മലയാളം

നമ്മുടെ കരുണാമയിയായ അമ്മ

2023 ഡിസംബർ 12, ചൊവ്വാഴ്ച

ഗ്വാഡലൂപ്പെയിലെ പരിശുദ്ധ മാതാവ്—അമേരിക്കൻ ഐക്യനാടുകളിൽ തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

അപ്പോൾ ദൂതൻ അവളോടു പറഞ്ഞു: “മറിയമേ, ഭയപ്പെടേണ്ടാ; നീ ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയിരിക്കുന്നു. ഇതാ, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; നീ അവന് യേശു എന്നു പേരിടണം.”  ലൂക്കാ 1:30–31

ക്രിസ്തുവിശ്വാസം സ്വീകരിച്ച, തദ്ദേശീയ ഇന്ത്യൻ വംശജനായ ജുവാൻ ഡിയേഗോയ്ക്ക് നമ്മുടെ പരിശുദ്ധ അമ്മ തുടർച്ചയായി നൽകിയ അഞ്ച് ദർശനങ്ങളാണ് നാം ഇന്ന് ആഘോഷിക്കുന്നത്. 1531 ഡിസംബർ 9-ന് അതിരാവിലെ ജുവാൻ ത്ലാറ്റെലോൽകോ പട്ടണത്തിലേക്കു പോകുകയായിരുന്നു. അവിടെ മതബോധന ക്ലാസിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാൽ വഴിയിൽ തെപെയാക് കുന്നിനരികിലൂടെ കടന്നുപോകുമ്പോൾ, ഉജ്ജ്വലമായ ഒരു പ്രകാശം കാണാനും സ്വർഗീയ സംഗീതം കേൾക്കാനുമുള്ള അനുഗ്രഹം അദ്ദേഹത്തിനു ലഭിച്ചു. വിസ്മയത്തോടും ഭയഭക്തിയോടുംകൂടെ മുകളിലേക്കു നോക്കിയപ്പോൾ, തന്നെ വിളിക്കുന്ന മധുരമായ ഒരു സ്വരം അദ്ദേഹം കേട്ടു. ആ സ്വരം കേട്ട ദിക്കിലേക്കു ചെന്നപ്പോൾ, മഹിമയണിഞ്ഞ ദൈവമാതാവ് യുവതിയുടെ രൂപത്തിൽ സ്വർഗീയ തേജസ്സോടെ നിൽക്കുന്നത് അദ്ദേഹം കണ്ടു. അമ്മ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ നിന്റെ കരുണാമയിയായ അമ്മയാണ്…” ആ സ്ഥലത്ത് ഒരു ദേവാലയം പണിയണമെന്ന് താൻ ആഗ്രഹിക്കുന്നതായും, ജുവാൻ ചെന്ന് മെക്സിക്കോ സിറ്റിയിലെ മെത്രാനെ ഇക്കാര്യം അറിയിക്കണമെന്നും അമ്മ വെളിപ്പെടുത്തി.

പരിശുദ്ധ മാതാവ് ആവശ്യപ്പെട്ടതുപോലെ ജുവാൻ ചെയ്തു. എന്നാൽ മെത്രാൻ വിശ്വസിക്കാൻ മടിച്ചു. ദൈവമാതാവ് വീണ്ടും ജുവാനു പ്രത്യക്ഷപ്പെട്ട്, തന്റെ അഭ്യർഥനയുമായി മെത്രാന്റെ അടുത്തേക്കു മടങ്ങിച്ചെല്ലാൻ ആവശ്യപ്പെട്ടു. ഇത്തവണ മെത്രാൻ ഒരു അടയാളം ആവശ്യപ്പെട്ടു. ജുവാൻ ഇക്കാര്യം ദൈവമാതാവിനെ അറിയിച്ചു. ഒരു അടയാളം നൽകുമെന്ന് അമ്മ പറഞ്ഞു. എന്നാൽ രോഗിയായ അമ്മാവനെ പരിചരിക്കേണ്ടിയിരുന്നതിനാൽ ആ അടയാളം സ്വീകരിക്കാൻ ജുവാന് കഴിഞ്ഞില്ല.

എന്നാൽ രണ്ടു ദിവസത്തിനുശേഷം, 1531 ഡിസംബർ 12-ന്, ജുവാൻ വീണ്ടും ത്ലാറ്റെലോൽകോയിലെ ദേവാലയത്തിലേക്കു പോകുകയായിരുന്നു. മരണാസന്നനായ അമ്മാവന്റെ അടുത്തു വന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ പുരോഹിതനോട് അപേക്ഷിക്കാനായിരുന്നു ആ യാത്ര. എന്നാൽ സ്വർഗീയ സന്ദർശകയുമായുള്ള കൂടിക്കാഴ്ചമൂലം വൈകാതിരിക്കാൻ ഇത്തവണ ജുവാൻ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. പക്ഷേ ഇത്തവണയും നമ്മുടെ പരിശുദ്ധ അമ്മ അദ്ദേഹത്തിന്റെ അടുത്തെത്തി പറഞ്ഞു: “എന്റെ മക്കളിൽ ഏറ്റവും ചെറിയവനും ഏറ്റവും പ്രിയപ്പെട്ടവനുമായ മകനേ, സാരമില്ല; എന്നാൽ ഇപ്പോൾ ഞാൻ പറയുന്നതു കേൾക്കുക. ഒന്നും നിന്നെ വ്യാകുലപ്പെടുത്താതിരിക്കട്ടെ; രോഗത്തെയോ വേദനയെയോ ഭയപ്പെടരുത്. നിന്റെ അമ്മയായ ഞാൻ ഇവിടെ ഇല്ലയോ? നീ എന്റെ തണലിലും സംരക്ഷണയിലുമല്ലേ? നീ എന്റെ കരവലയത്തിലല്ലേ? നിനക്കു മറ്റെന്തെങ്കിലും ആവശ്യമുണ്ടോ? ഭയപ്പെടേണ്ടാ, നിന്റെ അമ്മാവൻ മരിക്കുകയില്ല. ഉറപ്പായും അറിഞ്ഞുകൊൾക…അദ്ദേഹം ഇതിനകം സുഖം പ്രാപിച്ചിരിക്കുന്നു.”

സ്വർഗീയ സന്ദർശകയിൽനിന്ന് ഇതു കേട്ടയുടനെ ജുവാൻ അത്യന്തം ആനന്ദിക്കുകയും മെത്രാനു നൽകാൻ ഒരു അടയാളം ചോദിക്കുകയും ചെയ്തു. കുന്നിൻമുകളിലേക്കു പോകാൻ ദൈവമാതാവ് അദ്ദേഹത്തോടു നിർദേശിച്ചു. പൂക്കാലമല്ലാതിരുന്നിട്ടും അവിടെ ധാരാളം പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് അദ്ദേഹത്തിനു കാണാനാകുമായിരുന്നു. അമ്മ പറഞ്ഞതുപോലെ ജുവാൻ ചെയ്തു. പൂക്കൾ കണ്ടപ്പോൾ, അവ പറിച്ചെടുത്ത് തന്റെ പുറംവസ്ത്രമായ തിൽമയിൽ നിറച്ചു. മെത്രാൻ ആവശ്യപ്പെട്ട അടയാളമായി അവ അദ്ദേഹത്തിന്റെ അടുത്തേക്കു കൊണ്ടുപോകാനായിരുന്നു അത്.

തുടർന്ന്, ആ പൂക്കൾ സമർപ്പിക്കാനായി ജുവാൻ മെക്സിക്കോ സിറ്റിയിലെ മെത്രാനായ ഫ്രേ ജുവാൻ ദെ സുമാറാഗായുടെ അടുത്തേക്കു മടങ്ങി. പൂക്കൾ പുറത്തേക്കിടാൻ അദ്ദേഹം തന്റെ തിൽമ തുറന്നപ്പോൾ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, തനിക്കു പ്രത്യക്ഷപ്പെട്ട അതേ സ്ത്രീയുടെ ചിത്രം അതിൽ തെളിഞ്ഞു. ആ ചിത്രം വരച്ചതായിരുന്നില്ല; മറിച്ച്, ലളിതവും പരുപരുത്തതുമായ ആ മേലങ്കിയിലെ ഓരോ നൂലിന്റെയും നിറം മാറിയാണ് മനോഹരമായ ആ ചിത്രം രൂപപ്പെട്ടത്. അതേ ദിവസംതന്നെ നമ്മുടെ പരിശുദ്ധ അമ്മ ജുവാന്റെ അമ്മാവനും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അത്ഭുതകരമായി സുഖപ്പെടുത്തിയിരുന്നു.

ഈ അത്ഭുതസംഭവങ്ങൾ മെക്സിക്കൻ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ടെങ്കിലും, അവയുടെ സന്ദേശത്തിന്റെ പ്രാധാന്യം സാംസ്കാരികതലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. “ഞാൻ നിങ്ങളുടെ കരുണാമയിയായ അമ്മയാണ്,” എന്ന് അവൾ പറഞ്ഞു! നാമെല്ലാവരും തന്നെ നമ്മുടെ അമ്മയായി അറിയണമെന്നതാണ് നമ്മുടെ പരിശുദ്ധ അമ്മയുടെ ഏറ്റവും ആഴമായ ആഗ്രഹം. സ്നേഹനിധിയായ ഏതൊരു അമ്മയെയും പോലെ, ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നമ്മോടൊപ്പം നടക്കാൻ അവൾ ആഗ്രഹിക്കുന്നു. നമ്മെ പഠിപ്പിക്കാനും നയിക്കാനും തന്റെ ദിവ്യപുത്രന്റെ കരുണാർദ്രമായ സ്നേഹം നമുക്ക് വെളിപ്പെടുത്താനും അവൾ ആഗ്രഹിക്കുന്നു.

ദൈവമാതാവിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. എന്നാൽ പ്രത്യേകിച്ച് അമ്മയുടെ മാതൃസ്നേഹത്തെക്കുറിച്ചു ധ്യാനിക്കുക. അമ്മയുടെ സ്നേഹം നിർമ്മലമായ കരുണയാണ്; അഗാധമായ കരുതലും അനുകമ്പയും നിറഞ്ഞ ഒരു ദാനമാണ്. നമ്മുടെ വിശുദ്ധിയാണ് അമ്മയുടെ ഏക ആഗ്രഹം. ഇന്ന് അമ്മയോടു സംസാരിക്കുക; നിങ്ങളുടെ കരുണാമയിയായ അമ്മയായി നിങ്ങളുടെ അടുത്തേക്കു വരാൻ അമ്മയെ ക്ഷണിക്കുക.

എന്റെ പരമകാരുണ്യമയിയായ അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുന്നു; അമ്മയുടെ സ്നേഹം എന്റെമേൽ വർഷിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. ഇന്ന് എന്റെ ആവശ്യത്തിൽ ഞാൻ അമ്മയുടെ പക്കലേക്കു തിരിയുന്നു; അമ്മയുടെ പുത്രനായ യേശുവിന്റെ സമൃദ്ധമായ കൃപ അമ്മ എനിക്കു നേടിത്തരുമെന്നു ഞാൻ വിശ്വസിക്കുന്നു. മറിയമാതാവേ, ഗ്വാഡലൂപ്പെയിലെ കന്യകയേ, ആവശ്യങ്ങളിൽ അമ്മയുടെ പക്കലേക്കു തിരിയുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.  വിശുദ്ധ ജുവാൻ ഡിയേഗോ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

2024-ൽ പുതിയത്!
മികച്ചൊരു ക്രിസ്മസ് സമ്മാനം…

ആരാധനാവത്സരത്തിലെ വിശുദ്ധരും തിരുനാളുകളും
ഒന്നു മുതൽ നാലു വരെ വാല്യങ്ങൾ

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസവും 15 തവണ ചൊല്ലുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – ഗ്വാഡലൂപ്പെ മാതാവ്—അമേരിക്കൻ ഐക്യനാടുകളിൽ തിരുനാൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഗ്വാഡലൂപ്പെ മാതാവ്, വിക്കിമീഡിയ കോമൺസ് മുഖേന