മലയാളം

യേശുവിൽ ആകൃഷ്ടരായി

ഫെബ്രുവരി 4, 2024
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം, രോഗികളെയും പിശാചുബാധിതരെയും എല്ലാം അവർ അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം മുഴുവൻ വാതിൽക്കൽ ഒരുമിച്ചുകൂടി. വിവിധ രോഗങ്ങളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സുഖപ്പെടുത്തി; അനേകം പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. അവനെ അറിയാമായിരുന്നതിനാൽ സംസാരിക്കാൻ അവൻ അവരെ അനുവദിച്ചില്ല. മർക്കോസ് 1:32–34

ശിമയോൻ പത്രോസിന്റെ വീട്ടിലായിരുന്നു യേശു. പത്രോസിന്റെ അമ്മായിയമ്മയെ അവൻ തൊട്ടുമുമ്പ് സുഖപ്പെടുത്തിയിരുന്നു. സന്ധ്യയായപ്പോൾ “പട്ടണം മുഴുവൻ വാതിൽക്കൽ ഒരുമിച്ചുകൂടി.” പരസ്യശുശ്രൂഷ ആരംഭിച്ചശേഷം യേശു ആദ്യമായിട്ടായിരുന്നു കഫർണാമിൽ എത്തുന്നത്. അപ്പോഴേക്കും ജനങ്ങൾ കൂട്ടംകൂട്ടമായി അവന്റെ അടുക്കലേക്ക് ഒഴുകിയെത്തുകയായിരുന്നു. പിറ്റേന്നു പുലരുന്നതിനുമുമ്പ് യേശു എഴുന്നേറ്റ് പ്രാർത്ഥിക്കാനായി തനിയെ പോയി. അധികം വൈകാതെ ശിഷ്യന്മാരിൽ ചിലർ അവനെ കണ്ടെത്തി, പട്ടണം മുഴുവൻ വീണ്ടും അവനെ അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

വലിയ ആവേശമായിരുന്നു അവിടെ. അനേകർ വിസ്മയഭരിതരായി. യേശുവിനെക്കുറിച്ചുള്ള അവരുടെ വിസ്മയം വെറുമൊരു ജിജ്ഞാസയായിരുന്നില്ല. വിശ്വാസത്തിൽനിന്ന് ഉണർന്ന വിസ്മയമായിരുന്നു അത്. അതുകൊണ്ടാണ് യേശുവിന് അവിടെ അത്രയേറെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിഞ്ഞത്. പണ്ടത്തെ പ്രവാചകന്മാർ ആരെക്കുറിച്ചാണോ പറഞ്ഞിരുന്നത്, ആ വ്യക്തിയാണ് യേശുവെന്ന് ജനങ്ങൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അവനായിരുന്നു മിശിഹാ; ജനങ്ങൾ തങ്ങളുടെ പൂർണ്ണശ്രദ്ധ അവനു നൽകി.

നമുക്കു ധ്യാനിക്കാൻ പറ്റിയ നല്ലൊരു ദൃശ്യമാണിത്. ജനക്കൂട്ടത്തെയും നമ്മുടെ കർത്താവിന്റെ അടുത്തായിരിക്കാനുള്ള അവരുടെ അചഞ്ചലമായ ആഗ്രഹത്തെയും കുറിച്ചു ചിന്തിക്കുമ്പോൾ, ദൈവവുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങളും പരിഗണിക്കുക. നമ്മുടെ കർത്താവിനെ കണ്ടെത്താനും അവനോടൊപ്പമായിരിക്കാനും അവന്റെ വാക്കുകൾ കേൾക്കാനും അവന്റെ കൃപയും കരുണയും സ്വീകരിക്കാനുമുള്ള തീവ്രമായ ആഗ്രഹം നിങ്ങളിൽ പതിവായി നിറയാറുണ്ടോ? അതോ യേശുവിനെയും നിങ്ങളുടെ വിശ്വാസജീവിതത്തിലെ അനുഷ്ഠാനങ്ങളെയും വിരസവും താത്പര്യമുണർത്താത്തതുമായി കാണാനുള്ള പ്രലോഭനം നിങ്ങൾക്കുണ്ടാകുന്നുണ്ടോ? ഉപരിപ്ലവമായ പല കാര്യങ്ങളിലും നാം എളുപ്പത്തിൽ ആകൃഷ്ടരാവുകയും അവ നമ്മുടെ കൗതുകമുണർത്തുകയും ചെയ്യുന്നു എന്നത് ആധുനിക സാങ്കേതികവിദ്യയുടെ ദൗർഭാഗ്യകരമായ ഫലങ്ങളിലൊന്നാണ്. ഒരുപക്ഷേ, അത് മൊബൈൽ ആപ്പിലെ ഏറ്റവും പുതിയ ഹ്രസ്വവീഡിയോയോ, ഇഷ്ടപ്പെട്ട ടെലിവിഷൻ പരമ്പരയുടെ ഏറ്റവും പുതിയ ഭാഗമോ, സമൂഹമാധ്യമത്തിൽ ഒരു സുഹൃത്ത് പങ്കുവെച്ച പുതിയ കുറിപ്പോ ആയിരിക്കാം. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുകയും നമ്മുടെ കൗതുകമുണർത്തുകയും നമ്മെ വിസ്മയിപ്പിക്കുകപോലും ചെയ്യുകയും ചെയ്യുന്ന പല കാര്യങ്ങളും ഇന്നുണ്ട്. നിങ്ങളുടെ ജീവിതത്തിൽ അത്തരത്തിൽ നിങ്ങളെ ആകർഷിക്കുന്നവയിൽ യേശുവും ഉൾപ്പെടുന്നുണ്ടോ?

നിരന്തരമായ ഉത്തേജനങ്ങളും വിനോദങ്ങളും നിറഞ്ഞ നമ്മുടെ ആധുനിക ലോകത്തിൽ, ജനപ്രിയ സംസ്കാരത്തിലെ ഏറ്റവും പുതിയ പ്രവണതയിൽ വിസ്മയിക്കുന്നതും നമ്മുടെ കർത്താവിന്റെ കൃപയിലും ദൈവിക പ്രവൃത്തികളിലും വിസ്മയിക്കുന്നതും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തിയെ മുഖാമുഖം അനുഭവിക്കുമ്പോൾ, നമ്മുടെ ഉള്ളിന്റെ ആഴങ്ങളിൽ നിറവും സംതൃപ്തിയും നൽകുന്ന വിധത്തിൽ നാം വിസ്മയഭരിതരാകും. അത് ആത്മീയമായ ഒരു വിസ്മയമായിരിക്കും; പരിശുദ്ധാത്മാവിന്റെ ദാനമാണത്. ഈ വിധത്തിലുള്ള വിസ്മയത്തിൽനിന്ന് നമുക്കു ലഭിക്കുന്ന സംതൃപ്തി നമ്മെ രൂപാന്തരപ്പെടുത്തുന്നതും ആഴമുള്ളതും നമ്മെ താങ്ങിനിർത്തുന്നതുമാണ്. എന്നാൽ, ഇന്നത്തെ നമ്മുടെ ലോകത്തിൽ സാധാരണമായ, മൂല്യം കുറഞ്ഞതും ഇന്ദ്രിയങ്ങളെ കൂടുതലായി ഉത്തേജിപ്പിക്കുന്നതുമായ “വിസ്മയങ്ങളിലേക്കു” തിരിയുമ്പോൾ, അവ ഒരു നിമിഷം മാത്രമേ നിലനിൽക്കൂ എന്നു നാം തിരിച്ചറിയും. പെട്ടെന്നുതന്നെ നാം ശൂന്യത അനുഭവിക്കുകയും കൂടുതൽ കാര്യങ്ങൾക്കായി കൊതിക്കുകയും ചെയ്യും.

ഇന്നത്തെ സുവിശേഷത്തിൽ, യേശുവിൽ അത്രയേറെ ആകൃഷ്ടരായതിനാൽ അവനെ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്ന ജനങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മിശിഹായെ കണ്ടെത്തിയപ്പോഴുള്ള അവരുടെ ആവേശവും പ്രത്യാശയും യഥാർത്ഥ സന്തോഷവും പരിഗണിക്കുക. അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ, യേശുവിനെക്കുറിച്ചുള്ള അവരുടെ ആവേശം നിങ്ങൾക്കും ഉണ്ടോ എന്നു പരിശോധിക്കുക. ആ ആവേശം കുറവാണെങ്കിൽ, നമ്മുടെ കർത്താവിനെ അന്വേഷിക്കാൻ വീണ്ടും സ്വയം സമർപ്പിക്കുക. ആ ആവേശം നിങ്ങളിൽ കാണുന്നിടത്ത് സന്തോഷിക്കുകയും ദൈവത്തിനു മഹത്ത്വം നൽകുകയും ചെയ്യുക.

മഹത്വപൂർണ്ണനായ കർത്താവേ, അങ്ങയുടെ സ്നേഹവും കരുണയും സത്യമായും വിസ്മയകരമാണ്. എന്റെ ജീവിതത്തിൽ ഇത് നിരന്തരം കാണാനും, എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്താൽ നിരന്തരം ആകൃഷ്ടനാകാനും എന്നെ സഹായിക്കണമേ. എന്റെ പൂർണ്ണശ്രദ്ധയും സ്നേഹവും അങ്ങയ്ക്കു നൽകി, എപ്പോഴും അങ്ങയുടെ അടുക്കലേക്ക് ഓടിവരാൻ എനിക്കാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നോമ്പുകാലത്തിനുള്ള പുസ്തകങ്ങൾ:

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ക്രിസ്തു രോഗികളെ സുഖപ്പെടുത്തുമ്പോൾ ജനക്കൂട്ടങ്ങൾ ഒരുമിച്ചുകൂടുന്നു, Wikimedia Commons വഴി