മലയാളം

യഥാർഥ സംതൃപ്തി തേടി

വ്യാഴാഴ്ച, 2023 സെപ്റ്റംബർ 21

അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ മത്തായിയുടെ തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

“നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്തുകൊണ്ട്?” ഇതു കേട്ട് അവൻ പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം. ഞാൻ ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ് എന്ന വാക്കുകളുടെ അർഥം പോയി പഠിക്കുവിൻ. ഞാൻ വന്നത് നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്.” മത്തായി 9:11–13

മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിനു തൊട്ടുമുമ്പ്, ചുങ്കക്കാരനായ മത്തായി ചുങ്കസ്ഥലത്തിരുന്ന് നികുതി പിരിക്കുന്നത് യേശു കണ്ടു. യേശു അവന്റെ അടുത്തുചെന്ന് ലളിതമായ രണ്ടു വാക്കുകൾ പറഞ്ഞു: “എന്നെ അനുഗമിക്കുക.” മത്തായി എന്തു ചെയ്തു? അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിക്കുകയും തന്റെ വീട്ടിൽ ഭക്ഷണത്തിനായി അവിടുത്തെ ക്ഷണിക്കുകയും ചെയ്തു. ഇതു കണ്ടപ്പോൾ ഫരിസേയർ വിധിക്കുന്ന മനോഭാവത്തോടെയും ക്രൂരതയോടെയും പെരുമാറി. അവർ ചോദിച്ചു: “നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്തുകൊണ്ട്?” അവരുടെ പ്രതികരണവും തുടർന്ന് യേശു അവർക്കു നൽകിയ മറുപടിയും നമ്മുടെ കർത്താവിന്റെ നന്മയെക്കുറിച്ച് ഏറെ വെളിപ്പെടുത്തുന്നു.

“ഞാൻ വന്നത് നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്” എന്നു യേശു പറഞ്ഞപ്പോൾ, യഥാർഥത്തിൽ നീതിമാന്മാരായവരെക്കുറിച്ചല്ല അവിടുന്ന് സംസാരിച്ചത്. ഉദാഹരണത്തിന്, യേശുവിനെക്കൂടാതെ അക്കാലത്തു ജീവിച്ചിരുന്നവരിൽ ഏറ്റവും നീതിയുള്ള വ്യക്തി അവിടുത്തെ പ്രിയ മാതാവായിരുന്നു. യേശു അവളെ വിളിച്ചുവെന്നു മാത്രമല്ല, അവൾ എല്ലായ്‌പ്പോഴും പൂർണഹൃദയത്തോടെ ആ വിളിക്കു പ്രത്യുത്തരം നൽകിയെന്നും നമുക്ക് ഉറപ്പിക്കാം. എന്നാൽ, യേശു സംസാരിച്ചത് “സ്വയം നീതിമാന്മാരെന്നു കരുതുന്നവരെ”ക്കുറിച്ചായിരുന്നു. ദൈവത്തിന്റെ സത്യത്തെ അവഗണിക്കുകയും അതിനു പകരം സ്വന്തം ദൃഷ്ടിയിലും മറ്റുള്ളവരുടെ ദൃഷ്ടിയിലും തന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട്, തന്നെക്കുറിച്ച് വലിയ മതിപ്പു പുലർത്തുന്നയാളാണ് സ്വയം നീതിമാനെന്നു കരുതുന്ന വ്യക്തി. ലളിതമായി പറഞ്ഞാൽ, സ്വയം നീതിമാനെന്നു കരുതുന്നത് ഒരു നുണയിൽ വിശ്വസിക്കലാണ്; വാസ്തവത്തിൽ, നുണകളിൽ ഏറ്റവും മോശമായതിൽ വിശ്വസിക്കലാണ്. അത് ഏറ്റവും മോശമായ നുണയാകുന്നത്, ഈ പാപം ഒരു വ്യക്തിയെ ദുശ്ശാഠ്യത്തോടെ സ്വന്തം പാപത്തിൽത്തന്നെ കുടുങ്ങിക്കിടക്കാൻ ഇടയാക്കുന്നതുകൊണ്ടാണ്. സ്വയം നീതിമാനെന്നു കരുതുന്ന വ്യക്തി തന്റെ ജീവിതത്തിൽ മാനസാന്തരത്തിന്റെയോ മാറ്റത്തിന്റെയോ ആവശ്യമൊന്നും കാണുന്നില്ല. അതിനാൽ, ദൈവവചനം സ്വീകരിക്കാനും ആ വചനം തന്നെ രൂപാന്തരപ്പെടുത്താൻ അനുവദിക്കാനും ആ വ്യക്തി മനസ്സു തുറക്കുന്നില്ല.

ഇന്ന് നാം ആദരിക്കുന്ന വിശുദ്ധ മത്തായി വ്യത്യസ്തനായിരുന്നു. അവൻ തീർച്ചയായും ഒരു പാപിയായിരുന്നു. മിക്കവാറും അവൻ അത്യാഗ്രഹിയും തന്റെ പണത്തോട് അമിതമായ ആസക്തിയുള്ളവനുമായിരുന്നിരിക്കാം. അക്കാലത്ത് ചുങ്കക്കാർക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. കാരണം, അവർ റോമാക്കാർക്കുവേണ്ടി ജോലി ചെയ്തിരുന്ന യഹൂദരായിരുന്നു; അതിനാൽ സ്വന്തം ജനത്തെ വഞ്ചിക്കുന്നവരായി അവർ കണക്കാക്കപ്പെട്ടു. കൂടാതെ, അവർ കള്ളന്മാരായും കണക്കാക്കപ്പെട്ടു. കാരണം, പണത്തിൽ കുറെ സ്വന്തം കീശയിലാക്കാൻവേണ്ടി, തങ്ങൾക്കു ലഭിക്കേണ്ടതിലും കൂടുതൽ അവർ പലപ്പോഴും ബലമായി പിരിച്ചെടുത്തിരുന്നു. ഇക്കാരണത്താൽ പല യഹൂദരും ചുങ്കക്കാരെ ഭയപ്പെടുകയും ചെയ്തിരുന്നു; നിയമവിരുദ്ധമായ ഈ പ്രവൃത്തിയിൽ ചുങ്കക്കാർക്ക് റോമിന്റെ പിന്തുണയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു.

പാപിയും ചുങ്കക്കാരനുമായ മത്തായിയുടെ അടുത്തേക്ക് യേശു ചെന്ന്, തന്റെ അനുയായിയാകാൻ ആത്മവിശ്വാസത്തോടെ അവനെ വിളിച്ചു എന്നതാണ് അതിശയകരം. മിക്കവാറും, അവന്റെ ഹൃദയത്തിന്റെ ഉള്ളറകൾ യേശുവിനു കാണാൻ കഴിഞ്ഞിരിക്കണം. മത്തായി തന്റെ ജീവിതത്തിൽ സന്തുഷ്ടനല്ലെന്നും അതിലുപരിയായ എന്തോ ഒന്ന് അന്വേഷിക്കുകയാണെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. അതിനാൽ, തന്നെ അനുഗമിക്കാൻ യേശു അവനെ വിളിച്ച ഉടനെ മത്തായിയുടെ ആത്മാവിൽ എന്തോ സംഭവിച്ചുവെന്നതു വ്യക്തമാണ്. അവൻ എഴുന്നേറ്റ് നമ്മുടെ കർത്താവിനെ അനുഗമിച്ചു എന്നത്, ഭൗതികസമ്പത്തിനോടുള്ള അവന്റെ ആഗ്രഹത്തെക്കാൾ യേശുവിലേക്കുള്ള ആത്മീയമായ ആകർഷണം ഏറെ ശക്തമായിരുന്നുവെന്നു കാണിക്കുന്നു.

ഇതേ സത്യം നമ്മിൽ ഓരോരുത്തർക്കും ബാധകമാണ്. നാം എന്തിലേക്കു ആകർഷിക്കപ്പെട്ടാലും, ജീവിതത്തിൽ ഏതുവിധത്തിൽ സംതൃപ്തി തേടിയാലും, നമുക്കു സംതൃപ്തി നൽകുന്ന ഒരേയൊരു കാര്യമേയുള്ളൂ എന്നതാണ് അതിസ്വാഭാവികമായ സത്യം. ലോകത്തിലെ മുഴുവൻ പണവും സകല ഭൗതിക അധികാരവും പ്രതാപവും നമുക്കുണ്ടായേക്കാം; എന്നിട്ടും, യേശുവിലേക്കു തിരിഞ്ഞ് അവിടുത്തെ അനുഗമിക്കുന്നതുവരെ നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽ നമുക്കു സമാധാനം കണ്ടെത്താനാവില്ല. ചിലർ ജീവിതത്തിന്റെ ആദ്യകാലത്തുതന്നെ ഈ സത്യം പഠിക്കുന്നു; ചിലർ പിന്നീടു പഠിക്കുന്നു; മറ്റു ചിലരാകട്ടെ ഒരിക്കലും ഇതു കണ്ടെത്തുന്നില്ല.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എത്രമാത്രം സംതൃപ്തരാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. എന്തിന്റെയെങ്കിലും കുറവുണ്ടോ? ഉണ്ടെങ്കിൽ, ജീവിതത്തിലെ നിങ്ങളുടെ ലക്ഷ്യങ്ങളും മുൻഗണനകളും പരിശോധിക്കുക. നിങ്ങളുടെ സമയത്തിൽ ഏറിയ പങ്കും എന്തിനെക്കുറിച്ചു ചിന്തിക്കാനും സംസാരിക്കാനും മനോരാജ്യം കാണാനുമാണ് ചെലവഴിക്കുന്നത്? നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ഓരോ ആഗ്രഹത്തിലും നിറഞ്ഞുനിൽക്കുന്നത് നമ്മുടെ കർത്താവല്ലെങ്കിൽ, ജീവിതത്തിൽ അസംതൃപ്തി അനുഭവപ്പെടുമെന്ന് നിങ്ങൾക്കു പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ, വിശുദ്ധ മത്തായിയുടെ സാക്ഷ്യത്തിലേക്കു നോക്കുക. ദാരിദ്ര്യത്തിൽ തന്നെ അനുഗമിക്കാനായി പാപവും അത്യാഗ്രഹവും നിറഞ്ഞ ജീവിതം ഉപേക്ഷിക്കാനുള്ള യേശുവിന്റെ ക്ഷണത്തിനു പ്രത്യുത്തരം നൽകിയതുകൊണ്ടാണ് അദ്ദേഹം ഇന്ന് ഒരു വിശുദ്ധനായിരിക്കുന്നത്. എന്നാൽ, ലോകത്തിന്റെ ദൃഷ്ടിയിലുള്ള ആ ദാരിദ്ര്യത്തിലൂടെയും ഭൗതികവസ്തുക്കളുടെ പരിത്യാഗത്തിലൂടെയും വിശുദ്ധ മത്തായി അതിസമ്പന്നനായിത്തീർന്നു; സ്വർഗത്തിൽ എന്നേക്കും അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്യും.

എല്ലാ സംതൃപ്തിയുടെയും നാഥനായ കർത്താവേ, അങ്ങയുടെ ജനം മുഴുവനെയും അങ്ങയെ അനുഗമിക്കാൻ അങ്ങ് വിളിക്കുന്നു. അങ്ങയുടെ സ്വരം കേൾക്കുക മാത്രമല്ല, പൂർണഹൃദയത്തോടെ പ്രത്യുത്തരം നൽകുകയും ചെയ്യാൻ കഴിയേണ്ടതിന്, ആ വിളിയോടു എന്റെ മനസ്സും ഹൃദയവും തുറക്കണമേ. അങ്ങ് എന്നെ നയിക്കുന്നിടത്തെല്ലാം അങ്ങയെ അനുഗമിക്കാൻ കഴിയേണ്ടതിന്, അങ്ങയിൽനിന്ന് എന്നെ അകറ്റിനിർത്തുന്ന ഈ ലോകത്തിലെ വസ്തുക്കളോടുള്ള ആസക്തി ഉപേക്ഷിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – സുവിശേഷകനായ വിശുദ്ധ മത്തായി, അപ്പസ്തോലൻ, സുവിശേഷകൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: വിശുദ്ധ മത്തായിയുടെ വിളി — രചന: ജൊവാന്നി പാവോളോ പനീനി, വിക്കിമീഡിയ കോമൺസ് വഴി