2025 മേയ് 23
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
ഇല്യാസ് ബാസിം ഖൂരി ബസ്സി റാഹിബ്, CC BY-SA 3.0, വിക്കിമീഡിയ കോമൺസ് വഴി
“ഞാൻ നിങ്ങളോടു കൽപിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഞാൻ ഇനി നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല; കാരണം, യജമാനൻ എന്തു ചെയ്യുന്നുവെന്ന് ദാസൻ അറിയുന്നില്ല. ഞാൻ നിങ്ങളെ സ്നേഹിതർ എന്നു വിളിച്ചിരിക്കുന്നു; കാരണം, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.” യോഹന്നാൻ 15:14–15
സൗഹൃദത്തെക്കുറിച്ചുള്ള യേശുവിന്റെ നിർവചനം ഒറ്റനോട്ടത്തിൽ ചിലർക്ക് വിചിത്രമായി തോന്നിയേക്കാം. താൻ കല്പിക്കുന്നതു ചെയ്യുമ്പോൾ മാത്രമേ നാം തന്റെ സ്നേഹിതരാകുകയുള്ളൂ എന്നാണ് അവിടുന്ന് പറയുന്നത്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളോട് ഇങ്ങനെ പറയുന്നതായി സങ്കല്പിച്ചുനോക്കൂ. അത്തരമൊരു പ്രസ്താവന കേട്ടാൽ മിക്കവാറും ആ സുഹൃത്ത് ചിരിക്കുകയും അതിനെ വിഡ്ഢിത്തമായി തള്ളിക്കളയുകയും ചെയ്യും. അപ്പോൾ, യഥാർഥ സൗഹൃദം എല്ലായ്പ്പോഴും അനുസരണത്തിലാണോ അധിഷ്ഠിതമായിരിക്കുന്നത്?
നിങ്ങളുടെ സൗഹൃദം നേടാൻ സുഹൃത്തുക്കൾ നിങ്ങളെ അനുസരിക്കണമെന്ന പ്രതീക്ഷ യഥാർഥമായ ഒരു സൗഹൃദത്തിന്റെയും അടിസ്ഥാനമല്ലെന്നതു വ്യക്തമാണ്. തന്റെ വിശുദ്ധ തിരുഹിതത്തോടുള്ള അനുസരണം നിങ്ങളുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനമാക്കാൻ കഴിയുന്ന ഏക വ്യക്തി യേശുവാണ്. എന്തുകൊണ്ട്? അവിടുന്ന് നിങ്ങളോടു ചെയ്യാൻ കല്പിക്കുന്ന കാര്യങ്ങളുടെ സ്വഭാവംകൊണ്ടുതന്നെ.
യേശു നിർമ്മലമായ സത്യമാണ്. അവിടുന്ന് ആഗ്രഹിക്കുന്നത് സ്നേഹത്തിന്റെ പൂർണ്ണതയാണ്. അതിനാൽ, അവിടുന്ന് നിങ്ങളോടു കൽപിക്കുന്നതു ചെയ്താൽ മാത്രമേ നിങ്ങൾ അവിടുത്തെ സ്നേഹിതരാകൂ എന്ന അവിടുത്തെ വാക്കുകൾ, സൗഹൃദം സത്യത്തിൽ അധിഷ്ഠിതമാണെന്നു പഠിപ്പിക്കുന്നു. അത് സ്നേഹം, നന്മ, ദയ, നിസ്വാർത്ഥമായ ത്യാഗം, സ്വയംദാനം എന്നിവയിൽ അധിഷ്ഠിതമാണ്. ഈ സത്യങ്ങളെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് യേശു നമ്മോടു കൽപിക്കുന്നത്. അതിനാൽ, അവിടുത്തോട് നാം ആഗ്രഹിക്കുന്ന സൗഹൃദത്തിലേക്കുള്ള വഴി അവിടുത്തെ തിരുഹിതം മാത്രമാണ് തുറന്നുതരുന്നത് എന്നതാണ് യേശു അടിസ്ഥാനപരമായി നമ്മോടു പറയുന്നത്.
മറ്റുള്ളവരുമായുള്ള നിങ്ങളുടെ സൗഹൃദത്തെ സംബന്ധിച്ചിടത്തോളം, സുഹൃത്തുക്കൾക്കുവേണ്ടി ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മാത്രമേ ഓരോ യഥാർഥ സൗഹൃദവും അധിഷ്ഠിതമാകാൻ കഴിയൂ. ആ അർഥത്തിൽ, നിങ്ങളുടെ സൗഹൃദങ്ങളിൽ ദൈവതിരുഹിതം പാലിക്കപ്പെടണമെന്ന് നിങ്ങൾക്ക് “കല്പിക്കാം”. സത്യത്തിൽ അധിഷ്ഠിതമായ ഒരു സൗഹൃദം സ്ഥാപിക്കാൻ മാത്രമേ നിങ്ങൾ തയ്യാറാകൂ എന്നാണ് ഇതിനർഥം. നിസ്വാർഥവും ത്യാഗപൂർണവും സ്വയം സമർപ്പിക്കുന്നതുമായ കരുണയിലും അനുകമ്പയിലും സത്യസന്ധതയിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ബന്ധത്തിൽ പങ്കുചേരാൻ മാത്രമേ നിങ്ങൾ തയ്യാറാകൂ എന്നും ഇതിനർഥമുണ്ട്.
സൗഹൃദത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെപ്പറ്റി ഇന്ന് ധ്യാനിക്കുക. ദൈവവുമായുള്ള നിങ്ങളുടെ സൗഹൃദത്തിൽനിന്നു തുടങ്ങുക; തുടർന്ന് മറ്റുള്ളവരുമായുള്ള നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചും ചിന്തിക്കുക. നമ്മുടെ കർത്താവ് കൽപിക്കുന്ന വിധത്തിലാണോ നിങ്ങൾ അവിടുത്തെ സ്നേഹിക്കുന്നത്? മറ്റുള്ളവരുമായുള്ള നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഓരോ സൗഹൃദവും ദൈവഹിതത്തോടുള്ള അനുസരണത്തിനു യോജിച്ചതാണോ എന്നും പരിശോധിക്കുക. യഥാർത്ഥ സ്നേഹം ആവശ്യപ്പെടുന്നതിനനുസരിച്ച് ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, നിങ്ങളുടെ സൗഹൃദങ്ങൾ നിത്യതയോളം നിലനിൽക്കുന്ന ആഴമായ ആത്മസംതൃപ്തി നൽകും.
എന്റെ ദിവ്യനാഥാ, നിർമ്മലവും വിശുദ്ധവുമായ സ്നേഹം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ മാത്രം അധിഷ്ഠിതമായ ഒരു സൗഹൃദത്തിലേക്ക് അങ്ങ് എന്നെ വിളിക്കുന്നു. സ്നേഹത്തിന്റെ ഈ കല്പനയ്ക്കായി ഞാൻ അങ്ങേക്കു നന്ദി പറയുകയും ഈ ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. കർത്താവേ, സ്നേഹത്തിന്റെ സത്യങ്ങൾക്ക് അനുസൃതമായി അങ്ങയുമായുള്ള എന്റെ സൗഹൃദം നിരന്തരം ആഴപ്പെടുത്താൻ എന്നെ സഹായിക്കണമേ. എന്റെ എല്ലാ സൗഹൃദങ്ങളും ഈ വിശുദ്ധ സ്നേഹത്തിന്റെ കല്പനകളിൽ മാത്രം അധിഷ്ഠിതമാക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ




