2024 ഏപ്രിൽ 3
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാചരണത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

അവൻ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്കു നൽകി. അപ്പോൾ അവരുടെ കണ്ണുകൾ തുറന്നു; അവർ അവനെ തിരിച്ചറിഞ്ഞു. എന്നാൽ അവൻ അവരുടെ കാഴ്ചയിൽനിന്ന് മറഞ്ഞു. അപ്പോൾ അവർ പരസ്പരം പറഞ്ഞു: “വഴിയിൽവച്ച് അവൻ നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയങ്ങൾ ഉള്ളിൽ ജ്വലിക്കുകയായിരുന്നില്ലേ?” ലൂക്കാ 24:30–31
യേശുവിന്റെ ശിഷ്യന്മാരിൽ രണ്ടുപേർ ജറുസലെമിൽനിന്ന് എമ്മാവൂസിലേക്കുള്ള വഴിയിലൂടെ ഏഴു മൈൽ ദൂരം നടന്നുപോകുമ്പോൾ കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഇസ്രായേലിനെ വീണ്ടെടുക്കാൻ പോകുന്നത് യേശുവാണെന്ന് അവർ മുമ്പ് പ്രത്യാശിച്ചിരുന്നു—എന്നാൽ അവൻ വധിക്കപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു; അവ അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുക മാത്രമാണ് ചെയ്തത്. അവർ യാത്ര ചെയ്യുമ്പോൾ യേശു ആ രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷനായി. എന്നാൽ ആദ്യം അവർ അവനെ തിരിച്ചറിഞ്ഞില്ല. അവൻ ആരാണെന്നത് അവരുടെ കണ്ണുകളിൽനിന്ന് മറയ്ക്കപ്പെട്ടിരുന്നു. യേശു അവരുടെ വാക്കുകൾ കേൾക്കുകയും അവരുടെ ഗ്രാഹ്യക്കുറവിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് മോശയുടെയും പ്രവാചകന്മാരുടെയും പ്രബോധനങ്ങളും മിശിഹാ പീഡകൾ സഹിക്കുകയും മരിക്കുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നും അവൻ അവർക്കു വിശദീകരിച്ചുകൊടുത്തു. യേശു സംസാരിച്ചപ്പോൾ ശിഷ്യന്മാർക്കു കാര്യങ്ങൾ മനസ്സിലാകാൻ തുടങ്ങി; അവരുടെ ഹൃദയങ്ങൾ ഉള്ളിൽ ജ്വലിച്ചു. ഒടുവിൽ, വിശുദ്ധ കുർബാനയെന്ന ദാനത്തിൽ, അപ്പം മുറിക്കലിൽ, തങ്ങളോടൊപ്പമുള്ളത് യേശുവാണെന്നു കാണാൻ അവരുടെ കണ്ണുകൾ തുറന്നു.
ഉത്ഥിതനായ യേശു തന്റെ സാന്നിധ്യം ഈ ശിഷ്യന്മാരിൽനിന്ന് മറച്ചുവച്ചത് എന്തുകൊണ്ടാണ്? അവർക്കു വിശ്വാസം കുറവായിരുന്നതിനാലാണ് അവൻ അങ്ങനെ ചെയ്തതെന്നു തോന്നുന്നു. അവർ പറഞ്ഞു: “…ഇസ്രായേലിനെ വീണ്ടെടുക്കാൻ പോകുന്നത് അവനായിരിക്കുമെന്നു ഞങ്ങൾ പ്രത്യാശിച്ചിരുന്നു.” എന്നാൽ ക്രൂശുമരണം അവർക്ക് ഉൾക്കൊള്ളാനാവുന്നതിലും അപ്പുറമായിരുന്നു. യേശു സഹിച്ചതുപോലെ രക്ഷകൻ എന്തുകൊണ്ടു പീഡകൾ സഹിക്കേണ്ടിവന്നു എന്ന് അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതിനാൽ അവർ സംശയിക്കാൻ തുടങ്ങി.
വിശ്വാസകാര്യങ്ങളിൽ ആശയക്കുഴപ്പത്തിലാകുകയും സംശയങ്ങളോടു മല്ലിടുകയും ചെയ്യുന്ന ഈ ശിഷ്യന്മാരെപ്പോലെയാണ് പലപ്പോഴും നാമും. അതിനാൽ, എമ്മാവൂസിലേക്കുള്ള വഴിയിലൂടെ നടന്നുപോയ ഈ ശിഷ്യന്മാരിൽ നാം നമ്മെത്തന്നെ കാണണം. തന്റെ രക്ഷാകരപ്രവൃത്തി മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട് യേശു ഈ ശിഷ്യന്മാർക്ക് കാരുണ്യത്തിന്റെ അത്ഭുതകരമായ ഒരു ദാനം നൽകി. തന്നെക്കുറിച്ച് തിരുവെഴുത്തുകളിൽ പഠിപ്പിച്ചിരുന്നതെല്ലാം അവൻ അവർക്കു വിശദീകരിച്ചുകൊടുത്തു. യേശു തങ്ങളെ പഠിപ്പിക്കുന്നതു ശ്രദ്ധിച്ചുകേട്ടപ്പോൾ ഈ ശിഷ്യന്മാർ പതുക്കെ വിശ്വസിക്കാൻ തുടങ്ങി.
യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനുമുള്ള രൂപാന്തരപ്പെടുത്തുന്ന ശക്തിയെക്കുറിച്ച് നമ്മെ പഠിപ്പിക്കാൻ നാമും അവനെ അനുവദിക്കണം. അവന്റെ വിശുദ്ധ വചനം ശ്രദ്ധയോടെ കേൾക്കുകയും അതു കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ഉള്ളിൽ ജ്വലിക്കാൻ അനുവദിക്കുകയും വേണം. ഇങ്ങനെ മാത്രമേ പെസഹാരഹസ്യത്തിന്റെ രൂപാന്തരപ്പെടുത്തുന്ന ശക്തിയെ കൂടുതൽ പൂർണ്ണമായി ഗ്രഹിക്കാനും സ്വീകരിക്കാനും ആവശ്യമായ വിശ്വാസത്തിന്റെ നിലയിലേക്ക് നാം എത്തുകയുള്ളൂ.
ഈ ശിഷ്യന്മാരെയും, മനസ്സിലാക്കാനും വിശ്വസിക്കാനും അവരുടെ കണ്ണുകൾ തുറക്കപ്പെടാനും വേണ്ടി ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കേണ്ടിയിരുന്ന അവരുടെ ആവശ്യകതയെയും കുറിച്ച് ഇന്ന് ചിന്തിക്കുക. ഇതേ കൃപ നിങ്ങൾക്കും ആവശ്യമാണെന്ന് അറിയുക. കൂടുതൽ പൂർണ്ണമായി വിശ്വസിക്കാൻ കഴിയേണ്ടതിന്, നമ്മുടെ കർത്താവിന്റെ വചനത്തിൽ മുഴുകി, അവന്റെ സ്വരം ശ്രവിച്ചുകൊണ്ട് അവനോടൊപ്പം സമയം ചെലവഴിക്കേണ്ടത് നിങ്ങൾക്കും ആവശ്യമാണ്. യേശുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സന്ദേശം നിങ്ങളുടെ ഉള്ളിൽ ജ്വലിക്കാൻ അനുവദിക്കുക; അങ്ങനെ നിങ്ങളും വിശ്വസിക്കാൻ ഇടയാകും.
ഉത്ഥിതനായ എന്റെ കർത്താവേ, വിശ്വാസവും ഗ്രാഹ്യവും കുറവായിരുന്ന ഈ ശിഷ്യന്മാർക്ക് അങ്ങ് പ്രത്യക്ഷനാകുകയും അങ്ങയുടെ വിശുദ്ധ പ്രബോധനമെന്ന ദാനം അവർക്കു നൽകുകയും ചെയ്തുവല്ലോ. പ്രിയ കർത്താവേ, അങ്ങയെക്കുറിച്ചും അങ്ങയുടെ മരണത്തെയും ഉത്ഥാനത്തെയും നവജീവന്റെ മഹത്വപൂർണ്ണമായ ദാനത്തെയും കുറിച്ചും ഞാൻ മനസ്സിലാക്കുകയും അറിയുകയും ചെയ്യേണ്ടതെല്ലാം എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ വചനം എന്റെ ഉള്ളിൽ ജ്വലിക്കുകയും എന്റെ ജീവിതത്തെ രൂപാന്തരത്തിലേക്കു നയിക്കുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആറാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




