മലയാളം

ശുഭവാർത്ത വേഗം പ്രചരിക്കുന്നു

2025 ജനുവരി 9
പ്രത്യക്ഷീകരണത്തിരുനാളിനു ശേഷമുള്ള വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

സിനഗോഗിൽ ഏശയ്യായുടെ ഗ്രന്ഥം വായിക്കുന്ന ക്രിസ്തു — ചിത്രം: , ഉപയോഗാനുമതി: കടപ്പാട് രേഖപ്പെടുത്തൽ-വാണിജ്യേതരം (CC BY-NC 2.0)

വീഡിയോ

യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലിയിലേക്കു മടങ്ങി. അവിടുത്തെക്കുറിച്ചുള്ള വാർത്ത ആ പ്രദേശമാകെ പരന്നു. അവിടുന്ന് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും എല്ലാവരാലും പ്രശംസിക്കപ്പെടുകയും ചെയ്തു.  ലൂക്കാ 4:14–15

തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് യേശു നാല്പതു ദിവസം മരുഭൂമിയിൽ ഉപവസിച്ചും പ്രാർഥിച്ചും കഴിഞ്ഞിരുന്നു. അതിനുശേഷം അവിടുന്ന് ആദ്യം എത്തിയത് ഗലീലിയിലാണ്. അവിടെ അവിടുന്ന് സിനഗോഗിൽ പ്രവേശിച്ച് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽനിന്നു വായിച്ചു. എന്നാൽ, സിനഗോഗിൽ അവിടുന്ന് സംസാരിച്ചതിനു തൊട്ടുപിന്നാലെ, ആളുകൾ യേശുവിനെ പട്ടണത്തിൽനിന്നു പുറത്താക്കി; മലമുകളിൽനിന്നു താഴേക്കു തള്ളിയിട്ടു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

എത്ര ഞെട്ടിക്കുന്ന വൈരുധ്യം! മുകളിലെ വചനഭാഗത്തിൽ നാം കാണുന്നതുപോലെ, ആദ്യം യേശു “എല്ലാവരാലും പ്രശംസിക്കപ്പെട്ടു.” അവനെക്കുറിച്ചുള്ള വാർത്ത പട്ടണങ്ങളിലെങ്ങും കാട്ടുതീപോലെ പരന്നു. അവന്റെ ജ്ഞാനസ്നാനത്തെക്കുറിച്ചും സ്വർഗത്തിൽനിന്നു സംസാരിച്ച പിതാവിന്റെ സ്വരത്തെക്കുറിച്ചും അവർ കേട്ടിരുന്നു. പലരും അവനെക്കുറിച്ച് ആകാംക്ഷയും ഉത്സാഹവും ഉള്ളവരായിരുന്നു. എന്നാൽ, യേശു സുവിശേഷസന്ദേശം അതിന്റെ നിർമ്മലതയിൽ പ്രസംഗിക്കാനും അവരുടെ ഹൃദയകാഠിന്യത്തെക്കുറിച്ചു സംസാരിക്കാനും തുടങ്ങിയ ഉടനെ അവർ അവനെതിരെ തിരിയുകയും അവനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

സുവിശേഷം എല്ലായ്‌പോഴും ജനങ്ങളെ ഒന്നിച്ചുചേർത്ത് ഐക്യത്തിലേക്കു നയിക്കുമെന്നു കരുതുന്ന കെണിയിൽ ചിലപ്പോൾ നാം വീണുപോകാം. തീർച്ചയായും, സുവിശേഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇതുതന്നെയാണ്: ദൈവത്തിന്റെ ഏകജനമായി നമ്മെ സത്യത്തിൽ ഒന്നിപ്പിക്കുക. എന്നാൽ, ഐക്യത്തിന്റെ താക്കോൽ ഇതാണ്: സുവിശേഷത്തിലെ രക്ഷാകരമായ സത്യം നാമെല്ലാവരും സ്വീകരിക്കുമ്പോൾ മാത്രമേ ഐക്യം സാധ്യമാകൂ. ആ സത്യം മുഴുവനായും സ്വീകരിക്കണം. അതിനർഥം, നാം നമ്മുടെ ഹൃദയങ്ങളെ മാറ്റുകയും നമ്മുടെ പാപങ്ങളിലുള്ള പിടിവാശി ഉപേക്ഷിക്കുകയും ക്രിസ്തുവിനായി നമ്മുടെ മനസ്സു തുറക്കുകയും വേണം എന്നാണ്. ദുഃഖകരമെന്നു പറയട്ടെ, ചിലർ മാറാൻ ആഗ്രഹിക്കുന്നില്ല; അതിന്റെ ഫലമോ ഭിന്നതയും.

യേശുവിന്റെ പ്രബോധനങ്ങളിൽ ചിലത് സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നുന്നെങ്കിൽ, മുകളിലെ വചനഭാഗത്തെക്കുറിച്ചു ധ്യാനിക്കുക. പട്ടണവാസികൾ എല്ലാവരും യേശുവിനെക്കുറിച്ചു സംസാരിക്കുകയും അവനെ പ്രശംസിക്കുകയും ചെയ്തപ്പോഴുള്ള അവരുടെ ആദ്യപ്രതികരണത്തിലേക്കു മടങ്ങുക. അതാണ് ശരിയായ പ്രതികരണം. യേശു പറയുന്ന കാര്യങ്ങളെക്കുറിച്ചും നാം ഏതിൽനിന്നു മാനസാന്തരപ്പെടണമെന്ന് അവൻ ആവശ്യപ്പെടുന്നുവോ അതിനെക്കുറിച്ചുമുള്ള നമ്മുടെ ബുദ്ധിമുട്ടുകൾ, എല്ലാ കാര്യങ്ങളിലും അവനെ സ്തുതിക്കുന്നതിനു പകരം അവിശ്വാസത്തിലേക്കു നമ്മെ നയിക്കാൻ ഒരിക്കലും ഇടയാകരുത്.

സ്വീകരിക്കാൻ നിങ്ങൾ ഏറ്റവും അധികം ബുദ്ധിമുട്ടിയിട്ടുള്ള യേശുവിന്റെ പ്രബോധനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവിടുന്ന് പറയുന്നതും പഠിപ്പിച്ചിട്ടുള്ളതുമെല്ലാം നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. എന്തുതന്നെയായാലും അവിടുത്തെ സ്തുതിക്കുക. യേശു നിങ്ങളോട് ആവശ്യപ്പെടുന്നതെല്ലാം മനസ്സിലാക്കാൻ വേണ്ട ജ്ഞാനം നിങ്ങൾക്കു നൽകാൻ സ്തുതിനിറഞ്ഞ നിങ്ങളുടെ ഹൃദയത്തെ അനുവദിക്കുക. പ്രത്യേകിച്ച്, സ്വീകരിക്കാൻ ഏറ്റവും പ്രയാസമുള്ള പ്രബോധനങ്ങൾ മനസ്സിലാക്കാൻ.

കർത്താവേ, അങ്ങ് പഠിപ്പിച്ചതെല്ലാം ഞാൻ സ്വീകരിക്കുന്നു. അങ്ങയുടെ പരമപരിശുദ്ധമായ തിരുഹിതത്തിനു യോജിക്കാത്ത എന്റെ ജീവിതഭാഗങ്ങൾ മാറ്റാൻ ഞാൻ തീരുമാനിക്കുന്നു. ഏതിൽനിന്നാണ് ഞാൻ പശ്ചാത്തപിച്ച് പിന്തിരിയേണ്ടതെന്നു തിരിച്ചറിയാൻ എനിക്കു ജ്ഞാനം നൽകണമേ. അങ്ങയോട് എപ്പോഴും തുറവിയുള്ളവനായിരിക്കാൻ എന്റെ ഹൃദയത്തെ മൃദുലമാക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.