മലയാളം

നിങ്ങളുടെ ഹൃദയത്തിലെ ഏറ്റവും ആഴമായ അഭിലാഷം

2025 ജനുവരി 29
ആണ്ടുവട്ടക്കാലം മൂന്നാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

മാർട്ടൻ വാൻ വാൽക്കൻബോർക്, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

“മുള്ളുകൾക്കിടയിൽ വിതയ്ക്കപ്പെട്ടവർ മറ്റൊരു കൂട്ടരാണ്. അവർ വചനം കേൾക്കുന്നവരാണ്. എന്നാൽ ലൗകിക ഉത്കണ്ഠകളും സമ്പത്തിന്റെ വശീകരണവും മറ്റു കാര്യങ്ങളോടുള്ള തീവ്രമായ മോഹവും കടന്നുവന്ന് വചനത്തെ ഞെരുക്കിക്കളയുന്നു; അത് ഫലം പുറപ്പെടുവിക്കുന്നില്ല.” മർക്കോസ് 4:18–19

വിതക്കാരന്റെ ഉപമയിലെ ഈ വിവരണം ഇന്നത്തെ നമ്മുടെ ലോകത്തിൽ വർധിച്ചുവരുന്ന ഒരു വിഭാഗം ആളുകളെക്കുറിച്ചാണെന്നു തോന്നുന്നു. ഈ ഉപമയിൽ പരാമർശിക്കുന്ന ആദ്യത്തെ കൂട്ടർ വിശ്വാസം തീരെയില്ലാത്തവരോ വളരെ കുറച്ചുമാത്രം വിശ്വാസമുള്ളവരോ ആണ്. വഴിയിൽ വീഴുകയും സാത്താൻ വേഗം വിഴുങ്ങുകയും ചെയ്യുന്ന വിത്താണ് അവരെ പ്രതിനിധീകരിക്കുന്നത്. രണ്ടാമത്തെ കൂട്ടർക്ക് തുടക്കത്തിൽ അൽപം വിശ്വാസമുണ്ട്; പാറക്കെട്ടുള്ള നിലത്തു വിതച്ച വിത്താണ് അവരെ പ്രതിനിധീകരിക്കുന്നത്. മുകളിൽ കൊടുത്തിരിക്കുന്ന ഭാഗം മൂന്നാമത്തെ കൂട്ടരെ പ്രതിനിധീകരിക്കുന്നു. അവർ നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടെങ്കിലും മുള്ളുകൾക്കിടയിലായ വിത്തുകൾപോലെയാണ്. നാലാമത്തെ കൂട്ടർ ഫലഭൂയിഷ്ഠമായ മണ്ണുപോലെയുള്ളവരാണ്; ദൈവവചനം അവരുടെ ജീവിതത്തിൽ ആഴത്തിൽ വളരുന്നു. മൂന്നാമത്തെ കൂട്ടരെക്കുറിച്ച് നമുക്ക് കൂടുതൽ വിശദമായി ചിന്തിക്കാം.

നമ്മുടെ ജീവിതത്തിൽ ദൈവവചനത്തെ ഞെരുക്കിക്കളയുന്ന മൂന്നു തിന്മകളുണ്ട്: “ലൗകിക ഉത്കണ്ഠകളും സമ്പത്തിന്റെ വശീകരണവും മറ്റു കാര്യങ്ങളോടുള്ള തീവ്രമായ മോഹവും.” നമ്മുടെ കാലത്ത് പലതരത്തിലുള്ള ഉത്കണ്ഠകൾ അനുഭവിക്കുകയും ഭൗതികസമ്പത്തിനായുള്ള ആഗ്രഹത്തിൽ മുഴുകുകയും മറ്റു പല കാര്യങ്ങൾക്കായി തീവ്രമായി മോഹിക്കുകയും ചെയ്യുന്ന അനേകരുണ്ട്. ഈ മൂന്നു സാഹചര്യങ്ങളിലും, ആന്തരികമായ ഈ പ്രലോഭനങ്ങൾ അവരുടെ ജീവിതത്തിലെ ദൈവവചനത്തിന്റെ നിർമ്മലമായ സത്യത്തെ മൂടിക്കളയുന്നു.

ഉത്കണ്ഠ ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. മിക്കപ്പോഴും ഇത് മനഃശാസ്ത്രപരമായ ഒരു സംഘർഷമാണെങ്കിലും, ഇതിന് ആത്മീയമായ വേരുകളും ഉണ്ടാകാം. അമിതമായ ആശങ്കകളും ജീവിതത്തിന്റെ പല വശങ്ങളെക്കുറിച്ചുള്ള പരിഭ്രമവും ഭാവിയെക്കുറിച്ചുള്ള അസ്വസ്ഥതയും നിറഞ്ഞ ഒരു സംഘർഷമാണ് ഉത്കണ്ഠ. ഇത്തരമൊരു സാഹചര്യത്തിൽ, യേശു എന്ന വ്യക്തിയും സുവിശേഷസന്ദേശത്തിന്റെ സത്യവും നമ്മുടെ ജീവിതത്തെ പൂർണമായി നിറയ്ക്കുകയും നയിക്കുകയും ചെയ്യുന്നില്ലെങ്കിൽ, എല്ലാം എങ്ങനെ നേരിടണമെന്ന് നാം തനിയെ “കണ്ടെത്തേണ്ടിവരുന്നു.” ഈ ഏകാന്തത മിക്കവാറും എപ്പോഴും നമ്മെ പ്രത്യാശനഷ്ടത്തിലേക്കും ഭയത്തിലേക്കും ആഴമായ സമാധാനത്തിന്റെ അഭാവത്തിലേക്കും നയിക്കും.

ഉത്കണ്ഠയുമായി മല്ലിടുന്ന മിക്കവരും അതിനൊരു പരിഹാരം നിരന്തരം തേടിക്കൊണ്ടിരിക്കും. അവർ പലപ്പോഴും ആശ്വാസം തേടുന്നത് ഭൗതികസമ്പത്ത് നൽകുന്ന വഞ്ചനാപരമായ സാന്ത്വനത്തിലോ “മറ്റു കാര്യങ്ങളോടുള്ള തീവ്രമായ മോഹത്തിലോ” ആണ്. നിങ്ങൾക്ക് ഒരു വൻതുക സമ്മാനമായി ലഭിച്ചുവെന്ന് സങ്കല്പിക്കുക. അത് നിങ്ങളുടെ ജീവിതത്തിലെ ആശങ്കകൾ പരിഹരിക്കുമോ? പരിഹരിക്കുമെന്ന് ചിന്തിക്കാൻ നിങ്ങൾ പ്രലോഭിതരായേക്കാമെങ്കിലും, അത് അസത്യമാണെന്ന് ഉള്ളിന്റെയുള്ളിൽ നമുക്കെല്ലാം അറിയാം. ഭൗതികസമ്പത്ത് ഒരിക്കലും ജീവിതത്തിൽ സംതൃപ്തിയുടെ വിശ്വസനീയമായ ഉറവിടമല്ല. ജീവിതത്തിൽ നാം “തീവ്രമായി മോഹിക്കുന്ന” മറ്റേതാണ്ടെല്ലാ കാര്യങ്ങളെക്കുറിച്ചും ഇതുതന്നെ സത്യമാണ്. ഒന്നിനു മാത്രമേ, അതിനു മാത്രമേ, നമ്മെ സംതൃപ്തരാക്കാൻ കഴിയൂ. അത് ദൈവമാണ്.

നിങ്ങളുടെ മാനസികശക്തി മുഴുവൻ അപഹരിക്കുന്നതായി തോന്നുന്ന ജീവിതകാര്യങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ എന്തിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്? എന്തിനുവേണ്ടിയാണ് പ്രത്യാശിക്കുന്നത്? എന്താണ് ആഴമായി ആഗ്രഹിക്കുന്നത്? നിങ്ങളുടെ ആന്തരിക സംഘർഷങ്ങൾക്ക് ആശ്വാസമേകുമെന്ന് നിങ്ങൾ തെറ്റായി വിശ്വസിക്കുന്നത് എന്തിലാണ്? നിങ്ങൾ എന്തിനുവേണ്ടിയാണ് തീവ്രമായി മോഹിക്കുന്നത്? ദൈവവും അവിടുത്തെ വിശുദ്ധ ഹിതവും അവിടുന്ന് സത്യമായി വെളിപ്പെടുത്തിയിട്ടുള്ള സകലതും മാത്രമാണ് സംതൃപ്തിയുടെ ഉറവിടം എന്ന നിഷേധിക്കാനാവാത്ത സത്യം സ്വയം ഓർമിപ്പിക്കാൻ ഇന്ന് സമയം കണ്ടെത്തുക. ആ സത്യം നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിയാൻ അനുവദിക്കുക. അങ്ങനെ ദൈവത്തിന്റെ സത്യങ്ങൾ വളരുകയും നിങ്ങൾ അത്രയേറെ ആഴമായി ആഗ്രഹിക്കുന്ന നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കുകയും ചെയ്യും.

എന്റെ കരുണാമയനായ കർത്താവേ, അങ്ങയുടെ വചനത്തിന്റെ വിത്ത് എന്റെ ഹൃദയത്തിൽ ആഴത്തിൽ നടപ്പെടേണ്ടതിന് അങ്ങയുടെ വിശുദ്ധ വചനത്തോട് പൂർണമായി തുറവുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. ജീവിതത്തിലെ ഉത്കണ്ഠകളിൽനിന്നും ക്ഷണികമായ സുഖങ്ങളിൽനിന്നും സ്വതന്ത്രനാകാൻ, ലോകത്തിന്റെ അനേകം നുണകളും വഞ്ചനകളും ഞാൻ എപ്പോഴും നിരസിക്കട്ടെ. അങ്ങയുടെ വിശുദ്ധ തിരുവിഷ്ടത്തിന്റെ സമാധാനത്തിലും കൃപയിലും ജീവിക്കേണ്ടതിന്, അങ്ങേക്കു പൂർണമായി സമർപ്പിച്ച ജീവിതത്തിൽനിന്നു ലഭിക്കുന്ന ആഴമേറിയതും നിലനിൽക്കുന്നതുമായ ആനന്ദങ്ങൾ മാത്രം ഞാൻ തേടട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കുള്ള വായനകളുടെ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.