2024 ഡിസംബർ 10
ആഗമനകാലം രണ്ടാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
ലൊറേറ്റോ മാതാവ്—ഐച്ഛിക അനുസ്മരണം
നല്ല ഇടയനായ യേശു രചന: jaci XIII, ഉപയോഗാനുമതി CC BY-NC-SA 2.0
“യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ അഭിപ്രായം എന്താണ്? ഒരുവന് നൂറ് ആടുകൾ ഉണ്ടായിരിക്കുകയും അവയിൽ ഒന്ന് വഴിതെറ്റിപ്പോകുകയും ചെയ്താൽ, അവൻ തൊണ്ണൂറ്റൊൻപതിനെയും മലകളിൽ വിട്ടിട്ട് വഴിതെറ്റിപ്പോയതിനെ അന്വേഷിച്ചു പോകുകയില്ലേ?” മത്തായി 18:12
വഴിതെറ്റിപ്പോയ ആ ഒരാടിനെ കണ്ടെത്തുന്നവൻ, “വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊൻപതിനെയുംകാൾ അതിനെക്കുറിച്ച് അധികം സന്തോഷിക്കുന്നു” എന്ന് ഈ സുവിശേഷഭാഗം തുടർന്നു പറയുന്നു. ഒറ്റനോട്ടത്തിൽ ഇത് നീതിയുക്തമല്ലെന്നു തോന്നാം. വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊൻപതിനെക്കുറിച്ചല്ലേ ആദ്യം സന്തോഷിക്കേണ്ടത്? ഈ ഭാഗത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ, വഴിതെറ്റിപ്പോയ ഒരാടിനെ അന്വേഷിച്ചുപോയ മനുഷ്യൻ ദൈവപുത്രനാണെന്ന് വിശുദ്ധ ഹിലരി വിശദീകരിക്കുന്നു. വഴിതെറ്റിയ മനുഷ്യകുലത്തെ അന്വേഷിച്ച് ഭൂമിയിലേക്കിറങ്ങിവരാൻ അവിടുന്ന് “തൊണ്ണൂറ്റൊൻപതിനെ,” അതായത് സ്വർഗീയ ഗണങ്ങളുടെ മഹിമയെ, വിട്ടുപോന്നു. മനുഷ്യകുലം മുഴുവനുമാണ് നഷ്ടപ്പെട്ട ആ ഒരാട്. അതിൽ നാമെല്ലാവരും ഉൾപ്പെടുന്നു.
സ്വർഗസ്ഥനായ പിതാവിൽനിന്ന് നാം ഏറെ അകന്നുപോയപ്പോൾ, നമ്മിൽ ഓരോരുത്തരെയും അന്വേഷിച്ചുകണ്ടെത്താനുള്ള ദൗത്യവുമായാണ് ദൈവപുത്രൻ അയയ്ക്കപ്പെട്ടത് എന്നതാണ് ഈ വ്യാഖ്യാനം ആദ്യം നമുക്കു വെളിപ്പെടുത്തുന്നത്. നാം മടങ്ങിവരുന്നതും കാത്ത് പിതാവ് വെറുതെ ഇരുന്നില്ല. മറിച്ച്, നമ്മെ അന്വേഷിച്ചുകണ്ടെത്തി തന്റെ ദൈവിക ആട്ടിൻകൂട്ടത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ അവിടുന്ന് പുത്രനെ അയച്ചു.
ഈ വചനഭാഗത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മെ അന്വേഷിച്ചുവരുന്ന നമ്മുടെ കർത്താവിന്റെ തീക്ഷ്ണതയും ദൃഢനിശ്ചയവും തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സ്വന്തം ജീവിതത്തിൽ നിങ്ങൾ ഇത് കാണുന്നുണ്ടോ? ദൈവത്തെ അന്വേഷിച്ചുകണ്ടെത്തുക എന്നത് പ്രധാനമായും നമ്മുടെ ഉത്തരവാദിത്വമാണെന്നു കരുതുന്ന കെണിയിൽ ചിലപ്പോൾ നാം വീണുപോകാം. തീർച്ചയായും നമുക്ക് ഈ ഉത്തരവാദിത്വമുണ്ടെങ്കിലും, നാം വഴിതെറ്റുമ്പോൾ എത്രമാത്രം തീക്ഷ്ണതയോടെയാണ് നമ്മുടെ കർത്താവ് നമ്മെ അന്വേഷിക്കുന്നതെന്നും കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കുമ്പോൾ നമ്മുടെ കടമ വളരെ എളുപ്പമായിത്തീരുന്നു. ദിവസംതോറും നമ്മെ അന്വേഷിച്ചുകണ്ടെത്താൻ നമ്മുടെ കർത്താവ് ചെയ്തതെല്ലാം സ്വർഗത്തിൽവെച്ചുമാത്രമേ നമുക്ക് പൂർണമായി മനസ്സിലാകൂ. എന്നാൽ ഇപ്പോൾ, ഈ ആത്മീയ സത്യം മനസ്സിലാക്കാൻ നാം പരിശ്രമിക്കണം. അപ്പോൾ നമ്മെ കണ്ടെത്താനുള്ള യേശുവിന്റെ തീക്ഷ്ണമായ അന്വേഷണത്തോട് കൂടുതൽ തുറവിയുള്ളവരാകാൻ നമുക്കു കഴിയും.
ഈ വചനഭാഗം വെളിപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം, ദൈവപുത്രൻ നമ്മെ കണ്ടെത്തി നമ്മുടെ പാപത്തിൽനിന്ന് എടുത്തുകൊണ്ടുപോകുന്ന ഓരോ തവണയും അവിടുത്തെ ഹൃദയത്തിലുണ്ടാകുന്ന ആനന്ദമാണ്. നമ്മോടു കോപിക്കുകയും നമ്മെ കുറ്റം വിധിക്കുകയും ചെയ്യുന്ന ഒരു ദൈവമായി അവിടുത്തെ കാണുന്ന കെണിയിൽ പലപ്പോഴും നാം വീണുപോകാം. എന്നാൽ നാം വഴിതെറ്റുമ്പോൾ നമ്മെ കണ്ടെത്താൻ ദൈവപുത്രൻ എത്രത്തോളം പോയെന്ന് മനസ്സിലാക്കുകയും, നമ്മെ കണ്ടെത്തി പാപത്തിൽനിന്ന് എടുത്തുകൊണ്ടുപോകുമ്പോൾ അവിടുത്തെ ഹൃദയത്തിലുണ്ടാകുന്ന ആനന്ദം തിരിച്ചറിയുകയും ചെയ്താൽ, കൃപയിലൂടെ അവിടുന്ന് നമ്മുടെ അടുത്തേക്കു വരുന്ന ഓരോ തവണയും നാം കൂടുതൽ സന്നദ്ധതയോടെ അവിടുത്തേക്കും അവിടുത്തെ സൗമ്യമായ ക്ഷണങ്ങൾക്കും കരുണാർദ്രമായ ഹൃദയത്തിനും നമ്മെത്തന്നെ തുറന്നുകൊടുക്കും.
നമ്മുടെ കർത്താവ് നിങ്ങളെ നേരിട്ട് അന്വേഷിച്ചുവരുമ്പോൾ അവിടുത്തെ ഹൃദയത്തിലുള്ള വലിയ പ്രതീക്ഷയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അത് ആനന്ദത്തിനായുള്ള പ്രതീക്ഷയാണ്—നിങ്ങളെ എടുത്ത് സൗമ്യമായി പിതാവിന്റെ അടുക്കലേക്കു തിരികെ കൊണ്ടുപോകുമ്പോൾ അവിടുത്തെ നിറയ്ക്കുന്ന ആനന്ദത്തിനായുള്ള പ്രതീക്ഷ. നമ്മുടെ കർത്താവിന്റെ ഹൃദയത്തിലെ ഈ ആനന്ദം പൂവണിയാൻ അനുവദിക്കുക. അങ്ങനെ ഈ ആനന്ദസമൃദ്ധിയിൽ നിങ്ങൾക്കും പങ്കുചേരാനാകും.
എന്നെ തീക്ഷ്ണതയോടെ അന്വേഷിക്കുന്ന എന്റെ കർത്താവേ, അങ്ങിലേക്ക് കൂടുതൽ പൂർണമായി മടങ്ങിവരാൻ എന്നെ ക്ഷണിക്കുന്നതിൽ ഒരിക്കലും മടുക്കാതെ, രാവും പകലും അങ്ങ് എന്നെ അന്വേഷിക്കുന്നു. സ്നേഹത്തോടും കരുണയോടുമുള്ള അങ്ങയുടെ സൗമ്യമായ ക്ഷണങ്ങളോട് എപ്പോഴും പ്രതികരിച്ചുകൊണ്ട് അങ്ങയുടെ ഹൃദയത്തെ ആനന്ദത്താൽ നിറയ്ക്കാൻ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്ന് വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർത്ഥന.
ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – ലൊറേത്തോ മാതാവ്
വിശുദ്ധ കുർബാനയിൽ തിരഞ്ഞെടുക്കാവുന്ന വായനകൾ





