2024 ഡിസംബർ 1
ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം സി)
ഇന്നത്തെ വായനകൾ
ആൻഡ്രേയ മന്തേഞ്ഞ, CC BY 3.0, Wikimedia Commons വഴി
“ധൂർത്താഘോഷങ്ങളാലും മദ്യലഹരിയാലും ദൈനംദിന ജീവിതത്തിലെ ഉത്കണ്ഠകളാലും നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിക്കാതിരിക്കാനും ആ ദിവസം ഒരു കെണിപോലെ അപ്രതീക്ഷിതമായി നിങ്ങളെ പിടികൂടാതിരിക്കാനും ജാഗ്രത പുലർത്തുവിൻ. എന്തെന്നാൽ, ആ ദിവസം ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെയും മേൽ വന്നുപതിക്കും. ആസന്നമായിരിക്കുന്ന പീഡകളിൽനിന്നു രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കാനുമുള്ള ശക്തി നിങ്ങൾക്കുണ്ടാകേണ്ടതിന് എല്ലായ്‌പോഴും ഉണർന്നിരുന്ന് പ്രാർഥിക്കുവിൻ.” ലൂക്കാ 21:34–36
“ആ ദിവസം.” മുകളിലെ ഭാഗത്ത് ഈ രണ്ടു വാക്കുകൾ രണ്ടുതവണ പറയുന്നുണ്ട്. ഏതു ദിവസത്തെക്കുറിച്ചാണ് നമ്മുടെ കർത്താവ് പരാമർശിക്കുന്നത്? വ്യക്തമായും, അവിടുന്ന് പ്രധാനമായും പരാമർശിക്കുന്നത് നമ്മുടെ അന്തിമവിധിയുടെ ദിവസത്തെക്കുറിച്ചാണ്. അത് അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ വന്നെത്തിയാലും നാം അതിനു തയ്യാറാണെന്ന് ഉറപ്പുവരുത്താൻ അവിടുന്ന് നമുക്കു മുന്നറിയിപ്പു നൽകുന്നു. അപ്പോൾ നാം എങ്ങനെയാണ് ഒരുങ്ങേണ്ടത്?
മൃഗങ്ങൾക്ക് സഹജബോധം എന്ന സ്വാഭാവിക വരമുണ്ട്. എങ്ങനെ അതിജീവിക്കണം, എങ്ങനെ പ്രത്യുത്പാദനം നടത്തണം, എങ്ങനെ ആഹാരം ശേഖരിക്കണം, എങ്ങനെ അപകടം ഒഴിവാക്കണം എന്നെല്ലാം അവയ്ക്കറിയാം. ദൈവം ഈ അറിവ് അവയുടെ ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്നതുകൊണ്ടാണ് അവ ഇതറിയുന്നത്. സഹജബോധം എന്ന ഈ സ്വാഭാവിക വരത്താൽ എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും അവയ്ക്കറിയാം.
മനുഷ്യരായ നമുക്കും അടിസ്ഥാനപരമായ സ്വാഭാവിക സഹജബോധമുണ്ട്. എന്നാൽ മൃഗങ്ങൾ നേടുന്ന കാര്യങ്ങൾ നേടാൻ നമ്മെ സഹായിക്കുന്നതിനുമാത്രമേ നമ്മുടെ സ്വാഭാവിക സഹജബോധം പര്യാപ്തമാകൂ. അതിനാൽ, അതിലും ഉന്നതമായ അറിവു നേടാനും ക്രിസ്തുവിന്റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ വരവിനായി ആത്മീയമായി എങ്ങനെ ഉചിതമായി ഒരുങ്ങണമെന്ന് അറിയാനും നമുക്ക് അതിലുപരിയായി എന്തെങ്കിലും ആവശ്യമാണ്.
ദൈവം തന്നെയും തന്റെ തിരുവിഷ്ടത്തെയും നമ്മുടെ മാനുഷിക യുക്തിബുദ്ധിക്കു വെളിപ്പെടുത്തിത്തരുന്ന ഒരു പ്രത്യേക കൃപയിലൂടെയാണ് നാം ഏറ്റവും ഉചിതമായി ഒരുങ്ങുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, “ആ ദിവസം” വന്നെത്തുന്ന നിമിഷത്തിൽ അതിനായി പൂർണമായി ഒരുങ്ങിയിരിക്കാനുള്ള ഏറ്റവും നല്ല വഴി നമുക്കറിയാൻ കഴിയും. ഒരുപക്ഷേ, ഈ കഴിവിനെ വിവരിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് അതിനെ “അതിസ്വാഭാവിക സഹജബോധം” എന്നു വിശേഷിപ്പിക്കുകയാണ്. നമ്മുടെ സ്വാഭാവിക സഹജബോധം കൃപയ്ക്കായി തുറക്കപ്പെടുകയും, ജീവിതത്തിലെ ദൈനംദിന തീരുമാനങ്ങൾക്ക് നാം ആധാരമാക്കുന്ന അറിവ് ദൈവം നമ്മിൽ നിവേശിപ്പിക്കുന്ന വിശ്വാസമെന്ന ദാനത്തിലൂടെ അവിടുന്നിൽനിന്നു തുടർച്ചയായി ലഭിക്കുന്ന വ്യക്തിപരമായ വെളിപ്പെടുത്തലിലൂടെ നമ്മിലേക്കെത്തുകയും ചെയ്യുമ്പോൾ, എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും നമുക്കു സ്വാഭാവികമായി അറിയാനാകുന്നതായി നാം കണ്ടെത്തും. ഒരു ഉപമയായി പറഞ്ഞാൽ, ശീതകാലത്ത് തെക്കോട്ടു പറക്കണമെന്ന് ഒരു പക്ഷിക്ക് അറിയുന്നതുപോലെ, അല്ലെങ്കിൽ മുട്ടയിടാൻ ജനിച്ച സ്ഥലത്തേക്കു മടങ്ങണമെന്ന് ഒരു സാൽമൺ മത്സ്യത്തിന് അറിയുന്നതുപോലെ, ദൈവത്തിന്റെ തിരുവിഷ്ടത്തെ ഏറ്റവും നന്നായി എങ്ങനെ സേവിക്കണമെന്നും അങ്ങനെ അവിടുത്തെ ആസന്നമായ പുനരാഗമനത്തിനായി ഏറ്റവും പൂർണമായി എങ്ങനെ ഒരുങ്ങിയിരിക്കണമെന്നും നമ്മുടെ ആത്മാവിൽ നാം “അറിയും.” നാം ചെയ്യുന്ന എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കാനും ദൈവത്തിന്റെ പൂർണവും മഹിമയാർന്നതുമായ തിരുവിഷ്ടത്തിന്റെ പൂർത്തീകരണത്തിലേക്കു നമ്മെ നയിക്കാനും ദൈവകൃപയെ നമ്മുടെ ജീവിതത്തിലേക്കു പ്രവേശിക്കാൻ അനുവദിക്കുന്നതുതന്നെയാണ് “അതിസ്വാഭാവിക സഹജബോധം.” അങ്ങനെ സംഭവിക്കുമ്പോൾ, വരാനിരിക്കുന്ന എല്ലാറ്റിനും നാം സദാ ഒരുങ്ങിയിരിക്കുന്നുവെന്നും ഒരു കെണിയിലെന്നപോലെ ഒരിക്കലും അപ്രതീക്ഷിതമായി പിടിക്കപ്പെടുകയില്ലെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കും.
അതിസ്വാഭാവിക സഹജബോധമായി നിങ്ങളുടെ ഉള്ളിൽ സജീവമായിരിക്കുന്ന ദൈവതിരുവിഷ്ടത്തെക്കുറിച്ചുള്ള അറിവാണോ അനുദിനം നിങ്ങളെ നയിക്കുന്നതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. ഈ ഭാഷ നിങ്ങൾക്ക് അപരിചിതമായി തോന്നുന്നുവെങ്കിൽ, “എന്തുകൊണ്ട്?” എന്ന ചോദ്യത്തെക്കുറിച്ച് ആലോചിക്കാനുള്ള സമയമായിരിക്കാം ഇത്. ദൈവത്തിന്റെ തിരുവിഷ്ടത്തെക്കുറിച്ചുള്ള അതിസ്വാഭാവിക അറിവ് തുടർച്ചയായി ദാനമായി ലഭിക്കുന്നതിലൂടെ അവിടുത്തെ കൃപ നിങ്ങളെ നയിക്കാത്തത് എന്തുകൊണ്ടാണ്? ഈ ഭാഷ നിങ്ങളുടെ ഉള്ളിൽ പ്രതിധ്വനിക്കുന്നുണ്ടെങ്കിൽ, ഈ ദാനത്തെക്കുറിച്ചു ചിന്തിക്കാനും ദൈവം നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിയന്ത്രണം യഥാർഥത്തിൽ ഏറ്റെടുത്തിരിക്കുന്ന വിധത്തിന് നന്ദി പറയാനും സമയം ചെലവഴിക്കുക.
സ്വയം വെളിപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങയുടെ തിരുവിഷ്ടം എപ്പോഴും അറിയാനും അങ്ങയുടെ കൃപയുടെ സൗമ്യവും എന്നാൽ വ്യക്തവുമായ പ്രചോദനങ്ങളാൽ മാത്രം നയിക്കപ്പെടാനും എനിക്കിടയാകണമെന്ന് ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ മഹിമാപൂർണവും അന്തിമവുമായ ആഗമനം വന്നെത്തുന്ന നിമിഷത്തിൽ അതിനായി ഞാൻ സദാ ഒരുങ്ങിയിരിക്കേണ്ടതിന് ദയവായി എന്നെ നയിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അമലോത്ഭവ നൊവേന
നവംബർ 29 – ഡിസംബർ 7
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്ന് വരെ ദിവസവും 15 പ്രാവശ്യം ചൊല്ലുന്നു.
ആഗമനകാല പ്രാർത്ഥനകളും ധ്യാനചിന്തകളും
ഈ ആഴ്ച Giving Tuesday-യോടനുബന്ധിച്ച് ഒരു സംഭാവന നൽകുന്നത് ദയവായി പരിഗണിക്കുക.
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയ്ക്കു തിരഞ്ഞെടുക്കാവുന്ന വായനകൾ





