2025 മാർച്ച് 5, ബുധനാഴ്ച
വിഭൂതി ബുധൻ (വർഷം C)
ഗ്വീദോ കന്യാച്ചി – സ്വകാര്യ ശേഖരം, പൊതുസഞ്ചയത്തിലുള്ളത്, Wikimedia Commons വഴി
“എന്നാൽ നീ ദാനധർമം ചെയ്യുമ്പോൾ നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ…
എന്നാൽ നീ പ്രാർഥിക്കുമ്പോൾ നിന്റെ അകത്തെ മുറിയിൽ പ്രവേശിച്ച് വാതിലടച്ച് രഹസ്യത്തിൽ നിന്റെ പിതാവിനോടു പ്രാർഥിക്കുക.
എന്നാൽ നീ ഉപവസിക്കുമ്പോൾ തലയിൽ തൈലം പൂശുകയും മുഖം കഴുകുകയും ചെയ്യുക…” മത്തായി 6:3; 6; 17
യേശു മരുഭൂമിയിൽ അതിജീവിച്ച മൂന്നു പ്രലോഭനങ്ങളെ ചെറുക്കാൻ നമ്മെ സഹായിക്കുന്ന മൂന്നു പ്രവൃത്തികളാണ് ദാനധർമവും പ്രാർഥനയും ഉപവാസവുമെന്ന് ഒരു സഭാപിതാവ് വിശദീകരിക്കുന്നു. ഒന്നാമതായി, 40 ദിവസം ഉപവസിച്ചതിനുശേഷമുള്ള വിശപ്പടക്കാൻ കല്ലുകളെ അപ്പമാക്കുവാൻ ദുഷ്ടൻ പ്രലോഭിപ്പിച്ചപ്പോൾ നമ്മുടെ കർത്താവ് അമിതഭോജനത്തെ അതിജീവിച്ചു. രണ്ടാമതായി, ദുഷ്ടൻ അവിടുത്തെ ദേവാലയത്തിന്റെ മുകളിലെത്തിച്ച്, ദൈവത്തിന്റെ ദൂതന്മാർ അവിടുത്തെ രക്ഷിക്കുകയും അങ്ങനെ അവിടുത്തെ ദൈവത്വം തെളിയുകയും ചെയ്യേണ്ടതിന് താഴേക്കു ചാടാൻ പ്രലോഭിപ്പിച്ചപ്പോൾ നമ്മുടെ കർത്താവ് വ്യർഥമഹത്വമോഹത്തെ അതിജീവിച്ചു. മൂന്നാമതായി, ദുഷ്ടൻ അവിടുത്തെ ഉയർന്ന ഒരു മലയിലേക്കു കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊണ്ട്, തന്നെ ആരാധിച്ചാൽ അവയെല്ലാം യേശുവിനു നൽകാമെന്നു വാഗ്ദാനം ചെയ്തപ്പോൾ നമ്മുടെ കർത്താവ് അത്യാഗ്രഹത്തെ അതിജീവിച്ചു.
അമിതഭോജനം, വ്യർഥമഹത്വമോഹം, അത്യാഗ്രഹം എന്നീ പ്രലോഭനങ്ങളെ നമുക്കും അതിജീവിക്കാൻ കഴിയുന്ന മൂന്നു മാർഗങ്ങൾ ഇന്നത്തെ സുവിശേഷം ചൂണ്ടിക്കാട്ടുന്നു. ദാനധർമം അഥവാ ഔദാര്യം അത്യാഗ്രഹത്തിനുള്ള പ്രതിവിധിയാണ്. നിങ്ങളുടെ ആത്മാവിന്റെ “അകത്തെ മുറിയിൽ” നടത്തുന്ന പ്രാർഥന വ്യർഥമഹത്വമോഹത്തിനുള്ള പ്രതിവിധിയാണ്. ഉപവാസം അമിതഭോജനത്തിനുള്ള പ്രതിവിധിയാണ്.
നോമ്പുകാലം ആരംഭിക്കുമ്പോൾ, 40 ദിവസത്തേക്ക് മരുഭൂമിയിലേക്കു നമ്മളും ക്ഷണിക്കപ്പെടുന്നു. ജീവിതത്തിൽ നാം നേരിടുന്ന അനേകം പ്രലോഭനങ്ങളെ ദൈവശക്തിയാൽ അതിജീവിക്കേണ്ടതിന് അവയെ അഭിമുഖീകരിക്കാൻ നാം ക്ഷണിക്കപ്പെടുന്നു. മുകളിൽ പറഞ്ഞ പ്രലോഭനങ്ങളിൽ ഒന്നുമായോ അവയെല്ലാമായോ സമാനമായ മറ്റേതെങ്കിലും പ്രലോഭനവുമായോ നിങ്ങൾ പോരാടുന്നുണ്ടെങ്കിൽ, ആ പ്രലോഭനത്തെ തിരിച്ചറിഞ്ഞ് അതിനു വിപരീതമായ സദ്ഗുണം സ്വീകരിക്കുമ്പോഴാണ് പ്രതിവിധി കണ്ടെത്തുന്നത്.
നിങ്ങൾ അത്യാഗ്രഹവുമായി പോരാടുന്നുണ്ടോ? എങ്കിൽ ഈ നോമ്പുകാലത്ത് ഔദാര്യമുള്ളവരാകുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൗതികസമ്പത്ത് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടില്ല; എന്നാൽ നിങ്ങളെ പരിപാലിക്കാമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വാഗ്ദാനത്തിൽ വിശ്വസിക്കുമ്പോൾ വലിയ സ്വാതന്ത്ര്യം അനുഭവിക്കാനാകും. ദൈവപരിപാലനത്തിൽ കൂടുതൽ പൂർണമായി ആശ്രയിക്കാനുള്ള ഒരു മാർഗം നിങ്ങളുടെ പണത്തിൽനിന്ന് ആവശ്യത്തിലിരിക്കുന്നവർക്ക് ഉദാരമായി നൽകുന്നതാണ്. ഇതാണ് നിങ്ങൾ നേരിടുന്ന പോരാട്ടമെങ്കിൽ, അങ്ങനെ ചെയ്യാൻ മടിക്കരുത്.
വ്യർഥമഹത്വത്തിനായുള്ള മോഹവുമായി നിങ്ങൾ പോരാടുന്നുണ്ടോ? മറ്റുള്ളവരുടെ മുമ്പിൽ നിങ്ങളുടെ മൂല്യം തെളിയിക്കാൻ അതിരുകവിഞ്ഞ ആഗ്രഹമുണ്ടോ? എങ്കിൽ പ്രാർഥനയിലേക്കു തിരിയുക. നിങ്ങളുടെ ഹൃദയത്തിന്റെ ആ “അകത്തെ മുറിയിൽ” നടത്തുന്ന വ്യക്തിപരമായ പ്രാർഥനയിലാണ് ദൈവം നിങ്ങളെ കണ്ടുമുട്ടുകയും നിങ്ങളുടെ യഥാർഥ മൂല്യവും മഹത്ത്വവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നത്. പ്രാർഥനയിൽ നിങ്ങളുടെ അന്തസ്സ് കണ്ടെത്തുമ്പോൾ, അഹങ്കാരം നിറഞ്ഞ മാർഗങ്ങളിലൂടെ ആ അന്തസ്സും മൂല്യവും മറ്റുള്ളവരുടെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യമില്ലെന്നു നിങ്ങൾ തിരിച്ചറിയും.
നിങ്ങൾ അമിതഭോജനവുമായി പോരാടുകയും അമിതമായി ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ ഉപവാസത്തിൽ അതിനുള്ള പ്രതിവിധി കണ്ടെത്താനാകും. ക്രമരഹിതമായ നിങ്ങളുടെ ആസക്തികൾക്ക് വഴങ്ങാതിരിക്കുന്നതിന് വലിയ ആത്മീയമൂല്യമുണ്ട്. പ്രാർഥനയോടു ചേർന്നുള്ള ഉപവാസം, ജഡത്തിലല്ല, ദൈവത്തിൽ മാത്രം സംതൃപ്തി തേടാൻ നിങ്ങളുടെ ആത്മാവിനെ തുറക്കുന്നു.
ഈ നോമ്പുകാലത്ത് നിങ്ങളുടെ മുഖ്യശ്രദ്ധ എന്തിലായിരിക്കണമെന്നതിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. എന്താണ് നിങ്ങളെ ദൈവത്തിൽനിന്ന് അകറ്റിനിർത്തുന്നത്? ഏതെല്ലാം പ്രലോഭനങ്ങളുമായാണ് നിങ്ങൾ ഏറ്റവുമധികം പോരാടുന്നത്? ഒരുപക്ഷേ അത്യാഗ്രഹമോ വ്യർഥമഹത്വമോഹമോ അമിതഭോജനമോ നിങ്ങളുടെ പോരാട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ടാകാം. എങ്കിൽ, ഈ നോമ്പുകാലത്ത് അവയ്ക്കുള്ള പ്രതിവിധികൾ സ്വീകരിക്കാൻ സ്വയം സമർപ്പിക്കുന്നതിൽ മടിക്കരുത്. അന്തിമഫലം ഇതായിരിക്കും: “രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും.”
എനിക്കു സ്വാതന്ത്ര്യം നൽകുന്ന എന്റെ കർത്താവേ, ഈ നോമ്പുകാലത്ത് എന്റെ ഏറ്റവും വലിയ പാപങ്ങൾ തിരിച്ചറിയാനും അവയെ അതിജീവിക്കാനുള്ള ശ്രമം ആരംഭിക്കാനും എന്നെ സഹായിക്കണമേ. ഈ ഭാരങ്ങളിൽനിന്നു മോചിതനാകാനും അങ്ങയോടും മറ്റുള്ളവരോടുമുള്ള എന്റെ സ്നേഹത്തിൽ കൂടുതൽ ഉറച്ചു വളരാനും ഞാൻ സ്വീകരിക്കേണ്ട സദ്ഗുണങ്ങൾ എനിക്കു വെളിപ്പെടുത്തിത്തരണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസം & കുരിശിൻ ചുവട്ടിൽ 40 ദിവസം
നോമ്പുകാലത്തിനായുള്ള സഹായവിഭവങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






