മലയാളം

ദൈവജ്ഞാനത്തിനായുള്ള അന്വേഷണം

ജൂലൈ 24, 2023
ആണ്ടുവട്ടക്കാലം പതിനാറാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ ശർബെൽ മഖ്‌ലൂഫ്, വൈദികൻ, ഏകാന്തവാസി—ഐച്ഛിക അനുസ്മരണം

വീഡിയോ

വിധിദിനത്തിൽ ദക്ഷിണദേശത്തെ രാജ്ഞി ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. കാരണം, സോളമന്റെ ജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു വന്നു; എന്നാൽ സോളമനെക്കാൾ വലിയതു ഇവിടെ ഉണ്ട്.” മത്തായി 12:42

ഈ ഭാഗത്ത്, സോളമൻ രാജാവിനെ കാണാനായി ദക്ഷിണ അറേബ്യയിൽനിന്ന് ഏകദേശം 1,400 മൈൽ സഞ്ചരിച്ചുവന്ന ഷേബാരാജ്ഞിയെക്കുറിച്ച് യേശു പരാമർശിക്കുന്നു. ആ പ്രദേശം മിക്കവാറും ഇന്നത്തെ യെമനിലോ എത്യോപ്യയിലോ ആയിരുന്നിരിക്കാം. സോളമനെക്കുറിച്ചും അദ്ദേഹത്തിന്റെ സമ്പത്തിനെയും ജ്ഞാനത്തെയും കുറിച്ചും രാജ്ഞി ഏറെ കേട്ടിരുന്നു. കേട്ടതെല്ലാം സത്യമാണോ എന്ന് അറിയാൻ അവൾ ആഗ്രഹിച്ചു. അതിനാൽ അവൾ ആ ദീർഘയാത്ര നടത്തി. പാരമ്പര്യമനുസരിച്ച്, ഏകദേശം ആറുമാസത്തോളം അവൾ അദ്ദേഹത്തോടൊപ്പം താമസിച്ചു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചശേഷം, അവൾക്ക് അദ്ദേഹത്തോട് വലിയ മതിപ്പു തോന്നുകയും സ്വർണവും സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും സമ്മാനമായി നൽകുകയും ചെയ്തു. അവൾ അദ്ദേഹത്തോടു പറഞ്ഞു: “ഇവിടെ വന്ന് എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ കേട്ട വാർത്ത വിശ്വസിച്ചിരുന്നില്ല. എന്നോടു പറഞ്ഞിരുന്നത് ഇതിന്റെ പകുതിപോലുമല്ല. അങ്ങയുടെ ജ്ഞാനവും ഐശ്വര്യവും ഞാൻ കേട്ട വാർത്തയെ അതിശയിക്കുന്നു” (1രാജാക്കന്മാർ 10:7).

ഈ വിദേശരാജ്ഞിക്ക് സോളമനോട് ആഴമായ മതിപ്പു തോന്നി. അവളുടെ യാത്രയും സമ്മാനങ്ങളും വാക്കുകളും അദ്ദേഹത്തോടുള്ള അവളുടെ ആഴമായ ആദരവും മതിപ്പും വ്യക്തമാക്കുന്നു. യേശു തന്നെയാണ് സോളമനെക്കാൾ എത്രയോ വലിയവനെന്നും, രാജ്ഞി സോളമനോടു പെരുമാറിയതിനെക്കാൾ എത്രയോ ഉന്നതമായ രീതിയിൽ യേശുവിനോടു പെരുമാറേണ്ടതുണ്ടെന്നും ഉള്ള ലളിതമായ സത്യം വ്യക്തമാക്കാനാണ് യേശു ഈ സംഭവം ഉപയോഗിക്കുന്നത്. എന്നാൽ, അന്ത്യവിധിയിൽ ഈ രാജ്ഞി എഴുന്നേറ്റ് നിയമജ്ഞരെയും ഫരിസേയരെയും കുറ്റം വിധിക്കുമെന്നും യേശു വ്യക്തമാക്കുന്നു. കാരണം, യേശുവിന്റെ ജ്ഞാനവും രാജത്വവും തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു. പകരം, അവിടുന്ന് ആരാണെന്നതിനുള്ള അടയാളങ്ങളും തെളിവുകളും തേടിയാണ് അവർ യേശുവിന്റെ അടുത്തുവന്നത്.

നമ്മുടെ സ്വന്തം ജീവിതത്തിൽ ഷേബാ രാജ്ഞിയുടെ സാക്ഷ്യം യഥാർഥ പ്രചോദനത്തിന്റെ ഉറവിടമാകണം. അവൾതന്നെ അധികാരവും സമ്പത്തുമുള്ള ഒരാളായിരുന്നു. എന്നിട്ടും സോളമനിൽനിന്നു പഠിക്കാനും ദൈവം അദ്ദേഹത്തിനു നൽകിയ മഹത്തായ ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടാനും അവൾ ആഗ്രഹിച്ചു. അനുദിനം നമ്മുടെ കർത്താവിലേക്കു തിരിയാനും അവിടുത്തെ ജ്ഞാനം തേടാനും നമുക്കു കഴിയുന്നതെല്ലാം ചെയ്യുന്നതിന് അവൾ നമ്മെ പ്രചോദിപ്പിക്കണം.

യേശുവിന്റെ ജ്ഞാനം പല വഴികളിലൂടെ നമ്മിലേക്കൊഴുകുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളുടെ ഉറവിടമെന്ന നിലയിൽ സുവിശേഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വ്യക്തിപരമായ പ്രാർഥനയും വിശുദ്ധരുടെ ജീവിതങ്ങളെക്കുറിച്ചുള്ള വായനയും നമ്മുടെ സഭയുടെ പ്രബോധനങ്ങളെക്കുറിച്ചുള്ള പഠനവും ദൈവം നമുക്കു നൽകുന്ന ജ്ഞാനം സ്വീകരിക്കുന്നതിനുള്ള അനിവാര്യ മാർഗങ്ങളാണ്. ദൈവജ്ഞാനത്തിൽ വളരാൻ നിങ്ങൾക്കു ലഭ്യമായ അനേകം വഴികളെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഷേബാ രാജ്ഞിയെ ഒരു പ്രചോദനമായി സ്വീകരിക്കാൻ ശ്രമിക്കുക. അവൾക്കുണ്ടായിരുന്ന അതേ തീക്ഷ്ണത നിങ്ങൾക്കുമുണ്ടോ? വിശുദ്ധമായ അറിവു നേടാനായി ഏറെ സമയവും പരിശ്രമവും ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണോ? സോളമന്റെ അടുത്തേക്കു യാത്ര ചെയ്യാൻ അവൾ ആഗ്രഹിച്ചതുപോലെ, യേശുവിന്റെ അടുത്തേക്കു യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

വിശുദ്ധ ജ്ഞാനം തേടുന്നതിന് ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ആലസ്യം, അഥവാ മടിയാണ്. ചിന്താശൂന്യമായ കാര്യങ്ങളിൽ നമ്മുടെ മനസ്സിനെ മുഴുകിക്കാൻ ദിനംതോറും കൂടുതൽ എളുപ്പമായിക്കൊണ്ടിരിക്കുന്നു. അനേകർക്ക് ടെലിവിഷന്റെയോ കമ്പ്യൂട്ടറിന്റെയോ മൊബൈൽ ഉപകരണങ്ങളുടെയോ മുന്നിൽ അനായാസം മണിക്കൂറുകൾ ചെലവഴിച്ച് വിലപ്പെട്ട സമയവും ഊർജവും പാഴാക്കാൻ കഴിയുന്നു. ദൈവത്തോടുള്ള തീക്ഷ്ണതയും വിശ്വാസത്തിന്റെ അനേകം സത്യങ്ങൾക്കായുള്ള അന്വേഷണവും നമ്മുടെ ജീവിതത്തിലെ ആലസ്യത്തിനുള്ള പ്രതിവിധിയായി മാറണം. നാം അറിയാൻ ആഗ്രഹിക്കണം. നമ്മുടെ ഉള്ളിലെ ആ വിശുദ്ധമായ ആഗ്രഹം വർധിപ്പിക്കാൻ നമുക്കു കഴിയുന്നതെല്ലാം ചെയ്യുകയും വേണം.

സോളമന്റെ ജ്ഞാനം തേടി ഈ രാജ്ഞി നടത്തിയ ദീർഘയാത്രയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, അവൾക്കുണ്ടായിരുന്ന അതേ തീക്ഷ്ണത നിങ്ങളും പ്രകടിപ്പിക്കുന്നുണ്ടോയെന്നും ദൈവജ്ഞാനം തേടുന്നതിൽ നിങ്ങൾ എത്രമാത്രം സമർപ്പിതരാണെന്നും പരിശോധിക്കുക. നിങ്ങൾക്കു കുറവുള്ളിടത്ത് അവളുടെ സാക്ഷ്യം നിങ്ങൾക്കു പ്രചോദനമാകട്ടെ. യേശു സോളമനെക്കാൾ അനന്തമാംവിധം വലിയവനും ജ്ഞാനിയുമാണ്. പ്രാർഥനയിലൂടെയും വിശുദ്ധമായ പഠനത്തിലൂടെയും അവിടുത്തെ സമീപിക്കാനുള്ള പൂർണമായ അവസരം നമുക്കു നൽകപ്പെട്ടിരിക്കുന്നു. ഉറച്ച നിശ്ചയത്തോടെ നമ്മുടെ കർത്താവിലേക്കുള്ള ആ വിശുദ്ധയാത്ര നിങ്ങൾ നടത്തുമെങ്കിൽ, നിയമജ്ഞരുടെയും ഫരിസേയരുടെയും വിധിദിനത്തിൽനിന്നു വ്യത്യസ്തമായി, നിങ്ങളുടെ വിധിദിനം മഹത്വപൂർണമായിരിക്കും.

സകല ജ്ഞാനത്തിന്റെയും നാഥനായ എന്റെ കർത്താവേ, രാജാക്കന്മാരിൽ ഏറ്റവും ജ്ഞാനിയായവനെക്കാളും അങ്ങ് അനന്തമായി വലിയവനാണ്; എനിക്കു സങ്കൽപ്പിക്കാവുന്ന എന്തിനെക്കാളും മഹിമയുള്ളവനുമാണ്. പ്രിയ കർത്താവേ, ഞാൻ തീക്ഷ്ണതയോടെ അങ്ങയെ തേടാനും അനുദിനം അങ്ങയിലേക്കു യാത്ര ചെയ്യാനും എന്നെ തീക്ഷ്ണതയാൽ നിറയ്ക്കണമേ. അങ്ങയുടെ ജ്ഞാനവും അങ്ങയെ തന്നെയും എനിക്കു ലഭിക്കേണ്ടതിന് എന്റെ പ്രാർഥനയെയും പഠനത്തെയും നയിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ –വിശുദ്ധ ശർബെൽ മഖ്‌ലൂഫ്, പുരോഹിതൻ, ഏകാന്തവാസി

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: റഫേല്ലോ സാൻസിയോ ദ ഉർബീനോ വരച്ച ഷേബാ രാജ്ഞി, വിക്കിമീഡിയ കോമൺസ് വഴി