മലയാളം

സത്യത്തിന്റെ സാക്ഷിയായിത്തീരുക

2025 ഏപ്രിൽ 24
ഈസ്റ്റർ അഷ്ടദിനാഘോഷത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

ലൂക്കാ സിഞ്ഞൊറെല്ലി, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

തിരുവെഴുത്തുകൾ മനസ്സിലാക്കാൻ അവൻ അവരുടെ മനസ്സ് തുറന്നു. അവൻ അവരോടു പറഞ്ഞു: “ക്രിസ്തു പീഡകൾ സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും, ജറുസലെമിൽ തുടങ്ങി എല്ലാ ജനതകളോടും അവന്റെ നാമത്തിൽ പാപമോചനത്തിനായുള്ള മാനസാന്തരം പ്രസംഗിക്കപ്പെടുമെന്നും ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്.” ലൂക്കാ 24:45–48

യേശു തന്റെ ശിഷ്യന്മാരിൽ ഒരു കൂട്ടർക്ക് വീണ്ടും പ്രത്യക്ഷപ്പെടുന്നു; ഒരിക്കൽക്കൂടി അവൻ നേരെ കാര്യത്തിലേക്കു കടക്കുന്നു. തന്നെക്കുറിച്ച് തിരുവെഴുത്തുകൾ വെളിപ്പെടുത്തിയതെല്ലാം അവർ മനസ്സിലാക്കാൻ അവൻ “അവരുടെ മനസ്സ് തുറന്നു.” തന്റെ മരണവും ഉത്ഥാനവും മോശയുടെയും പ്രവാചകന്മാരുടെയും പ്രബോധനങ്ങളുടെ പൂർത്തീകരണമാണെന്ന് തിരിച്ചറിയാൻ അവൻ അവരെ സഹായിച്ചു. തുടർന്ന് യേശു പുതിയൊരു കാര്യം പറയുന്നു: “നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്.”

ഇന്നലത്തെ സുവിശേഷത്തിൽ നാം കണ്ടതുപോലെ, യേശു മരിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരുന്നത് എന്തുകൊണ്ടാണെന്ന് ശിഷ്യന്മാർ അപ്പോഴും മനസ്സിലാക്കിയിരുന്നില്ലെന്നു വ്യക്തമാണ്. ഈ സംഭവങ്ങൾ ഉളവാക്കിയ ഞെട്ടലും മാനസികാഘാതവും അവരെ അപ്പോഴും വിട്ടുമാറിയിരുന്നില്ല. അതിനാൽ, സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളുടെ അർത്ഥം യേശുവിന് തന്റെ ശിഷ്യന്മാർക്ക് ശ്രദ്ധാപൂർവം വിശദീകരിച്ചുകൊടുക്കേണ്ടിവന്നു. സ്വന്തം കഴിവുകൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത ഒരു തലത്തിൽ അവർ ഇത് മനസ്സിലാക്കേണ്ടിയിരുന്നു. യേശുവിന്റെ വ്യക്തവും വിശദവുമായ വിശദീകരണം മാത്രമല്ല, വിശ്വാസത്തിന്റെ അഗാധമായ ഈ രഹസ്യങ്ങൾ ഗ്രഹിക്കാൻ അവരുടെ മനസ്സ് തുറക്കുന്ന ഒരു പ്രത്യേക കൃപയും അവർക്കാവശ്യമായിരുന്നു.

നാമും ഈ ശിഷ്യന്മാരിൽനിന്ന് വ്യത്യസ്തരല്ല. മതിയായ കാരണങ്ങളില്ലാതെ യേശുവിൽ വിശ്വസിക്കുക എളുപ്പമാണ്; എന്നാൽ അത് ഉപരിപ്ലവമായ വിശ്വാസത്തിലേക്കു മാത്രമേ നയിക്കൂ. ചെറുപ്പത്തിൽ അങ്ങനെ പഠിപ്പിക്കപ്പെട്ടതുകൊണ്ടു മാത്രം ചിലർ വിശ്വസിക്കുന്നു. വിശ്വസിക്കുന്നത് തങ്ങൾക്ക് ആശ്വാസം നൽകുന്നതുകൊണ്ട് ചിലർ വിശ്വസിക്കുന്നു. വിശ്വസിക്കാൻ ഇതിലും മെച്ചമായ മറ്റൊന്നും അറിയാത്തതുകൊണ്ട് ചിലർ വിശ്വസിക്കുന്നു. എന്നാൽ ശരിയായ കാരണത്താൽ വിശ്വസിക്കുന്നവരുമുണ്ട്. ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടപ്പോൾ അവിടുത്തെ ശ്രവിച്ച ശിഷ്യന്മാരെപ്പോലെ, ഇവരും വിശുദ്ധ ഗ്രന്ഥമോ മതബോധനഗ്രന്ഥമോ മറ്റു വിശുദ്ധ രചനകളോ പഠിക്കുന്നതിലൂടെയും മറ്റും, യേശു തങ്ങളോടു വ്യക്തമായും വിശദമായും സംസാരിക്കുന്നത് ശ്രവിച്ചിട്ടുണ്ട്. തുടർന്ന്, മനുഷ്യന്റെ യുക്തിശക്തികൊണ്ടു മാത്രം നേടാനാകുന്നതിനെക്കാൾ ഏറെ ആഴത്തിലുള്ള ഗ്രാഹ്യത്തിലേക്ക് അവരുടെ “മനസ്സ് തുറന്ന” ഒരു പ്രത്യേക കൃപ ദൈവത്തിൽനിന്ന് അവർക്കു ലഭിച്ചു. നിങ്ങൾ അവരിൽ ഒരാളാണോ?

നിങ്ങൾ അങ്ങനെയുള്ള ഒരാളാണെങ്കിൽ, നിങ്ങൾക്ക് മറ്റൊരു കടമകൂടിയുണ്ട്. ഈ സത്യങ്ങൾ കൂടുതൽ ആഴത്തിൽ വേരൂന്നാനും നിങ്ങളുടെ ജീവിതത്തെ പൂർണമായും സമഗ്രമായും മാറ്റിമറിക്കാനും അനുവദിച്ചുകൊണ്ട് അവയെ തുടർന്നും ഹൃദയത്തിൽ സ്വീകരിക്കുക മാത്രമല്ല, നിങ്ങൾ ഇവയുടെ ഒരു “സാക്ഷി”യായിത്തീരുകയും വേണം. നമ്മുടെ കർത്താവ് വെളിപ്പെടുത്തിയ വിശ്വാസത്തെക്കുറിച്ചുള്ള യഥാർഥമായ അറിവിൽ നിങ്ങൾ വളരുമ്പോൾ, അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും വേണം. യഥാർഥ വിശ്വാസം പങ്കുവെക്കപ്പെടേണ്ടതാണ്!

ശക്തിദായകമായ ഈ ഉത്ഥാനപ്രത്യക്ഷീകരണത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ, ഈ ശിഷ്യന്മാരോടു സംസാരിച്ചതുപോലെ നിങ്ങളോടും സംസാരിക്കാൻ നമ്മുടെ കർത്താവിനെ നിങ്ങൾ അനുവദിച്ചിട്ടുണ്ടോ എന്നും, അവൻ നിങ്ങളോടു പറഞ്ഞതും വിശദീകരിച്ചുതന്നതുമെല്ലാം നിങ്ങൾ യഥാർഥത്തിൽ ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ടോ എന്നും ചിന്തിക്കുക. നിങ്ങൾ ഈ ഗണത്തിൽപ്പെടുന്ന ഒരാളാണെങ്കിൽ, ഈ സത്യങ്ങൾക്ക് മറ്റുള്ളവരുടെ മുമ്പിൽ സാക്ഷിയാകാനുള്ള നിങ്ങളുടെ കടമയെക്കുറിച്ചും വിചിന്തനം ചെയ്യുക.  ഉത്ഥിതരൂപത്തിൽ മറ്റു പലർക്കും പ്രത്യക്ഷപ്പെടാൻ യേശു ആഗ്രഹിക്കുന്നു. എന്നാൽ ഇന്ന് അവൻ പ്രത്യേകിച്ചും അതു ചെയ്യുന്നത്, ക്രിസ്തുവിനും അവന്റെ മഹത്വപൂർണമായ ഉത്ഥാനത്തിനും സാക്ഷികളാകാൻ ഇപ്പോൾ അയയ്ക്കപ്പെടുന്ന തന്റെ വിശ്വസ്ത അനുയായികളിലൂടെയാണ്.

എന്റെ ഉത്ഥിതനായ യേശുവേ, അങ്ങയുടെ വിശുദ്ധ സത്യം ഗ്രഹിക്കാൻ ശിഷ്യന്മാരുടെ മനസ്സ് തുറക്കുകയും അവരെ അനേകം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തപ്പോൾ അങ്ങ് അവർക്ക് മഹത്വപൂർണമായ ഒരു ദാനം നൽകി. പ്രിയ കർത്താവേ, വിശ്വാസത്തിന്റെ ആഴമേറിയതും അഗാധവുമായ രഹസ്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സും തുറക്കണമേ. അങ്ങ് ആരാണെന്നും അങ്ങ് മരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നും അങ്ങയുടെ ഉത്ഥാനത്തിന്റെ പുതുജീവനിൽ എങ്ങനെ പങ്കുചേരാമെന്നും മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അനേകർ അങ്ങയെ അറിയാനും അങ്ങയുടെ ഉത്ഥാനത്താൽ നേടിയ പുതുജീവനിൽ പങ്കുചേരാനും ഇടയാകേണ്ടതിന് എന്നെയും അങ്ങയുടെ സാക്ഷിയായി ഉപയോഗിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മാർപാപ്പയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

ഉയിർപ്പുതിരുനാളിനായി കൂടുതൽ

ഏഴാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ –സിഗ്മറിങ്ങനിലെ വിശുദ്ധ ഫിദേലിസ്, പുരോഹിതനും രക്തസാക്ഷിയും
(ഈസ്റ്റർ അഷ്ടദിനാഘോഷത്തിൽ വരുന്നതിനാൽ ഈ വർഷം ആഘോഷിക്കുന്നില്ല)

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.