2022 ഒക്ടോബർ 1
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയാറാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
കന്യകയും വേദപാരംഗതയുമായ ബാലയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യ—ഓർമ്മ

എഴുപത്തിരണ്ട് ശിഷ്യന്മാർ സന്തോഷത്തോടെ മടങ്ങിവന്ന് യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങയുടെ നാമത്തിൽ പിശാചുക്കൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.” യേശു പറഞ്ഞു: “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു. ഇതാ, ‘സർപ്പങ്ങളെ ചവിട്ടാനും’ തേളുകളെയും ശത്രുവിന്റെ സർവശക്തിയെയും ചവിട്ടിമെതിക്കാനും ഞാൻ നിങ്ങൾക്ക് അധികാരം നൽകിയിരിക്കുന്നു; ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും, ആത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നതിൽ സന്തോഷിക്കാതെ, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിൽ സന്തോഷിക്കുവിൻ.” ലൂക്കാ 10:17-20
അത് തീർച്ചയായും വിസ്മയകരമായിരുന്നിരിക്കണം. എഴുപത്തിരണ്ടുപേർ കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിച്ചപ്പോൾ അവർക്ക് പിശാചുക്കളുടെമേൽ അധികാരമുണ്ടായിരുന്നു. തങ്ങൾക്കു ലഭിച്ച ഈ അധികാരമാണ് മറ്റെന്തിനെക്കാളും അവരെ വിസ്മയിപ്പിച്ചത്.
യഥാർഥത്തിൽ പിശാചുബാധിതനായ ഒരാളെ നാം കാണുകയും, അടുത്തുചെന്ന് യേശുവിന്റെ നാമത്തിൽ പിശാചിനോട് വിട്ടുപോകാൻ ആജ്ഞാപിക്കുകയും, പിശാച് വിട്ടുപോകുകയും ചെയ്താൽ, മിക്കവാറും നാമും വിസ്മയിച്ചുപോകും. എന്നാൽ, കൃത്യമായ അർഥത്തിൽ ഇത് അപൂർവമായ ഒരു അനുഭവമാണ്. ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്.
ഒന്നാമതായി, തീർച്ചയായും ഇത് വിസ്മയകരമാണ്; ദുഷ്ടന്റെമേൽ യേശുവിന് പൂർണ അധികാരമുണ്ട് എന്നതും സത്യമാണ്. അതിനാൽ, തങ്ങളിലൂടെ യേശുവിന്റെ ശക്തി പ്രവർത്തിക്കുന്നതു കണ്ട് ആ എഴുപത്തിരണ്ടുപേരും അത്യധികം സന്തോഷിച്ചിരിക്കണം.
രണ്ടാമതായി, പൂർണമായി പിശാചുബാധിതരായവരെ നാം കണ്ടുമുട്ടുന്നില്ലെങ്കിലും, ദുഷ്ടന്റെ പ്രവർത്തനങ്ങളെ നാം അനുദിനം നേരിടുന്നുണ്ട് എന്ന വസ്തുത നാം മനസ്സിലാക്കണം. അതിനാൽ, തിന്മയെ നേരിടുമ്പോൾ നമ്മിലൂടെ പ്രവർത്തിക്കാൻ യേശുവിനുള്ള ശക്തിയിൽ നാം ആശ്രയിക്കണം എന്നതാണ് ഈ തിരുവചനഭാഗം നമ്മെ പഠിപ്പിക്കേണ്ട ഒരു കാര്യം. നമ്മുടെ ലോകം ദുഷ്ടനിൽനിന്നു മോചിതമാകാൻ നാം ആത്മവിശ്വാസത്തോടെ പ്രാർഥിക്കണം; നമ്മുടെ പ്രാർഥനയിലൂടെ ക്രിസ്തുവിന്റെ ശക്തി പ്രവർത്തിക്കുമെന്ന് നമുക്കു പൂർണ വിശ്വാസവും ഉണ്ടായിരിക്കണം.
മൂന്നാമതായി, തിന്മയെ നേരിട്ടു ചെറുക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അതിലും വളരെ പ്രധാനപ്പെട്ട മറ്റൊന്നുണ്ടെന്നു ചൂണ്ടിക്കാണിക്കാൻ യേശു ഈ അവസരം ഉപയോഗിക്കുന്നു. നമ്മുടെ “പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു” എന്നതിലായിരിക്കണം നാം മുഖ്യമായും സന്തോഷിക്കേണ്ടതെന്ന് അവിടുന്ന് പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദുഷ്ടന്റെമേലുള്ള അധികാരമല്ല ആത്യന്തിക ലക്ഷ്യം. സ്വർഗമാണ് ആ ലക്ഷ്യം. വിശുദ്ധിയിലും സദ്ഗുണത്തിലും വളരുക എന്നതായിരിക്കണം നമ്മുടെ ജീവിതത്തിലെ മുഖ്യലക്ഷ്യങ്ങൾ.
യേശുവിന്റെ നാമത്തിൽ ദുഷ്ടനെയും അവന്റെ പ്രവൃത്തികളെയും ശാസിക്കാനുള്ള നിങ്ങളുടെ കടമയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. എന്നാൽ, ജീവിതവിശുദ്ധിയിലേക്കും സദ്ഗുണത്തിലുള്ള വളർച്ചയിലേക്കുമുള്ള നിങ്ങളുടെ വിളിയെക്കുറിച്ച് അതിലേറെ ധ്യാനിക്കുക. മറ്റെന്തിനെക്കാളും ഇവയാണ് സ്വർഗത്തിലേക്കുള്ള വഴി!
യഥാർഥ വിശുദ്ധിയുടെ നാഥാ, ദുഷ്ടനെയും അവന്റെ പ്രവൃത്തികളെയും ജയിക്കാനുള്ള അങ്ങയുടെ ശക്തിയിൽ വിശ്വാസമർപ്പിക്കാൻ എന്നെ സഹായിക്കണമേ. എന്നാൽ അതിലുമുപരിയായി, ജീവിതവിശുദ്ധിയെ എന്റെ മുഖ്യലക്ഷ്യമാക്കിക്കൊണ്ട് അങ്ങയിലേക്കും സ്വർഗത്തിലേക്കും നിരന്തരം ദൃഷ്ടി തിരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – കന്യകയും വേദപാരംഗതയുമായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




