2025 മാർച്ച് 28
നോമ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
ചിത്രത്തിന്റെ ഉറവിടം: Pixabay.
“ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവ് മാത്രമാണ് കർത്താവ്! നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കണം.” മർക്കോസ് 12:29–30
നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കുന്നതിൽ കുറഞ്ഞ ഒന്നിനെ നിങ്ങൾ എന്തിനു തിരഞ്ഞെടുക്കണം? അതിൽ കുറഞ്ഞ ഒന്നിനെ നിങ്ങൾ എന്തിനു തിരഞ്ഞെടുക്കണം? തീർച്ചയായും, ഈ കല്പനയിലൂടെ യേശു വ്യക്തമായി പറയുന്നുണ്ടെങ്കിലും, ജീവിതത്തിൽ സ്നേഹിക്കാനായി നാം മറ്റു പലതും തിരഞ്ഞെടുക്കാറുണ്ട്.
നാം ആയിരിക്കുന്നതെല്ലാംകൊണ്ടും ദൈവത്തെ സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്നതാണ് മറ്റുള്ളവരെ സ്നേഹിക്കാനും, നമ്മെത്തന്നെ സ്നേഹിക്കാൻപോലും ഉള്ള ഏക മാർഗം എന്നതാണ് സത്യം. നമ്മുടെ സ്നേഹത്തിന്റെ ഏക കേന്ദ്രം ദൈവമായിരിക്കണം. എന്നാൽ അതിശയകരമായ കാര്യം ഇതാണ്: നാം ഇങ്ങനെ ചെയ്യുന്തോറും, നമ്മുടെ ജീവിതത്തിലുള്ള സ്നേഹം അതിസമൃദ്ധമായി നിറഞ്ഞുകവിഞ്ഞൊഴുകുന്ന സ്നേഹമാണെന്ന് നാം കൂടുതൽ തിരിച്ചറിയുന്നു. നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഈ ദൈവസ്നേഹമാണ് പിന്നീട് മറ്റുള്ളവരിലേക്കും ഒഴുകുന്നത്.
നേരെമറിച്ച്, നമ്മുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും ശക്തിയുടെയും ഒരു ഭാഗം മാത്രം ദൈവത്തിനു നൽകി, സ്വന്തം ശ്രമത്താൽ നമ്മുടെ സ്നേഹം വിഭജിക്കാൻ ശ്രമിച്ചാൽ, ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന് അവിടുന്ന് ആഗ്രഹിക്കുന്ന രീതിയിൽ വളരാനും നിറഞ്ഞുകവിഞ്ഞൊഴുകാനും കഴിയില്ല. നാം സ്നേഹിക്കാനുള്ള നമ്മുടെ കഴിവിനെ പരിമിതപ്പെടുത്തുകയും സ്വാർത്ഥതയിൽ വീഴുകയും ചെയ്യുന്നു. ദൈവത്തോടുള്ള സ്നേഹം സമ്പൂർണ്ണവും നമ്മെ മുഴുവനായി ആവേശിക്കുന്നതുമാകുമ്പോൾ അത് യഥാർത്ഥത്തിൽ അതിശയകരമായ ഒരു ദാനമാണ്.
നമ്മുടെ ജീവിതത്തിന്റെ ഈ വശങ്ങൾ ഓരോന്നും ധ്യാനിക്കാനും പരിശോധിക്കാനും തക്കവയാണ്. നിങ്ങളുടെ ഹൃദയത്തെക്കുറിച്ചും ഹൃദയംകൊണ്ട് ദൈവത്തെ സ്നേഹിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും ചിന്തിക്കുക. ആത്മാവുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിൽനിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഒരുപക്ഷേ നിങ്ങളുടെ ഹൃദയം നിങ്ങളുടെ വികാരങ്ങൾക്കും വൈകാരിക അനുഭവങ്ങൾക്കും അനുകമ്പയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ ആത്മാവ് സ്വഭാവത്താൽ കൂടുതൽ ആധ്യാത്മികമായിരിക്കാം. ദൈവത്തിന്റെ സത്യത്തിന്റെ ആഴങ്ങളിലേക്ക് അന്വേഷിച്ചിറങ്ങുന്തോറും നിങ്ങളുടെ മനസ്സ് അവിടുത്തെ കൂടുതൽ സ്നേഹിക്കുന്നു; നിങ്ങളുടെ ശക്തിയാകട്ടെ, ജീവിതത്തിലെ നിങ്ങളുടെ തീക്ഷ്ണതയും മുന്നോട്ടു നയിക്കുന്ന പ്രേരണയുമാണ്. നിങ്ങളുടെ അസ്തിത്വത്തിന്റെ വിവിധ വശങ്ങളെ നിങ്ങൾ എങ്ങനെ മനസ്സിലാക്കിയാലും, ഓരോ വശവും ദൈവത്തെ പൂർണ്ണമായി സ്നേഹിക്കണം എന്നതാണ് പ്രധാനം.
നമ്മുടെ കർത്താവിന്റെ മനോഹരമായ ഈ കല്പനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇത് സ്നേഹത്തിന്റെ കല്പനയാണ്; ദൈവത്തെക്കാൾ ഉപരിയായി നമ്മുടെ നന്മയ്ക്കുവേണ്ടിയാണ് ഇത് നമുക്കു നൽകപ്പെട്ടിരിക്കുന്നത്. സ്നേഹം നിറഞ്ഞുകവിഞ്ഞൊഴുകുംവിധം നമ്മെ നിറയ്ക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതിൽ കുറഞ്ഞ ഒന്നിനെ നാം എപ്പോഴെങ്കിലും എന്തിനു തിരഞ്ഞെടുക്കണം?
എന്റെ സ്നേഹനാഥാ, എന്നോടുള്ള അങ്ങയുടെ സ്നേഹം അനന്തവും എല്ലാ വിധത്തിലും പൂർണ്ണവുമാണ്. ഒന്നും പിടിച്ചുവയ്ക്കാതെ, എന്റെ അസ്തിത്വത്തിന്റെ ഓരോ അംശംകൊണ്ടും അങ്ങയെ സ്നേഹിക്കാൻ ഞാൻ പഠിക്കണമെന്നും, അങ്ങയോടുള്ള എന്റെ സ്നേഹത്തിൽ അനുദിനം കൂടുതൽ ആഴത്തിൽ വളരണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ആ സ്നേഹത്തിൽ ഞാൻ വളരുമ്പോൾ, അത് നിറഞ്ഞുകവിഞ്ഞൊഴുകുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയോടുള്ള ഈ സ്നേഹം എനിക്കു ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് ഒഴുകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിയൊന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





