2023 മാർച്ച് 28
നോമ്പുകാലത്തിലെ അഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

അവൻ ഇങ്ങനെ സംസാരിച്ചതിനാൽ പലരും അവനിൽ വിശ്വസിച്ചു. യോഹന്നാൻ 8:30
താൻ ആരാണെന്നതിനെക്കുറിച്ച് യേശു നിഗൂഢവും എന്നാൽ അത്യന്തം ആഴമേറിയതുമായ രീതികളിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. മുൻഭാഗങ്ങളിൽ അവിടുന്ന് തന്നെത്തന്നെ “ജീവന്റെ അപ്പം”, “ജീവജലം”, “ലോകത്തിന്റെ പ്രകാശം” എന്നിങ്ങനെ വിശേഷിപ്പിച്ചു. ദൈവത്തിന്റെ പുരാതന നാമമായ “ഞാൻ ആകുന്നു” എന്നുപോലും അവിടുന്ന് സ്വയം വിശേഷിപ്പിച്ചു. കൂടാതെ, സ്വർഗസ്ഥനായ പിതാവിനെ തന്റെ പിതാവായി അവിടുന്ന് നിരന്തരം വെളിപ്പെടുത്തി; ആ പിതാവുമായി താൻ പൂർണ്ണമായി ഐക്യത്തിലാണെന്നും പിതാവിന്റെ ഇഷ്ടം നിറവേറ്റാനായി അവിടുന്നാണ് തന്നെ ലോകത്തിലേക്കയച്ചതെന്നും വ്യക്തമാക്കി. ഉദാഹരണത്തിന്, മുകളിലെ വാക്യത്തിനു തൊട്ടുമുമ്പ് യേശു വ്യക്തമായി പറയുന്നു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തുമ്പോൾ, ഞാൻ ആകുന്നു എന്നും, ഞാൻ സ്വമേധയാ ഒന്നും ചെയ്യുന്നില്ലെന്നും, പിതാവ് എന്നെ പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ് ഞാൻ സംസാരിക്കുന്നതെന്നും നിങ്ങൾ മനസ്സിലാക്കും” (യോഹന്നാൻ 8:28). ഇതുമൂലമാണ് പലരും അവനിൽ വിശ്വസിക്കാൻ ഇടയായത്. എന്നാൽ എന്തുകൊണ്ട്?
യോഹന്നാന്റെ സുവിശേഷം മുന്നോട്ടുപോകുമ്പോഴും യേശുവിന്റെ പ്രബോധനം രഹസ്യപൂർണ്ണവും ആഴമേറിയതും നിഗൂഢവുമായി തുടരുന്നു. താൻ ആരാണെന്നതിനെക്കുറിച്ചുള്ള ആഴമേറിയ സത്യങ്ങൾ യേശു പറയുമ്പോൾ, ശ്രോതാക്കളിൽ ചിലർ അവനിൽ വിശ്വസിക്കുന്നു; മറ്റുചിലർ അവനോട് ശത്രുത പുലർത്തുന്നു. വിശ്വാസത്തിലേക്കു വരുന്നവരും ഒടുവിൽ യേശുവിനെ വധിക്കുന്നവരും തമ്മിലുള്ള വ്യത്യാസമെന്താണ്? ലളിതമായ ഉത്തരം വിശ്വാസം എന്നതാണ്. യേശുവിൽ വിശ്വസിച്ചവരും അവന്റെ വധം ആസൂത്രണം ചെയ്യുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തവരും യേശുവിന്റെ ഒരേ പ്രബോധനമാണ് കേട്ടത്. എന്നിട്ടും അവരുടെ പ്രതികരണങ്ങൾ എത്രയോ വ്യത്യസ്തമായിരുന്നു.
ഇന്ന് നമ്മുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ഈ പ്രബോധനങ്ങൾ ആദ്യമായി യേശുവിന്റെ അധരങ്ങളിൽനിന്നുതന്നെ കേട്ടവരെപ്പോലെ, അതേ പ്രബോധനം നമ്മുടെ മുമ്പിലും അവതരിപ്പിക്കപ്പെടുന്നു. അവിടുത്തെ വചനങ്ങൾ കേട്ട് അവയെ വിശ്വാസത്തോടെ സ്വീകരിക്കാനോ തള്ളിക്കളയാനോ അവയോടു നിസ്സംഗത പുലർത്താനോ ഉള്ള അതേ അവസരം നമുക്കും ലഭിക്കുന്നു. ഈ വചനങ്ങൾ നിമിത്തം യേശുവിൽ വിശ്വസിക്കാൻ ഇടയായ അനേകരിൽ ഒരാളാണോ നിങ്ങൾ?
യോഹന്നാന്റെ സുവിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്ന യേശുവിന്റെ നിഗൂഢവും രഹസ്യപൂർണ്ണവും ആഴമേറിയതുമായ ഈ പ്രബോധനങ്ങൾ വായിക്കുമ്പോൾ, ഈ വചനങ്ങൾ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തണമെങ്കിൽ ദൈവത്തിൽനിന്നുള്ള ഒരു പ്രത്യേക ദാനം ആവശ്യമാണ്. വിശ്വാസം ഒരു ദാനമാണ്. അത് വിശ്വസിക്കാനുള്ള അന്ധമായ ഒരു തിരഞ്ഞെടുപ്പു മാത്രമല്ല. കണ്ടറിവിൽ അധിഷ്ഠിതമായ ഒരു തിരഞ്ഞെടുപ്പാണത്. എന്നാൽ ദൈവത്തിൽനിന്നുള്ള ആന്തരിക വെളിപാടിലൂടെ മാത്രം സാധ്യമാകുന്ന കണ്ടറിവാണത്; ആ വെളിപാടിന് നാം സമ്മതം നൽകുന്നു. അതിനാൽ, വിശ്വാസമെന്ന ദാനത്തിന്റെ ആന്തരിക പ്രകാശത്തോട് നാം തുറവുള്ളവരായിരിക്കുകയും അതു സ്വീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ജീവജലവും ജീവന്റെ അപ്പവും മഹത്തായ “ഞാൻ ആകുന്നു” എന്നവനും ലോകത്തിന്റെ പ്രകാശവും പിതാവിന്റെ പുത്രനുമായ യേശു നമുക്കു മനസ്സിലാകുകയുള്ളൂ; അവിടുന്ന് നമ്മിൽ സ്വാധീനം ചെലുത്തുകയുള്ളൂ. ആ തുറവിയും സ്വീകരണവും ഇല്ലെങ്കിൽ, നാം ശത്രുതയിലോ നിസ്സംഗതയിലോ തുടരും.
ദൈവത്തിന്റെ ആഴമേറിയതും നിഗൂഢവും രഹസ്യപൂർണ്ണവുമായ ഭാഷയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പ്രത്യേകിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ ഈ ഭാഷ വായിക്കുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്? നിങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിക്കുക. മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളുടെ നിലയിലേക്ക് നിങ്ങൾ ഇനിയും എത്തിയിട്ടില്ലെന്നു തോന്നുന്നുവെങ്കിൽ, നമ്മുടെ കർത്താവിന്റെ വചനങ്ങൾ നിങ്ങളുടെ ജീവിതത്തെ ശക്തമായി രൂപാന്തരപ്പെടുത്തേണ്ടതിന് ഇന്ന് വിശ്വാസത്തിന്റെ കൃപ തേടുക.
രഹസ്യപൂർണ്ണനായ എന്റെ കർത്താവേ, അങ്ങ് ആരാണെന്നതിനെക്കുറിച്ചുള്ള അങ്ങയുടെ പ്രബോധനം മനുഷ്യബുദ്ധികൊണ്ടു മാത്രം ഗ്രഹിക്കാവുന്നതിലും അപ്പുറമാണ്. അത് ആഴമേറിയതും രഹസ്യപൂർണ്ണവും സകല ധാരണകൾക്കും അതീതമാംവിധം മഹിമയുള്ളതുമാണ്. അങ്ങയുടെ വിശുദ്ധ വചനത്തിന്റെ സമൃദ്ധിയെക്കുറിച്ചു ധ്യാനിക്കുമ്പോൾ അങ്ങ് ആരാണെന്ന് അറിയാൻ എനിക്കു കഴിയേണ്ടതിന് വിശ്വാസമെന്ന ദാനം എനിക്കു നൽകണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
ധ്യാനം മുപ്പത്തിരണ്ട് – “സ്ത്രീയേ, ഇതാ നിന്റെ മകൻ…ഇതാ നിന്റെ അമ്മ”
(നോമ്പുകാലത്തിലെ അഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം





