2023 ജനുവരി 16
ആണ്ടുവട്ടത്തിലെ രണ്ടാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
“മണവാളൻ കൂടെയുള്ളപ്പോൾ വിവാഹവിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ? മണവാളൻ കൂടെയുള്ളിടത്തോളം അവർക്ക് ഉപവസിക്കാൻ കഴിയില്ല. എന്നാൽ മണവാളൻ അവരിൽനിന്ന് എടുത്തുമാറ്റപ്പെടുന്ന ദിവസങ്ങൾ വരും; അന്ന് അവർ ഉപവസിക്കും.” മർക്കോസ് 2:19–20
ഉപവാസത്തെക്കുറിച്ച് യേശുവിനോടു ചോദിക്കുന്ന സ്നാപകയോഹന്നാന്റെ ശിഷ്യന്മാർക്കും ചില ഫരിസേയർക്കും യേശു നൽകുന്ന മറുപടിയാണ് മുകളിലെ വചനഭാഗം വെളിപ്പെടുത്തുന്നത്. യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവാസത്തെക്കുറിച്ചുള്ള യഹൂദനിയമങ്ങൾ പാലിക്കുന്നുണ്ടെന്നും എന്നാൽ യേശുവിന്റെ ശിഷ്യന്മാർ അവ പാലിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉപവാസത്തെക്കുറിച്ചുള്ള പുതിയ നിയമത്തിന്റെ അന്തഃസത്തയിലേക്കാണ് യേശുവിന്റെ മറുപടി കടന്നുചെല്ലുന്നത്.
ഉപവാസം അത്ഭുതകരമായ ഒരു ആത്മീയാനുഷ്ഠാനമാണ്. ക്രമരഹിതമായ ജഡിക പ്രലോഭനങ്ങളെ ചെറുക്കാൻ ഇച്ഛാശക്തിയെ ബലപ്പെടുത്താനും ആത്മാവിനെ നിർമലമാക്കാനും അത് സഹായിക്കുന്നു. എന്നാൽ ഉപവാസം നിത്യതയിലും തുടരുന്ന ഒന്നല്ലെന്നു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഒരുനാൾ സ്വർഗത്തിൽ നാം ദൈവത്തെ മുഖാമുഖം കാണുമ്പോൾ, ഉപവസിക്കാനോ ഏതെങ്കിലും തരത്തിലുള്ള പ്രായശ്ചിത്തം ചെയ്യാനോ പിന്നെ ആവശ്യമുണ്ടാവില്ല. എന്നാൽ ഭൂമിയിലായിരിക്കുമ്പോൾ നാം പോരാടുകയും വീഴുകയും വഴിതെറ്റുകയും ചെയ്യും. ക്രിസ്തുവിലേക്കു മടങ്ങിവരാൻ നമ്മെ സഹായിക്കുന്ന ഏറ്റവും നല്ല ആത്മീയാനുഷ്ഠാനങ്ങളിലൊന്നാണ് പ്രാർഥനയോടു ചേർന്നുള്ള ഉപവാസം.
“മണവാളൻ എടുത്തുമാറ്റപ്പെടുമ്പോൾ” ഉപവാസം ആവശ്യമായിത്തീരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം പാപം ചെയ്യുകയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം മങ്ങിത്തുടങ്ങുകയും ചെയ്യുമ്പോൾ ഉപവാസം ആവശ്യമാണ്. അപ്പോഴാണ് ഉപവാസമെന്ന വ്യക്തിപരമായ ത്യാഗം നമ്മുടെ ഹൃദയങ്ങളെ വീണ്ടും കർത്താവിനായി തുറക്കാൻ സഹായിക്കുന്നത്. പാപശീലങ്ങൾ രൂപപ്പെടുകയും അവ ആഴത്തിൽ വേരൂന്നുകയും ചെയ്യുമ്പോൾ ഇത് വിശേഷാൽ സത്യമാണ്. ഉപവാസം നമ്മുടെ പ്രാർഥനയ്ക്കു വലിയ ശക്തി പകരുകയും, നമുക്ക് ഏറ്റവും ആവശ്യമുള്ളിടത്ത് ദൈവകൃപയുടെ “പുതിയ വീഞ്ഞ്” സ്വീകരിക്കാൻ കഴിയുമാറ് നമ്മുടെ ആത്മാക്കളെ വിശാലമാക്കുകയും ചെയ്യുന്നു.
ഉപവാസത്തോടും മറ്റു പ്രായശ്ചിത്താനുഷ്ഠാനങ്ങളോടുമുള്ള നിങ്ങളുടെ സമീപനത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾ ഉപവസിക്കാറുണ്ടോ? നിങ്ങളുടെ ഇച്ഛാശക്തിയെ ബലപ്പെടുത്താനും കൂടുതൽ പൂർണമായി ക്രിസ്തുവിലേക്കു തിരിയാനും സഹായിക്കുന്നതിനായി നിങ്ങൾ പതിവായി ത്യാഗങ്ങൾ ചെയ്യാറുണ്ടോ? അതോ ആത്മീയാരോഗ്യം വളർത്തുന്ന ഈ അനുഷ്ഠാനം നിങ്ങളുടെ ജീവിതത്തിൽ ഒരു പരിധിവരെ അവഗണിക്കപ്പെട്ടിരിക്കുകയാണോ? ഈ വിശുദ്ധ പരിശ്രമത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത ഇന്ന് പുതുക്കുക; ദൈവം നിങ്ങളുടെ ജീവിതത്തിൽ ശക്തമായി പ്രവർത്തിക്കും.
കർത്താവേ, അങ്ങ് എന്റെമേൽ ചൊരിയാൻ ആഗ്രഹിക്കുന്ന കൃപയുടെ പുതുവീഞ്ഞിനായി ഞാൻ എന്റെ ഹൃദയം തുറക്കുന്നു. ഈ കൃപ സ്വീകരിക്കാൻ വേണ്ട മനോഭാവം എന്നിൽ വളർത്താനും അങ്ങേക്കായി എന്റെ ഹൃദയം കൂടുതൽ തുറക്കുന്നതിന് ആവശ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കാനും എന്നെ സഹായിക്കണമേ. വിശേഷിച്ച്, ഉപവാസമെന്ന അത്ഭുതകരമായ ആത്മീയാനുഷ്ഠാനത്തിൽ പ്രതിബദ്ധതയോടെ നിലനിൽക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ ഈ തപശ്ചര്യ അങ്ങയുടെ രാജ്യത്തിനായി സമൃദ്ധമായി ഫലം പുറപ്പെടുവിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





