2023 ഡിസംബർ 29, വെള്ളിയാഴ്ച
ക്രിസ്മസ് അഷ്ടദിനാഘോഷത്തിലെ അഞ്ചാം ദിനം
ഇന്നത്തെ വായനകൾ
വിശുദ്ധ തോമസ് ബെക്കറ്റ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

ശിശുവിനെക്കുറിച്ചു പറയപ്പെട്ട കാര്യങ്ങളിൽ അവന്റെ പിതാവും മാതാവും വിസ്മയിച്ചു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: “ഇതാ, ഇസ്രായേലിൽ അനേകരുടെ പതനത്തിനും ഉയർച്ചയ്ക്കും എതിർക്കപ്പെടുന്ന ഒരു അടയാളമാകുന്നതിനുമായി ഈ ശിശു നിയോഗിക്കപ്പെട്ടിരിക്കുന്നു. അനേകം ഹൃദയങ്ങളിലെ ചിന്തകൾ വെളിപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിലൂടെയും ഒരു വാൾ തുളച്ചുകയറും.” ലൂക്കാ 2:33–35
യഥാർഥത്തിൽ പ്രകൃത്യാതീതമായ എന്തെങ്കിലും സംഭവിക്കുമ്പോൾ, ആ സംഭവം ഗ്രഹിക്കുന്ന മനുഷ്യമനസ്സ് വിസ്മയവും ഭയഭക്തിയുംകൊണ്ടു നിറയുന്നു. മറിയം അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മനസ്സുകൾ, തങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശുദ്ധമായ ആശ്ചര്യത്താൽ നിരന്തരം നിറഞ്ഞിരുന്നു.
ആദ്യം നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് മംഗളവാർത്ത ലഭിച്ചു. തുടർന്ന് ദൈവദൂതൻ സ്വപ്നത്തിൽ യൗസേപ്പിനു പ്രത്യക്ഷപ്പെട്ടു. പിന്നെ അത്ഭുതകരമായ ആ ജനനം നടന്നു. ഇടയന്മാർ അവരുടെ ശിശുവിനെ ആരാധിക്കാൻ വരികയും ഒരു വലിയ ദൂതഗണം തങ്ങൾക്കു പ്രത്യക്ഷപ്പെട്ടതായി അറിയിക്കുകയും ചെയ്തു. അധികം വൈകാതെ, കിഴക്കുനിന്നുള്ള ജ്ഞാനികൾ അവരുടെ ശിശുവിന് വണക്കം അർപ്പിക്കാൻ എത്തി. ഇന്ന് ദേവാലയത്തിലെ ശിമയോന്റെ വിവരണം നമുക്കു നൽകപ്പെടുന്നു. ഈ ശിശുവിനെക്കുറിച്ചു തനിക്കു ലഭിച്ച പ്രകൃത്യാതീതമായ വെളിപാടിനെപ്പറ്റി അദ്ദേഹം സംസാരിച്ചു. നടന്നുകൊണ്ടിരുന്ന കാര്യങ്ങളുടെ അത്ഭുതം വീണ്ടും വീണ്ടും മറിയം അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മുമ്പിൽ അവതരിപ്പിക്കപ്പെട്ടു. ഓരോ തവണയും അവർ വിസ്മയത്തോടും ഭയഭക്തിയോടുംകൂടെ പ്രതികരിച്ചു.
മറിയവും യൗസേപ്പും അനുഭവിച്ചതുപോലെ മനുഷ്യാവതാരമെന്ന ഈ പ്രകൃത്യാതീത സംഭവം നേരിട്ട് അനുഭവിക്കാൻ നമുക്ക് അനുഗ്രഹം ലഭിച്ചിട്ടില്ലെങ്കിലും, അതിനെക്കുറിച്ചു പ്രാർഥനാപൂർവം ധ്യാനിച്ചുകൊണ്ട് അവരുടെ “ആശ്ചര്യത്തിലും” “വിസ്മയത്തിലും ഭയഭക്തിയിലും” പങ്കുചേരാൻ നമുക്കു കഴിയും. ദൈവം മനുഷ്യനാകുന്നതിന്റെ വെളിപ്പെടുത്തലായ ക്രിസ്മസിന്റെ രഹസ്യം എല്ലാ കാലത്തെയും സ്ഥലത്തെയും അതിവർത്തിക്കുന്ന ഒരു സംഭവമാണ്. പ്രകൃത്യാതീതമായ ഉറവിടമുള്ള ഒരു ആത്മീയ യാഥാർഥ്യമാണത്. അതിനാൽ വിശ്വാസപൂർണമായ നമ്മുടെ മനസ്സുകൾക്കു പൂർണമായി സമീപിക്കാൻ കഴിയുന്ന ഒരു സംഭവവുമാണത്. മറിയം അമ്മയെയും വിശുദ്ധ യൗസേപ്പിതാവിനെയുംപോലെ, മംഗളവാർത്ത അറിയിക്കുന്ന ദൂതനെയും യൗസേപ്പിന്റെ സ്വപ്നത്തിലെ ദൂതനെയും നാം ശ്രവിക്കണം. ഇടയന്മാരെയും ജ്ഞാനികളെയും നാം കാണണം. ഇന്ന്, നവജാതനായ മിശിഹായെ, ലോകരക്ഷകനെ, നോക്കിക്കണ്ട ശിമയോനോടൊപ്പം നാമും ആനന്ദിക്കണം.
ഈ വിശുദ്ധ കാലത്ത് നാം ആഘോഷിക്കുന്ന അത്ഭുതകരമായ രഹസ്യത്തിൽ മുഴുകാൻ നിങ്ങളുടെ മനസ്സിനെ എത്രത്തോളം അനുവദിച്ചിട്ടുണ്ടെന്ന് ഇന്ന് വിചിന്തനം ചെയ്യുക. ആ വിവരണം ഒരിക്കൽക്കൂടി പ്രാർഥനാപൂർവം വായിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയിട്ടുണ്ടോ? ശിമയോനും അന്നയും അനുഭവിച്ച സന്തോഷവും സാഫല്യവും അനുഭവിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ആ ആദ്യ ക്രിസ്മസ് അനുഭവിച്ചപ്പോൾ മറിയം അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മനസ്സിലും ഹൃദയത്തിലും ഉണ്ടായിരുന്നതിനെക്കുറിച്ചു ചിന്തിക്കാൻ നിങ്ങൾ സമയം ചെലവഴിച്ചിട്ടുണ്ടോ? നമ്മുടെ വിശ്വാസത്തിലെ അഗാധവും പ്രകൃത്യാതീതവുമായ ഈ രഹസ്യം ഈ ക്രിസ്മസ് കാലത്ത് നിങ്ങളെ സ്പർശിക്കട്ടെ. അങ്ങനെ, നാം ആഘോഷിക്കുന്നതിനെക്കുറിച്ചു നിങ്ങളും “വിസ്മയഭരിതരാകട്ടെ.”
കർത്താവേ, അങ്ങയുടെ മനുഷ്യാവതാരമെന്ന ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ശിമയോനോടൊപ്പം ഞാനും ആനന്ദിക്കുകയും അങ്ങേക്കു സ്തുതിയും കൃതജ്ഞതയും അർപ്പിക്കുകയും ചെയ്യുന്നു. എനിക്കും ലോകം മുഴുവനും വേണ്ടി അങ്ങു ചെയ്ത കാര്യങ്ങളെ വിസ്മയത്തോടെ നോക്കിക്കാണുമ്പോൾ, യഥാർഥമായ വിസ്മയവും ഭയഭക്തിയും എന്നിൽ പുതുക്കണമേ. അങ്ങയുടെ ജീവനാകുന്ന ഈ അതിസ്വാഭാവിക ദാനത്തെക്കുറിച്ചു ധ്യാനിക്കുന്നതിൽ ഞാൻ ഒരിക്കലും മടുക്കാതിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്ന കാര്യം പരിഗണിക്കാമോ?
ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ തോമസ് ബെക്കറ്റ്, മെത്രാനും രക്തസാക്ഷിയും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ഇതും കാണുക: വ്യാകുലതയുടെ വാൾ




