മലയാളം

ദുഷ്ടനിൽനിന്നുള്ള ആക്രമണങ്ങൾ

2025 ഏപ്രിൽ 5
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ വിൻസെന്റ് ഫെറർ, വൈദികൻ—ഐച്ഛിക അനുസ്മരണം

ജെയിംസ് ടിസോ, പൊതുസഞ്ചയം, Wikimedia Commons വഴി

വീഡിയോ

കാവൽക്കാർ മറുപടി പറഞ്ഞു: “ഈ മനുഷ്യനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.” അപ്പോൾ ഫരിസേയർ അവരോടു ചോദിച്ചു: “നിങ്ങളും വഞ്ചിക്കപ്പെട്ടോ? അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? എന്നാൽ നിയമം അറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.” യോഹന്നാൻ 7:46–49

മുകളിൽ പരാമർശിച്ച ഫരിസേയർ മരിക്കുന്നതിനുമുമ്പ് ആഴമായ ആന്തരിക മാനസാന്തരത്തിലൂടെ കടന്നുപോയിട്ടുണ്ടാകട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, അവരുടെ തനതുവിധിയുടെ ദിവസം അവരെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. ദൈവം നമ്മിൽ ഒരുവനായിത്തീർന്നതാണ് ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തി: പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി, വിശുദ്ധ യൗസേപ്പിതാവിന്റെ ഭവനത്തിൽ വളർന്ന്, ഒടുവിൽ തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചു. എല്ലാവരും ദൈവത്തെ അറിയുകയും രക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന് ആ ശുശ്രൂഷയിലൂടെ സുവിശേഷത്തിന്റെ രക്ഷാകരമായ സത്യം പ്രഘോഷിക്കപ്പെട്ടു. ദൈവം നമുക്കു നൽകിയ ഈ പരിപൂർണ്ണ സ്നേഹപ്രവൃത്തിയെയാണ് ഫരിസേയർ ആക്രമിച്ചത്; അതിൽ വിശ്വസിച്ചവരെ “വഞ്ചിക്കപ്പെട്ടവർ” എന്നും “ശപിക്കപ്പെട്ടവർ” എന്നും അവർ വിളിച്ചു.

ഫരിസേയർ നമുക്ക് കാര്യമായ പ്രചോദനം നൽകുന്നില്ലെങ്കിലും, അവർ നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്. മുകളിലെ വചനഭാഗത്തിൽ, ദുഷ്ടന്റെ ഏറ്റവും സാധാരണമായ തന്ത്രങ്ങളിലൊന്ന് ഫരിസേയർ നമുക്കു കാട്ടിത്തരുന്നു. ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് തന്റെ പ്രശസ്തമായ ആത്മീയകൃതിയായ ആത്മീയാഭ്യാസങ്ങൾ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നതുപോലെ, ഒരാൾ പാപജീവിതത്തിൽനിന്ന് വിശുദ്ധിയുടെ ജീവിതത്തിലേക്കു നീങ്ങുമ്പോൾ ദുഷ്ടൻ പലവിധത്തിൽ ആക്രമിക്കും. നിങ്ങളെ അസ്വസ്ഥരാക്കാനും ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ ഉളവാക്കാനും അവൻ ശ്രമിക്കും. കാരണമറിയാത്ത ദുഃഖത്താൽ നിങ്ങളെ വേദനിപ്പിക്കാനും അവൻ ശ്രമിക്കും. നിങ്ങളുടെ സദ്ഗുണജീവിതത്തിന്റെ വഴിയിൽ തടസ്സങ്ങൾ നിരത്തി, എല്ലാം താങ്ങാനാവാത്തതായി നിങ്ങൾക്കു തോന്നാനും സദ്ഗുണപൂർണ്ണമായ ഒരു നല്ല ക്രൈസ്തവജീവിതം നയിക്കാൻ നിങ്ങൾ തീരെ ദുർബലരാണെന്നു ചിന്തിക്കാനും അവൻ ഇടയാക്കും. ദൈവത്തിന്റെ സ്നേഹത്തെയോ നിങ്ങളുടെ ജീവിതത്തിലുള്ള അവിടുത്തെ പ്രവർത്തനത്തെയോ സംശയിച്ച് ഹൃദയസമാധാനം നഷ്ടപ്പെടുത്താൻ അവൻ നിങ്ങളെ പ്രലോഭിപ്പിക്കും. ഫരിസേയരുടെ ഈ ആക്രമണത്തിനും ഇതേ ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തമായി തോന്നുന്നു.

വീണ്ടും പറയട്ടെ, ഇത് “പ്രചോദനാത്മകമായി” തോന്നണമെന്നില്ലെങ്കിലും, ഇതു മനസ്സിലാക്കുന്നത് വളരെ പ്രയോജനകരമാണ്. യേശുവിനെ മാത്രമല്ല, യേശുവിൽ വിശ്വസിക്കാൻ തുടങ്ങിയ ആരെയും ഫരിസേയർ ക്രൂരമായി ആക്രമിച്ചു. യേശുവിൽ മതിപ്പുതോന്നിയ കാവൽക്കാരോട് അവർ ചോദിച്ചു: “നിങ്ങളും വഞ്ചിക്കപ്പെട്ടോ?” കാവൽക്കാരെയും യേശുവിൽ വിശ്വസിക്കാൻ ധൈര്യപ്പെട്ട ആരെയും ഭയപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ അവരിലൂടെ പ്രവർത്തിക്കുകയായിരുന്നു എന്നത് വ്യക്തമാണ്.

എന്നാൽ ദുഷ്ടന്റെയും അവന്റെ ദൂതന്മാരുടെയും തന്ത്രങ്ങൾ മനസ്സിലാക്കുന്നത് വളരെ വിലപ്പെട്ടതാണ്. കാരണം, നമുക്കുനേരെ ചൊരിയപ്പെടുന്ന നുണകളും വഞ്ചനകളും തള്ളിക്കളയാൻ അത് നമ്മെ സഹായിക്കുന്നു. ചിലപ്പോൾ ഈ നുണകൾ വ്യക്തികളിൽനിന്നു വരുകയും നേരിട്ട് നമ്മെ ലക്ഷ്യമിടുകയും ചെയ്യുന്നു. മറ്റു ചിലപ്പോൾ അവ കൂടുതൽ വ്യാപകമായിരിക്കും; മാധ്യമങ്ങളിലൂടെയും സംസ്കാരത്തിലൂടെയും, ചില അവസരങ്ങളിൽ ഭരണകൂടത്തിലൂടെപ്പോലും അവ പ്രചരിക്കുന്നു.

ഈ ഫരിസേയരുടെ അരോചകവും കയ്പുനിറഞ്ഞതുമായ വാക്കുകളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. എന്നാൽ ജീവിതത്തിൽ കൂടുതൽ വിശുദ്ധി തേടുമ്പോൾ ദുഷ്ടൻ പലപ്പോഴും പ്രയോഗിക്കുന്ന തന്ത്രങ്ങൾ മനസ്സിലാക്കാൻ നിങ്ങളെത്തന്നെ സഹായിക്കുന്നതിനുവേണ്ടിയാകട്ടെ ആ ചിന്ത. നിങ്ങൾ ദൈവത്തോട് എത്രയധികം അടുക്കുന്നുവോ അത്രയധികം ആക്രമിക്കപ്പെടുമെന്നത് ഉറപ്പായി അറിഞ്ഞിരിക്കുക. എന്നാൽ ഭയപ്പെടരുത്. വ്യക്തികളിൽനിന്നോ സമൂഹത്തിൽനിന്നോ സംസ്കാരത്തിൽനിന്നോ ഭരണകൂടത്തിൽനിന്നുപോലുമോ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തെയും അതിന്റെ യഥാർഥ സ്വഭാവത്തിൽ തിരിച്ചറിയുക. ഓരോ ദിവസവും ക്രിസ്തുവിനെ കൂടുതൽ പൂർണ്ണമായി അനുഗമിക്കാൻ ശ്രമിക്കുമ്പോൾ ആത്മവിശ്വാസമുള്ളവരായിരിക്കുക; ഒന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ അനുവദിക്കരുത്.

സകലരുടെയും ന്യായാധിപനായ എന്റെ ദൈവമേ, കാലത്തിന്റെ അന്ത്യത്തിൽ അങ്ങ് സത്യത്തിന്റെയും നീതിയുടെയും ശാശ്വതരാജ്യം സ്ഥാപിക്കും. അങ്ങ് എല്ലാവരുടെയും മേൽ വാഴുകയും എല്ലാവർക്കും അങ്ങയുടെ കരുണയും നീതിയും നൽകുകയും ചെയ്യും. അങ്ങയുടെ സത്യത്തിൽ പൂർണ്ണമായി ജീവിക്കാനും ദുഷ്ടന്റെ ആക്രമണങ്ങളും നുണകളും എന്നെ ഒരിക്കലും പിന്തിരിപ്പിക്കാതിരിക്കാനും ഇടയാകണമേ. പ്രിയ കർത്താവേ, ഞാൻ സദാ അങ്ങയിൽ ശരണപ്പെടുമ്പോൾ എനിക്കു ധൈര്യവും ശക്തിയും നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിയെട്ടാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസം & കുരിശിൻ ചുവട്ടിൽ 40 ദിവസം

വിശുദ്ധ വിൻസെന്റ് ഫെറർ, വൈദികൻ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.