2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച
പുരോഹിതനായ വിശുദ്ധ ഡൊമിനിക്കിന്റെ ഓർമ്മദിനം
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ പതിനെട്ടാം ആഴ്ചയിലെ വ്യാഴാഴ്ചത്തെ വായനകൾ

അപ്പോൾ പത്രോസ് യേശുവിനെ മാറ്റിനിർത്തി ശാസിക്കാൻ തുടങ്ങി: “കർത്താവേ, ദൈവം ഇത് അനുവദിക്കാതിരിക്കട്ടെ! അങ്ങേക്ക് ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കരുത്.” യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: “സാത്താനേ, എന്റെ പിന്നിലേക്കു പോകൂ! നീ എനിക്ക് തടസ്സമാണ്. നീ ചിന്തിക്കുന്നത് ദൈവത്തെപ്പോലെയല്ല, മനുഷ്യരെപ്പോലെയാണ്.” മത്തായി 16:22–23
യേശു പത്രോസിനോടു പറഞ്ഞ ഈ വാക്കുകൾ എത്ര ഞെട്ടിപ്പിക്കുന്നതായിരുന്നിരിക്കണം! “സാത്താനേ, എന്റെ പിന്നിലേക്കു പോകൂ!” എന്ന് യേശു പറഞ്ഞു. ഇതിനു മുമ്പുള്ള ഖണ്ഡികയിൽ, യേശു “ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തു” ആണെന്ന് പത്രോസ് ഏറ്റുപറഞ്ഞിരുന്നു. അതിനു മറുപടിയായി, പത്രോസ് പെട്രോസ് ആണെന്നും ഈ പെട്രയിൽ താൻ തന്റെ സഭ പണിയുമെന്നും യേശു അവനോടു പറഞ്ഞു. പെട്രോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം ചലിപ്പിക്കാവുന്ന പാറക്കല്ല് എന്നാണ്; പെട്ര എന്നതാകട്ടെ, ഇളക്കാനാവാത്ത ഉറച്ച പാറയടിത്തറയും. അങ്ങനെ, ഉറച്ച അടിത്തറയിൽ സ്ഥാപിക്കപ്പെട്ട കല്ലായിരിക്കും താനെന്നും, ആ കല്ലുപയോഗിച്ച് യേശു തന്റെ സഭ പണിയുമെന്നും പത്രോസിനു വെളിപ്പെടുത്തപ്പെട്ടു. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ അവനു ലഭിക്കുമെന്നും, അവൻ ഭൂമിയിൽ ബന്ധിക്കുന്നതെന്തും സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കുമെന്നും യേശു പത്രോസിനു വാഗ്ദാനം ചെയ്യുകപോലും ചെയ്തു. എന്നാൽ, തൊട്ടടുത്ത ഖണ്ഡികയിൽത്തന്നെ, “ദൈവത്തെപ്പോലെയല്ല”, മനുഷ്യനെപ്പോലെയാണ് ചിന്തിക്കുന്നതെന്ന് പറഞ്ഞ് യേശു പത്രോസിനെ ശാസിക്കുന്നു.
തനിക്കു വരാനിരിക്കുന്ന പീഡാനുഭവത്തെയും മരണത്തെയും കുറിച്ചുള്ള യേശുവിന്റെ പ്രബോധനം സ്വീകരിക്കാൻ പത്രോസിനു കഴിയാതിരുന്നതിനാലാണ് യേശു അവനെ ശാസിച്ചത്. താൻ ഉടൻതന്നെ ഏറെ പീഡകൾ സഹിക്കുമെന്നും പ്രധാനപുരോഹിതനും നിയമജ്ഞരും ജനപ്രമാണികളും തന്നെ തിരസ്കരിക്കുമെന്നും താൻ വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും യേശു പത്രോസിനോടും മറ്റു ശിഷ്യന്മാരോടും പറഞ്ഞു. അങ്ങനെ, ആഴമേറിയ ഒരു വിശ്വാസപ്രഖ്യാപനത്തിൽനിന്ന് പത്രോസ് ഭയത്തിലേക്കും ദൈവിക രക്ഷാപദ്ധതിയുടെ നിരാകരണത്തിലേക്കും നീങ്ങി. അതുകൊണ്ടാണ്, പത്രോസിനെ വലിയ അധികാരം ഏല്പിച്ചതിനു പിന്നാലെ, അവന്റെ ബലഹീനതയുടെയും ഭയത്തിന്റെയും പേരിൽ യേശു അവനെ ശാസിച്ചത്.
ഭയം പലപ്പോഴും നമ്മെ നിശ്ചലരാക്കുന്ന ഒരു വികാരമാണ്. ഭാവിയിൽ സംഭവിക്കുമെന്ന് നാം കരുതുന്ന ഒരു തിന്മയിൽനിന്നാണ് ഭയം എന്ന വികാരം ഉത്ഭവിക്കുന്നതെന്ന് വിശുദ്ധ തോമസ് അക്വിനാസ് വിശദീകരിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ മരണംപോലെ, ഇപ്പോഴുള്ള ഒരു വേദനയോടുള്ള സ്വാഭാവിക പ്രതികരണമാണ് ദുഃഖം. എന്നാൽ, നാം മുൻകൂട്ടി കാണുന്ന വേദനയോ തിന്മയായി തോന്നുന്ന കാര്യമോ ഇനിയും സംഭവിച്ചിട്ടില്ലാത്ത ഒന്നാകുമ്പോൾ, നാം പലപ്പോഴും ഭയത്തോടെയാണ് പ്രതികരിക്കുന്നത്. നമുക്കു പുറത്തുള്ളതും നമ്മുടെ നിയന്ത്രണത്തിന് അതീതവുമായ എന്തെങ്കിലും കാരണത്താൽ ആ ഭയം ഉണ്ടാകുമ്പോൾ, അത് നമ്മെ ഞെട്ടലിലേക്കും എല്ലാം താങ്ങാവുന്നതിലധികമാണെന്ന തോന്നലിലേക്കും ഉത്കണ്ഠയിലേക്കും പ്രേരിപ്പിക്കുന്നു. പത്രോസിനെ സംബന്ധിച്ചിടത്തോളം, യേശു ഏറെ പീഡകൾ സഹിക്കുകയും വധിക്കപ്പെടുകയും ചെയ്യുമെന്ന ചിന്ത അവനു സ്വീകരിക്കാനാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് പത്രോസ് പറയുന്നു: “കർത്താവേ, ദൈവം ഇത് അനുവദിക്കാതിരിക്കട്ടെ! അങ്ങേക്ക് ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കരുത്.”
യേശു പത്രോസിനെ ശാസിച്ചത് യഥാർഥ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു. ഭയം സൃഷ്ടിച്ച നിശ്ചലാവസ്ഥയിൽനിന്ന് അവനെ തട്ടിയുണർത്തി മോചിപ്പിക്കുന്ന ഒരു മാർഗമായിരുന്നു അത്. പത്രോസ് വ്യക്തമായി ചിന്തിക്കണമെന്നും വരാനിരിക്കുന്ന ഈ സഹനത്തെ ധൈര്യത്തോടും സ്വീകാര്യതയോടും പ്രത്യാശയോടും വിശ്വാസത്തോടുംകൂടെ നേരിടണമെന്നും യേശു ആഗ്രഹിച്ചു. ധൈര്യം ശക്തി നൽകുന്നു. സ്വീകരിക്കാനുള്ള മനസ്സ് ഉത്കണ്ഠ അകറ്റുന്നു. പ്രത്യാശ ആനന്ദം ജനിപ്പിക്കുന്നു. വിശ്വാസമാകട്ടെ, എല്ലാ ഭയത്തിനുമുള്ള പ്രതിവിധിയാണ്. യേശുവിന്റെ സഹനവും പീഡാനുഭവവും താങ്ങാൻ പത്രോസിനും മറ്റു ശിഷ്യന്മാർക്കും കഴിയണമെങ്കിൽ ഇവയും ഇതുപോലുള്ള മറ്റു സദ്ഗുണങ്ങളും ആവശ്യമായിരുന്നു. തിന്മയായി തോന്നുന്ന ഈ കാര്യത്തെ സ്വർഗസ്ഥനായ പിതാവ് രൂപാന്തരപ്പെടുത്തി, ലോകം അതുവരെ അറിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ നന്മയ്ക്കായി ഉപയോഗിക്കുമെന്ന് അവർ അറിയേണ്ടിയിരുന്നു. യേശു “ജറുസലെമിലേക്കു പോകുകയും ഏറെ പീഡകൾ സഹിക്കുകയും ചെയ്യേണ്ടതുണ്ട്…” എന്ന് അവർ അറിയേണ്ടിയിരുന്നു. അത് പിതാവിന്റെ തിരുവിഷ്ടമായിരുന്നു. അത് പിതാവിന്റെ തിരുവിഷ്ടമായിരുന്നതിനാൽ, ദൈവത്തിന്റെ സർവശക്തിയാൽ ഏറ്റവും വലിയ തിന്മയിൽനിന്ന് ഏറ്റവും വലിയ നന്മ ഉളവാകുമായിരുന്നു.
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം ഭയവും ഉത്കണ്ഠയും ഉളവാക്കുന്നത് എന്താണെന്ന് ഇന്ന് ധ്യാനിക്കുക. ഭാവിയിലേക്കു നോക്കുമ്പോൾ നിങ്ങളെ നിശ്ചലരാക്കുന്നത് എന്താണ്? അല്ലെങ്കിൽ, കുറഞ്ഞപക്ഷം ഭയപ്പെടാനും ആകുലപ്പെടാനും നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? നിങ്ങൾ മുൻകൂട്ടി കാണുന്ന ഏതൊരു തിന്മയ്ക്കും സഹനത്തിനും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ നന്മ ഉളവാക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് സത്യം. നിങ്ങളുടെ സ്വാഭാവിക മാനുഷിക മനസ്സിന് ഇത് വിവേചിച്ചറിയാനാവില്ല. യേശു പറയുന്നതുപോലെ, മനുഷ്യരെപ്പോലെയല്ല, ദൈവത്തെപ്പോലെ ചിന്തിക്കാൻ നാം പരിശ്രമിക്കണം. നിങ്ങളിൽ ഉത്കണ്ഠ ഉളവാക്കുന്ന എന്തിനെയും ദൈവത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാൻ ശ്രമിക്കുക. വിശ്വാസത്തിൽ, എല്ലാം നന്മയ്ക്കായി ഉപയോഗിക്കാൻ ദൈവത്തിനു കഴിയുമെന്ന് ആശ്രയിക്കുക. സംശയിക്കാതെ വിശ്വസിക്കുക; സമാധാനത്തോടും ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടെ മുന്നോട്ടു പോകാൻ ആവശ്യമായ അനേകം സദ്ഗുണങ്ങൾ ദൈവം നിങ്ങൾക്കു നൽകിത്തുടങ്ങും.
പീഡകൾ സഹിച്ച എന്റെ കർത്താവേ, അങ്ങ് അനുഭവിച്ച തിന്മയെ അത്യന്തം ധൈര്യത്തോടും സ്നേഹത്തോടുംകൂടെ നേരിട്ടുവല്ലോ. അങ്ങ് ഒരിക്കലും ഭയത്തിനു വഴങ്ങിയില്ല; പകരം, പിതാവിന്റെ തിരുവിഷ്ടം നിറവേറ്റിക്കൊണ്ട് മുന്നോട്ടു നീങ്ങി. ഭയപ്പെടാൻ എന്നെ പ്രേരിപ്പിക്കുന്ന എല്ലാറ്റിനെയും അതിജീവിക്കാനായി അങ്ങയുടെ ശക്തിയിൽ പങ്കുചേരാൻ എനിക്കാവശ്യമായ കൃപ നൽകണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയെ ആശ്രയിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഡൊമിനിക്ക്, വൈദികൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



