ഫെബ്രുവരി 9, 2025
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ
ചിത്രം: Flickr വഴി, CC BY-NC-SA 2.0
സംസാരിച്ചുതീർന്നപ്പോൾ അവൻ ശിമയോനോടു പറഞ്ഞു: “ആഴമുള്ള വെള്ളത്തിലേക്കു നീക്കി, മീൻ പിടിക്കാനായി നിങ്ങളുടെ വലകൾ ഇറക്കുവിൻ.” ശിമയോൻ മറുപടി പറഞ്ഞു: “ഗുരോ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലകൾ ഇറക്കാം.” അവർ അങ്ങനെ ചെയ്തപ്പോൾ ധാരാളം മീനുകൾ വലയിൽപ്പെട്ടു; അവരുടെ വലകൾ കീറിത്തുടങ്ങി. ലൂക്കാ 5:4–6
യേശു തന്റെ ആദ്യത്തെ അത്ഭുതങ്ങളിൽ ഒന്നായി ശിമയോൻ പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയതേയുണ്ടായിരുന്നുള്ളൂ. ഇതിന്റെയും മറ്റു അത്ഭുതങ്ങളുടെയും ഫലമായി, പത്രോസിന്റെ സ്വദേശമായ കഫർണാമിലെ ജനങ്ങളെല്ലാവരും ചുറ്റുമുള്ള പല പട്ടണങ്ങളിലെ ജനങ്ങളും അതിവേഗം യേശുവിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നു. നമ്മുടെ കർത്താവിനെക്കുറിച്ചുള്ള ഈ ആദ്യകാല ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സുവിശേഷസംഭവം നടക്കുന്നത്. അതിൽ, പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് യേശു നേരിട്ട് അവനെ ഒരു അപ്പസ്തോലനാകാൻ ക്ഷണിക്കുന്നു.
ധ്യാനിക്കേണ്ട അനേകം പ്രതീകങ്ങൾ ഈ വചനഭാഗത്തിലുണ്ട്. ഒന്നാമതായി, പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനാകാൻ പത്രോസിനെ ക്ഷണിക്കുന്നതിന്, അവന് ഏറെ പരിചിതമായ ഒരു കാര്യമാണ് യേശു ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കുക. പത്രോസിന്റെ തൊഴിലായ മീൻപിടിത്തമാണ് അവിടുന്ന് ഉപയോഗിച്ചത്. ജ്യോതിഷികളായിരുന്ന ജ്ഞാനികളെ ബേത്ലഹേമിലേക്കു നയിക്കാൻ ദൈവം ഒരു നക്ഷത്രത്തെ ഉപയോഗിച്ചതിനു സമാനമാണിത്.
“ആഴമുള്ള വെള്ളത്തിലേക്ക്” നീക്കുന്നതാണ് യേശു ഉപയോഗിക്കുന്ന മറ്റൊരു പ്രതീകാത്മക പ്രവൃത്തി. കരയിൽനിന്ന് അല്പദൂരം പോയാൽ മാത്രം മതിയായിരുന്നില്ല. മറിച്ച്, മീൻപിടിത്തക്കാർ കടലിന്റെ ആഴങ്ങളിൽ മീൻ പിടിക്കേണ്ടിയിരുന്നതുപോലെ, സുവിശേഷം ഭൂമിയുടെ അതിർത്തികൾവരെ എത്തേണ്ടതായിരുന്നു എന്ന യാഥാർഥ്യത്തിന്റെ പ്രതീകമായിരുന്നു ആഴമുള്ള വെള്ളം.
അവസാനമായി, അവർക്ക് “ധാരാളം മീനുകൾ” ലഭിച്ചുവെന്നത് പത്രോസിന്റെ അപ്പസ്തോലിക ശുശ്രൂഷയിലൂടെ ഉണ്ടാകാനിരുന്ന അതിസമൃദ്ധിയെ സൂചിപ്പിക്കുന്നു. “വലകൾ കീറിത്തുടങ്ങി” എന്നത്, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ ഓരോരുത്തരും അനുഭവിക്കുന്ന പൂർണതയിലേക്കു വിരൽചൂണ്ടുന്നു.
ഈ സുവിശേഷഭാഗത്തിലെ പ്രതീകാത്മകമായ വശങ്ങൾ ഏറെ പ്രാർഥനാപൂർവം ധ്യാനിക്കേണ്ടവയാണെങ്കിലും, അത്രതന്നെ ശക്തമായി നിങ്ങളോടു സംസാരിച്ചേക്കാവുന്ന മറ്റൊരു വാക്യം ഈ സുവിശേഷത്തിലുണ്ട്. പത്രോസ് രാത്രി മുഴുവൻ മീൻപിടിക്കാൻ ശ്രമിച്ചിട്ടും ഒന്നും ലഭിച്ചിരുന്നില്ല. ഈ കാര്യം അവൻ യേശുവിനോടു പറയുന്നത്, അവൻ ക്ഷീണിതനും ഒരുപക്ഷേ നിരുത്സാഹിതനുമായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഏതു മീൻപിടിത്തക്കാരനും ഈ അനുഭവം മനസ്സിലാകും. എന്നാൽ, ആ നിരുത്സാഹത്തിനു വഴങ്ങുന്നില്ല എന്നതാണ് പത്രോസ് നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠം. വലകൾ ഇറക്കാൻ തന്നോടു കല്പിച്ചത് യേശുവാണെന്നതുകൊണ്ടാണ് അവൻ നിരുത്സാഹത്തിനു വഴങ്ങാതിരിക്കുന്നത്.
നമ്മുടെ ജീവിതത്തിലും ചിലപ്പോഴൊക്കെ നമുക്കെല്ലാവർക്കും നിരുത്സാഹം തോന്നാം. എന്നാൽ, കാര്യങ്ങൾ നാം ആഗ്രഹിക്കുന്നതുപോലെ നടക്കുന്നതായി തോന്നാത്തപ്പോൾ, നിരുത്സാഹത്തിനു വഴങ്ങാനുള്ള എല്ലാ പ്രലോഭനങ്ങളെയും അകറ്റി, ദൈവത്തിന്റെ സ്നേഹപൂർവമായ കല്പനകൾ തുടർന്നും ശ്രവിക്കുകയും ഉദാരമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് അവിടുത്തോടുള്ള നമ്മുടെ വിശ്വസ്തതയുടെ യഥാർഥ മാറ്റുരയ്ക്കൽ. നമുക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമെങ്കിൽ, വിശേഷിച്ചും ഇത്തരം നിമിഷങ്ങളിലാണ് ദൈവം പലപ്പോഴും നമ്മെ ശക്തമായി ഉപയോഗിക്കുന്നത്.
നിങ്ങളുടെ ജീവിതത്തിൽ മുഴങ്ങുന്ന ദൈവത്തിന്റെ സ്വരത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. എന്തു ചെയ്യാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുന്നതെന്നു നിങ്ങൾക്കു തോന്നുന്നത്? അവിടുന്ന് നിങ്ങളെ വിളിക്കുന്ന ആ “ആഴമുള്ള വെള്ളം” എന്താണ്? ഇതു ധ്യാനിക്കുമ്പോൾ, പത്രോസിന്റെ ഈ വാക്കുകളെക്കുറിച്ച് പ്രത്യേകം ചിന്തിക്കുക: “ഗുരോ…അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലകൾ ഇറക്കാം.” നമ്മുടെ കർത്താവിന്റെ കല്പനയോട് “അതെ” എന്നു പറയുക. അതു പ്രയാസകരമാണെങ്കിലും അങ്ങനെ ചെയ്യുക; വിശേഷിച്ചും, അവിടുന്ന് ആവശ്യപ്പെടുന്നത് ചെയ്യാൻ നിങ്ങൾക്കു മനസ്സു തോന്നുന്നില്ലെങ്കിൽപ്പോലും. അങ്ങനെ ചെയ്താൽ, വിശ്വസ്തതയുടെ ഈ പ്രവൃത്തിയിലൂടെ ദൈവം സമൃദ്ധമായ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന് നിങ്ങൾ കണ്ടെത്തും.
അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന എന്റെ കർത്താവേ, അങ്ങ് വിശുദ്ധ പത്രോസിനു സ്നേഹപൂർവമായ ഒരു കല്പന നൽകി; അവൻ ഉദാരമനസ്സോടെ അങ്ങയെ അനുസരിച്ചു. തത്ഫലമായി, അങ്ങ് സമൃദ്ധമായ ഒരു മത്സ്യബന്ധനം സാധ്യമാക്കി. അങ്ങ് എന്നോടു പറയുന്നതെല്ലാം അനുസരിക്കാനുള്ള ഇച്ഛാശക്തി എനിക്കു നൽകണമേ. അങ്ങനെ എന്റെ ജീവിതത്തിലും അങ്ങ് സമൃദ്ധമായ നല്ല ഫലങ്ങൾ പുറപ്പെടുവിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





