മലയാളം

ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക

2025 ഏപ്രിൽ 14
വിശുദ്ധവാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

ജെയിംസ് ടിസോ, പൊതുസഞ്ചയം, Wikimedia Commons വഴി

വീഡിയോ

അപ്പോൾ അവന്റെ ശിഷ്യന്മാരിൽ ഒരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു: “ഈ തൈലം മുന്നൂറു ദിവസത്തെ വേതനത്തിനു വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാതിരുന്നതെന്ത്?” യോഹന്നാൻ 12:4–5

യേശു ശിഷ്യന്മാരോടൊപ്പം ലാസറിന്റെയും മാർത്തയുടെയും മറിയത്തിന്റെയും വീട്ടിലായിരുന്നു. അവിടുന്ന് പതിവായി അവരുടെ വീട്ടിൽ സമയം ചെലവഴിക്കുകയും അവരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ആദ്യത്തെ ഓശാന ഞായറിനും വിശുദ്ധ വാരത്തിനുമായി യേശു ജറുസലെമിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ വിരുന്ന്. യേശു കുരിശിൽ മരിക്കുന്നതിന് ആറു ദിവസം മുമ്പായിരുന്നു അത്.

യേശു അടുത്തിടെയാണ് ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതെന്ന് ഓർക്കുക. ലാസറിന്റെ സഹോദരിയായ മറിയത്തിന് യേശുവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്നുവെന്നും, അവളുടെ സഹോദരി മാർത്ത ശുശ്രൂഷിക്കുമ്പോൾ അവൾ അവിടുത്തെ പാദത്തിങ്കൽ ഇരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓർക്കുക. ഈ സന്ദർശനവേളയിൽ, “ഒരു ലിറ്റർ വിലയേറിയ സുഗന്ധതൈലം” കൊണ്ട് യേശുവിനെ അഭിഷേകം ചെയ്തുകൊണ്ട് മറിയം അവിടുത്തോടുള്ള ഭക്തി മറ്റൊരു പ്രവൃത്തിയിലൂടെ പ്രകടിപ്പിച്ചു. സ്നേഹത്തിന്റെയും ഭക്തിയുടെയും ഒരു പ്രവൃത്തിയാണ് അവൾ അവിടുത്തേക്ക് അർപ്പിച്ചത്. ആ വിരുന്നിൽ പങ്കെടുത്തിരുന്ന യൂദാസിന്റെ പ്രതികരണമാണ് മുകളിലെ തിരുവചനഭാഗം രേഖപ്പെടുത്തുന്നത്. യേശു യൂദാസിനെ ശാസിക്കുകയും മറിയത്തിന്റെ ഭക്തിപ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്യുന്നു; വിരുന്ന് തുടരുന്നു.

നമ്മുടെ കർത്താവിന് അർപ്പിക്കാൻ കഴിയാത്തത്ര ഉത്തമമായ ഒന്നുമില്ല എന്നതാണ് ഇതു നമ്മെ പഠിപ്പിക്കുന്ന വ്യക്തമായ ഒരു പാഠം. ദരിദ്രരെ പരിപാലിക്കാൻ നമ്മാൽ കഴിയുന്ന സഹായം ചെയ്യണമെന്നതു സത്യമാണ്. എന്നാൽ യൂദാസിനുള്ള യേശുവിന്റെ മറുപടി ഏറെ ശ്രദ്ധേയമാണ്. അവിടുന്ന് പറയുന്നു: “അവളെ വെറുതെ വിടുക. എന്റെ സംസ്കാരദിനത്തിനായി അവൾ ഇത് സൂക്ഷിക്കട്ടെ. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; എന്നാൽ ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.” ദരിദ്രരെ പരിപാലിക്കുന്നതിന്റെ പ്രാധാന്യം യേശു കുറച്ചുകാണിക്കുകയായിരുന്നില്ല; മറിച്ച്, സ്നേഹത്തിന്റെയും ഭക്തിയുടെയും പ്രവൃത്തികൾ അവിടുത്തേക്ക് അർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു.

വർഷത്തിലെ ഏറ്റവും വിശുദ്ധമായ ഈ വാരത്തിലേക്കു നാം പ്രവേശിക്കുമ്പോൾ, മറിയം ഒരു ലിറ്റർ വിലയേറിയ സുഗന്ധതൈലം ഉദാരമായി യേശുവിന്റെമേൽ ഒഴിക്കുന്ന ഈ ദൃശ്യം നമുക്കു നൽകപ്പെടുന്നു. അതുപോലെ ചെയ്യാൻ നമ്മെ ക്ഷണിക്കുകയാണ് ഇതിലൂടെ. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരിൽ നാം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നുണ്ടെങ്കിലും, അവിടുത്തോടുള്ള ഭക്തിയും സ്നേഹവും പതിവായി നേരിട്ടു പ്രകടിപ്പിക്കാനും നാം ശ്രമിക്കണം; മറ്റുള്ളവർക്ക് അതിരുകടന്നതെന്നു തോന്നുന്ന വിധത്തിലായാൽപ്പോലും. അവിടുത്തെ ബഹുമാനിക്കുക, നമ്മുടെ സ്നേഹം പ്രകടിപ്പിക്കുക, വിവിധ ഭക്താനുഷ്ഠാനങ്ങളിൽ സമയം ചെലവഴിക്കുക, ദീർഘനേരം പ്രാർഥിക്കുക, നമ്മുടെ സാമ്പത്തിക വിഭവങ്ങൾപോലും അവിടുത്തേക്ക് അർപ്പിക്കുക—ഇവയെല്ലാം യേശുവിന് അർഹമായ മഹത്വം നാം നൽകുന്ന വഴികളാണ്.

മറിയം യേശുവിന് അർപ്പിച്ച സ്നേഹഭക്തിയുടെ ഈ പ്രവൃത്തി നിങ്ങൾക്ക് എങ്ങനെ അനുകരിക്കാമെന്ന് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ സമയവും പണവും കഴിവുകളും ഊർജവും ഏതെല്ലാം വിധങ്ങളിൽ നമ്മുടെ കർത്താവിനായി സമൃദ്ധമായി സമർപ്പിക്കാൻ കഴിയും? ഈ വിശുദ്ധ വാരത്തിൽ അവിടുത്തോടുള്ള ഭക്തി ഏറ്റവും നന്നായി എങ്ങനെ പ്രകടിപ്പിക്കാം? നമ്മുടെ കർത്താവിനെ നിങ്ങൾ സ്നേഹിക്കുന്നുവെന്നും ഈ വാരത്തിൽ ആ സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള ലളിതമായ ഒരേയൊരു കാരണത്താൽ, അവിടുത്തേക്കു നേരിട്ട് ഇതു ചെയ്യാനുള്ള വഴികൾ തേടുക.

മഹത്വപൂർണനായ എന്റെ ഈശോയെ, അങ്ങ് എല്ലാ സ്തുതിക്കും ബഹുമാനത്തിനും അർഹനാണ്. ഞങ്ങളുടെ ഏറ്റവും ആഴമായ ഭക്തിക്കും സ്നേഹത്തിനും അങ്ങ് അർഹനാണ്. ഈ വിശുദ്ധ വാരത്തിലേക്കു ഞാൻ പ്രവേശിക്കുമ്പോൾ, അങ്ങയോടുള്ള എന്റെ അഗാധമായ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു സമയമായി ഇതു മാറണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങേക്ക് അർഹമായ മഹത്വവും സ്തുതിയും അർപ്പിക്കുന്നതിനായി ഈ വാരത്തിൽ ആ സ്നേഹം സമൃദ്ധമായി പകർന്നുനൽകാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിയഞ്ചാം ദിവസം ധ്യാനചിന്തകൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശരികിൽ 40 ദിനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.