മലയാളം

പാപികളോടൊപ്പം ഭക്ഷണം കഴിക്കുക

ജൂലൈ 7, 2023
ആണ്ടുവട്ടത്തിലെ പതിമൂന്നാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം.  നിങ്ങൾ പോയി, ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്  എന്ന വാക്കുകളുടെ അർത്ഥം പഠിക്കുവിൻ. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്.”  മത്തായി 9:12–13

നിങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് “ആരോഗ്യമുള്ള” ഒരാളെന്നാണോ, അതോ “രോഗിയായ” ഒരാളെന്നാണോ? നിങ്ങൾ “നീതിമാന്മാരുടെ” കൂട്ടത്തിലാണോ, അതോ “പാപികളുടെ” കൂട്ടത്തിലാണോ? ഈ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ശ്രദ്ധിക്കുക. തീർച്ചയായും, പതിതമായ നമ്മുടെ മനുഷ്യസ്വഭാവത്തോടൊപ്പമുള്ള അഹങ്കാരം നാം “ആരോഗ്യമുള്ളവരും” “നീതിമാന്മാരും” ആണെന്ന് അവകാശപ്പെടാൻ നമ്മെ പലപ്പോഴും പ്രലോഭിപ്പിക്കുന്നു. എന്നാൽ നാം “രോഗികളുടെയും” “പാപികളുടെയും” കൂട്ടത്തിലാണെന്ന സത്യം വിനയം വെളിപ്പെടുത്തും.

തന്നെ അനുഗമിക്കാൻ താൻ അല്പം മുമ്പ് വിളിച്ച ചുങ്കക്കാരനായ മത്തായിയുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ച ഫരിസേയർക്കുള്ള മറുപടിയാണ് യേശുവിന്റെ ഈ വാക്കുകൾ. മത്തായി യഥാർത്ഥത്തിൽ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. തുടർന്ന് തന്റെ വീട്ടിൽ യേശുവിനായി ഒരു വിരുന്നൊരുക്കി. ആ വിരുന്നിൽ “അനേകം ചുങ്കക്കാരും പാപികളും” വന്ന് യേശുവിനോടും അവിടുത്തെ ശിഷ്യന്മാരോടും ഒപ്പം ഇരുന്നു. ഇതു കണ്ട് ഫരിസേയർ അവരെയെല്ലാം പരിഹസിച്ചു.

യേശുവിന്റെ ഈ മറുപടി നാം കേൾക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ളവർക്കും നീതിമാന്മാർക്കും വേണ്ടിയല്ല, രോഗികൾക്കും പാപികൾക്കും വേണ്ടിയാണ് താൻ വന്നതെന്ന അവിടുത്തെ പ്രസ്താവന രണ്ടു പ്രധാന കാര്യങ്ങൾ നമ്മോടു പറയുന്നു. ഒന്നാമതായി, നാമെല്ലാവരും ആത്മീയമായി രോഗികളും പാപമുള്ളവരുമാണെന്ന് അതു നമ്മോടു പറയുന്നു. രണ്ടാമതായി, ഇക്കാര്യം വിനയത്തോടെ സമ്മതിക്കാൻ നമുക്കു കഴിയാതെ, നാം ആരോഗ്യമുള്ളവരും നീതിമാന്മാരുമാണെന്ന് അഹങ്കാരത്തോടെ അവകാശപ്പെടുന്നെങ്കിൽ, ഫലത്തിൽ ദിവ്യവൈദ്യനായ യേശുവിനെ നമ്മുടെ ജീവിതത്തിൽനിന്ന് നാം തള്ളിക്കളയുകയാണെന്ന് അതു നമ്മോടു പറയുന്നു. ഫലത്തിൽ, “കർത്താവേ, എനിക്ക് അങ്ങയെ ആവശ്യമില്ല” എന്നു നാം പറയുകയാണ്.

പാപികളോടൊപ്പം കാണപ്പെടുന്നതിൽ യേശുവിന് ലജ്ജ തോന്നിയില്ല എന്നതും ശ്രദ്ധിക്കുന്നത് പ്രയോജനകരമാണ്. അവിടുന്ന് ഒട്ടും മടിച്ചില്ല; വാസ്തവത്തിൽ, താൻ വന്നത് അവർക്കുവേണ്ടിയാണെന്ന് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തു. അതിനാൽ, ആത്മീയമായി രോഗികളായ, നമ്മുടെ കർത്താവിനെ ആവശ്യമുള്ള പാപികളാണ് നാമെന്ന് സമ്മതിക്കാൻ നാം ഭയപ്പെടുകയോ ലജ്ജിക്കുകയോ ചെയ്യരുത്. ആ വസ്തുത നിഷേധിക്കുന്നത് യാഥാർത്ഥ്യത്തെ നിഷേധിക്കലാണ്; ജീവിതത്തിൽ നമുക്ക് തീർച്ചയായും ആവശ്യമായ നിരന്തരസൗഖ്യത്തിന്റെ ഉറവിടത്തെത്തന്നെ നിഷേധിക്കലുമാണ്. യേശുക്രിസ്തുവിനെത്തന്നെ നമുക്ക് ആവശ്യമാണെന്ന സത്യത്തിന്റെ നിഷേധമാണത്.

നിങ്ങൾക്ക് നമ്മുടെ കർത്താവിനെ ആവശ്യമുണ്ടോ? അനുദിനം ആന്തരിക ശുദ്ധീകരണവും സൗഖ്യവും പാപമോചനവും നിങ്ങൾക്ക് ആവശ്യമുണ്ടോ? ആ ചോദ്യത്തിന് പൂർണ്ണഹൃദയത്തോടെ “ഉണ്ട്” എന്നു പറയാൻ നിങ്ങൾക്കു പ്രയാസമാണെങ്കിൽ, ഒരുപക്ഷേ നിങ്ങൾ തിരിച്ചറിയുന്നതിലുമധികം ഫരിസേയരുടെ അഹങ്കാരവുമായി നിങ്ങൾ മല്ലിടുന്നുണ്ടാകാം. നിങ്ങൾ എത്ര വിശുദ്ധരായിത്തീർന്നാലും, എത്ര ആഴമായി പ്രാർത്ഥിച്ചാലും, എത്ര ഉപവിയുള്ളവരായിരുന്നാലും, ഓരോ ദിവസവും ദിവ്യവൈദ്യന്റെ സൗഖ്യവും പാപമോചനവും നിങ്ങൾക്ക് എപ്പോഴും ആവശ്യമായിരിക്കും.

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പാപമോചനം എത്രമാത്രം ആവശ്യമാണെന്ന് ചിന്തിക്കുക. ഏതു പാപത്തോടാണ് നിങ്ങൾ ഏറ്റവും അധികം മല്ലിടുന്നത്? ശ്രദ്ധേയമായ കാര്യം ഇതാണ്: ഒരാൾ എത്രത്തോളം വിശുദ്ധനായിത്തീരുന്നുവോ, അത്രത്തോളം വ്യക്തമായി തന്റെ അനുദിന പാപങ്ങളും പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും ആവശ്യകതയും കാണുന്നു. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ, ആത്മശോധനയ്ക്കായി സമയം ചെലവഴിക്കുക. കൂടുതൽ സമഗ്രമായും സത്യസന്ധമായും അതു ചെയ്യാനുള്ള വഴികൾ തേടുക. അങ്ങനെ ചെയ്താൽ, ദിവ്യവൈദ്യനായ നമ്മുടെ കർത്താവ് ഇന്നും എന്നും നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ അതിയായി ആഗ്രഹിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം.

ക്ഷമിക്കുന്ന എന്റെ കർത്താവേ, ഞങ്ങളുടെ എല്ലാ പാപങ്ങളും ക്ഷമിക്കാനും എല്ലാ അസ്വസ്ഥതകളും സുഖപ്പെടുത്താനുമായി വന്ന ദിവ്യവൈദ്യനാണ് അങ്ങ്. ഞാൻ വിനയത്താൽ നിറയാനും എന്റെ ജീവിതത്തിലെ പാപം വ്യക്തമായി കാണാനും കഴിയേണ്ടതിന് എന്റെ അഹങ്കാരവും സ്വയം നീതിമാനെന്ന ഭാവവും നീക്കണമേ. എന്റെ പാപം കാണുമ്പോൾ, അങ്ങയിലേക്കു തിരിയാനും അങ്ങയുടെ സമൃദ്ധമായ കരുണയിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങ് വന്നത് പാപികൾക്കുവേണ്ടിയാണ്; അങ്ങയുടെ സഹായം ആവശ്യമുള്ള ആ പാപികളിൽ ഒരാളാണ് ഞാനും. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ജെയിംസ് ടിസ്സോ വരച്ച ‘മത്തായിയുടെ വീട്ടിലെ വിരുന്ന്’, വിക്കിമീഡിയ കോമൺസ് വഴി