മലയാളം

വിശ്വാസമോ സംശയമോ?

2024 ഡിസംബർ 19, വ്യാഴാഴ്ച
ആഗമനകാല വാരദിനം
ഇന്നത്തെ വായനകൾ

സഖറിയായ്ക്ക് പ്രത്യക്ഷപ്പെടുന്ന ദൂതൻ, വില്യം ബ്ലേക്ക് വരച്ചത്, പൊതുസഞ്ചയത്തിലുള്ള ചിത്രം, metmuseum.org വഴി

വീഡിയോ

“ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേലാണ്. നിന്നോടു സംസാരിക്കാനും ഈ സദ്വാർത്ത നിന്നെ അറിയിക്കാനുമാണ് ഞാൻ അയയ്ക്കപ്പെട്ടത്. എന്നാൽ, യഥാസമയത്ത് നിറവേറാനിരിക്കുന്ന എന്റെ വാക്കുകൾ നീ വിശ്വസിക്കാതിരുന്നതിനാൽ, ഇവ സംഭവിക്കുന്ന ദിവസംവരെ നീ സംസാരശേഷിയില്ലാതെ ഊമനായിരിക്കും.” ലൂക്കാ 1:19–20

മുഖ്യദൂതനായ ഗബ്രിയേൽ നിങ്ങൾക്കു പ്രത്യക്ഷപ്പെട്ടുവെന്ന് സങ്കൽപ്പിക്കുക. ആ അനുഭവം എങ്ങനെയായിരിക്കുമായിരുന്നു? ഈ മുഖ്യദൂതൻ പരമപരിശുദ്ധ ത്രിത്വത്തിന്റെ അഗ്രാഹ്യമായ സൗന്ദര്യത്തിനും മഹിമയ്ക്കും മുമ്പിൽ നിൽക്കുകയും അത്യന്തം പ്രാധാന്യമുള്ള സന്ദേശങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ഏറ്റവും പ്രമുഖനായ സന്ദേശവാഹകനാണ് ഗബ്രിയേൽ. ഇത്ര മഹിമയേറിയ ഒരു പ്രത്യക്ഷീകരണം എങ്ങനെയായിരിക്കുമായിരുന്നു എന്ന് ഒരു നിമിഷം ധ്യാനിക്കുക.

മുകളിൽ ഉദ്ധരിച്ച വചനഭാഗത്തിൽ, സഖറിയാ അതിവിശുദ്ധസ്ഥലത്ത് കർത്താവിന്റെ സന്നിധിയിൽ ധൂപം അർപ്പിക്കാനുള്ള തന്റെ പുരോഹിതധർമ്മം നിർവഹിക്കുമ്പോഴാണ് മഹിമയേറിയ ഈ മുഖ്യദൂതൻ അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുന്നത്. ജനമെല്ലാം പുറത്ത് പ്രാർഥിച്ചുകൊണ്ടിരിക്കെ സഖറിയാ വിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നു. അപ്പോൾ പെട്ടെന്ന് അദ്ദേഹത്തിനു മുഖ്യദൂതന്റെ ദർശനമുണ്ടാകുന്നു. പ്രായമേറെയായെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിന് ഒരു കുഞ്ഞു ജനിക്കുമെന്ന് ദൂതൻ അറിയിക്കുന്നു. എന്നാൽ ദൈവസന്നിധിയിൽ നിൽക്കുന്ന മുഖ്യദൂതനായ ഗബ്രിയേലിൽനിന്ന് ഈ സന്ദേശം കേട്ടിട്ടും, തന്നോടു പറയപ്പെടുന്ന കാര്യത്തെ സഖറിയാ സംശയിക്കുന്നു.

നിങ്ങളായിരുന്നു സഖറിയായുടെ സ്ഥാനത്തെങ്കിൽ മുഖ്യദൂതനായ ഗബ്രിയേലിനെ വിശ്വസിക്കുമായിരുന്നോ? അതോ സംശയിക്കുമായിരുന്നോ? ആ ചോദ്യത്തിന്റെ ഉത്തരം അറിയാൻ വഴിയില്ലായിരിക്കാം. എങ്കിലും, നിങ്ങളും സംശയിച്ചിരിക്കാനുള്ള സാധ്യത ഏറെയാണെന്ന എളിയ സത്യം ധ്യാനിക്കുന്നത് ഉപകാരപ്രദമാണ്. ആ സാധ്യത സമ്മതിക്കാൻ യഥാർഥ എളിമ വേണം. സഖറിയായെപ്പോലെ നാമെല്ലാവരും ബലഹീനരും പാപികളുമാണ്. നമ്മുടെ പരിശുദ്ധ അമ്മയ്ക്കുണ്ടായിരുന്ന പൂർണമായ വിശ്വാസം നമുക്കില്ല. ഇത് എളിമയോടെ സമ്മതിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, നിങ്ങൾ നേരിടുന്ന വിശ്വാസത്തിന്റെ ബലഹീനതയെ അതിജീവിക്കാൻ ഏറെ അനുകൂലമായ ഒരു നിലയിലാണ് നിങ്ങൾ. വിശ്വാസക്കുറവുമൂലം സഖറിയാ ഏറെ സഹിച്ചു. എന്നാൽ മുഖ്യദൂതനെ അനുസരിച്ച് തന്റെ കുഞ്ഞിന് യോഹന്നാൻ എന്നു പേരിട്ടപ്പോൾ, ആ സഹനം അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ നവീകരണത്തിലേക്കു നയിച്ചു.

ദൈവം നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ എത്ര നന്നായി ശ്രവിക്കുന്നു എന്ന് ഇന്ന് ധ്യാനിക്കുക. നിങ്ങൾ ശ്രവിക്കുകയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നുണ്ടോ? അതോ ദൈവത്തിന്റെ സ്വരത്തെ ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്നുണ്ടോ? ഓരോ ദിവസവും ദൈവം നിങ്ങളോടു സംസാരിക്കുന്നുവെന്ന് അറിയുക. പൂർണമായ വിശ്വാസം നിങ്ങൾക്ക് ഏതെല്ലാം വിധത്തിൽ കുറവാണെന്ന് സമ്മതിക്കുക. നിങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളിടത്ത് നിങ്ങളെ ശക്തിപ്പെടുത്താൻ എളിമയോടെയുള്ള ആ ഏറ്റുപറച്ചിലിനെ അനുവദിക്കുക.

കർത്താവേ, എനിക്കുണ്ടാകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്ന പൂർണ്ണവിശ്വാസത്തിന്റെ ആഴം എനിക്കില്ലെന്ന് ഞാൻ അറിയുന്നു. അങ്ങ് രാവും പകലും എന്നോടു സംസാരിക്കുന്നുവെന്നും, എന്നാൽ അത് കേൾക്കാനും അനുസരിക്കാനും ഞാൻ വീഴ്ച വരുത്തുന്നുവെന്നും ഞാൻ അറിയുന്നു. അങ്ങയുടെ മുമ്പിൽ എന്നെത്തന്നെ താഴ്ത്തുകയും എന്റെ വിശ്വാസത്തിന്റെ ബലഹീനത ഏറ്റുപറയുകയും ചെയ്യുമ്പോൾ, അങ്ങ് എന്നോടു പറയുന്ന എല്ലാറ്റിനോടും ഓരോ ദിവസവും കൂടുതൽ പൂർണ്ണമായി പ്രതികരിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാലത്തിലെ ഓ അന്തിഫോണകൾ
ഡിസംബർ 17–23

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പാരമ്പര്യമനുസരിച്ച് നവംബർ 30 മുതൽ ക്രിസ്മസ് തലേന്നു വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർഥന.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിൽ തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.