണ് ഉപവി. സ്വർഗീയവിരുന്നിലേക്ക് സ്വീകരിക്കപ്പെടാൻ നാം ആഗ്രഹിക്കുന്നെങ്കിൽ അത് അനിവാര്യമാണ്.

നിങ്ങളുടെ സ്വന്തം ഹൃദയത്തിൽ യേശുവിന്റെ ഹൃദയം സജീവമായിരിക്കുന്നതു കാണാൻ കഴിയുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക.  പ്രയാസമുള്ളപ്പോഴും മറ്റുള്ളവരുടെ അരികിലെത്താൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് അവിടുന്ന് നിങ്ങളിൽ പ്രവർത്തിക്കുന്നതു കാണാൻ കഴിയുന്നുണ്ടോ?  ജീവിതവിശുദ്ധിയിൽ വളരാൻ ആളുകളെ സഹായിക്കുന്ന കാര്യങ്ങളാണോ നിങ്ങൾ പറയുന്നതും ചെയ്യുന്നതും?  ലോകത്തിൽ മാറ്റം വരുത്താൻ ദൈവം നിങ്ങളിലും നിങ്ങളിലൂടെയും പ്രവർത്തിക്കുന്നുണ്ടോ?  ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം “ഉണ്ട്” എന്നാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ഉപവി തീർച്ചയായും സജീവമാണ്.

പരിപൂർണ്ണ സ്നേഹത്തിന്റെ നാഥാ, എന്റെ ഹൃദയത്തെ അങ്ങയുടെ ദിവ്യഹൃദയത്തിനു യോഗ്യമായ വാസസ്ഥലമാക്കണമേ.  എന്റെ ഹൃദയം അങ്ങയുടെ സ്നേഹത്താൽ തുടിക്കട്ടെ; എന്റെ വാക്കുകളും പ്രവൃത്തികളും അങ്ങ് മറ്റുള്ളവരോടു കാണിക്കുന്ന പരിപൂർണ്ണമായ കരുതലിൽ പങ്കുചേരട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
ഓഗസ്റ്റ് 18–26

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന തിരഞ്ഞെടുത്ത ചിത്രം: പീറ്റർ ലീസാർട്ട് വരച്ച വിവേകികളായ കന്യകമാരുടെയും വിവേകശൂന്യരായ കന്യകമാരുടെയും ഉപമ, വിക്കിമീഡിയ കോമൺസ് വഴി