2025 ഫെബ്രുവരി 25
ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
സ്വർഗത്തിൽ വസിക്കുന്നവനേ തയ്യാറാക്കിയത്: Lawrence OP, ഉപയോഗാനുമതി CC BY-NC-ND 2.0.
യേശുവും ശിഷ്യന്മാരും അവിടെനിന്നു പുറപ്പെട്ട് ഗലീലിയിലൂടെ യാത്ര തുടങ്ങി. എന്നാൽ, ആരും അതറിയാൻ അവൻ ആഗ്രഹിച്ചില്ല. അവൻ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ട് അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടും. അവർ അവനെ വധിക്കും. മരിച്ച് മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.” മർക്കോസ് 9:30–31
താനും ശിഷ്യന്മാരും ആ സമയത്ത് ഗലീലിയിലൂടെ യാത്ര ചെയ്യുന്നത് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചത് എന്തുകൊണ്ടായിരിക്കും? വരാനിരിക്കുന്ന തന്റെ പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കുന്നതിൽ യേശു പൂർണശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതാണ് അതിനു കാരണമെന്നു തോന്നുന്നു. യേശു തന്റെ ശിഷ്യന്മാരെ സ്വകാര്യമായി, നേരിട്ടും വ്യക്തമായും പഠിപ്പിച്ച മൂന്ന് സന്ദർഭങ്ങൾ ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു: ഒന്നാമത്തേത്, അവർ യാത്ര ചെയ്യുമ്പോൾ; രണ്ടാമത്തേത്, അവർ കഫർണാമിൽ എത്തി ഒരു വീട്ടിൽ പ്രവേശിച്ചപ്പോൾ; മൂന്നാമത്തേത്, യേശു ഒരു കുട്ടിയെ അടുത്തേക്കു വിളിച്ചപ്പോൾ. യേശു ശിഷ്യന്മാരെ പഠിപ്പിച്ച കാര്യങ്ങൾ പ്രാധാന്യമുള്ളവയാണെങ്കിലും, അവരെ പഠിപ്പിക്കാനായി യേശു അവരോടൊപ്പം തനിച്ച് സമയം ചെലവഴിച്ചു എന്ന ലളിതമായ വസ്തുതയെക്കുറിച്ച് ആദ്യം ചിന്തിക്കുന്നതും സഹായകരമാണ്.
പല വിധങ്ങളിൽ നമ്മുടെ കർത്താവ് നമ്മോടും ഇതുതന്നെ ചെയ്യുന്നു. നമ്മെ പഠിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നതെല്ലാം നമുക്കു കേൾക്കാൻ കഴിയേണ്ടതിന്, തന്നോടൊപ്പമുള്ള ഏകാന്തതയുടെ വിവിധ അനുഭവങ്ങളിലേക്ക് യേശു നമ്മെ നിരന്തരം വിളിക്കുന്നു. ഇന്ന് പലർക്കും ഇത് ബുദ്ധിമുട്ടാണ്. അനേകർ ലോകത്തിന്റെ നാനാവിധ ശബ്ദങ്ങളുടെ നിരന്തരമായ ആക്രമണത്തിനു വിധേയരാകുകയും ക്ഷണികവും കടന്നുപോകുന്നതുമായ അനുഭവങ്ങളാൽ നിരന്തരം ശ്രദ്ധ തിരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ കർത്താവ് അവരെ പഠിപ്പിക്കേണ്ടതിന് അവനോടൊപ്പം തനിച്ചായിരിക്കാൻ മാറിപ്പോകുന്നത് അവർക്ക് ബുദ്ധിമുട്ടായി തോന്നുന്നു.
നിങ്ങളുടെ ആഴ്ചതോറുമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ കർത്താവിനോടൊപ്പം തനിച്ചായിരിക്കാൻ നിങ്ങൾ എത്ര സമയം നീക്കിവയ്ക്കുന്നുണ്ട്? മറ്റു ശ്രദ്ധാശൈഥില്യങ്ങളിൽനിന്ന് അകന്ന് പ്രാർഥനയിലും വിശുദ്ധ ഗ്രന്ഥവായനയിലും നിശ്ശബ്ദ ധ്യാനത്തിലും നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുണ്ട്? പലർക്കും ഇത് ഒരു വെല്ലുവിളിയാണ്.
യേശു തന്റെ ശിഷ്യന്മാരെ സ്വകാര്യമായി പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും പ്രയോജനകരമാണ്. വരാനിരിക്കുന്ന തന്റെ പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചാണ് അവൻ അവരോടു സംസാരിച്ചത്. ഇതായിരുന്നു അവന്റെ ജീവിതത്തിന്റെ കേന്ദ്രലക്ഷ്യം; ശിഷ്യന്മാരെ അറിയിക്കണമെന്ന് യേശു ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇതെന്നത് വ്യക്തമാണ്. ഇതു വിശദീകരിച്ചപ്പോൾ യേശു വളരെ നേരിട്ടും ആലങ്കാരിക പ്രയോഗങ്ങളൊന്നും കൂടാതെയുമാണ് സംസാരിച്ചത് എന്നതും ശ്രദ്ധിക്കുക. ജനക്കൂട്ടത്തോട് അവൻ പറഞ്ഞ അനേകം ഉപമകളുമായി ഇതു താരതമ്യം ചെയ്യുക. വിശ്വാസത്തോടെ തന്നെ അനുഗമിക്കാൻ ജീവിതം സമർപ്പിച്ചവരോടൊപ്പം തനിച്ചായിരിക്കാൻ കഴിഞ്ഞപ്പോൾ, തന്റെ രക്ഷാകരമായ സന്ദേശം കൂടുതൽ വ്യക്തമായും നേരിട്ടും അറിയിക്കാൻ യേശുവിനു കഴിഞ്ഞുവെന്നു തോന്നുന്നു.
ഇടയ്ക്കിടെ നിശ്ശബ്ദതയിലേക്കും ഏകാന്തതയിലേക്കും നിങ്ങളെ അടുപ്പിക്കാൻ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളോടൊപ്പം തനിച്ച് സമയം ചെലവഴിക്കാൻ അവൻ ആഗ്രഹിക്കുന്നു. തങ്ങളുടെ ജീവിതം അവനും അവന്റെ ദൗത്യത്തിനും പൂർണമായി സമർപ്പിക്കാൻ തീരുമാനിച്ചവരുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. നിങ്ങൾ അങ്ങനെയുള്ള ഒരാളാണെങ്കിൽ, നമ്മുടെ കർത്താവിന് നിങ്ങളോട് കൂടുതൽ വ്യക്തമായും നേരിട്ടും സംസാരിക്കാൻ കഴിയുന്ന ഏകാന്തതയുടെ ഈ നിമിഷങ്ങൾ തേടുക. അങ്ങനെ നിങ്ങളുടെ വിശ്വാസം ആഴപ്പെടുകയും നിങ്ങളുടെ ഗ്രാഹ്യവും അറിവും അതിവേഗം വളരുകയും ചെയ്യും.
കർത്താവേ, അങ്ങേക്ക് പറയാനും പഠിപ്പിക്കാനും വെളിപ്പെടുത്താനും എത്രയോ കാര്യങ്ങളുണ്ട്. അങ്ങയെ അനുഗമിക്കാനും എന്റെ ജീവിതം മുഴുവനും അങ്ങേക്കു സമർപ്പിക്കാനും ഞാൻ തീരുമാനിക്കുമ്പോൾ, കൂടുതൽ ആഴമായ നിശ്ശബ്ദതയിലേക്കും ഏകാന്തതയിലേക്കും അങ്ങ് എന്നെ നിരന്തരം അടുപ്പിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ, ഞാൻ കേൾക്കുകയും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട ആഴമുള്ളതും വ്യക്തവും നേരിട്ടുള്ളതുമായ സന്ദേശങ്ങൾ അങ്ങയിൽനിന്നു സ്വീകരിക്കാൻ എനിക്കു കഴിയുമല്ലോ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ





