ഡിസംബർ 15, 2023
ആഗമനകാലത്തിലെ രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യപ്പെടുത്തും? ചന്തസ്ഥലങ്ങളിൽ ഇരുന്ന് പരസ്പരം വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണിത്: ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി, എന്നാൽ നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം ആലപിച്ചു, എന്നാൽ നിങ്ങൾ വിലപിച്ചില്ല.’” മത്തായി 11:16–17
“ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി…” എന്നും “ഞങ്ങൾ വിലാപഗാനം ആലപിച്ചു…” എന്നും പറയുമ്പോൾ യേശു എന്താണ് അർഥമാക്കുന്നത്? പുരാതന പ്രവാചകർ പ്രഘോഷിച്ച ദൈവവചനമാണ് ഈ “കുഴലൂത്തും” “വിലാപഗാനവും” എന്ന് സഭാപിതാക്കന്മാർ വ്യക്തമായി തിരിച്ചറിയുന്നു. വഴിയൊരുക്കാൻ യേശുവിനുമുമ്പ് അനേകർ വന്നു; എന്നാൽ അനേകരും ചെവിക്കൊടുത്തില്ല. സ്നാപക യോഹന്നാൻ അവസാനത്തെയും ഏറ്റവും വലിയവനുമായ പ്രവാചകനായിരുന്നു. അദ്ദേഹം ജനങ്ങളെ മാനസാന്തരത്തിലേക്കു വിളിച്ചു; എന്നാൽ ചുരുക്കം ചിലർ മാത്രമേ ചെവിക്കൊടുത്തുള്ളൂ. അങ്ങനെ, യേശു ദുഃഖകരമായ ഈ സത്യം ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ ഈ കാലഘട്ടത്തിൽ, പഴയനിയമത്തിലെ പ്രവാചകന്മാരെക്കാൾ എത്രയോ അധികം നമുക്കു ലഭിച്ചിട്ടുണ്ട്. വിശുദ്ധരുടെ വിസ്മയകരമായ സാക്ഷ്യവും സഭയുടെ അപ്രമാദപരമായ പ്രബോധനവും കൂദാശകളുടെ ദാനവും പുതിയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവപുത്രന്റെതന്നെ ജീവിതവും പ്രബോധനവും നമുക്കുണ്ട്. എന്നിട്ടും, ദുഃഖകരമെന്നു പറയട്ടെ, അനേകർ ചെവിക്കൊടുക്കാൻ വിസമ്മതിക്കുന്നു. സുവിശേഷത്തോടുള്ള പ്രതികരണമായി “നൃത്തം ചെയ്യാനും” “വിലപിക്കാനും” അനേകർ പരാജയപ്പെടുന്നു.
തന്റെ ജീവിതവും മരണവും ഉത്ഥാനവും വഴി ക്രിസ്തുയേശു നമുക്കു ദാനമായി ലഭിച്ചിരിക്കുന്നത് നമ്മുടെ പൂർണഹൃദയത്തോടെയുള്ള ആനന്ദത്തിനും നിത്യമായ ആരാധനയ്ക്കും കാരണമാകണം എന്ന അർഥത്തിലാണ് നാം “നൃത്തം ചെയ്യേണ്ടത്”. ദൈവപുത്രനെ യഥാർഥമായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ആനന്ദത്താൽ നിറയുന്നു! അതോടൊപ്പം, നമ്മുടെ സ്വന്തം ജീവിതത്തിലും നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിലും ഉള്ള എണ്ണമറ്റ പാപങ്ങളെപ്രതി നാം “വിലപിക്കുകയും” വേണം. പാപം യാഥാർഥ്യമാണ്; അത് വ്യാപകവുമാണ്. വിശുദ്ധമായ ദുഃഖം മാത്രമാണ് അതിനോടുള്ള ഉചിതമായ പ്രതികരണം. രക്ഷ യാഥാർഥ്യമാണ്. നരകം യാഥാർഥ്യമാണ്. ഈ രണ്ടു സത്യങ്ങളും നമ്മിൽനിന്ന് സമ്പൂർണമായ പ്രതികരണം ആവശ്യപ്പെടുന്നു.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ, നിങ്ങളെ സ്വാധീനിക്കാൻ സുവിശേഷത്തെ എത്രത്തോളം പൂർണമായി അനുവദിച്ചിട്ടുണ്ട്? വിശുദ്ധരുടെ ജീവിതത്തിലൂടെയും നമ്മുടെ സഭയിലൂടെയും മുഴങ്ങിയ ദൈവസ്വരത്തിന് നിങ്ങൾ എത്രമാത്രം ശ്രദ്ധ കൊടുക്കുന്നു? പ്രാർഥനയിൽ നിങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ ദൈവം നിങ്ങളോടു സംസാരിക്കുമ്പോൾ, അവിടുത്തെ സ്വരം കേൾക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ കേൾക്കുന്നുണ്ടോ? പ്രതികരിക്കുന്നുണ്ടോ? അനുഗമിക്കുന്നുണ്ടോ? ക്രിസ്തുവിന്റെയും അവിടുത്തെ ദൗത്യത്തിന്റെയും സേവനത്തിനായി നിങ്ങളുടെ ജീവിതം മുഴുവനും സമർപ്പിക്കുന്നുണ്ടോ?
ലോകരക്ഷകന്റെ വ്യക്തവും തെറ്റിദ്ധാരണയ്ക്കിടയില്ലാത്തതും രൂപാന്തരപ്പെടുത്തുന്നതും ജീവദായകവുമായ വാക്കുകളെയും സാന്നിധ്യത്തെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവിടുന്ന് വ്യക്തമായി അരുളിച്ചെയ്ത എല്ലാറ്റിനും അവിടുത്തെ സാന്നിധ്യത്തിനുതന്നെയും ജീവിതത്തിൽ നിങ്ങൾ എത്രമാത്രം ശ്രദ്ധ കൊടുത്തിട്ടുണ്ട് എന്നു വിചിന്തനം ചെയ്യുക. ദൈവമഹത്വത്തിനായി “നൃത്തം ചെയ്യുന്നതായും” നിങ്ങളുടെ ജീവിതത്തിലും നമ്മുടെ ലോകത്തിലും വ്യക്തമായി കാണുന്ന പാപങ്ങളെപ്രതി “വിലപിക്കുന്നതായും” നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നില്ലെങ്കിൽ, ക്രിസ്തുവിനെ സമൂലമായി അനുഗമിക്കാൻ വീണ്ടും സ്വയം സമർപ്പിക്കുക. ആത്യന്തികമായി, യുഗങ്ങളിലുടനീളം ദൈവം അരുളിച്ചെയ്ത സത്യവും അവിടുത്തെ പരിശുദ്ധവും ദൈവികവുമായ സാന്നിധ്യവും മാത്രമാണ് പ്രധാനം.
എന്റെ മഹത്വപൂർണ്ണനായ കർത്താവീശോയേ, എന്റെ ജീവിതത്തിലും എനിക്കു ചുറ്റുമുള്ള ലോകത്തിലും അങ്ങയുടെ ദിവ്യസാന്നിധ്യം ഞാൻ അംഗീകരിക്കുന്നു. ഓരോ ദിവസവും അങ്ങ് എന്നോടു സംസാരിക്കുകയും എന്റെ അടുക്കലേക്കു വരികയും ചെയ്യുന്ന എണ്ണമറ്റ വഴികളിൽ കൂടുതൽ ശ്രദ്ധയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെയും അങ്ങയുടെ വിശുദ്ധ വചനത്തെയും ഞാൻ കണ്ടെത്തുമ്പോൾ എന്നെ ആനന്ദത്താൽ നിറയ്ക്കണമേ. എന്റെ പാപവും ലോകത്തിന്റെ പാപങ്ങളും ഞാൻ കാണുമ്പോൾ എനിക്കു യഥാർത്ഥ മനസ്താപം നൽകണമേ. അങ്ങനെ എന്റെ സ്വന്തം പാപത്തിനെതിരെ പോരാടാനും അങ്ങയുടെ സ്നേഹവും കരുണയും ഏറ്റവും ആവശ്യമുള്ളവരിലേക്ക് അവ എത്തിക്കാനും ഞാൻ അക്ഷീണം പരിശ്രമിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
2024-ൽ പുതിയത്!
മികച്ചൊരു ക്രിസ്മസ് സമ്മാനം…
ആരാധനാവത്സരത്തിലെ വിശുദ്ധരും തിരുനാളുകളും
ഒന്നു മുതൽ നാലു വരെ വാല്യങ്ങൾ
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്ന് വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർഥന.
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ടിഷ്യൻ വരച്ച വിശുദ്ധ സ്നാപക യോഹന്നാൻ





