മലയാളം

ദൈവവചനത്തെ സമീപിക്കുമ്പോൾ

ഡിസംബർ 10, 2022
ആഗമനകാലം രണ്ടാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

ലൊറേറ്റോ മാതാവ്—ഐച്ഛിക അനുസ്മരണം

വീഡിയോ

“ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ ഇതിനകം വന്നുകഴിഞ്ഞു. എന്നാൽ അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു തോന്നിയതെല്ലാം അവനോടു ചെയ്തു.  അതുപോലെതന്നെ മനുഷ്യപുത്രനും അവരുടെ കൈകളാൽ പീഡനമനുഭവിക്കും.”  സ്നാപകയോഹന്നാനെക്കുറിച്ചാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി.  മത്തായി 17:12–13

പഴയനിയമത്തിലെ പ്രവാചകന്മാരിൽ അവസാനത്തെയാൾ മലാക്കിയായിരുന്നു. ക്രിസ്തുവിന്റെ ആഗമനത്തിന് ഏകദേശം 400 വർഷങ്ങൾക്കുമുമ്പ് അദ്ദേഹം തന്റെ ശുശ്രൂഷ പൂർത്തിയാക്കി. മിശിഹായ്ക്കു മുമ്പായി വഴിയൊരുക്കാൻ ഒരു “ദൂതൻ” വരുമെന്ന് മലാക്കി പ്രവചിച്ചു. കർത്താവിന്റെ ദിവസത്തിനു മുമ്പ് “ഏലിയാ പ്രവാചകൻ” വരുമെന്നും മലാക്കി തുടർന്ന് പറയുന്നു (മലാക്കി 3:1–24 കാണുക).

യേശുവിന്റെ കാലത്തെ ജനങ്ങളിൽ പലർക്കും ഈ പ്രവചനം മനസ്സിലായിരുന്നില്ല; അതിനെക്കുറിച്ച് അറിവുപോലും ഉണ്ടായിരുന്നില്ല. അതിനാൽ, “ഏലിയാ” വന്നിട്ടില്ലാത്തതിനാൽ യേശു വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ അല്ലെന്നത് വ്യക്തമാണെന്ന് വാദിച്ചുകൊണ്ട് നിയമജ്ഞർ ഈ പ്രവചനം ഉപയോഗിച്ച് ജനങ്ങളിൽ പലരെയും ആശയക്കുഴപ്പത്തിലാക്കി.

പുതിയ ഏലിയാ ആകേണ്ടിയിരുന്ന ആ “ദൂതൻ” സ്നാപകയോഹന്നാനായി ഇതിനകം വന്നുകഴിഞ്ഞുവെന്ന് യേശു ശിഷ്യന്മാർക്ക് വ്യക്തമാക്കി. ഇങ്ങനെ വിശദീകരിച്ചുകൊണ്ട്, വിശുദ്ധ ലിഖിതങ്ങൾ വ്യാഖ്യാനിക്കാനുള്ള നിയമജ്ഞരുടെ ശ്രമം കൃത്യമായിരുന്നില്ലെന്നും തങ്ങളുടെ തെറ്റുകൾ നിമിത്തം അവർ ജനങ്ങളെ സജീവമായി വഴിതെറ്റിക്കുകയായിരുന്നെന്നും യേശു വ്യക്തമാക്കി.

നാം ദൈവവചനത്തെ വിനയത്തോടെ സമീപിക്കണം എന്നതാണ് ഇതു നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം. തങ്ങൾക്കില്ലാത്ത ഏതോ അസാധാരണ ജ്ഞാനം തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കാൻ നിയമജ്ഞരുടെ അഹങ്കാരം അവരെ പ്രേരിപ്പിച്ചു. അങ്ങനെ, ദൈവജനത്തിന്റെ ആത്മീയ ഗുരുക്കന്മാരെന്ന നിലയിൽ അവർ തങ്ങളുടെ ദൗത്യം നന്നായി നിർവഹിച്ചില്ല.

പഴയനിയമ പ്രവചനങ്ങൾ മാത്രമല്ല, യേശുവിന്റെ സ്വന്തം വാക്കുകളും ശരിയായി മനസ്സിലാക്കണമെങ്കിൽ ദൈവവചനത്തിനു മുമ്പിലുള്ള വിനയം അനിവാര്യമാണ്. ദൈവവചനത്തിനു മുമ്പിൽ വിനയമില്ലെങ്കിൽ, നമ്മുടെ കർത്താവ് അരുളിച്ചെയ്ത മനോഹരവും വിശുദ്ധവുമായ വാക്കുകളെ നമുക്കെല്ലാവർക്കും എളുപ്പത്തിൽ തെറ്റായി വ്യാഖ്യാനിക്കാനാകും.

വിശുദ്ധ ലിഖിതങ്ങളിലുള്ളതെല്ലാം അഗാധവും ഗഹനവും സത്യവുമാണ്. ഈ വിശുദ്ധ ദൈവവചനത്തിലൂടെ നാം ദൈവത്തെത്തന്നെ കണ്ടുമുട്ടുന്നു. എന്നാൽ അഹങ്കാരം നമ്മിൽ കടന്നുകൂടാൻ അനുവദിച്ചാൽ, നാമും നിയമജ്ഞരെ അനുകരിക്കുകയും ദൈവവചനത്തെ തെറ്റായി മനസ്സിലാക്കുകയും ചെയ്തേക്കാം. അതിന്റെ ഫലമായി ദൈവത്തെക്കുറിച്ചുള്ള വികലമായ ഒരു ചിത്രം നമ്മിൽ രൂപപ്പെടും; അത് നമ്മുടെ സ്നേഹനിധിയായ കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിനു തടസ്സമാകും. എന്നാൽ ദൈവം നമുക്കു വെളിപ്പെടുത്തിയ എല്ലാറ്റിനും മുമ്പിൽ എപ്പോഴും വിനയത്തോടെ നിലകൊള്ളാൻ കഴിഞ്ഞാൽ, നമ്മുടെ ഹൃദയങ്ങളോടു പറയാൻ ദൈവം ആഗ്രഹിക്കുന്ന ഏറ്റവും അഗാധവും മനോഹരവുമായ സത്യങ്ങളെ സ്വീകരിക്കാൻ നമുക്ക് കൂടുതൽ എളുപ്പമാകും.

ദൈവവചനം സംബന്ധിച്ച് നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ആശയക്കുഴപ്പം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നമ്മുടെ കർത്താവ് നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി നിങ്ങളുടെ ഹൃദയം വിനയത്തോടെ കൂടുതൽ പൂർണമായി തുറക്കാൻ ശ്രമിക്കുക. തുറന്ന മനസ്സോടും ഹൃദയത്തോടുംകൂടെ ശ്രവിക്കുക. വിശ്വാസമെന്ന നിർമലമായ ദാനം നിങ്ങളെ നയിക്കാൻ അനുവദിക്കുക; അങ്ങനെ നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും അഗാധമായ സത്യങ്ങളിലേക്കു നിങ്ങൾ നയിക്കപ്പെടും.

രഹസ്യാത്മകനും സുന്ദരനുമായ എന്റെ കർത്താവേ, അങ്ങയുടെ ലിഖിതവചനത്തിലൂടെ ജീവിതത്തിലെ ഏറ്റവും അഗാധവും ഗഹനവുമായ രഹസ്യങ്ങൾ അങ്ങ് ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അങ്ങയെ കൂടുതൽ പൂർണമായി അറിയുവാൻ കഴിയേണ്ടതിന്, എപ്പോഴും വിനയത്തോടും തുറന്ന മനസ്സോടുംകൂടെ അങ്ങയുടെ വചനത്തെ സമീപിക്കാൻ എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
താഴെ കൊടുത്തിരിക്കുന്ന വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന പ്രാർത്ഥന, പരമ്പരാഗതമായി വിശുദ്ധ അന്ത്രയോസിന്റെ തിരുനാളായ നവംബർ 30 മുതൽ ക്രിസ്മസിന്റെ തലേദിവസം വരെ ദിവസവും 15 തവണ ചൊല്ലിവരുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – ലൊറേത്തോ മാതാവ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: വിശുദ്ധ സ്നാപകയോഹന്നാൻ ജനങ്ങളെ സ്നാനപ്പെടുത്തുന്നു — രചന: നിക്കോളാസ് പൂസ്സാൻ, വിക്കിമീഡിയ കോമൺസ് വഴി