മലയാളം

കൃപയ്ക്കുള്ള തടസ്സങ്ങൾ നീക്കുക

ഡിസംബർ 8, 2024
ആഗമനകാലത്തിലെ രണ്ടാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

“മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു!” രചന: Lawrence OP, അനുമതിപത്രം CC BY-NC-ND 2.0.

വീഡിയോ

“എല്ലാ താഴ്‌വരകളും നികത്തപ്പെടും; എല്ലാ മലകളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞ വഴികൾ നേരെയാക്കപ്പെടും; ദുർഘടമായ പാതകൾ നിരപ്പാക്കപ്പെടും; സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും.” ലൂക്കാ 3:5–6

ഏശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ വിശുദ്ധ സ്നാപകയോഹന്നാന്റെ ദൗത്യത്തെക്കുറിച്ചാണ് പറയപ്പെട്ടത്. “കർത്താവിന്റെ വഴി ഒരുക്കുക”, “അവിടുത്തെ പാതകൾ നേരെയാക്കുക” എന്നിവയായിരുന്നു യോഹന്നാന്റെ ദൗത്യം. ഇതു പ്രവചിക്കുമ്പോൾ, യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് ഏശയ്യാ വളരെ വ്യക്തമായ ഈ ചിത്രം തുടർന്നു നൽകുന്നു. മലകളും താഴ്‌വരകളും നിരപ്പാക്കുകയും വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും ദുർഘടമായ ഭൂപ്രദേശം സുഗമമാക്കുകയും ചെയ്യുന്ന ഒരു ശുശ്രൂഷയായിരിക്കും അത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിലേക്കുള്ള എല്ലാ തടസ്സങ്ങളും നീക്കി മിശിഹായെ കണ്ടുമുട്ടുന്നത് എളുപ്പമാക്കാനാണ് യോഹന്നാൻ വന്നത്.

യോഹന്നാൻ ഈ ദൗത്യം എങ്ങനെയാണ് പൂർത്തിയാക്കുന്നത്? എല്ലാ വ്യാജ ആകർഷണങ്ങളും ഇല്ലാതാകുന്ന, വരണ്ടതും വിജനവുമായ മരുഭൂമിയിലേക്ക് അക്കാലത്തെ ജനങ്ങളെ വിളിച്ചുകൊണ്ട്. അവർ നേരിട്ടിരുന്ന അനേകം പാപങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും അകന്നുനിൽക്കുന്നതിലൂടെയാണ് ഇതു സംഭവിക്കുന്നത്. അവരുടെ പശ്ചാത്താപം, ദൈവത്തിന്റെ മുമ്പിൽ തങ്ങളെത്തന്നെ എളിമപ്പെടുത്തുകയും സ്വന്തം പാപങ്ങൾ ഏറ്റുപറയുകയും ഒരു രക്ഷകനെ തങ്ങൾക്കാവശ്യമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രവൃത്തിയായിരുന്നു. എളിമയോടെയുള്ള ഈ ഏറ്റുപറച്ചിലും തങ്ങളുടെ ജീവിതരീതികൾ മാറ്റാനുള്ള ദൃഢനിശ്ചയവും ചേർന്ന്, കർത്താവായ ക്രിസ്തുവിലൂടെ വന്ന കൃപയും കരുണയും സ്വീകരിക്കാൻ ഓരോ ഹൃദയത്തെയും ഒരുക്കി.

ഇന്ന് അനേകം ആളുകൾ കൃപയ്ക്ക് തടസ്സമാകുന്ന എണ്ണമറ്റ കാര്യങ്ങളെ നേരിടുന്നു. ചിലർ ഭൗമിക സമ്പത്തും ഭൗതിക സുഖസൗകര്യങ്ങളും നൽകുന്ന സംതൃപ്തിയിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നു; ദൈവത്തിന്റെ ആവശ്യം അവർക്ക് കാര്യമായി അനുഭവപ്പെടുന്നില്ല. മറ്റുചിലർക്ക് ഈ ലോകം നൽകുന്നവയിൽ വളരെക്കുറച്ചേ ഉള്ളൂവെങ്കിലും, പണത്തിനും അതു വാഗ്ദാനം ചെയ്യുന്ന ക്ഷണിക സുഖസൗകര്യങ്ങൾക്കുമുള്ള ആഗ്രഹം അവരെ പൂർണമായി കീഴടക്കിയിരിക്കുന്നു. ഇനിയും ചിലർ മറ്റു പല തരത്തിലുള്ള പാപങ്ങളിലേക്കും വ്യാജ സംതൃപ്തികളിലേക്കും ആകർഷിക്കപ്പെടുന്നു. എന്നാൽ, ദൈവകൃപയുടെ മൃദുവായ മഴ ഉൾക്കൊള്ളാൻ കാത്തിരിക്കുന്ന, വരണ്ടതും വിജനവുമായ മരുഭൂമിപോലെയുള്ള ചിലരുണ്ട്. ഈ ലോകത്തിന്റെ വ്യാജവാഗ്ദാനങ്ങളോടുള്ള ആസക്തി ഉപേക്ഷിക്കാൻ ശ്രമിക്കുകയും, കൃപയുടെ സമൃദ്ധി വരുമ്പോൾ അതു സ്വീകരിക്കാൻ ഒരുങ്ങിയിരിക്കേണ്ടതിന് “ശൂന്യരും” “വരണ്ടവരുമായി” നിലകൊള്ളുകയും ചെയ്യുന്നവരാണിവർ. ഈ വിശുദ്ധാത്മാക്കൾ മാനസാന്തരത്തിനുള്ള വിളിക്ക് ചെവികൊടുക്കുകയും രക്ഷകനെ തങ്ങൾക്കാവശ്യമുണ്ടെന്ന് എളിമയോടെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

ഈ ലോകത്തിന്റെ വ്യാജവും ക്ഷണികവുമായ എല്ലാ സംതൃപ്തികളിൽനിന്നും അകന്ന്, ദൈവത്തിന്റെ മാത്രം കരുണയും കൃപയും ഉൾക്കൊള്ളാൻ ഒരുങ്ങിയിരിക്കുന്ന ആ വരണ്ട, ഊഷരമായ മരുഭൂമിപോലെയാണോ നിങ്ങളുടെ ആത്മാവ് എന്ന് ഇന്ന് ചിന്തിക്കുക. പശ്ചാത്താപം അനാസക്തിയിലേക്കു നയിക്കുന്നു; അനാസക്തി ആത്മാവിനെ ദൈവത്തിനായി ഒരുക്കുന്നു. ഒരാൾ യഥാർഥത്തിൽ അനാസക്തനാകുകയും ദൈവത്തിലേക്കുള്ള അനേകം തടസ്സങ്ങളിൽനിന്ന് സ്വതന്ത്രനാകുകയും ചെയ്യുമ്പോൾ, ദൈവത്തിൽനിന്ന് നിങ്ങളുടെ ആത്മാവിലേക്കുള്ള വഴി നേരായതും അനായാസം സഞ്ചരിക്കാവുന്നതുമായിരിക്കും. നിങ്ങളുടെ ആത്മാവിനെക്കുറിച്ചും അതിൽ അനാരോഗ്യകരമായ ആസക്തികൾ എവിടെയൊക്കെ കാണുന്നു എന്നതിനെക്കുറിച്ചും ഇന്ന് ചിന്തിക്കുക. ദൈവത്തിന്റെ കൃപയും കരുണയും സമൃദ്ധമായി സ്വീകരിക്കാൻ ഏറ്റവും പൂർണമായി ഒരുങ്ങിയിരിക്കുന്നവരിൽ നിങ്ങളും ഉൾപ്പെടേണ്ടതിന് പൂർണഹൃദയത്തോടെ പശ്ചാത്തപിക്കുക.

കർത്താവേ, എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയിലേക്കു തിരിയുന്നു; ഈ ലോകത്തിലെ അനേകം അസത്യങ്ങളെയും സംതൃപ്തിയുടെ വ്യാജവാഗ്ദാനങ്ങളെയും ഓർത്ത് പശ്ചാത്തപിക്കുന്നു. അങ്ങയിൽനിന്നല്ലാത്ത എല്ലാറ്റിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. അങ്ങനെ, വരണ്ടതും ഊഷരവുമായ മരുഭൂമി മൃദുവായ മഴ ഉൾക്കൊള്ളുന്നതുപോലെ, അങ്ങയെയും അങ്ങയുടെ കരുണയെയും ഉൾക്കൊള്ളാൻ എന്റെ ആത്മാവ് കൂടുതൽ പൂർണമായി ഒരുങ്ങട്ടെ. എന്റെ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങയ്ക്കായി തുറന്നുകൊടുക്കുന്നു. വന്ന് എന്റെ ആത്മാവിനെ നിറച്ച് തൃപ്തിപ്പെടുത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾ: തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.